ഓർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
Saturday, March 22, 2025 12:00 AM IST
ആശാ വർക്കർമാരുടെയും അങ്കണവാടിക്കാരുടെയുമൊക്കെ അധ്വാനം ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യമാണ് പിഎസ്സിയിൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് നോക്കുകൂലിയായി മറിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം തിരിച്ചറിയാനാവാത്തവിധം ജനവിരുദ്ധമായി ഈ സർക്കാർ.
അധ്വാനവർഗത്തോട് ഒരു ബൂർഷ്വ പാർട്ടിപോലും കാണിക്കാത്ത മാടന്പിത്തരമാണ് എൽഡിഎഫ് സർക്കാർ ആശാ വർക്കർമാരോടു പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ആത്മാർഥമായ ഒരു ശ്രമവും മുഖ്യമന്ത്രി നടത്തിയില്ല. ഈ വനിതകൾ സെക്രട്ടേറിയറ്റ് പരിസരത്തേക്ക് സമരവുമായി വന്നപ്പോഴാണ് അവരുടെ പ്രതിഫലം ഇത്ര കുറവാണെന്ന് മിക്കവരും അറിയുന്നതുതന്നെ. അതുകൊണ്ട് അവരോടു സഹതപിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എല്ലാവരും തയാറായി.
പക്ഷേ, തൊഴിലാളികളുടെ വിയർപ്പുകൊണ്ട് സന്പത്തും സുഖജീവിതവും അധികാരവും ഒപ്പിച്ചെടുത്തവരുടെ പ്രതികരണം കേരളത്തെ നടുക്കി. അവരീ നാരീശക്തിയെ അവഹേളിച്ചു, ഭീഷണിപ്പെടുത്തി, അവഗണിച്ചു. രാഷ്ട്രീയം ജനങ്ങളിൽനിന്ന് അകന്നിരിക്കുന്നു. മണിപ്പുരിലാകട്ടെ, തിരുവനന്തപുരത്താകട്ടെ അധികാരപ്രമത്തർ അവഗണിക്കപ്പെട്ടവരെ തിരിഞ്ഞുനോക്കില്ല. പക്ഷേ, പട്ടിണിയല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്തവർ നിരാഹാരസമരം തുടങ്ങിയിരിക്കുകയാണ്. ദിവസം 300 രൂപയ്ക്കു പണിയെടുക്കേണ്ടിവരുന്ന അങ്കണവാടി ജീവനക്കാരും സമരത്തിനിറങ്ങിയിരിക്കുന്നു. സ്ത്രീശക്തീകരണത്തിന്റെ അടയാളമാണിത്, അടിച്ചൊതുക്കരുത്.
ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും ഒരു പക്ഷേ, ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നവരാണ്. ദിവസം 250 മുതൽ 350 രൂപവരെയാണ് അവരുടെ പ്രതിഫലം. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെ ‘ബൂർഷ്വകളും പെറ്റി ബൂർഷ്വകളും’ കുറഞ്ഞത് 900 രൂപ കൊടുക്കുന്നുണ്ട്. ഈ പാവപ്പെട്ട സ്ത്രീകൾക്ക് തൊഴിലാളിസർക്കാർ കൊടുക്കുന്നതിന്റെ മൂന്നിരട്ടി! ഈ അനീതിക്കെതിരേ സമരത്തിനിറങ്ങിയവരെയാണ് പാർട്ടി നേതാക്കൾ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.
ഇത് പാട്ടപ്പിരിവുകാരാണെന്നും പിന്നിലുള്ളത് ഈർക്കിൽ സംഘടനയാണെന്നുമൊക്കെ പറഞ്ഞത്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമാണ്. ‘മാസപ്പടി’ക്കാലത്തെ നേതാക്കന്മാർ എത്ര പെട്ടെന്നാണ് പാട്ടയും ബക്കറ്റുമൊക്കെ മറന്നുപോകുന്നത്! സിഐടിയുവിന്റെ ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ പറഞ്ഞത്, ആശാ വർക്കർമാർ ജോലിക്ക് തിരിച്ചുകയറിയില്ലെങ്കിൽ പണി പോകുമെന്നാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം പൊളിക്കാൻ കോഴിക്കോട്ട് ബദൽ സമരം നടത്തിക്കൊണ്ടായിരുന്നു പ്രേമയുടെ ഭീഷണി. സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് സെന്റര്‍ മുന്‍ മേധാവിയും ഇടതു സഹയാത്രികയുമായ ഡോ. കെ.ജി. താരയുടെ ചോദ്യം പ്രസക്തമാണ്: “ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എങ്ങനെയാണ് ഇത്ര ജനവിരുദ്ധമാകുന്നത്?”
2021ലെ പ്രകടനപത്രികയിൽ ആശാ വർക്കർമാരുടെ ഓണറേറിയം ദിവസം 700 രൂപയാക്കുമെന്നു പ്രഖ്യാപിച്ചത് ഒളിച്ചുവച്ചുകൊണ്ടാണ്, ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്രത്തെ പഴി ചാരുന്നത്. ആശാ വർക്കർമാരുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനും പിന്തിരിപ്പൻ നിലപാടാണെന്നതു യാഥാർഥ്യമാണ്. പക്ഷേ, കേന്ദ്രം തന്നാൽ തങ്ങൾ വിതരണം ചെയ്യാമെന്നല്ലല്ലോ പ്രകടനപത്രികയിലുള്ളത്. റബറിന്റെ താങ്ങുവില പോലെ മറ്റൊരു ചതി. 2014ൽ, പുറത്തുപറയാൻ കൊള്ളാത്ത വരുമാനമാണ് ആശാ വർക്കർമാർക്കു കൊടുക്കുന്നതെന്നും അതു 10,000 എങ്കിലും ആക്കണമെന്നും പറഞ്ഞത്, സാക്ഷാൽ എളമരം കരീം തന്നെയാണ്; നിയമസഭയിലും സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ആശമാരുടെ സമരത്തിലും. ഉറപ്പാണ് ഇരട്ടത്താപ്പ്!
സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി പരിതാപകരമാണെന്നു മാത്രമല്ല, അതിന്റെ പ്രധാന കാരണം ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ജനങ്ങൾ കരുതുന്നു. അനാവശ്യ ചെലവുകളും ആർഭാടങ്ങളും പിൻവാതിൽ നിയമനങ്ങളുമൊക്കെ അതാണു പറയുന്നത്. സര്‍ക്കാര്‍ വകുപ്പുകൾ, കോര്പറേഷന്, ബോര്‍ഡ്, കമ്പനി, സ്വയംഭരണ സ്ഥാപനങ്ങള്‍, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നടത്തിയ കരാര്‍-താത്കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങൾ പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടും കൊടുത്തിട്ടില്ല.
മന്ത്രി വീണാ ജോർജ്, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ. റേഷനുപോലും തികയാത്ത, ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും പ്രതിഫലം വർധിപ്പിക്കണം. ഈ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണ് ഇപ്പോൾ ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ നിരാഹാരമിരിക്കുന്നത്. അവരെ ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യമാണ് പിഎസ്സിയിൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് നോക്കുകൂലിയായി മറിക്കുന്നത്. ഇടതുപക്ഷം ആരെയാണ് ശക്തീകരിക്കുന്നതെന്ന ചോദ്യം സജീവമായിട്ടുണ്ട്. സിപിഎം മാത്രമല്ല, ഭരണപങ്കാളികളെല്ലാം ഈ സ്ത്രീകൾ ഉയർത്തുന്ന വെല്ലുവിളി നേരിടേണ്ടിവരും.