ജനാധിപത്യത്തിൽ വല്യേട്ടൻ വേണ്ട
Friday, March 7, 2025 12:00 AM IST
വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാൻ ആദായനികുതി ബില്ലിൽ വകുപ്പുണ്ടാകരുത്. കുടുംബാംഗങ്ങൾപോലും പരസ്പരം ലംഘിക്കാത്ത സ്വകാര്യത ഇനി സർക്കാർ സ്വത്താണെന്നു പ്രഖ്യാപിക്കരുത്.
“വല്യേട്ടൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.” (“Big brother is watching you.”) എന്നത് ജോർജ് ഓർവെൽ ‘1984’ എന്ന നോവലിൽ ഭരണകൂട സർവാധിപത്യത്തെ സൂചിപ്പിക്കാനെഴുതിയതാണ്. താൻ ഉണ്ണുന്നതും ഉറങ്ങുന്നതും ഉൾപ്പെടെ സർക്കാർ നിരീക്ഷിക്കുകയാണെന്ന തോന്നൽ സ്വാതന്ത്ര്യബോധമുള്ള പൗരനു സഹിക്കാവുന്നതല്ല.
ഇ-മെയിലുകളും വാട്ട്സ്ആപ് സന്ദേശങ്ങളും ഉൾപ്പെടെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ ആദായനികുതി ബില്ലിലെ വകുപ്പുകൾ അത്തരമൊരു വല്യേട്ടനെ ഓർമിപ്പിക്കുന്നു. അനുമതി കൊടുക്കുന്നത് ഉദ്യോഗസ്ഥർക്കാണെങ്കിലും അതു സർക്കാരിന്റെ താത്പര്യമാണ്. ജനാധിപത്യത്തെ പ്രഹസനമാക്കുന്ന സ്വകാര്യതാ ലംഘനത്തിന്റെ വകുപ്പ് ആദായനികുതി ബില്ലിൽ ഉൾപ്പെടുത്തരുത്.
കഴിഞ്ഞ മാസം 13ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലാണ്, നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി അനുമതിയില്ലാതെ ഡിജിറ്റൽ ഇടങ്ങളിൽ കടന്നുകയറാനും പാസ്വേഡുകളും സുരക്ഷാ കോഡുകളും കൈവശപ്പെടുത്താനും, ആവശ്യമെങ്കിൽ അസാധുവാക്കാനും ഉദ്യോഗസ്ഥരെ അനുവദിക്കുന്ന 247-ാം വകുപ്പ് ഉള്ളത്.
ഏതെങ്കിലും വാതിൽ, പെട്ടി, ലോക്കർ, സേഫ്, അലമാര, പാത്രം തുടങ്ങിയവയുടെ പൂട്ട് തുറക്കുക, താക്കോലുകൾ ലഭ്യമല്ലാത്ത ഏതെങ്കിലും കെട്ടിടം, സ്ഥലം മുതലായവയിൽ പ്രവേശിച്ചു തെരയുക എന്നിവ കൂടാതെ നികുതിദായകരുടെ ‘വെർച്വൽ ഡിജിറ്റൽ സ്പേസിൽ’ സംഭരിച്ചിരിക്കുന്ന എന്തിനും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ നിയന്ത്രണവുമുണ്ടായിരിക്കും.
ക്ലൗഡ് സെർവറുകൾ, ഇ-മെയിൽ അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ, ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിലെല്ലാം ഇനി ഉദ്യോഗസ്ഥർക്കു കടന്നുകയറാം.1961ലെ ഇൻകം ടാക്സ് നിയമത്തിനു പകരമായി കൊണ്ടുവന്നതാണിത്.
കോടതിയുടെ അനുമതി കൂടാതെ ഏതു സ്വകാര്യ വിവരങ്ങളും കണ്ടെത്താനും കംപ്യൂട്ടറുകളടക്കം എന്തും പരിശോധിക്കാനും പിടിച്ചെടുക്കാനും ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ സ്വകാര്യതയ്ക്കു ഭരണഘടന ഉറപ്പുനൽകുന്ന മൗലികസ്വാതന്ത്ര്യം പോലും ഇല്ലാതാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച തുടങ്ങുന്ന ലോക്സഭാ സമ്മേളനത്തിൽ ബിൽ പാസായാൽ അടുത്ത ഏപ്രിൽ ഒന്നിനു നടപ്പാകും. 1961ലെ സങ്കീർണമായ ആദായനികുതി നിയമം ലളിതമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നു സർക്കാർ അവകാശപ്പെടുന്നു. അതിലാർക്കും പരാതിയില്ല. പക്ഷേ, സ്വകാര്യതയ്ക്കുമേൽ സർക്കാരിനു കൂടുതൽ നിയന്ത്രണം നൽകുന്ന വകുപ്പ് ഒളിച്ചു കടത്തരുത്.
