നാം ഒരുപോലെയല്ല; പക്ഷേ, തുല്യരാണ്
Saturday, March 8, 2025 12:00 AM IST
മൈക്കിനു മുന്നിലും സമൂഹമാധ്യമങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും
നീതിക്കുവേണ്ടിയും വായിട്ടലയ്ക്കുന്നവർ സ്വന്തം വീട്ടിലെത്തുന്പോൾ മറ്റൊരാളാകും. പുറത്ത് സ്ത്രീവാദിയും അകത്ത് ജയിലറുമാകുന്നവരുടെ ഇരട്ടത്താപ്പ് സ്ത്രീ-പുരുഷ സമത്വം വൈകിക്കുന്ന ഘടകമാണ്.
പുരുഷന്മാർ സ്ത്രീകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു മഹത്തായ കാര്യമാണ്. പക്ഷേ, അവരെ തുല്യാവകാശമുള്ളവരായി അംഗീകരിക്കുന്നതു മറ്റൊരു വിഷയമാണ്. അതത്ര എളുപ്പമല്ല. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഏറെ സ്ഥലങ്ങളിലും പുരുഷന്മാർ അത്ര പരിഷ്കൃതരായിട്ടില്ല. ചില സമൂഹങ്ങളാകട്ടെ ഇന്നും തങ്ങളുടെ സുഖങ്ങൾക്കനുസരിച്ചും തങ്ങളനുവദിക്കുന്നത്ര സ്വാതന്ത്ര്യം മാത്രം അനുഭവിച്ചും ജീവിക്കാൻ തക്കവിധം മത-സംസ്കാര-ആശയ തടവറകളിൽ സ്ത്രീകളെ പാർപ്പിച്ചിരിക്കുകയാണ്.
കേരളത്തെക്കുറിച്ചാണെങ്കിൽ, വളരെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പറഞ്ഞുവന്ന തുല്യാവകാശവും അതിന്റെ ഫലമായി ദൃശ്യമാകേണ്ട തുല്യാവസരങ്ങളും പാതിവഴിപോലും എത്തിയിട്ടില്ല. സ്ത്രീയുടെ പോരാട്ടത്തേക്കാൾ പുരുഷന്റെ ആത്മപരിശോധനയ്ക്കുള്ളതാണ് ഈ വനിതാ ദിനവും.
ചില കണക്കുകൾ നോക്കാം. ഈ രീതിയിൽ പോയാൽ, ലോകം സന്പൂർണ സ്ത്രീ-പുരുഷ സമത്വത്തിലേക്ക് എത്തണമെങ്കിൽ 2024ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച്, 134 വർഷം ഇനിയും വേണ്ടിവരും. ലോകത്തെ ഒന്നിച്ചെടുത്താൽ ഇതുവരെ എത്തിയിട്ടുള്ളത്, 68.5% സമത്വത്തിലാണ്. 2023ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 146 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2024 ആയപ്പോഴേക്കും ഇത് രണ്ടു സ്ഥാനംകൂടി താഴ്ന്ന് 129-ാമതായി. 14 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം റാങ്കില്‍ തുടരുന്ന ഐസ്ലന്ഡാണ് ലോകത്ത് ഏറ്റവും സ്ത്രീ-പുരുഷ തുല്യതയുള്ള രാജ്യം.
ഫിൻലൻഡ്, നോർവെ, ന്യൂസിലൻഡ്, സ്വീഡൻ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഇല്ലാത്തതുകൊണ്ടാകാം സുഡാനാണ് സമത്വത്തിൽ ഏറ്റവും പിന്നിൽ. തൊട്ടടുത്തു പാക്കിസ്ഥാനുണ്ട്. പട്ടികയിൽ ആകെയുള്ളത് 146 രാജ്യങ്ങളാണ്.
പൊതുവെ പിന്നിലാണെങ്കിലും ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും സ്ത്രീവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമൊക്കെ മെച്ചപ്പെട്ട നിലയിലാണ്. ലോകത്തെ പൊതുവെ എടുത്താൽ, വിദ്യാഭ്യാസരംഗത്തു സമത്വത്തിനായി 20 വർഷംകൂടി കാത്തിരുന്നാൽ മതി. പക്ഷേ, സാമ്പത്തിക സമത്വത്തിന് 152 വർഷവും രാഷ്ട്രീയ സമത്വത്തിന് 169 വർഷവും കാത്തിരിക്കേണ്ടിവരും. സ്ത്രീകളെ പുറത്തിറക്കാതെയും വിദ്യാഭ്യാസം നൽകാതെയും പിടിച്ചുവച്ചിരിക്കുന്ന സമൂഹങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ കാത്തിരിപ്പു നീളും.
