അവിസ്മരണീയമായ ഒരു ഭൂമിയാത്ര
Thursday, March 20, 2025 12:00 AM IST
ബഹിരാകാശയാത്രയേക്കാൾ ശ്രമകരമായൊരു ഭൂമിയാത്രയുടെ വിജയഭേരിയിലാണ് ലോകം
ഒന്‍പതുമാസം ആകാംക്ഷയോടെ നോക്കിക്കണ്ട ഭൂമിയിലേക്ക് ഒടുവിലവർ കാലുകുത്തി. ബഹിരാകാശത്തുനിന്നു ഭൂമിയിലേക്കുള്ള മടക്കയാത്ര ഇന്നലത്തേതുപോലെ മുന്‍പൊരിക്കലും ഇത്ര വ്യത്യസ്തമായിരുന്നില്ല.
ബഹിരാകശനിലയത്തിൽ കുടുങ്ങിപ്പോയ നാസാ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമറും പിന്നീടെത്തിയ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇന്ത്യൻ സമയം പുലർച്ചെ 3.27ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് അവർ മടങ്ങിയെത്തിയത്.
സത്യത്തിൽ, തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടെത്തുന്ന ഏകദേശ ദൂരത്തിലാണ് സ്പേസ് സ്റ്റേഷനുള്ളത്. പക്ഷേ, അതു ഭൂമിയിലല്ല, ആകാശത്താണ് എന്നതാണ് വ്യത്യാസം. ഏകദേശം 420 കിലോമീറ്റർ ഉയരെ. ഒരു വിമാനം പറക്കുന്നത് 10-13 കിലോമീറ്റർ ഉയരത്തിലാണ്. സൂപ്പർസോണിക് ജെറ്റുകളാണെങ്കിൽ കുറച്ചുകൂടി മുകളിലെത്താം; 23 കിലോമീറ്റർവരെ.
അതിന്റെയും 20 ഇരട്ടി മുകളിലാണ് സ്പേസ് സ്റ്റേഷൻ. നമുക്കത് ഒരു നക്ഷത്രമെന്നപോലെ നഗ്ന നേത്രങ്ങൾകൊണ്ട് ഭൂമിയിൽനിന്നു കാണാം. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് (ഇന്റർനാഷണൽ സ്പേസ് സെന്റർ) കുതിച്ചത്.
വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു അത്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിച്ച നാസ ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് ഇപ്പോഴത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കേടായ വാഹനത്തിനു പകരം മറ്റൊന്നെത്തിച്ചു നടത്തിയ രക്ഷാപ്രവർത്തനം. ഇന്നലത്തെ വിജയകരമായ ദൗത്യം ഡോണൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും രാഷ്ട്രീയ നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. ട്രംപ് അധികാരത്തിലെത്തി രണ്ടു മാസത്തിനകം ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന യാത്രികരെ തിരിച്ചെത്തിക്കാനായി.
അതു സാധിച്ചത് മസ്കിന്റെ പേടകം ഉപയോഗിച്ച്. 2014ൽ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ പേടകം നിർമിക്കാൻ കരാർ ലഭിച്ചത് വൻകിട വ്യോമയാന കന്പനിയായ ബോയിംഗിനും ഇലോൺ മസ്കിന്റെ സ്പേസ് എക്സിനുമാണ്. ബഹിരാകാശ നിലയത്തിലേക്കുള്ള സുനിതയുടെയും ബുച്ച് വിൽമറിന്റെയും യാത്ര ബോയിംഗിന്റെ സ്റ്റാർ ലൈനറിലായിരുന്നു.
പക്ഷേ, ബഹിരാകാശ നിലയത്തിലെത്തും മുന്‍പേ, ഹീലിയം ചോർച്ച ഉൾപ്പെടെയുള്ള തകരാറുകൾ സ്റ്റാർലൈനറിന് ഉണ്ടായി. സുരക്ഷാഭീതിയുണ്ടായതിനാൽ യാത്രക്കാരില്ലാതെ പേടകം തിരിച്ചിറിക്കി. ഇതിനിടെ മസ്ക് യാത്രികരെ തിരിച്ചിറക്കാമെന്നു ബൈഡൻ ഭരണകൂടത്തെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
പക്ഷേ, ട്രംപ് അനുവദിക്കുകയും സ്പേസ് എക്സിന്റെ ബഹിരാകാശ പേടകമായ ഡ്രാഗൺ, യാത്രികരെ തിരിച്ചെത്തിക്കുകയും ചെയ്തു. അതായത്, ബോയിംഗ് പരാജയപ്പെട്ടിടത്ത് സ്പേസ് എക്സ് വിജയിച്ചിരിക്കുന്നു. ഇത് മസ്കിന്റെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് വലിയ ഊർജമാകും. ട്രംപ്-മസ്ക് കൂട്ടുകെട്ടിന് അമേരിക്കൻ രാഷ്ട്രീയത്തിലും മുൻകൈ ലഭിക്കാൻ ഈ നേട്ടം ഒരു പരിധിവരെ സഹായമാകും.
