ഹിന്ദിയിലും മണ്ഡലങ്ങളിലും ധ്രുവീകരണമരുത്
Wednesday, March 5, 2025 12:00 AM IST
രാഷ്ട്രീയ നേട്ടങ്ങളിലോ ഉത്തര-ദക്ഷിണ പരിഗണനകളിലോ അല്ല, ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന കെട്ടുറപ്പിലാകണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ.
ഭാഷകൊണ്ടാണെങ്കിലും മണ്ഡല പുനർനിർണയംകൊണ്ടാണെങ്കിലും ജനാധിപത്യത്തിനു മുറിവേൽക്കരുതെന്നേ ജനങ്ങൾക്കുള്ളൂ. കേന്ദ്രം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന ലോക്സഭാ മണ്ഡല പുനർനിർണയവും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ശിപാർശ ചെയ്തിരിക്കുന്ന ത്രിഭാഷാ നയവുമാണ് വിവാദമായിരിക്കുന്നത്.
രണ്ടു വിഷയത്തിലും എതിർപ്പ് മുഖ്യമായും ദക്ഷിണേന്ത്യയിൽനിന്നായതിനാൽ, ഒരു വിധത്തിലുള്ള ധ്രുവീകരണത്തിനും ഇടയാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണം. ദക്ഷിണേന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങൾ കുറയില്ലെന്ന ബിജെപി വാദം അംഗീകരിച്ചാലും ഉത്തരേന്ത്യയിലെ സീറ്റുകളുടെ എണ്ണം വർധിച്ചാൽ നിലവിലെ ദക്ഷിണേന്ത്യൻ പ്രാതിനിധ്യം പാർലമെന്റിൽ കുറയും.
ദുരന്തനിവാരണ ഫണ്ട് അനുവദിക്കുന്നതിൽപോലും വിവേചനം ദൃശ്യമാകുന്നതിനിടെ പാർലമെന്റിലെ ഉള്ള പ്രാതിനിധ്യവും നഷ്ടമാകുന്നതിൽ പല സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെങ്കിലും അതു രാജ്യത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള ലളിതമായ സംശയങ്ങളാണെന്നു ബിജെപി തിരിച്ചറിയണം.
1971ലെ സെൻസസിനുശേഷം മണ്ഡലങ്ങളുടെ അതിർത്തികളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. അടുത്ത വർഷം ഇതിൽ അഴിച്ചുപണി നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. കരടുരേഖ തയാറാക്കിയിട്ടില്ലെങ്കിലും ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയമാണ് ലക്ഷ്യം. ഇതിനെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിക്കഴിഞ്ഞു.
മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രംഗത്തിറങ്ങുകയാണ്. പുനർനിർണയമാകാം; സീറ്റുനിലയിൽ മാറ്റമുണ്ടാകരുത് എന്നതാണ് ആവശ്യം. 20 ലക്ഷം ജനങ്ങൾക്ക് ഒരു മണ്ഡലമെന്ന മാനദണ്ഡം നടപ്പിൽ വന്നാൽ ലോക്സഭയിലെ 545 സീറ്റ് 750 മുതൽ 790 വരെയാകാമെന്നാണ് നിഗമനങ്ങൾ. യുപിയിൽ 40 സീറ്റുകൾ വരെ വർധിച്ചേക്കും. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെല്ലാം കൂടുതൽ സിറ്റുകളുണ്ടാകും.
അതേക്കുറിച്ച് ബിജെപി മിണ്ടുന്നില്ല. ഇപ്പോൾതന്നെ ബിജെപിക്കു മുൻതൂക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതേ വോട്ട് നിലനിർത്തിയാൽ പോലും സീറ്റുകളുടെ എണ്ണം ഗണ്യമായി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു സീറ്റുപോലും വർധിപ്പിക്കാനായില്ലെങ്കിലും ബിജെപിക്ക് അധികാരത്തിലെത്താനുമാകും. വർധിക്കുന്ന മണ്ഡലങ്ങളെ ഇപ്പോൾതന്നെ സാങ്കൽപ്പികമായി കണക്കിലെടുത്താൽ ഈ ലോക്സഭയിൽതന്നെ ബിജെപിക്കു തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കാം.
