ചില സിനിമകൾ പ്രതിക്കൂട്ടിലാണ്
Tuesday, March 4, 2025 12:00 AM IST
ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ നോക്കുകുത്തിയാക്കി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്ന പോലീസും ഇപ്പോൾ വില്ലനല്ല, നായകനാണ്. പുറത്ത്, വീട്ടിലും വിദ്യാലയത്തിലും ചോര വീഴുന്പോൾ സിനിമയും പ്രതിപ്പട്ടികയിലുണ്ട്.
സമൂഹത്തിൽ അക്രമവാസന വളർത്തുന്ന സിനിമകൾ പെരുകുന്നു എന്നതിൽ ആർക്കുമില്ല സംശയം. ഒരു കുറ്റം ആസൂത്രണം ചെയ്യാനും നിർവഹിക്കാനും മറച്ചുവയ്ക്കാനും ആവശ്യമായതെല്ലാം മലയാളസിനിമയിൽതന്നെയുണ്ട്. ആപത്കരമായ മറ്റൊരു മാറ്റംകൂടിയുണ്ട്.
ഇന്നു സിനിമയിൽ കൊന്നുതള്ളുന്നത് വില്ലനല്ല, നായകനാണ്. ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ നോക്കുകുത്തിയാക്കി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്ന പോലീസും നായകനായി. അക്രമി വീരപരിവേഷത്തോടെ കാണികളിലേക്കു പടരുകയാണ്. മദ്യപാനമില്ലാതെ സിനിമയില്ലെന്നായി.
ഇതേസമയത്ത്, തിയറ്ററിനു പുറത്ത് വിദ്യാലയങ്ങളിലും വീട്ടിലും നാട്ടിലും തല്ലുമാലയും കൊലപാതകവും വ്യാപിച്ചു. തനിച്ചല്ലെങ്കിലും സിനിമയും പ്രതിപ്പട്ടികയിലുണ്ട്. രാഷ്ട്രീയാപചയം, മയക്കുമരുന്ന്, വർഗീയ-ഭീകര സംഘടനകളുടെ ക്രൂരകൃത്യങ്ങൾ, കൊലപാതകങ്ങളുടെപോലും വിശദാംശങ്ങൾ വള്ളിപുള്ളി വിടാതെ വിശദീകരിക്കുന്ന മാധ്യമങ്ങൾ തുടങ്ങിയവയും കൂട്ടുപ്രതികളാണ്. ഇതിൽ സിനിമയുടെയും മാധ്യമങ്ങളുടെയും പങ്ക് മറ്റു ഘടകങ്ങളെപ്പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോൾ അതും ആവശ്യമായിരിക്കുന്നു.
ലൈംഗിക വൈകൃതങ്ങൾ മൊബൈൽ ഫോണുകളിൽ തിങ്ങിനിറഞ്ഞതോടെ സിനിമ കച്ചവടം മാത്രമാണെന്നു ധരിച്ചവർ അശ്ലീല സിനിമകളിൽനിന്ന് അക്രമദൃശ്യങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണ്. പണമുണ്ടാക്കുക മാത്രമാണു ലക്ഷ്യം. ആ മാറ്റത്തിനിടെ വില്ലന്റെ വേഷം നായകൻതന്നെ ഏറ്റെടുക്കുകയും ചെയ്തു. അതോടെ അക്രമങ്ങൾ ന്യായീകരിക്കപ്പെട്ടുതുടങ്ങി. ഇത്തരം സിനിമകൾ മൊഴിമാറ്റം നടത്തിയാൽ രാജ്യമൊട്ടാകെ പണം വാരാം. ഈ അക്രമോത്സുകത വർധിച്ചതു പൊടുന്നനെയല്ല. മനുഷ്യന്റെ അക്രമവാസനകളെയും പകവീട്ടൽ തൃഷ്ണകളെയും അസഹിഷ്ണുതകളെയും വിറ്റു കാശാക്കാൻ, തൊട്ടുമുന്പുള്ളതിനേക്കാൾ കൂടുതൽ അക്രമങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളുമായി പുതിയ സിനിമകൾ എത്തുകയായിരുന്നു.