ഇന്ത്യയിലുൾപ്പെടെ ലോകമെങ്ങുമുള്ള ബഹിരാകാശ ഗവേഷണങ്ങൾക്ക് ഈ വിജയം ആവേശം പകരും. അമേരിക്കയിൽ ജനിച്ചുവളർന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസ് എന്ന റിട്ടയേർഡ് നേവി ക്യാപ്റ്റൻ അതിലൊരു ഘടകമാണ്. 60-ാമത്തെ വയസിൽ സുനിത പ്രകടിപ്പിച്ച കഴിവും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്.
എട്ടുദിവസത്തിനകം മടങ്ങാമെന്ന കണക്കുകൂട്ടലുകൾ തെറ്റിയതോടെ സഹപ്രവർത്തകൻ ബുച്ച് വിൽമറിനൊപ്പം ബഹിരാകാശ നിലയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും ഗവേഷണങ്ങളുമായി അവരവിടെ മനസിടറാതെ കഴിഞ്ഞു. എന്നു മടങ്ങാനാകുമെന്ന് ഒരുറപ്പുമില്ലാതെയാണ് 27,600 കിലോമീറ്റർ വേഗത്തിൽ ദിവസം 16 തവണ ഭൂമിയെ വലംവയ്ക്കുന്ന നിലയത്തിൽ അവർ കഴിഞ്ഞത്.
സുനിതയുടെയും കൂട്ടരുടെയും സന്ദേശം ശാസ്ത്രത്തിലൊതുങ്ങുന്നില്ല. അതു മനുഷ്യന്റെ അതിജീവനത്തിന്റെ അപാരമായ സാധ്യതകളെയും ഓർമിപ്പിക്കുന്നുണ്ട്. പരാജയത്തിന്റെയും മരണത്തിന്റെയും സാന്നിധ്യത്തിൽപോലും ജീവിതത്തെ മുഖാമുഖം നേരിട്ടവരാണ് സുനിതയും ബുച്ചും.
ടെക്സസിലുള്ള പസഡീന പ്രൊവിഡൻസ് ബാപ്റ്റിസ്റ്റ് പള്ളിയിലെ ആത്മീയ നേതാവുകൂടിയായ ബുച്ച്, മടക്കയാത്രയെക്കുറിച്ചുള്ള വികാരങ്ങളെല്ലാം തന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. എല്ലാത്തിലും ക്രിസ്തുവിന്റെ പദ്ധതിയുള്ളതിനാൽ എന്തു സംഭവിച്ചാലും താൻ തൃപ്തനാണെന്ന വാക്കുകൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറയാണ്.
ഓരോ പരാജയത്തിലും മരണത്തെ തിരയുന്നവർ മരണത്തിന്റെ പടിവാതിൽക്കലും വിജയത്തെ തിരിച്ചുപിടിക്കുന്നവരെ കാണണം. അതൊരു മിഥ്യയല്ല, കേരളത്തിനു മുകളിലൂടെയും പലതവണ കടന്നുപോയ ബഹിരാകാശനിലയത്തിൽ സുനിതയും ബുച്ചുമുണ്ടായിരുന്നു.
അവരുടെ നോട്ടം അമേരിക്കയെന്നോ ഇന്ത്യയെന്നോ ഉള്ളതിലുപരി ഭൂമിയിലേക്കായിരുന്നു. അവരുടെ ഹൃദയം ത്രസിച്ചിട്ടുണ്ടാകും. കാരണം, ഇവിടെയേ മനുഷ്യരുള്ളു, അവരുടെ പ്രിയപ്പെട്ടവർ ഇവിടെയാണ്. ഇവിടേക്കു വരാനാണ് അവർ ആഗ്രഹിച്ചിരുന്നത്. എത്ര മനോഹരമാണ് ഇങ്ങനെ ഭൂമിയെ കാണുന്നത്.
യുദ്ധവും കലാപവും കൊലപാതകങ്ങളും വെറുപ്പും വിദ്വേഷവും മതദ്വേഷവും വിവേചനങ്ങളും അസമത്വങ്ങളുമൊന്നും ദൃശ്യമല്ലാതെ, ഭൂമിയെ ഭൂമിയായും മനുഷ്യനെ ഒരു കുലമായും കാണുന്ന സുന്ദരദൃശ്യം. അതു ഭൂമിയിൽ സാധ്യമാക്കാനാകുന്നില്ലെങ്കിൽ ശാസ്ത്രം ജയിക്കുവോളം മനുഷ്യൻ തോറ്റുകൊണ്ടേയിരിക്കും.