ആത്മാവിന്റെ ദുർമേദസിൽ നോന്പിന്റെ തീനാന്പുകൾ
Monday, March 3, 2025 12:00 AM IST
ചാട്ടവാറടികളല്ല നോന്പുദിവസങ്ങൾ.കറപുരണ്ട അസ്തിത്വത്തെ വീണ്ടെടുക്കുന്ന
ആത്മീയാന്വേഷണത്തിന്റെ തീർഥാടനദിനങ്ങളാണത്.
സഹോദരങ്ങളെയും അയൽക്കാരെയും സമൂഹത്തെയും നന്നാക്കാൻ പണിപ്പെട്ടു മടുത്തവർക്ക് ഇനി നോന്പിന്റെ കണ്ണാടിയിൽ സ്വന്തം മുഖത്തേക്കും അസ്തിത്വത്തിലേക്കും ദൈവത്തിലേക്കും നോക്കാനുള്ള അവസരമാണ്. ക്രൈസ്തവർ നോന്പിലാണ്. ഒരു മാസത്തോളം നീളുന്ന നോന്പ് മുസ്ലിം സഹോദരങ്ങളും തുടങ്ങി.
നിയന്ത്രണങ്ങളുടെ നീണ്ട രാപകലുകൾക്കൊടുവിൽ തിരിച്ചെത്തുന്പോൾ ആത്മാവിലടിഞ്ഞിരുന്ന ദുർമേദസുകൾ ഉരുകിപ്പോയെന്നും പുതുക്കപ്പെട്ടതിന്റെ സൗരഭ്യമുണ്ടെന്നും സഹപൗരർ തിരിച്ചറിയട്ടെ. ത്യജിക്കുന്ന ആഹാരവും ആവശ്യത്തിലേറെയുള്ള സന്പാദ്യവും വീതംവയ്ക്കപ്പെടട്ടെ. സ്നേഹത്തിലും സഹിഷ്ണുതയിലും പുനർജനിക്കട്ടെ. അല്ലാത്ത മരുഭൂമിവാസംകൊണ്ട് ആർക്കെന്തു പ്രയോജനം?
ഒന്നോർത്താൽ, തിരിച്ചറിവും തിരുത്തലും ഇത്ര ആവശ്യമായൊരു കാലം വേറെയില്ലെന്നു തോന്നുന്നു. സഹപാഠികളുടെ ചവിട്ടേറ്റു മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളും കൂട്ടുകാരും അലമുറയിടുകയാണ്. കാവലാകേണ്ടിയിരുന്ന യുവാവിന്റെ ഹിംസയിൽ സ്വന്തം അനുജനുൾപ്പെടെ അഞ്ചുപേർ! മയക്കുമരുന്നടിമകൾ നാടിന്റെ മുക്കുംമൂലയും പങ്കിട്ടെടുത്തിരിക്കുന്നു. വിദ്യാർഥികൾ കലാലയങ്ങളിലും ഹോസ്റ്റലുകളിലും മനുഷ്യത്വത്തെ കെട്ടിയിട്ട് പീഡിപ്പിക്കുകയാണ്.
ചിലരെ വളഞ്ഞുവച്ച് വിചാരണ നടത്തി മരണം വിധിച്ചു. വയറൊട്ടിയവരും എല്ലുന്തിയവരും ജാതിമതഭേദമെന്യേ നിരത്തിലുള്ളപ്പോൾ വിശപ്പറിയാത്തവരുടെ രുചിഭേദങ്ങൾക്കായി പൊള്ളിച്ചെടുക്കുന്ന മത്സ്യ-മാംസങ്ങൾ രാജ്യത്തെ അർബുദമായി ഗ്രസിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യ 105-ാം സ്ഥാനത്ത് തളർന്നിരിക്കുന്നു. അതിനു കണക്കുണ്ട്. പക്ഷേ, കുടുംബത്തിലോ അയലത്തോ ഒരാൾ കൈയിൽ ചില്ലിക്കാശില്ലാതെ ഒടുവിലത്തെ വാതിൽ തുറക്കാൻ ദൃഢനിശ്ചയമെടുക്കുന്നതു നാം അറിയുന്നേയില്ല. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ്.