ദൃശ്യം എന്ന സിനിമ കുറ്റകൃത്യം മറച്ചുവയ്ക്കാൻ നിരവധി കുറ്റവാളികൾക്കു പ്രേരണയായി എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ അതിൽ കാര്യമില്ലെന്നു പറഞ്ഞ് നിസാരവത്കരിച്ചവരിൽ പലരും ഇന്ന് ആ അഭിപ്രായത്തിൽനിന്നു പിൻമാറിയിട്ടുണ്ട്. കള, ആർഡിഎക്സ്, ആവേശം, പണി, മുറ, ക്രിസ്റ്റഫർ, ജയിലർ, കിൽ, ആനിമൽ തുടങ്ങിയവയിലൂടെ ‘മാർക്കോ’യിലെത്തിയപ്പോൾ കളി കാര്യമായി.
മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാണിക്കുന്ന മികച്ച സിനിമയാണെങ്കിലും ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ തുടക്കത്തിൽ ആത്മഹത്യയുടെ സൂഷ്മരംഗവും പോലീസ് ഉദ്യോഗസ്ഥൻ ഗർഭിണിയെ ചവിട്ടുന്നതും കാഴ്ചക്കാരെ ചവിട്ടുന്നതിനു തുല്യമായി. ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ചിത്രമെന്ന കുപ്രസിദ്ധിയോടെയാണ് മാർക്കോ പണം കൊയ്തത്. ഈ സിനിമകൾ വിജയിക്കുന്ന അതേ കാലയളവിൽ കേരളത്തിലും യുവാക്കളുടെ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഒരേയൊരു കാരണം സിനിമയല്ലെങ്കിലും ഒരു കാരണമെങ്കിലും സിനിമയല്ലെന്നു പറയാൻ സിനിമാ രംഗത്തുള്ളവർക്കും മനഃശാസ്ത്രജ്ഞർക്കും പോലീസിനും ധൈര്യമില്ല.
അടുത്തയിടെ കോടികളുടെ ക്ലബ്ബിൽ കയറിയ മിക്ക സിനിമകളും വയലൻസിന്റെ അതിപ്രസരമുള്ളവയാണ്. മൊബൈൽ ഫോൺ ഉപയോക്താവിന്റെ തെരച്ചിൽ എത്ര മോശമായാലും അതുതന്നെ കൊടുത്ത് വരുമാനമുണ്ടാക്കുന്ന സമൂഹമാധ്യമ കച്ചവടത്തിന്റെ അതേ തന്ത്രം. ‘മാർക്കോ’ കണ്ടവരെ തൃപ്തിപ്പെടുത്താൻ ഇനി കൂടുതൽ അക്രമങ്ങൾ ആവശ്യമായി വരും. അതിന്റെ കച്ചവടസാധ്യത ചൂഷണം ചെയ്യാൻ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ‘ആവേശം’ സിനിമയിലെ നായകൻ ഗുണ്ടാത്തലവനാണ്.
അയാളുടെ അക്രമിസംഘത്തിൽ ചേരാൻ ഹോസ്റ്റൽ ഉപേക്ഷിച്ചാണ് വിദ്യാർഥികളെത്തുന്നത്. ഏതാണ്ട് ഇതേ സമയത്തു പുറത്തിറങ്ങിയ നിരവധി സിനിമകളിൽ വിദ്യാർഥികൾ രാത്രിയും പകലുമൊക്കെ മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു തെറ്റായി സിനിമയിൽ ഒരിടത്തും പറയുന്നില്ല. മദ്യപാനത്തിന്റെ കുറ്റബോധത്തെ കൗമാരക്കാരിൽനിന്നുപോലും സിനിമ നിശേഷം ഇല്ലാതാക്കിക്കഴിഞ്ഞു.
ക്രൂരദൃശ്യങ്ങൾ സഹിക്കാനാകാതെ ‘മാർക്കോ’യുടെ ആദ്യപകുതിക്കു ശേഷം മക്കളെയും കൂട്ടി ഇറങ്ങിപ്പോയവരുണ്ട്. ഹരിയാനയിൽനിന്നുള്ള നടനും മോഡലുമായ കബീർ ദുഹാൻ സിംഗ് മാർക്കോയിലെ സൈറസിന്റെ വേഷത്തെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത് പ്രചരിക്കുന്നുണ്ട്. “സിനിമയിൽ താൻ ഗർഭിണിയെ ഉപദ്രവിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അസ്വസ്ഥതകൊണ്ട് ഉറങ്ങാനാവാതെ ഞാൻ ഭാര്യയെ വിളിച്ചു സംസാരിച്ചു. എന്നിട്ടും സമാധാനമായില്ല.
