ജഡ്ജിമാരുടെ സന്ദർശനം നീതി നടപ്പാക്കട്ടെ
Friday, March 21, 2025 12:00 AM IST
പക്ഷപാതരഹിതമായ ശക്തമായ ഭരണകൂടവും നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ജുഡീഷറിയും സമാധാനം വേണമെന്ന ജനതയുടെ നിശ്ചയദാർഢ്യവും ചേർന്നാലേ മണിപ്പുരിൽ നല്ല നാളുകൾ തിരികെ വരൂ. വരുംനാളുകളിൽ ശുഭവാർത്തകൾക്കായി നമുക്കു കാതോർക്കാം.
മണിപ്പുരിന് ഇനി വേണ്ടത് ശാശ്വത സമാധാനവും വികസനവുംതന്നെയാണ്. അതിനു വഴിയൊരുക്കുന്ന ഏതൊരു നീക്കവും സ്വാഗതം ചെയ്യപ്പെടണം. കലാപവും തുടർന്നുണ്ടായ മരണങ്ങളും മറ്റു നാശനഷ്ടങ്ങളും അവിടത്തെ മനുഷ്യരുടെ മനസിലുണ്ടാക്കിയ മുറിവുകളുടെ ആഴം വിവരണാതീതമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ആറു ജഡ്ജിമാർ നാളെ മണിപ്പുരിൽ നടത്തുന്ന പ്രത്യേക സന്ദർശനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത്.
22 മാസത്തിലേറെ പിന്നിട്ട കലാപം നിരവധി ജീവനെടുത്തു. ഒട്ടേറെ പേരെ നിരാലംബരാക്കി. പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു. ലോകമെങ്ങും ചുറ്റിസഞ്ചരിക്കുന്ന അദ്ദേഹം രണ്ടുവർഷമായിട്ടും മണിപ്പുരിനു മുഖം കൊടുക്കുന്നില്ല. പകരമെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാകട്ടെ ഒന്നും ചെയ്യാനുമായില്ല. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിംഗിന്റെ പച്ചയായ പക്ഷപാതം മറ്റൊരു വശത്ത്. ഒപ്പം, വംശീയ പകയും.
ഇത്തരം സങ്കീർണതകളിലൂടെയൊക്കെ മണിപ്പുർ കടന്നുപോയി. ബിജെപിയിലെ കുക്കി എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞതോടെ, കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനു മുന്നിൽ നിൽക്കക്കള്ളിയില്ലാതെ ബിരേൻ സിംഗ് രാജിവച്ചു. സംസ്ഥാനമിപ്പോൾ രാഷ്ട്രപതിഭരണത്തിൻ കീഴിലാണ്. രാഷ്ട്രപതിഭരണത്തിന്റെ കാര്യത്തിലും കലാപത്തിലെ പ്രധാന കക്ഷികളായ മെയ്തെയ് വിഭാഗക്കാരും കുക്കി വിഭാഗക്കാരും രണ്ടു തട്ടിലാണെങ്കിലും സമാധാനത്തിലേക്കുള്ള പാതയൊരുങ്ങുകയാണെന്ന പ്രതീക്ഷയുയരുന്നു.
ജസ്റ്റീസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം. സുന്ദരേഷ്, എൻ. കോടീശ്വർ സിംഗ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതി ജഡ്ജിമാരുടെ സംഘമാണു മണിപ്പുരിലെത്തുക. മണിപ്പുരിൽനിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ജഡ്ജിയാണ് ജസ്റ്റീസ് എൻ. കോടീശ്വർ സിംഗ്. സംഘത്തിലെ നാലു ജഡ്ജിമാർ ഭാവിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരാകാൻ സാധ്യതയുള്ളവരാണ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റിയുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു.
വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ ആരംഭിക്കുന്ന നിയമസഹായ ക്യാന്പുകളും മെഡിക്കൽ ക്യാന്പുകളും മുതിർന്ന ജഡ്ജി ജസ്റ്റീസ് ബി.ആർ. ഗവായ് നാളെ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ഉക്രുൾ ജില്ലകളിലും നിയമസഹായ ക്ലിനിക്കുകൾ തുടങ്ങും.
വീടും തൊഴിലും നഷ്ടപ്പെട്ടവർക്കുള്ള സൗജന്യ അവശ്യസാധന വിതരണവും ജഡ്ജിമാർ നിർവഹിക്കും. ആരോഗ്യ, തൊഴിൽ, പെൻഷൻ പദ്ധതികളുടെ ഗുണഫലം ഇരകളടക്കം സാധാരണക്കാർക്കു ലഭ്യമാക്കുകയും നിയമസഹായ അഥോറിറ്റിയുടെ ലക്ഷ്യമാണ്. സമാനതകളില്ലാത്ത കർമപാതയിലാണ് പരമോന്നത കോടതിയും ദേശീയ നിയമസഹായ അഥോറിറ്റിയും.
