ശുചിത്വം ശീലമാക്കൂ, സ്വച്ഛഭാരതം സാധ്യമാക്കാം
Thursday, March 13, 2025 12:00 AM IST
ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന നിസംഗത വെടിഞ്ഞ് എന്റെ കാര്യമാണ്; നമ്മുടെ കേരളത്തിന്റെ, നമ്മുടെ രാജ്യത്തിന്റെ കാര്യമാണ് എന്ന ചിന്തയിലേക്കുയർന്നാലേ
ദേശീയ ശുദ്ധവായു മിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ, ജൽ ജീവൻ മിഷൻ, നമാമി ഗംഗേ... ദേശീയ തള്ളുകൾക്ക് ഒട്ടും കുറവില്ല. ഈ പദ്ധതികളുടെയെല്ലാം പേരിൽ ചെലവിടുന്നത് കോടിക്കണക്കിനു രൂപ. എന്നിട്ടോ? ഓർമയില്ലേ, 2014ലെ ഗാന്ധിജയന്തി ദിനം? ന്യൂഡൽഹിയിലെ വാല്മീകി റോഡിൽ പ്രധാനമന്ത്രി ചൂലെടുത്ത ദിവസം. സ്വച്ഛ് ഭാരത് അഭിയാൻ എന്നൊരു വന്പൻ പദ്ധതിക്കു തുടക്കമാകുകയായിരുന്നു. രാജ്യത്തെ സ്വച്ഛശ്യാമളകോമളമാക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നിട്ടോ? പതിനൊന്നു വർഷത്തിനുശേഷം കേൾക്കുന്നത് ലോകത്തിലെ ഏറ്റവും മലിനവായുവുള്ള 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലാണെന്ന്; ലോകത്തിലെ ഏറ്റവും വായുമലിനമായ തലസ്ഥാനനഗരം ഡൽഹിയാണെന്ന്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വായുനിലവാര സാങ്കേതിക കന്പനിയായ ഐക്യു എയർ പുറത്തിറക്കിയ 2024ലെ ആഗോള വായുനിലവാര റിപ്പോർട്ടിലാണ് രാജ്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ.
ആസാം-മേഘാലയ അതിർത്തിയിലെ ബൈർണിഹത്ത് ആണ് ലോകത്തിലെ ഏറ്റവും വായുമലിനമായ നഗരം. രാജ്യങ്ങളിൽ ലോകത്ത് അഞ്ചാംസ്ഥാനമാണ് ഇന്ത്യക്ക്. മുല്ലൻപുർ, ഫരീദാബാദ്, ലോനി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ബിവാഡി, മുസഫർ നഗർ, ഹനുമാൻ ഗഡ്, നോയിഡ, ന്യൂഡൽഹി എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ നഗരങ്ങൾ. അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നു നാലു നഗരങ്ങളും ചൈനയിൽനിന്ന് ഒരു നഗരവും ശ്വാസംമുട്ടിക്കുന്ന പട്ടികയിലുണ്ട്.
തദ്ദേശീയ ഫാക്ടറികൾ, ഉരുക്കുശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണു ബൈർണിഹത്ത് പട്ടണത്തിലെ വായു മലിനമാക്കുന്നത്. ഡൽഹിയിൽ രാസബാഷ്പ കണികകളുടെ അളവ് ഘനമീറ്ററിൽ 102.4 മൈക്രോഗ്രാം എന്ന 2023ലെ നിലയിൽനിന്ന് 108.3 മൈക്രോഗ്രാം എന്ന അളവിലേക്കു കൂടി. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചതിനേക്കാൾ പത്തുമടങ്ങ് രാസബാഷ്പം അന്തരീക്ഷത്തിലുള്ളവയാണ് ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളും.
ഈ പറയുന്നതൊക്കെ വായുമലിനീകരണത്തിന്റെ കാര്യം. മറ്റു മലിനീകരണങ്ങളോ? ജലമലിനീകരണം രാജ്യത്തെ ഗുരുതരമായ പ്രശ്നമാണ്. നല്ലൊരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല. നീതി ആയോഗ് തന്നെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ ഉപരിതലജലത്തിന്റെ 70 ശതമാനവും മലിനമാണെന്നാണ്.
തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസർജനമാണ് ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും അപകടകരമായത്. കക്കൂസുകളുടെ നിർമാണത്തേക്കാൾ അതുപയോഗിക്കാൻ ഗ്രാമീണരെ പ്രേരിപ്പിക്കുകയെന്നതാണ് ഇന്ത്യയിൽ ദുഷ്കരമായ ദൗത്യം. ഒരുപാട് തെറ്റിദ്ധാരണകളാണ് ഇക്കാര്യത്തിൽ അവരെ നയിക്കുന്നത്. സ്ത്രീകൾ, പ്രായമായവർ, രോഗികൾ എന്നിവർക്കു മാത്രം ഉപയോഗിക്കാനുള്ളത് എന്ന സാമൂഹികവിശ്വാസത്തെ അതിജീവിക്കുക എന്നതാണ് ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും മുന്നിലുള്ള വെല്ലുവിളി.
രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനമായ റെയിൽവേയെത്തന്നെ നോക്കുക. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പുവരുത്താതെ ഏതു ശുചിത്വഭാരതമാണു വരിക? റെയിൽവേയുടെ ശുചിത്വത്തിൽ 80 ശതമാനത്തിലേറെ യാത്രക്കാരും അതൃപ്തരാണെന്നാണ് ഒരു സർവേ റിപ്പോർട്ട് പറയുന്നത്.
പ്രബുദ്ധമെന്നു നാഴികയ്ക്കു നാല്പതു വട്ടം വിശേഷിപ്പിക്കുന്ന കേരളത്തിൽപ്പോലും ഇതൊന്നും സാധ്യമാകുന്നില്ല. ഈ വർഷമാദ്യം നമ്മൾ കേരളത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്തി. ശുചിത്വബോധത്തിന്റെ കാര്യത്തിൽ നമ്മളിപ്പോഴും പ്രാകൃതകേരളമാണെന്നു പറയേണ്ടിവരും. പരിസരത്തെ വലിയൊരു കുപ്പത്തൊട്ടിയായാണ് നമ്മൾ കാണുന്നത്. കേരളീയർക്ക് എല്ലാമറിയാം. എന്നാൽ നല്ല കാര്യങ്ങളൊന്നും ശീലമില്ല. സാക്ഷരതയുടെയും രാഷ്ട്രീയബോധത്തിന്റെയും കാര്യത്തിൽ മുന്നിലുള്ള കേരളത്തിൽ പറ്റുന്നില്ലെങ്കിൽ ഇന്ത്യാ മഹാരാജ്യത്ത് എങ്ങനെ നടപ്പാക്കാൻ കഴിയും?
ശുചിത്വബോധം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം. വീടുകളിൽനിന്നും സ്കൂളുകളിൽനിന്നുമാണ് ബോധവത്കരണം തുടങ്ങേണ്ടത്. വിദ്യാഭ്യാസ സന്പ്രദായം അതിനു സജ്ജമാണോ? സംശയമാണ്. വല്ലപ്പോഴും മാത്രം അധ്യാപകരെത്തുന്ന ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ സ്കൂളുകളിൽ വിശപ്പടക്കൽ എന്ന പ്രാഥമികസംഗതി മാത്രം നടക്കുന്പോൾ ഇതൊക്കെ പാഴ്സ്വപ്നമല്ലേ? വന്പൻ പദ്ധതികൾ എന്നു പറയുന്പോൾ കോടികളുടെ പണമൊഴുക്കാണ്. അതു കണ്ട് ഹൃദയം തുടിക്കുന്നവരിൽ രാഷ്ട്രീയ കങ്കാണിമാരുണ്ട്, ഉദ്യോഗസ്ഥ ലോബിയുണ്ട്, കോർപറേറ്റ് കഴുകൻമാരുണ്ട്. നഗരശുദ്ധീകരണം, നദീശുദ്ധീകരണം എന്നൊക്കെ മഞ്ഞുമറ സൃഷ്ടിച്ചാൽ പണമൊഴുകുന്നത് എങ്ങോട്ടാണെന്നു തിരിച്ചറിയുകയുമില്ല.
പദ്ധതികൾ സർക്കാർ കൊണ്ടുവരട്ടെ. അതോടൊപ്പം അതെങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്ന കാര്യം ഇന്ത്യൻ യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് എല്ലാവരും ആലോചിക്കട്ടെ. അതിൽ സർക്കാരിതര സംഘടനകളും രാഷ്ട്രീയകക്ഷികളും മറ്റെല്ലാ സംഘടിത പ്രസ്ഥാനങ്ങളും അണിചേരട്ടെ. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന നിസംഗത വെടിഞ്ഞ് എന്റെ കാര്യമാണ്; നമ്മുടെ കേരളത്തിന്റെ, നമ്മുടെ രാജ്യത്തിന്റെ കാര്യമാണ് എന്ന ചിന്തയിലേക്കുയർന്നാലേ സ്വച്ഛകേരളവും സ്വച്ഛഭാരതവുമൊക്കെ സാധ്യമാകൂ.
അതൊടൊപ്പം കൈയിട്ടുവാരൽ എന്ന ‘ദേശീയവിനോദ’ത്തിൽനിന്ന് ആർജവമുള്ള പ്രവർത്തനത്തിലേക്കു സർക്കാർ സംവിധാനവും മാറണം. അല്ലെങ്കിൽ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ ഇനിയും വന്നുകൊണ്ടിരിക്കും.