കൈയേറ്റം വേണ്ട, കുതിരകയറ്റവും
Wednesday, March 12, 2025 12:00 AM IST
കൈയേറ്റത്തിന്റെ പേരുപറഞ്ഞ് കുരിശിനെ അവഹേളിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാതിരിക്കാനുള്ള വിവേകം ക്രൈസ്തവർക്കെങ്കിലും ഉണ്ടാകണം. കൈയേറ്റക്കാരുടെ കുരിശിന്റെ ഭാരം ക്രൈസ്തവ സഭകളുടെയും സമുദായത്തിന്റെയും ചുമലിൽ ചാർത്തി കുതിരകയറാനുള്ള ചിലരുടെ വ്യഗ്രത അത്ര നിഷ്കളങ്കമല്ലതാനും.
നോമ്പുകാലത്തു കുരിശെടുത്തു മല കയറേണ്ടതു പാപപരിഹാരത്തിനു വേണ്ടിയാവണം, അല്ലാതെ മറ്റൊരു പാപം ചെയ്യാൻ ആരും കുരിശുമായി മലകൾ കയറാതിരിക്കട്ടെ. കുരിശ് രക്ഷയുടെയും വിശ്വാസത്തിന്റെയും പ്രതീകമാണ്.
അതിനെ കൈയേറ്റത്തിന്റെ പേരുപറഞ്ഞ് അവഹേളിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാതിരിക്കാനുള്ള വിവേകം ക്രൈസ്തവർക്കെങ്കിലും ഉണ്ടാകണം. റവന്യു ഭൂമി കൈയേറ്റ വിവാദങ്ങൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മല കയറിയിരിക്കുന്നു. ഇടുക്കിയിലെ മഞ്ചുമല, വാഗമൺ, പരുന്തുംപാറ മേഖലകളിൽ റവന്യു ഭൂമി കൈയേറ്റം നടക്കുന്നതായാണ് പരാതി.
ഇതോടെ കഴിഞ്ഞ രണ്ടു മുതൽ ഈ വില്ലേജുകളിലെ കൈയേറ്റം ആരോപിക്കപ്പെട്ട മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ കളക്ടർ വിലക്കി. എന്നാൽ, കളക്ടറുടെ ഉത്തരവിനെ ഹൈറേഞ്ചിലെ തണുത്ത കാറ്റിൽ പറത്തി പലരും നിർമാണം തുടർന്നു. പരുന്തുംപാറയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനു സമീപം കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി കുരിശും സ്ഥാപിച്ചു.
കൈയേറ്റം ഒഴിപ്പിക്കൽ തടയാനാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഉയർന്ന ആരോപണം. എന്തായാലും ആക്ഷേപം ഉയർന്നതോടെ ആ കുരിശ് റവന്യു അധികൃതർ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ചതാണെങ്കിൽ ആ കുരിശ് കൈയോടെ നീക്കം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
കുരിശ് ക്രൈസ്തവരെ സംബന്ധിച്ചു രക്ഷയുടെ അടയാളമാണെങ്കിലും മനഃപൂർവം വരുത്തിവയ്ക്കുന്ന കുഴപ്പങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള മറയാക്കി ആരെങ്കിലും കുരിശിനെ ഉപയോഗിച്ചാൽ അതു ശിക്ഷ കൊടുക്കേണ്ടതിന്റെ അടയാളമാകും.
പരുന്തുംപാറയിൽ സ്വകാര്യ വ്യക്തി തന്റേതെന്ന് അവകാശപ്പെടുന്ന 3.31 ഏക്കറിലാണ് നാനൂറിലേറെ പേർക്കു താമസിക്കാനുള്ള സൗകര്യങ്ങളോടെ കെട്ടിടങ്ങളും അതിനു സമീപം കുരിശും സ്ഥാപിച്ചത്.
ഇവിടെ റിസോർട്ടാണ് നിർമിക്കുന്നതെന്ന് പ്രചാരണമുണ്ടായെങ്കിലും റിസോർട്ടല്ല ധ്യാനകേന്ദ്രമാണ് നിർമിക്കുന്നതെന്നാണ് ഉടമയുടേതായി പുറത്തുവന്നിരിക്കുന്ന വാദം. കുരിശ് സ്ഥാപിച്ചത് കൈയേറ്റം ഒഴിപ്പിക്കൽ തടയാനല്ലെന്നും ധ്യാനകേന്ദ്രത്തിന്റെ ഭാഗമായുള്ള കുരിശാണ് സ്ഥാപിച്ചതെന്നും ഇവർ അവകാശപ്പെടുന്നു.