പക്ഷേ, മരണവാതിൽ തുറന്നുകൊടുക്കുന്നവർ ഒളിച്ചിരിക്കുന്ന കുറ്റവാളികളാണ്. സ്വന്തംവീട്ടിലെ നിലവിളിപോലും സ്നേഹരാഹിത്യത്തിന്റെയും ഈഗോയുടെയും കൂർക്കംവലികളിൽ അവഗണിക്കപ്പെടുന്നു. “God is not interested in your art but, your heart.” -Ifeanyi Enoch Onuoha (Nigerian writer and influencer) അതേ, നോന്പാണെങ്കിൽ, കലാപരമായി തുന്നിച്ചേർത്ത കാപട്യങ്ങളഴിച്ച് ഹൃദയം ദൈവത്തെ കാണിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവരിൽ വലിയൊരു വിഭാഗം ഇന്ന് വിഭൂതികൊണ്ട് നെറ്റിയിലൊരു കുരിശുവരയ്ക്കും. പിന്നീട് ഈസ്റ്റർവരെ നീണ്ടുനിൽക്കുന്ന നോന്പ്. മത്സ്യ-മാംസാദികൾ വർജിക്കും. പക്ഷേ, യഥാർഥത്തിൽ ഒഴിവാക്കേണ്ടതിനെയൊക്കെ നിലനിർത്തി മത്സ്യത്തെയും മാംസത്തെയും ബലിയർപ്പിക്കുന്ന അനുഷ്ഠാനത്തിനപ്പുറത്തേക്ക് നോന്പ് ഇത്തവണയെങ്കിലും വളരണം. ചാട്ടവാറടികളായല്ല നോന്പുദിവസങ്ങളെ കാണേണ്ടത്. കറപുരണ്ട അസ്തിത്വത്തെ വീണ്ടെടുക്കുന്ന ആത്മീയന്വേഷണത്തിന്റെ തീർഥാടന ദിനങ്ങളാകണം അത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സമൂഹമാധ്യമ അധോലോകത്തുനിന്ന് ഇറങ്ങാതെ നോന്പ് സാധ്യമല്ല.
ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കാനാവില്ല. ധാർമികാധഃപതനത്തിന്റെ ഡിജിറ്റൽ ലോകത്തെ വരിച്ചവരിൽ അല്മായരും പുരോഹിതരും സന്യാസികളുമൊക്കെ ഏറിയോ കുറഞ്ഞോ പെട്ടുപോയി. തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുന്നുവെന്നു പറയുന്ന പലരും അതിൽ നിർലജ്ജം പങ്കെടുക്കുന്നു. ആ ചെളിക്കുഴിയിലേക്ക് ക്രൈസ്തവരെയും വീഴ്ത്താൻ സാന്പത്തിക-രാഷ്ട്രീയ-വർഗീയ പിന്തുണയോടെ പ്രവർത്തിക്കുന്നവരെ കരുതിയിരിക്കണം. സുവിശേഷത്തിൽ അപരവിദ്വേഷത്തിനിടമില്ല.
ആദിമക്രൈസ്തവരെ തിരിച്ചറിയാൻ അവരുടെ സ്നേഹവും പങ്കുവയ്ക്കലും അടയാളങ്ങളായിരുന്നു. ഇപ്പോഴൊരു തിരിച്ചറിയൽ മുദ്രയുമില്ല. അധികാരവും സ്ഥാനമാനങ്ങളും സന്പത്തും പ്രലോഭിപ്പിക്കാത്തവർ ഇല്ലെന്നല്ല. അതിൽ ക്രിസ്ത്യാനിക്ക് ഒരു മേൽക്കൈയുമില്ല. ധാർഷ്ട്യവും ഇതരമതവിദ്വേഷവും സർവാശ്ലേഷിയായ ആർത്തിയും അക്രമോത്സുകതയും മയക്കുമരുന്നും ഉൾപ്പെടെ എല്ലാമല്ല, ഏതെങ്കിലുമൊന്നു ഗ്രസിച്ചെങ്കിൽ നോന്പ് തിരുത്തൽകാലമാണ്.
