കാട്ടുനീതിക്കെതിരേ ചക്കിട്ടപാറയുടെ യുദ്ധം
Thursday, March 6, 2025 12:00 AM IST
നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ ചക്കിട്ടപാറ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നു.
കൊന്നൊടുക്കുന്ന വന്യജീവികളാണോ കൊല്ലപ്പെടാൻ ബാക്കിയുള്ള മനുഷ്യരാണോ
ഭരണ-നിയമ സംവിധാനങ്ങൾക്കു വിലപ്പെട്ടത്?
“സർ, ജീവിക്കാൻ വല്ലാതെ മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?” ചിത്രം എന്ന സിനിമയിലെ നായകൻ നിയമപാലകനോടു ചോദിച്ചപ്പോൾ കരയാത്ത പ്രേക്ഷകരില്ല. ഇതേ ചോദ്യമാണ് വന്യജീവി ആക്രമണത്തിൽ മരണം മുന്നിൽ കാണുന്നവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും നിയമ സംവിധാനങ്ങളോടും വർഷങ്ങളായി ചോദിക്കുന്നത്.
അവരിൽ പലരെയും വന്യജീവികൾ കൊന്നുകഴിഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിലിതാ, ജീവിക്കാൻ മോഹമുള്ള ഒരുപറ്റം മനുഷ്യർ, ജനദ്രോഹ ബ്രിട്ടീഷ് സർക്കാരിനെതിരേ ഗാന്ധിജി പ്രഖ്യാപിച്ച നിയമലംഘന പ്രസ്ഥാനത്തെ ഓർമിപ്പിക്കുമാറ്, അവസാനവഴി തെരഞ്ഞെടുത്തിരിക്കുന്നു. വന്യജീവിസംരക്ഷണ നിയമം ലംഘിച്ച്, ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും വെടിവെച്ചു കൊല്ലാന്‍ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.
തീരുമാനം നിയമവിരുദ്ധമാണെങ്കിലും ജനങ്ങളെ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലെന്നതാണ് ന്യായം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബ്രിട്ടീഷുകാരെപ്പോലെ നിയമലംഘനത്തിന്റെ പേരു പറഞ്ഞ് ഈ ജീവൻ-മരണ പോരാട്ടത്തെ അടിച്ചമർത്താം. അല്ലെങ്കിൽ, ആ മനുഷ്യരെ കൊല്ലാതിരിക്കാൻ വനം-വന്യജീവി സംരക്ഷണനിയമം തിരുത്തേണ്ടിവരും. മറ്റൊരു വഴിയുമില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കാട്ടിൽനിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ, 1972ലെ വനം-വന്യജീവി സംരക്ഷണനിയമത്തെ അവഗണിച്ച്, വെടിവച്ചു കൊല്ലാൻ ചൊവ്വാഴ്ചയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തീരുമാനമെടുത്തത്. പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന 15 അംഗ ഭരണസമിതി രാഷ്ട്രീയഭേദമില്ലാതെ ഒന്നിച്ചു നിന്നു.
ഇതിനായി 20 പേരടങ്ങുന്ന എം പാനൽ ഷൂട്ടർമാരെ നിയോഗിക്കുകയും വിവരം സർക്കാരിനെ അറിയിക്കുകയും ചെയ്യും. രാജ്യത്തുതന്നെ ആദ്യമായിട്ടാവും ഒരു പഞ്ചായത്ത് ഭരണസമിതി ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഭൂവിസ്തൃതിയില്‍ കേരളത്തില്‍ മൂന്നാമത്തെ വലിയ പഞ്ചായത്താണ് ചക്കിട്ടപാറ. 145.45 ചതുരശ്ര കിലോമീറ്ററാണ് ചുറ്റളവ്. 60 ശതമാനവും വനഭൂമി.
ജനങ്ങൾക്കു പുറത്തിറങ്ങാനാകുന്നില്ല. കൃഷി ഏതാണ്ട് അസാധ്യവും നഷ്ടവുമായി. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻപോലും ഭയം. ഇതു വൈകാരിക തീരുമാനമല്ലെന്നും ജനങ്ങള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിയമവിരുദ്ധത ഉണ്ടെങ്കിലും ജനതാത്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണെന്നും പറഞ്ഞു.
മോദി-പിണറായി സർക്കാരുകൾ ജനരക്ഷ അവഗണിച്ചതോടെയാണ് വന്യജീവി ആക്രമണവും കൊലപാതകവും കേരളത്തിൽ പതിവായത്. ജനദ്രോഹ വനം-വന്യജീവി നിയമത്തിനെതിരേ പ്രതിപക്ഷത്തിനും ഒന്നും ചെയ്യാനായില്ല. വനാതിർത്തികളിലെ മനുഷ്യർ തടങ്കൽപ്പാളയങ്ങളിൽ മരണം കാത്തു കഴിയുന്നവരെപ്പോലെയായി.
