വിദ്വേഷപ്രചാരണത്തെ വേട്ടയ്ക്കിറക്കരുത്
Monday, March 10, 2025 12:00 AM IST
മനസുകളെ ആയുധപ്പുരകളാക്കുന്ന വിദ്വേഷവ്യാപാരികൾ സ്വയം പിന്മാറില്ല. സമൂഹം ജാഗ്രത പാലിക്കുകയും സർക്കാർ വിദ്വേഷപ്രചാരണത്തിൽ പങ്കെടുക്കാതിരിക്കുകയും നടപടിയെടുക്കുകയും വേണം.
അഭിപ്രായസ്വാതന്ത്ര്യമെന്നാൽ വിദ്വേഷപ്രസംഗങ്ങളും സമൂഹമാധ്യമങ്ങളിലെ നുണപ്രചാരണങ്ങളും ഉൾപ്പെട്ടതാണെന്നു കരുതുന്നവരുടെ എണ്ണം കൂടി. അതിനെ ചെറുക്കാൻ ഭരണകൂടത്തിനു കഴിയും. പക്ഷേ, ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളുമൊക്കെ അതിന്റെ ഭാഗമായാലോ? ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വിദ്വേഷപ്രസംഗങ്ങൾ മുതൽ രാഷ്ട്രീയപ്രതിയോഗികൾക്കെതിരേയും ഇതരമതങ്ങൾക്കെതിരേയും വ്യക്തികൾക്കെതിരേയും നിയന്ത്രണമില്ലാതെ തുടരുന്ന വ്യാജ പ്രചാരണങ്ങൾവരെ ഹിംസോന്മുഖമായ ഒരു സംസ്കാരത്തെ വളർത്തിക്കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായും ചിലരതിനെ മാറ്റിയെങ്കിലും ഏറെപ്പേർക്കും തിരിച്ചറിയാനോ സർക്കാരിനു തടയാനോ കഴിഞ്ഞിട്ടില്ല. മനസുകളെ ആയുധപ്പുരകളാക്കുന്ന വിദ്വേഷവ്യാപാരികൾ സ്വയം പിന്മാറില്ല. സമൂഹം ജാഗ്രത പാലിക്കുകയും സർക്കാർ വിദ്വേഷപ്രചാരണത്തിൽ പങ്കെടുക്കാതിരിക്കുകയും നടപടിയെടുക്കുകയും വേണം.
വിദ്വേഷവ്യാപനത്തിൽ ഭരിക്കുന്ന പാർട്ടി ഉൾപ്പെടുന്നതിനോളം അപകടം മറ്റൊന്നുമില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളുടെ എണ്ണം 2023നെ അപേക്ഷിച്ച് 2024ൽ 74.4 ശതമാനം വർധിച്ചിരിക്കുന്നുവെന്ന ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണ്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ‘സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്’ (സിഎസ്ഒഎച്ച്) കീഴിലുള്ളതാണ് ഇന്ത്യാ ഹേറ്റ് ലാബ്.
വിദ്വേഷപ്രസംഗങ്ങളിൽ ബിജെപിയാണ് മുന്നിൽ. 1,165 സ്ഥിരീകരിച്ച വ്യക്തിവിദ്വേഷ പ്രസംഗ സംഭവങ്ങൾ 2024ൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2023ൽ ഇത് 668 ആയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളിലുമാണ് മിക്ക പ്രസംഗങ്ങളും നടന്നത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് (242), മഹാരാഷ്ട്ര(210), മധ്യപ്രദേശ് (98) എന്നീ സംസ്ഥാനങ്ങളാണ് വിദ്വേഷപ്രസംഗങ്ങളിൽ മുന്നിലുള്ളത്.
ഐടി ആക്ടിലെ വകുപ്പുകൾ ഉപയോഗിച്ച് ഇതു തടയുന്നതിൽ പരാജയപ്പെട്ടെങ്കിലും പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇന്ത്യ ഹേറ്റ് ലാബ് വെബ്സൈറ്റ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ വിദ്വേഷപ്രസംഗങ്ങളിൽ മുന്നിലായിരുന്നെന്നു റിപ്പോർട്ട് പറയുന്നു.
കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നടപടിയെടുക്കാൻ അധികാരമുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസുകൾ പുറപ്പെടുവിച്ചതല്ലാതെ കാര്യമായൊന്നും ചെയ്തില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലുൾപ്പെടെ ഇത്തരം ഹീനമായ വ്യാജവാർത്തകൾ സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി.
അധികാരത്തിലുള്ളവരും പങ്കെടുക്കുന്പോൾ വിദ്വേഷപ്രചാരണം ശിക്ഷാർഹമല്ലെന്ന തോന്നൽ സമൂഹമാധ്യമങ്ങളിലെ സാമൂഹികവിരുദ്ധർക്കിടയിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും നിരവധി യുട്യൂബ് ചാനലുകൾ പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ വർഗീയതയും മതവിദ്വേഷവും വ്യക്തിഹത്യകളും തുടർച്ചയായി നടത്തുകയാണ്. ചില യുട്യൂബ് ചാനലുകൾ ഇതരമതവിദ്വേഷം മാത്രം കൈകാര്യം ചെയ്ത് വെറുപ്പ് വിതയ്ക്കുകയും പണംകൊയ്യുകയും ഒരുപോലെ ചെയ്യുകയാണ്.
കൊലപാതകങ്ങളോ ആത്മഹത്യകളോ മാനഭംഗങ്ങളോ ഉണ്ടായാൽ മിനിറ്റുകൾക്കകം വ്യാജവിവരങ്ങൾവച്ച് പുകമറ സൃഷ്ടിക്കുന്നവരുമുണ്ട്. വഴിയേപോയ ആരെങ്കിലും പറയുന്നതാണ് ഇവരുടെ വാർത്താസ്രോതസ്. ഇത്തരം വ്യാജപ്രചാരണങ്ങൾ അതുപടി വിഴുങ്ങുന്ന അപക്വമതികൾ അതിനെ അടിസ്ഥാനപ്പെടുത്തി തങ്ങളുടേതായ ഭാഷ്യംചമച്ച് പ്രചരിപ്പിക്കും.
വിദ്യാഭ്യാസമുള്ളവരിൽപോലും ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തെ കോടതിവിധികൾക്കുപോലും തിരുത്താനാകില്ല. വിദ്വേഷകച്ചവടക്കാർ സൃഷ്ടിച്ച ‘പ്രതി’യെ നിരപരാധിയെന്നുകണ്ട് കോടതി വെറുതെവിട്ടാലും, അതു പണമെറിഞ്ഞു കേസ് അട്ടിമറിച്ചതാണെന്ന അപകടകരമായ വാദം പുറത്തെടുക്കും. സാന്പത്തികച്ചെലവും സമയനഷ്ടവും നടപടിക്രമങ്ങളുമോർത്ത് ഇരകൾ പൊതുവെ നിയമനടപടികൾക്കു മുതിരാത്തതാണ് വിദ്വേഷപ്രചാരകരുടെ വളർച്ചയുടെ പ്രധാനകാരണം. സത്യമറിയാവുന്നവർ, വ്യാജവാർത്തയെ പിന്തുണയ്ക്കുന്നവരുടെ അസഭ്യവർഷവും കൂട്ട ആക്രമണവും ഭയന്നു പ്രതികരിക്കുകയുമില്ല. ഇങ്ങനെ ആരെയും പേടിക്കാനില്ലെന്ന സ്ഥിതിയായതോടെ വിദ്വേഷപ്രചാരണംകൊണ്ടുമാത്രം പണം കൊയ്യാൻ കൂടുതൽ ആളുകൾ കളത്തിലിറങ്ങിത്തുടങ്ങി.