നമ്മുടെ സ്ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും വിമർശിക്കുന്നതു ശത്രുക്കൾ മാത്രമല്ലെങ്കിൽ തിരുത്തിയേ തീരൂ. ഇന്നലെ, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഇടയലേഖനത്തിൽ ഉപേക്ഷയുടെ പാപങ്ങളെക്കുറിച്ചു പറയുന്പോൾ “മോഷ്ടിച്ചു എന്നതു മാത്രമല്ല, വരുമാനത്തിന്റെ ഓഹരി അനാഥനും ദരിദ്രനും വിധവയ്ക്കും നൽകിയില്ല എന്നതും പാപമാണ്.” എന്ന് ഓർമിപ്പിക്കുന്നു. ചെയ്യാതെപോയ നന്മകളെക്കുറിച്ചും ധ്യാനിക്കാനുള്ള സമയമാണ് നോന്പ്.
അപരനു കൊടുക്കാതെപോയ സാന്പത്തികസഹായം, സ്നേഹം, സമാധാനം, ബഹുമാനം തുടങ്ങിയവയ്ക്കെല്ലാം കണക്കുപറയേണ്ടിവന്നാൽ ആരുണ്ടാകും ബാക്കി? ഇന്നുവരെ ആരെയും കൊന്നിട്ടില്ലെന്നു പറയുന്നവർ സമൂഹമാധ്യമങ്ങളിലെ അവഹേളനവും നുണപ്രചാരണവുംകൊണ്ടു വീഴ്ത്തിയവരുടെ പ്രാണനറ്റ ആത്മാവിനെ കണ്ടില്ലെന്നു നടിക്കരുത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും കറുത്തവനും വെളുത്തവനും ഒന്നിച്ചുജീവിക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചവർ കടന്നുവന്ന വഴികളിലെ അഴുക്കും ചോരയും പുരണ്ട ചെരിപ്പുകൾ പുറത്തുവച്ചിട്ടാകട്ടെ നോന്പിന്റെ വിശുദ്ധിയിലേക്കു പ്രവേശിക്കാൻ. ക്രൈസ്തവ-മുസ്ലിം നോന്പുകാലം ഒന്നിച്ചു തുടങ്ങുന്നത് അപൂർവമാണ്.
ഒന്നിച്ചു നടക്കുന്നത് എത്ര ആനന്ദകരമാണ്! നോന്പവസാനിക്കുന്പോൾ സഹജീവിക്കു തിരിച്ചറിയാൻ തക്കവിധം സ്നേഹത്തിന്റെ അടയാളങ്ങൾ നമ്മിൽ പ്രത്യക്ഷമാകട്ടെ. 40 ദിനരാത്രങ്ങൾ ഉപവസിക്കാൻ മരുഭൂമിയിലേക്കു പോയ ക്രിസ്തു മടങ്ങിയെത്തിയപ്പോൾ പ്രലോഭനങ്ങളെ അതിജീവിക്കാനും അധികാരത്തിന്റെ ദുർവൃത്തികളെ വെല്ലുവിളിക്കാനും ഭീഷണികളെയും വധശിക്ഷയെയും നേരിടാനും കരുത്താർജിച്ചിരുന്നു. ഭക്ഷണ-പാനീയ-സുഖാസക്തി നിയന്ത്രണത്തിനൊപ്പം നന്മവഴിയിലെ ആത്മീയാന്വേഷണമാണ് നോന്പ്. അതു ചെന്നുചേരുന്നത്, ആത്മാവിന്റെ ഉയിർപ്പുതിരുനാളിലേക്കും ജീവിതത്തിന്റെ നവോത്ഥാനത്തിലേക്കുമല്ലാതെ മറ്റെവിടേക്കുമല്ല. ആ യാത്രയുടെ ആദ്യദിനമാണിന്ന്.