റിസോർട്ടായാലും ധ്യാനകേന്ദ്രമായാലും നിയമപരമായി സ്വന്തം ഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അതു നീക്കം ചെയ്യാൻ ആർക്കും അവകാശമില്ല. അതേസമയം, അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇതൊക്കെ പടുത്തുയർത്തുന്നതെങ്കിൽ നീക്കം ചെയ്യപ്പെടേണ്ടതുതന്നെയാണ്. അതൊക്കെ ഇനി സർക്കാരും കോടതിയും വ്യക്തമാക്കേണ്ട കാര്യങ്ങളാണ്.
നിയമക്കുരുക്കുകളിൽ അകപ്പെട്ടാൽ ദീർഘകാലത്തേക്കു പണിമുടങ്ങുമെന്നു കണ്ട് പലരും കോടതി ഉത്തരവ് വരുന്നതിനു മുന്പും അവധിദിനങ്ങളിലുമൊക്കെ നിർമാണ പ്രവർത്തനം നടത്തുന്നത് നമ്മുടെ നാട്ടിലെ ഒരു പൊതുരീതിയാണ്. എന്നാൽ, സ്വന്തം ഭൂമിയാണെങ്കിൽ പോലും കളക്ടർ അടക്കമുള്ളവർ നൽകുന്ന ഉത്തരവുകൾ പാലിക്കാൻ ഏതൊരു പൗരനും ബാധ്യതയുണ്ട്.
വിവിധ മതസ്ഥരുടെ മതചിഹ്നങ്ങളും പ്രതീകങ്ങളും സ്ഥാപിച്ചു കൈയേറ്റക്കാർ ഭൂമി സ്വന്തമാക്കുന്ന രീതി കുറേക്കാലമായി ഹൈറേഞ്ച് മേഖലയിൽ നടക്കുന്നതാണ്. സ്ഥാപിത താത്പര്യക്കാർ ചെയ്യുന്നതാണെങ്കിലും ഇതിന്റെ പേരിൽ മതങ്ങളും സമുദായങ്ങളുമൊക്കെയാണ് പലപ്പോഴും വിവാദങ്ങളിൽപെടുന്നത്.
കൈയേറ്റക്കാരുടെ കുരിശിന്റെ ഭാരം ക്രൈസ്തവ സഭകളുടെയും സമുദായത്തിന്റെയും ചുമലിൽ ചാർത്തി കുതിരകയറാനുള്ള ചിലരുടെ വ്യഗ്രത അത്ര നിഷ്കളങ്കമല്ലതാനും. ഏതെങ്കിലും റവന്യു ഭൂമിയിൽ അനധികൃതമായി ഒരു നിർമാണം നടന്നാൽ അതിന്റെ അർഥം അതിനു പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കൈയേറ്റ മാഫിയ പ്രവർത്തിച്ചിട്ടുണ്ട് എന്നുതന്നെയാണ്.
വാഗമൺ, പരുന്തുംപാറ പോലെയുള്ള സ്ഥലങ്ങളിൽ പുറമേനിന്നുള്ളവർക്കു വന്നു ഭൂമി കൈയേറാൻ കഴിയില്ല. പ്രാദേശിക രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളാണ് പലപ്പോഴും റവന്യു ഭൂമി അന്യാധീനപ്പെടാൻ കാരണം. സർക്കാർ ഭൂമി രാഷ്ട്രീയ പിന്തുണയോടെ കൈയേറുകയും ഉദ്യോഗസ്ഥസഹായത്തോടെ ഇതിനു രേഖകൾ ചമയ്ക്കുകയുമാണ് കൈയേറ്റ മാഫിയയുടെ രീതി.
തുടർന്ന് ഈ സ്ഥലം പട്ടയവും ആധാരവുമുള്ള ഭൂമി എന്ന രീതിയിൽ മറിച്ചുവിൽക്കും. തട്ടിപ്പ് അറിയാതെ ഇത്തരം സ്ഥലങ്ങൾ വാങ്ങി നിർമാണം നടത്തുന്നവരാണ് വിവാദമുണ്ടാകുന്പോൾ പലപ്പോഴും ഇരകളായി മാറുന്നത്. കൈയേറ്റഭൂമിയാണെന്ന് അറിഞ്ഞു വാങ്ങുന്നവരും അറിയാതെ വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ടാകും.
എന്തായാലും ഭൂമിയുടെ രേഖകൾ ആധികാരികമാണെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത വാങ്ങുന്നവർക്കു തന്നെയാണ്. ഒരു വശത്തു കൈയേറ്റത്തിനു കൈയടിക്കുകയും മറുവശത്തു നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയും ചെയ്യുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകാരാണ് കൈയേറ്റകഥയിലെ യഥാർഥ പ്രതികൾ.