രാജ്യത്തെ ഏതെങ്കിലുമൊരു കലാപബാധിത സംസ്ഥാനത്ത് ഇത്രയും സുപ്രീംകോടതി ജഡ്ജിമാർ ഒരുമിച്ചെത്തുന്നത് ഇതാദ്യം. അസാധാരണ പ്രശ്നങ്ങൾക്ക് അസാധാരണ നടപടികൾ വേണ്ടിവരുമെന്നു പറയാറുണ്ട്. അത്തരമൊരു നടപടിയാണിത്. ഒട്ടേറെ അനീതികൾ സംസ്ഥാനത്തുണ്ടായി. പൗരന്റെ അവകാശമായ നീതി നടപ്പാക്കാനുള്ള ദേശീയ നിയമസഹായ അഥോറിറ്റിയുടെ ദൃഢനിശ്ചയമാണ് ഇത്തരമൊരു അസാധാരണ നീക്കത്തിനു പിന്നിലെന്നാണ് അഥോറിറ്റി ഭാരവാഹികൾ പറയുന്നത്. നീതിക്കും അതിന്റെ നിർവഹണത്തിനും ഇടയിൽ ഇപ്പോഴുള്ള വലിയ വിടവ് ഒരു പരിധിവരെയെങ്കിലും നികത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്നു കരുതാം.
പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ചുരാചന്ദ്പുരിൽ ഹമൽ-സോമി ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ഇരുവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ടു സംഘടനകൾ തമ്മിലുള്ള സമാധാനക്കരാറിനു പിന്നാലെയാണു കലാപമുണ്ടായത്. ഇത്രയും സ്ഫോടനാത്മകമായ സാഹചര്യമായതിനാൽ സമാധാനത്തിനുവേണ്ടിയുള്ള ഓരോ കാൽവയ്പും അതീവശ്രദ്ധയോടെ വേണം.
വംശീയ പകയും കടുത്ത അനീതിയും, മറയില്ലാത്ത രാഷ്ട്രീയ പക്ഷപാതവുമെല്ലാം ചേർന്നു മനുഷ്യരിലുണ്ടാക്കിയ മുറിവുണക്കുക അത്ര എളുപ്പമല്ല. ഏതു നിമിഷവും കലാപം ആളിക്കത്തിച്ചേക്കാവുന്ന പരസ്പരവിദ്വേഷത്തിന്റെ കനലുകൾ കെടുത്താൻ സുപ്രീംകോടതി ജഡ്ജിമാരുടെ സന്ദർശനത്തിനു കഴിയുമോ എന്നതാണ് കണ്ടറിയേണ്ട കാര്യം.
മെയ്തെയ്, കുക്കി മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകൾ ജഡ്ജിമാർ സന്ദർശിക്കുന്നുണ്ട്. അതിനിടെ, മെയ്തെയ് സമുദായത്തിൽപ്പെട്ട ജഡ്ജി സംഘത്തിൽ ഉൾപ്പെട്ടതിൽ പ്രതിഷേധമുയർന്നു. വീണ്ടും കലാപമുണ്ടായ ചുരാചന്ദ്പുരിൽ അദ്ദേഹമെത്തില്ലെന്ന ഔദ്യോഗിക വിശദീകരണം കൂടുതൽ പ്രശ്നങ്ങളൊഴിവാക്കുമെന്നു കരുതാം. കലാപം തുടങ്ങി രണ്ടുവർഷം പിന്നിടുന്പോഴും ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാന്പുകളിലാണ്. ഈ സാഹചര്യവും ജഡ്ജിമാർ പരിശോധിക്കും. ക്രമസമാധാനപാലനവും മറ്റു പൊതുജനസേവനങ്ങളുമായി ബന്ധപ്പെട്ട് വേണ്ടിവന്നാൽ ഉന്നത ഉദ്യോഗസ്ഥരെയും സൈനിക-അർധസൈനിക വിഭാഗങ്ങളിലെ സംസ്ഥാന മേധാവികളെയും ജഡ്ജിമാർ വിളിച്ചുവരുത്തിയേക്കും. അതേസമയം, ഗവർണർ അജയ് കുമാർ ഭല്ലയെ സംഘം കാണുമോ എന്ന കാര്യം ഉറപ്പില്ല.
പക്ഷപാതരഹിതമായ ശക്തമായ ഭരണകൂടവും നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ജുഡീഷറിയും സമാധാനം വേണമെന്ന ജനതയുടെ നിശ്ചയദാർഢ്യവും ചേർന്നാലേ മണിപ്പുരിൽ നല്ലനാളുകൾ തിരികെ വരൂ. വരുംനാളുകളിൽ ശുഭവാർത്തകൾക്കായി നമുക്കു കാതോർക്കാം.