മൂന്നാമത്തെ സ്ഥാനാരോഹണത്തിൽ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ബിജെപി വോട്ടുനഷ്ടത്തെ സീറ്റ് ലാഭം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുകയാവാം. ഭരിക്കുന്നവർ മനസിൽ കാണുന്നത് പ്രതിപക്ഷം മരത്തിൽ കാണുന്നുണ്ടെങ്കിൽ അതു രാഷ്ട്രീയ-ജനാധിപത്യ ജാഗ്രതയാണ്. അതിൽ തെറ്റുണ്ടെങ്കിൽ സർക്കാരിനു തിരുത്താവുന്നതേയുള്ളൂ. പക്ഷേ, തിരുത്തിയിട്ടില്ല.
മറ്റൊരു ചോദ്യം, കുടുംബാസൂത്രണ പരിപാടിയിൽ കേന്ദ്രസർക്കാരിനോടു സഹകരിച്ച് രാജ്യത്തെ ജനസംഖ്യ കുറയ്ക്കുകയും വികസനമുന്നേറ്റത്തിൽ പങ്കാളികളാകുകയും ചെയ്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുകയാണോ എന്നതാണ്. ഭരണകൂടത്തോടു സഹകരിച്ചവരെ ഭരണത്തിൽനിന്ന് അകറ്റുകയാണോ എന്ന സംശയം ദൂരീകരിക്കപ്പെടണം.
ഏതെങ്കിലും ഒരു പാർട്ടിക്ക് മേൽക്കൈ കിട്ടുന്നവിധമല്ല, ആനുപാതിക വർധനയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. അതുപോലെ, ത്രിഭാഷാ നയവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഒരു ശ്രമവുമില്ലെന്ന് കേന്ദ്രസർക്കാരിന് പ്രസംഗിക്കേണ്ടിവരുന്നത് ആദ്യമല്ല. അതിനിടെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ ഹിന്ദിയും ഇംഗ്ലീഷും നിർബന്ധമാക്കിയുള്ള കരട് രേഖ സിബിഎസ്ഇ പുറത്തുവിടുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ തമിഴ് ഉൾപ്പെടുത്തി. മലയാളം പുറത്താണെങ്കിലും പട്ടിക പൂർണമല്ലെന്നു പറഞ്ഞിട്ടുണ്ട് സിബിഎസ്ഇ. ബിജെപി സർക്കാരിന്റെ ഉദ്ദേശ്യം എന്താണെങ്കിലും നിറയെ അവ്യക്തതകളുണ്ട്. മണ്ഡല പുനർനിർണയ, ഭാഷാ പോരാട്ടത്തിൽ കൊടിയേന്തി മുന്നിലുള്ളത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്.
കേന്ദ്ര മാനദണ്ഡങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് തമിഴ്നാടിനു ലഭിക്കേണ്ട രണ്ടായിരത്തിൽപരം കോടി രൂപയുടെ സഹായം നഷ്ടപ്പെടുമെന്ന കേന്ദ്ര മുന്നറിയിപ്പ് അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലുണ്ടായേക്കാവുന്ന ഏതു നഷ്ടവും തങ്ങൾ കാര്യമാക്കുന്നില്ലെന്നാണ് സ്റ്റാലിൻ പറയുന്നത്.
രണ്ടു കാര്യങ്ങളിലും സ്റ്റാലിന്റെ നിലപാടിനു പിന്തുണയേറുകയാണ്. ദക്ഷിണേന്ത്യയിൽ ഒരു മൂന്നാം ഭാഷ പഠിപ്പിക്കാൻ നിർബന്ധിക്കുന്നവർ ഉത്തരേന്ത്യയിൽ ഏതു മൂന്നാം ഭാഷയാണു പഠിപ്പിക്കുന്നതെന്നുകൂടി പറയാൻ സ്റ്റാലിൻ വെല്ലുവിളിക്കുന്നു.
മണ്ഡല പുനർനിർണയത്തിലും ഭാഷാ തർക്കത്തിലും സർവകക്ഷിയോഗം വിളിച്ച് ആശങ്കകൾ പരിഹരിക്കുകയും എല്ലാവർക്കും സ്വീകാര്യമായ മാനദണ്ഡങ്ങൾ അവലംബിക്കുകയുമാണ് വേണ്ടത്. രാഷ്ട്രീയ നേട്ടങ്ങളിലോ ഉത്തര-ദക്ഷിണ പരിഗണനകളിലോ അല്ല, ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന കെട്ടുറപ്പിലാകണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ. അധികാര രാഷ്ട്രീയമല്ല, രാജ്യമാണു വലുത്.