ഇത്തരമൊരു സാഹചര്യത്തിലാവാം ജനരോഷത്തെ നേരിടാനും വോട്ടർമാരോട് അല്പമെങ്കിലും നീതി പുലർത്താനും ചക്കിട്ടപാറ പഞ്ചായത്ത് തീരുമാനിച്ചത്. സർക്കാരിന്റെയോ കോടതിയുടെയോ ഇടപെടലിൽ തീരുമാനം നടപ്പാക്കാനാകാതെ വന്നാലും, തങ്ങൾ ചെയ്യാനുള്ളതും അപ്പുറവും ചെയ്തെന്നു പറയാനുമാകും.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയമല്ലെങ്കിൽ, പഞ്ചായത്തിന് എതിർപ്പുകളെ നേരിടേണ്ടിവരും. മറുവശത്ത്, മരണത്തിന്റെ താഴ്വരകളിൽ എല്ലാം തകർന്നു കഴിയുന്ന ഒരു ജനതയ്ക്കൊപ്പം നിൽക്കാൻ തയാറായ പഞ്ചായത്ത് ജനങ്ങൾക്കൊപ്പം നിന്നെന്നു വിലയിരുത്തപ്പെടും. തങ്ങളെ കൊല്ലാതിരിക്കാൻ പറ്റുമോയെന്ന നിസഹായ മനുഷ്യരുടെ ചോദ്യത്തിനാണ് ഈ ജനപ്രതിനിധികൾ ഉത്തരം നൽകിയിരിക്കുന്നത്.
ഫെബ്രുവരിയിൽ മാത്രം സംസ്ഥാനത്ത് ഏഴുപേരെ ആന ചവിട്ടിക്കൊന്നു. ചക്കിട്ടപാറയിലുൾപ്പെടെ ആനയും കടുവയും പുലിയും കാട്ടുപോത്തും പന്നിയും കുരങ്ങുമെല്ലാം നാടു കൈയേറി. വൈത്തിരിയിൽ ചൊവ്വാഴ്ച കെട്ടിടത്തിനു മുകളിൽ കാട്ടുപോത്ത് കയറിനിന്നതു ഡൽഹിയിലും തിരുവനന്തപുരത്തുമുള്ളവർക്കു കൗതുകക്കാഴ്ചയായിരിക്കാം. പക്ഷേ, മരണമുനന്പിലെ പാവങ്ങൾക്ക്, സമീപസ്ഥമായ ദുരന്തത്തിന്റെ അറിയിപ്പാണ്.
പൊട്ടാത്ത ചില്ലിനിപ്പുറത്തിരുന്നു വന്യജീവിയെ ചുംബിക്കുന്ന പ്രകടനകേന്ദ്രങ്ങളിലല്ല അവരും മക്കളും ജീവിക്കുന്നത്. കാവൽക്കാരോ അകന്പടിവാഹനങ്ങളോ ഇല്ല. വനംവകുപ്പിന്റെ പ്രത്യേക ആക്ഷനൊക്കെ പൊങ്ങച്ചമായിരുന്നെന്നു തെളിഞ്ഞു. നാടാകെ മനുഷ്യരെ കൊന്നൊടുക്കുന്ന തെരുവുനായകളെയോ വന്യജീവികളെയോ തൊടാൻ പറ്റാത്തവിധം സർക്കാരുകൾ കപട പരിസ്ഥിതി-മൃഗസ്നേഹികളുടെ തടവറയിലായി.
നിയമപോരാട്ടങ്ങളത്രയും കാലഹരണപ്പെട്ട വന്യജീവി നിയമത്തിൽ തട്ടി തോൽക്കുന്നു. ജീവനോടെയിരിക്കാൻ മറ്റൊരു മാർഗവും ഇല്ലാതെയാകാം ചക്കിട്ടപാറക്കാരുടെ തീരുമാനം. നിയമലംഘനമാണെങ്കിലും ആ നീക്കത്തിനു പിന്നിലെ നിസഹായവസ്ഥ അധികാരകേന്ദ്രങ്ങൾ തിരിച്ചറിയണം. കൊന്നൊടുക്കുന്ന വന്യജീവികളാണോ കൊല്ലപ്പെടാൻ ബാക്കിയുള്ള മനുഷ്യരാണോ ഭരണ-നിയമ സംവിധാനങ്ങൾക്കു വിലപ്പെട്ടത്?
നിയമത്തിന്റെയും അധികാരികളുടെയും പിൻബലത്തിൽ കൊല്ലാൻ വന്യജീവികളും മരിക്കാതിരിക്കാൻ വനാതിർത്തികളിലെ മനുഷ്യരും നിലകൊണ്ടിരിക്കുന്നു. ജനങ്ങളിൽനിന്നകന്ന സുഖലോലുപരും നഗരവാസികളുമായ അധികാരികൾ ചക്കിട്ടപാറയെ ഒതുക്കുന്നത് നിയമത്തിന്റെ സംരക്ഷകരായി ചമഞ്ഞുകൊണ്ടായിരിക്കാം.
അക്രമം അനുവദിക്കില്ലെന്നാവാം അവരുടെ വാദം. ബ്രിട്ടീഷുകാരും അങ്ങനെയായിരുന്നു. പക്ഷേ, അവരുടെ നിയമങ്ങൾതന്നെ ജനങ്ങൾക്കെതിരേയുള്ള അക്രമമാണെന്ന് അവർ സമ്മതിച്ചതുമില്ല.