അധികാരം കൈയാളുന്നവർ രാഷ്ട്രീയ-വർഗീയ ധ്രുവീകരണത്തിനുവേണ്ടി നടത്തുന്ന ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങളും മാധ്യമപ്രവർത്തനമെന്ന വ്യാജേന പണത്തിനുവേണ്ടി ചിലർ നടത്തുന്ന നുണപ്രചാരണങ്ങളും വ്യക്തിഹത്യകളും കേരളത്തിലും കൂടുതൽ മനസുകളെ യുദ്ധസജ്ജമാക്കിയിട്ടുണ്ട്. സർക്കാർതല വിദ്വേഷപ്രചാരണം കൂടുതൽ ആപത്കരമാണെന്നതിനു ചരിത്രത്തിന്റെ പിൻബലമുണ്ട്. വിദ്വേഷപ്രചാരണത്തിന്റെ അങ്ങേയറ്റമാണത്. വംശഹത്യ ഉൾപ്പെടെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങളുടെ മുന്നോടിയായി ചരിത്രം വിദ്വേഷപ്രചാരണത്തെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
ഹോളോകോസ്റ്റ് ആരംഭിച്ചത് ഗ്യാസ് ചേംബറുകളിൽ നിന്നല്ല, മറിച്ച് ന്യൂനപക്ഷത്തിനെതിരായ വിദ്വേഷപ്രസംഗങ്ങളിൽ നിന്നായിരുന്നു. 1915 മുതൽ തുർക്കികൾ അർമീനിയൻ ക്രൈസ്തവർക്കെതിരേ നടത്തിയ വംശഹത്യ, 1975 മുതൽ 79 വരെ കമ്യൂണിസ്റ്റ് ഏകാധിപതി പോൾപോട്ടിന്റെ ഖമർറൂഷ് പ്രസ്ഥാനം കംബോഡിയയിൽ നടത്തിയ വംശഹത്യ, 1994ൽ റുവാണ്ടയിൽ ഹുട്ടു വംശജർ ടുട്സികൾക്കെതിരേ നടത്തിയ വംശഹത്യ തുടങ്ങിയ ഉദാഹരണങ്ങളുണ്ട്. ഗുജറാത്ത് കലാപത്തിനു 15 വർഷം മുന്പെങ്കിലും ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വർഗീയസംഘടനകൾ വിദ്വേഷപ്രചാരണങ്ങൾ തുടങ്ങിയിരുന്നതായി ഡോ. കെ.എൻ. പണിക്കർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
വിദ്വേഷപ്രചാരണത്തെ വേട്ടയ്ക്കിറക്കരുത്. അതു ലക്ഷ്യമിടുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും സമാധാനത്തെയും സഹവർത്തിത്വത്തെയുമാണ്. സർക്കാരും പ്രതിബദ്ധതയുള്ള രാഷ്ട്രീയപാർട്ടികളും സംഘടനകളും മാധ്യമങ്ങളും വ്യക്തികളുമൊക്കെ ഈ വിപത്തിനെതിരേ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഉറപ്പില്ലാത്ത കാര്യങ്ങൾ പറയുന്നതിൽനിന്നും പ്രചരിപ്പിക്കുന്നതിൽനിന്നും എല്ലാവരും വിട്ടുനിൽക്കണം.
എന്തെങ്കിലും വിനാശകരമായ കാര്യങ്ങൾ സംഭവിക്കുമോ എന്ന പ്രവചനത്തേക്കാൾ പ്രധാനം, അതിനുള്ള സാധ്യതകൾ വിദ്വേഷപ്രചാരണങ്ങളിൽ അടയിരിപ്പുണ്ട് എന്ന ചരിത്രപാഠമാണ്. നിർമിതബുദ്ധിയുടെ കാലത്ത് വിദ്വേഷപ്രചാരണം കൂടുതൽ സൗകര്യപ്രദവും ദൂഷ്യഫലങ്ങൾ കൂടുതൽ വിനാശകരവുമായിരിക്കും. അതിനെ തടയാൻ നമുക്കു സാധിക്കും; പക്ഷേ, ആഗ്രഹിക്കണം.