വികസനക്കുതിപ്പിന്റെ രാജവീഥി തുറക്കണം
Saturday, March 15, 2025 12:00 AM IST
ആലുവ-മൂന്നാർ പഴയ റോഡ് ഗതാഗതത്തിനു തുറന്നുകൊടുക്കണം. അവിടങ്ങളിലെ മനുഷ്യരെ ഇനിയും വനംവകുപ്പിന്റെ തടവുകാരാക്കി ജീവപര്യന്തം ശിക്ഷിക്കരുത്.
അസാധാരണവും അനിവാര്യവുമായ ഒരു ജനകീയ മുന്നേറ്റം മൂന്നാറിനെ സാക്ഷിയാക്കി ശക്തിപ്രാപിക്കുന്നു. വനംവകുപ്പ് കൈവശപ്പെടുത്തിയ ആലുവ-മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പുതിയ തലത്തിലേക്കു കടക്കുകയാണ്.
ഡീൻ കുര്യാക്കോസ് എംപിയും പ്രദേശത്തെ എംഎൽഎമാരും നയിക്കുന്ന ജനകീയ അവകാശപ്രഖ്യാപന യാത്ര നാളെയാണ്. മേഖലയുടെ വികസനത്തിനും ജനങ്ങളുടെ സാന്പത്തിക ശക്തീകരണത്തിനും ടൂറിസം സാധ്യതകൾക്കും കുതിപ്പാകുന്ന തീരുമാനമെടുത്താൽ സർക്കാരിനിതു പുരോഗതിയുടെ രാജവീഥിയാക്കി മാറ്റാനാകും. വനംവകുപ്പിന്റെ നിഗൂഢനീക്കങ്ങൾ തച്ചുതകർത്ത മലയോരവികസനം സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇച്ഛാശക്തികൊണ്ടല്ലാതെ വീണ്ടെടുക്കാനാവില്ല. ഈ ജനകീയമുന്നേറ്റം വിജയിക്കേണ്ടതാണ്.
ഏതാണ്ട് ഒന്നര നൂറ്റാണ്ടുമുന്പ് പണിതതും ഒരു നൂറ്റാണ്ട് മുന്പുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നതുമായ ഒരു പാതയെക്കുറിച്ചാണ് പറയുന്നത്. മൂന്നാറിലേക്കുള്ള ഈ സമാന്തരപാത കോതമംഗലത്തുനിന്ന് മൂന്നാറിലെത്താനുള്ള ദൂരം 13 കിലോമീറ്ററെങ്കിലും കുറയ്ക്കും. അതുപോലെ കുട്ടന്പുഴയിൽനിന്നു മൂന്നാറിലെത്താൻ ഇപ്പോൾ സഞ്ചരിക്കേണ്ട 101 കിലോമീറ്റർ എന്നത് രാജപാത വന്നാൽ 46 കിലോമീറ്ററായി ചുരുങ്ങും. 55 കിലോമീറ്ററിന്റെ വ്യത്യാസം! നിലവിലുള്ള റോഡിനെ അപേക്ഷിച്ച്, കയറ്റിറക്കങ്ങളും കൊടുംവളവുകളും തീരെ കുറഞ്ഞ ഈ പാത ഗതാഗതത്തിനു തുറന്നുകൊടുത്താൽ വിനോദസഞ്ചാരമേഖലയ്ക്കും ഉണർവാകും.
മൂന്നാറിൽനിന്നു കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരപാതയുടെ ഗുണവും കേരളത്തിനുണ്ടാകും. ആലുവ, പെരുന്പാവൂർ, കോതമംഗലം, ചേലാട്, കീരംപാറ, പുന്നേക്കാട്-തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേട്, കുഞ്ചിയാർ, പെരുമ്പൻകുത്ത്, 50-ാം മൈൽ, നല്ലതണ്ണി, കല്ലാർ മേഖലകൾ കടന്നാണ് പഴയ പാത മൂന്നാറിലെത്തുന്നത്. ഈ പ്രദേശങ്ങളിലെ ആദിവാസിമേഖലകളിൽ ഉൾപ്പെടെ ജനജീവിതം മെച്ചപ്പെടുകയും പുരോഗതിയെത്തുകയും ചെയ്യും. അവിടങ്ങളിലെ മനുഷ്യരെ ഇനിയും വനംവകുപ്പിന്റെ തടവുകാരാക്കി ജീവപര്യന്തം ശിക്ഷിക്കരുത്.
1857ൽ ബ്രിട്ടീഷ് എൻജിനിയറായ ജോൺ മൺറോയാണ് അക്കാലത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന ആലുവയിൽനിന്ന് മൂന്നാറിലേക്കുള്ള പാതയുടെ നിർമാണം, തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ ബാലരാമവർമയുടെ ഉത്തരവോടെ തുടങ്ങിയത്. 1878ൽ തുറന്നുകൊടുത്തെങ്കിലും 1924ലെ മഹാപ്രളയത്തിൽ (99ലെ വെള്ളപ്പൊക്കം) കരിന്തിരിമല ഭാഗത്ത് രണ്ട് കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതോടെ ഗതാഗതം നിലച്ചു. പകരമായി 1927ൽ മൂന്നാറിലേക്ക് നേര്യമംഗലം വഴി പുതിയ റോഡിന്റെ പണി തുടങ്ങി. 1935ൽ നേര്യമംഗലം പാലവും പണി തീർത്തതോടെ മൂന്നാറിലേക്കുള്ള ഗതാഗതം അതുവഴിയായി.