നികുതിസമ്പ്രദായവുമായി ബന്ധപ്പെട്ട തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തെക്കുറിച്ചും മന്ത്രി പറഞ്ഞു. പക്ഷേ, കോടതികൾക്ക് ഇടപെടാനാവാത്തവിധം മൗലികാവകാശങ്ങളെ കൈപ്പിടിയിലൊതുക്കിയല്ല വ്യവഹാരങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത്. സാന്പത്തിക കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ സ്വകാര്യതയിൽ അന്വേഷണത്തിന്റെ ഭാഗമായി കയറാൻ ഇപ്പോഴും നിയമാനുസൃതം സാധിക്കും.
പക്ഷേ, പുതിയ ബില്ലിൽ അത്തരം അനുമതിയൊന്നും ആവശ്യമില്ല. സാന്പത്തിക ഇടപാടുകൾ മാത്രമല്ല, പ്രതിപക്ഷത്തെയോ വിമർശകരെയോ കുടുക്കാൻ ആവശ്യമായതെന്തും സമാഹരിക്കാൻ ഈയൊരു പഴുതു മതി. ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടികളിൽ കോടതികൾക്കുപോലും സമീപവർഷങ്ങളിൽ ഇടപെടേണ്ടിവന്നിട്ടുണ്ടെന്നതു മറക്കരുത്.
ചാര സോഫ്റ്റ്വെയറുകളിലൂടെ മാത്രം നടപ്പാക്കാനാകുന്ന പല കാര്യങ്ങളും ഇനി ഉദ്യോഗസ്ഥർക്കു നിയമാനുസൃതം നടത്താം. 83-ാമത്തെ വയസില്‍ തീവ്രവാദിപ്പട്ടം ചാര്‍ത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ ) ജയിലിലടച്ച ഫാദർ സ്റ്റാന്‍ സ്വാമി, തനിക്കെതിരേ കംപ്യൂട്ടറിൽ കണ്ടെത്തിയ തെളിവുകൾ ആരോ തിരുകിക്കയറ്റിയതാണെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാൻ കോടതിപോലും ഉണ്ടായിരുന്നില്ലെന്നതു മറക്കരുത്.
2022 ഡിസംബറില്‍ അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ്, സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാഫലം പുറത്തുവിട്ടപ്പോൾ എന്‍ഐഎ അദ്ദേഹത്തിനെതിരേ ഉപയോഗിച്ച 44 രേഖകള്‍ അദ്ദേഹമറിയാതെ ഹാക്കര്‍ നിക്ഷേപിച്ചതാണെന്നു വെളിപ്പെട്ടു. എന്തു ഫലം?
സാന്പത്തിക കുറ്റവാളികളെന്നു സംശയിക്കുന്നവരെ മാത്രമല്ല, സർക്കാരിന് അനഭിമതരായ ആരെയും ഏതു കേസിലും കുടുക്കാൻ നിയമസാധുത ഉണ്ടാകരുത്. കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും കാര്യം അവിടെ നിൽക്കട്ടെ. സ്വകാര്യത ഇല്ലാതാക്കുക എന്നാൽ നഗ്നനാക്കപ്പെടുക എന്നാണ് അർഥം.
അത്രമാത്രം, സർക്കാരിന് അടിയറ വച്ച് നിരീക്ഷണത്തിനു വിധേയമായി ജീവിക്കാൻ പൗരരെ നിർബന്ധിതരാക്കുന്നത് ജനാധിപത്യമല്ല. അത്തരം വകുപ്പ്, ആദായനികുതി ബില്ലിലുണ്ടെങ്കിൽ ഒഴിവാക്കണം. കുടുംബാംഗങ്ങൾ പോലും പരസ്പരം ലംഘിക്കാത്ത സ്വകാര്യത ഇനി സർക്കാർ സ്വത്താണെന്നു പ്രഖ്യാപിക്കരുത്.