സിനിമയ്ക്കുശേഷം ഞാൻ ഉത്തരാഖണ്ഡിലെത്തി ആറു ക്ഷേത്രങ്ങൾ സന്ദർശിച്ചു ധ്യാനിച്ചതിനു ശേഷമാണ് മനസ് ശാന്തമായത്.” അഭിനയിക്കുകയാണെന്നറിഞ്ഞിട്ടും മുതിർന്ന ഒരു നടനെ ഇത്രയേറെ അസ്വസ്ഥമാക്കിയ സിനിമ നമ്മുടെ യുവാക്കൾക്കു കൊടുക്കുന്ന കച്ചവടം, മയക്കുമരുന്നു വ്യാപാരം പോലെയുള്ള ദ്രോഹമല്ലേ? മാറിയ സാഹചര്യത്തിൽ സെൻസർബോർഡ് അതിന്റെ മാനദണ്ഡങ്ങൾ പുതുക്കണം.
രാഷ്ട്രീയാപചയങ്ങളും ആഗോളവത്കരണവും മൂല്യനിരാസങ്ങളും വളർത്തിയെടുത്തുകൊണ്ടിരിക്കുന്ന ഹിംസയെ സിനിമ ശതഗുണീഭവിപ്പിച്ചിരിക്കുന്നു. സിനിമ തനിച്ചല്ല. വ്യാപകമായ മയക്കുമരുന്നു വിപണനം, രാഷ്ട്രീയ കൊലപാതകങ്ങൾ, കൊലപാതകികളെ സംരക്ഷിക്കുകയും മാലയിട്ടു സ്വീകരിക്കുകയും ചെയ്യുന്ന അധമരാഷ്ട്രീയം, അതിന്റെ തുടർച്ചയായ കലാലയ രാഷ്ട്രീയം, തീവ്രവാദ-വർഗീയ സംഘടനകളുടെ കഴുത്തറക്കലും ആൾക്കൂട്ട ആക്രമണങ്ങളും ആശയങ്ങളും, അധികാരികളുടെ വിദ്വേഷ പ്രസംഗങ്ങൾ, അക്രമാസക്തമായ ഓൺലൈൻ ഗെയിമുകൾ, സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകർ... ഒപ്പം, എഫ്ഐആറിലോ പഠനങ്ങളിലോ ചരിത്രപുസ്തകങ്ങളിലോ മാത്രം രേഖപ്പെടുത്തേണ്ട കൊലപാതക-ലൈംഗികാതിക്രമ സൂക്ഷ്മാംശങ്ങൾ സഹിതം ചിത്രീകരിക്കുന്ന ദിനപത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ... ഇതിനെല്ലാം സമൂഹത്തിലെ അക്രമവത്കരണത്തിൽ പങ്കുണ്ട്. സിനിമപോലെതന്നെ മാധ്യമങ്ങളും ആത്മപരിശോധന നടത്തണം. ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സൂഷ്മവിശദാംശങ്ങൾ അനിവാര്യമായ സന്ദർഭങ്ങളുണ്ടെങ്കിൽ ഉത്തരവാദിത്വമുള്ള എഡിറ്ററുടെ കൈകളിലൂടെയല്ലാതെ പ്രസിദ്ധീകരിക്കപ്പെടരുത്.
സിനിമയുടെ അത്രയും സ്വാധീനം യുവാക്കൾക്കിടയിൽ പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമില്ലെന്നതു ന്യായീകരണമല്ല. കുറച്ചെങ്കിലും അക്രമത്തിനു പ്രോത്സാഹനമാകുന്നുണ്ടെന്ന വിമർശനത്തെ മാധ്യമങ്ങളും അഭിമുഖീകരിക്കണം. സിനിമ മാറ്റത്തിന്റെയും പരിഷ്കാരത്തിന്റെയും ചാലകശക്തിയാണ്. ജന്മനാടിനോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ തലമുറകളെ നശിപ്പിക്കുന്നതിൽനിന്നു സിനിമാ പ്രവർത്തകർ പിന്മാറണമെന്ന് അഭ്യർഥിക്കുന്നു.