തുടർന്ന്, വനാതിർത്തിയിൽ ജനവാസമുള്ള പൂയംകുട്ടി വരെ മാത്രം ഗതാഗതം അനുവദിച്ചുകൊണ്ട് റോഡിന്റെ ബാക്കി ഭാഗത്തെ ഗതാഗതം വനംവകുപ്പ് തടയുകയായിരുന്നു. പിഡബ്ല്യുഡിയുടെ കെടുകാര്യസ്ഥതയും വനംവകുപ്പിനു തുണയായി. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് വരുന്പോൾ വനംവകുപ്പ് നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുകയും സാങ്കേതിക തടസങ്ങൾ ഉന്നയിച്ച് പ്രദേശവാസികളെ ദ്രോഹിക്കുകയുമാണെന്നാണ് ആക്ഷൻ കൗൺസിലും ജനങ്ങളും ആരോപിക്കുന്നത്. 63 വർഷമായി ഉപയോഗിച്ചു വരുന്ന ആറാംമൈൽ-പഴമ്പിള്ളിച്ചാൽ-മാമലക്കണ്ടം-ആവറുകുട്ടി-കുറത്തിക്കുടി റോഡും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രകൃതിസൗന്ദര്യംകൊണ്ടും തേയിലത്തോട്ടങ്ങളുടെ മഞ്ഞണിഞ്ഞ ദൃശ്യങ്ങളാലും ബ്രിട്ടീഷ് ഭരണകാല ചരിത്ര അവശേഷിപ്പുകൾകൊണ്ടും മൂന്നാർ യാത്രികരെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമായി മാറി. നേര്യമംഗലത്തുനിന്ന് ഇവിടേക്കുള്ള റോഡിൽ മണ്ണിടിച്ചിൽ മൂലം വഴിയടയുന്നതും മൂന്നാറിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികളെ പിന്തിരിപ്പിക്കുന്നു. സർക്കാർ അറിയുന്നുണ്ടാകും; അനങ്ങുന്നില്ല. വന്യജീവികളുടെ ആക്രമണഭീഷണിയില്ലാത്ത ഒരിഞ്ചു സ്ഥലവും കേരളത്തിന്റെ മലയോരങ്ങളിലും അനുബന്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇല്ലാത്തതിനാൽ ഈ രാജപാതയെ അത്തരം മുടന്തൻ ന്യായങ്ങളിൽ കുരുക്കേണ്ടതില്ല. രാജപാത തുറന്നുകൊടുക്കാൻ നിയമതടസങ്ങളുണ്ടെങ്കിൽ അതൊഴിവാക്കാൻ സർക്കാർ അടിയന്തരമായി രംഗത്തിറക്കണം; വനംവകുപ്പിനെ ഏൽപ്പിക്കരുത്.
പ്രദേശത്തെ എംപിമാരുടെയും എംഎൽഎമാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൂയംകുട്ടിയിൽനിന്നു നാളെ രാവിലെ ഒന്പതിനു പിണ്ടിമേട്ടിലേക്കു നടത്താനിരിക്കുന്ന ജനകീയ മാർച്ച് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ മലയോരങ്ങളുടെ വികസത്തിനുള്ള വിളംബരം കൂടിയാണ്. കേരളത്തിന്റെ മലയോരങ്ങളിലെ മനുഷ്യർ വനംവകുപ്പിന്റെ സമാന്തര ഭരണത്തിൻകീഴിൽ ജീവിക്കേണ്ടിവന്നിരിക്കുന്ന സ്ഥിതിയുണ്ട്. അതിനെതിരേയുള്ള പ്രതിഷേധവും ഈ ജനകീയ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നുണ്ട്.
18-ാം നൂറ്റാണ്ടിനൊടുവിൽ മൂന്നാറിലെത്തിയ ബ്രിട്ടീഷുകാർ നടപ്പാക്കിയ വികസനവും പുരോഗതിയുമല്ലാതെ മറ്റെന്താണ് സ്വതന്ത്രരാജ്യത്തെ ഭരണകർത്താക്കൾ കഴിഞ്ഞ 78 വർഷത്തിനിടെ മൂന്നാറിൽ സൃഷ്ടിച്ചതെന്ന് വിരലിൽ എണ്ണിയെങ്കിലും നോക്കേണ്ടതാണ്. അതിന്റെ ബാക്കിപത്രമാണ് ബ്രിട്ടീഷുകാർ ഒന്നര നൂറ്റാണ്ടു മുന്പ് പണിത ഒരു റോഡ് തിരിച്ചുചോദിച്ച് ജനത്തിനു സമരത്തിനിറങ്ങേണ്ടിവരുന്നത്. പഴയതെങ്കിലും തിരിച്ചുതരൂ എന്ന് ജനം ചോദിക്കുന്നിടത്ത് വികസനത്തിന്റെ പൊള്ളത്തരങ്ങൾ ഉരുൾപൊട്ടിവരികയാണ്; കണ്ടില്ലെന്നു നടിക്കരുത്.