ഒരു കാര്യം വ്യക്തമായി. സമത്വത്തിലേക്ക് ലോകം മുന്നേറുന്നുണ്ട്. പക്ഷേ, ആ മുന്നേറ്റം ഏറ്റവും വൈകുന്നത് രാഷ്ട്രീയത്തിലാണ്. അതു പ്രധാനമാണ്. കാരണം, രാഷ്ട്രീയത്തിലും ഭരണത്തിലും തുല്യതയുണ്ടായാൽ മറ്റെല്ലാരംഗത്തെയും മാറ്റവും അതിവേഗമാകും. ഇന്ത്യയിൽ നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ (33%) സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബില്‍ 2023 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയത് തുല്യതയിലേക്കുള്ള പ്രയാണത്തിലെ നാഴികക്കല്ലാണ്.
പക്ഷേ, സ്ത്രീയുടെ തുല്യാവകാശത്തിലേക്ക് വീണ്ടും ദൂരമുണ്ട്. തുല്യതയ്ക്കുവേണ്ടി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ രാഷ്ട്രീയം ശ്രദ്ധിക്കുക. ഒരു പാർട്ടിയിലും സത്രീകൾക്കു തുല്യാവകാശമോ അവസരമോ ഇല്ല. അവരുടെയോ നമ്മുടെയോ വീടുകളിലുമില്ല. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും നീതിക്കുവേണ്ടിയും വായിട്ടലയ്ക്കുന്നവർ സ്വന്തം വീട്ടിലെത്തുന്പോൾ മറ്റൊരാളാകും.
പുറത്ത് സ്ത്രീവാദിയും അകത്ത് ജയിലറുമാകുന്നവരുടെ ഇരട്ടത്താപ്പ് സ്ത്രീസമത്വം വൈകിക്കുന്ന ഘടകമാണ്. സത്രീകളുടെ തുല്യാവകാശങ്ങളെക്കുറിച്ച് ആൺകുട്ടികൾ പ്രഥമ ക്ലാസുകളിൽ പഠിക്കുകയും വീട്ടിൽ അതു കണ്ടറിയുകയും ചെയ്യണം. അങ്ങനെ വളരുന്നവർക്ക് തന്റെ ജോലിസ്ഥലത്തെയും പാർട്ടിയിലെയും ഭരണത്തിലെയും സ്ത്രീനേതൃത്വത്തെ സ്വാഭാവികമായി അംഗീകരിക്കാനാകും.
തുല്യാവകാശങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് നമുക്കു ലക്ഷ്യത്തിലെത്താനാകില്ല. ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനും മയക്കുമരുന്നടിക്കുന്നതിനും ലൈംഗിക അരാജകത്വത്തിനുമുള്ള സ്വാതന്ത്ര്യം തുല്യാവകാശമല്ല, കുറ്റകൃത്യങ്ങളിലെ തുല്യ പങ്കാളിത്തമാണ്. തുല്യ അവസരങ്ങളുണ്ടാകുക, തുല്യ അധ്വാനത്തിനു തുല്യ വേതനം ലഭിക്കുക; എല്ലാറ്റിലുമുപരി, വീട്ടിലായാലും നാട്ടിലായാലും തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലും തുല്യ അവസരമുണ്ടായിരിക്കുക എന്നിവയാണു പ്രധാനം. തുല്യത സാധ്യമല്ലെന്നു തെളിയിക്കാൻ, ആണുങ്ങൾ ചെയ്യുന്ന ജോലികളെല്ലാം സ്ത്രീകൾക്കു ചെയ്യാനാകുമോയെന്നു ചോദിക്കുന്നവരുണ്ട്.
എന്നാൽ, തങ്ങൾ ചെയ്യുന്ന ജോലികളെല്ലാം പുരുഷന്മാർക്കു ചെയ്യാനാകുമോ എന്നു സ്ത്രീ മറുചോദ്യമുന്നയിച്ചാൽ എന്തു പറയുമെന്ന് ആലോചിച്ചിട്ടുമില്ല. എന്തിന്, ഒരു പുരുഷനു മറ്റൊരു പുരുഷനെപ്പോലെയാകാനാകുമോയെന്നും ചിന്തിക്കുന്നില്ല. ഇത്തരം ബാലിശ വർത്തമാനങ്ങൾകൊണ്ട് അപ്രമാദിത്വം നിലനിർത്താനാഗ്രഹിക്കുന്നവർ സ്ത്രീരൂപത്തിൽ നിർമിതബുദ്ധി അടുത്തു നിൽക്കുന്നതുപോലും അറിയുന്നില്ല.
1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് ആദ്യ ദേശീയ വനിതാദിനം ആചരിച്ചതെന്നാണ് ചരിത്രം. അവകാശങ്ങൾക്കുവേണ്ടി 15,000 വസ്ത്രനിർമാണത്തൊഴിലാളികളായ സ്ത്രീകൾ തലേ വർഷം നടത്തിയ മാർച്ചിന്റെ തുടർച്ചയായിരുന്നു അത്. 1975ലാണ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 50 വർഷമായി. ഇന്ന് ആണായിപ്പിറന്നവർ എന്തെങ്കിലും പ്രതിജ്ഞയെടുക്കുന്നുണ്ടെങ്കിൽ അതു സ്വന്തം വീട്ടിലെ സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശം അംഗീകരിച്ചുകൊണ്ടായാൽ സത്യസന്ധമാണ്; ബാക്കിയെല്ലാം നുണയാണ്.