ഉയർന്ന പെൻഷന്: മെല്ലെപ്പോക്ക് അവസാനിപ്പിക്കണം
Tuesday, March 11, 2025 12:00 AM IST
പ്രോവിഡന്റ് ഫണ്ടും മറ്റാനുകൂല്യങ്ങളുമെല്ലാം രാജ്യത്തെ തൊഴിലാളികളുടെ നിതാന്തജാഗ്രതയും സമരങ്ങളുംവഴി നേടിയെടുത്തതാണ്. അതിനെ കള്ളക്കളികളിലൂടെ തകർക്കാൻ അനുവദിച്ചുകൂടാ.
ഉയർന്ന പെൻഷന്റെ കാര്യത്തിൽ തികച്ചും നിയമവിരുദ്ധമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നടപടി. പലവിധ കാരണം പറഞ്ഞ് പെൻഷൻ നല്കുന്നത് താമസിപ്പിക്കുകയാണ് ഇപിഎഫ്ഒ.
അർഹരായവരിൽ ചെറിയൊരു ശതമാനത്തിനേ ഇതുവരെ ഉയർന്ന പെൻഷൻ ലഭിച്ചിട്ടുള്ളൂ. തൊഴിലാളിവിരുദ്ധമായ ഈ മെല്ലെപ്പോക്ക് എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേതീരൂ. ശന്പളത്തിന് ആനുപാതികമായി ഇപിഎഫ്ഒ ഉയർന്ന പെൻഷൻ നല്കണമെന്ന് സുപ്രീംകോടതി വിധിച്ചത് 2022 നവംബർ 22നാണ്.
വിധി വന്ന് രണ്ടുവർഷത്തിലേറെയായിട്ടും 24,006 പേർക്കു മാത്രമാണ് ഉയർന്ന പെൻഷൻ നല്കിയതെന്നാണ് ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗവുമായി ബന്ധപ്പെട്ട രേഖകളിൽനിന്നു മനസിലാകുന്നത്. കിട്ടിയ 17.49 ലക്ഷം അപേക്ഷകളിൽ 42 ശതമാനവും അയോഗ്യരാണ്. 2.14 ലക്ഷം അപേക്ഷകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
2.24 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾ നടപടികൾ പൂർത്തിയാക്കി കൈമാറിയിട്ടുമില്ല. ഇതൊക്കെയാണ് ഇപിഎഫ്ഒ പങ്കുവച്ച രേഖകളിൽനിന്നു മനസിലാകുന്നത്. വിവരങ്ങൾ അപൂർണമായതിനാൽ 3.92 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾക്കുതന്നെ തിരിച്ചയച്ചു. രേഖകളനുസരിച്ച്, 2.19 ലക്ഷം അപേക്ഷകരോടാണ് അധികതുക അടയ്ക്കാനാവശ്യപ്പെട്ടത്.
27.35 ശതമാനം ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ മാത്രമാണ് കേരളം തീർപ്പാക്കിയത്. ദേശീയതലത്തിൽ 58.95 ശതമാനം തീർപ്പാക്കിയെന്നാണു കണക്ക്. വൻ സാന്പത്തികബാധ്യതയുടെ കണക്കാണ് ഉയർന്ന പെൻഷൻ നിഷേധിക്കാൻ ഇപിഎഫ്ഒ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ജോയിന്റ് ഓപ്ഷൻ നൽകിയവരിൽ പകുതിപ്പേരുടെ അപേക്ഷകൾ അനുവദിച്ചാൽതന്നെ പെൻഷൻ ഫണ്ടിൽനിന്ന് 1.86 ലക്ഷം കോടി രൂപ ചെലവാകുമത്രെ. 38,000 പെൻഷൻ അപേക്ഷകൾ പരിശോധിച്ചപ്പോൾ ഓരോ അപേക്ഷകനും 25 ലക്ഷം രൂപ എന്ന തോതിൽ 9500 കോടി രൂപയുടെ കമ്മി കണ്ടെത്തിയെന്നും പറയുന്നു.
എല്ലാ അപേക്ഷകളും തീർപ്പാക്കിയാൽ മാത്രമേ കൃത്യമായ ബാധ്യത കണക്കാക്കാനാകൂ എന്നും ഇപിഎഫ്ഒയുടെ കുറിപ്പിലുണ്ട്. എന്നാൽ ഈ കണക്ക് ശരിയല്ലെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. തൊഴിലാളിക്ഷേമ നടപടികൾക്കുവേണ്ട ഫണ്ടിൽ കൂടുതൽ ഇപ്പോൾതന്നെ പ്രോവിഡന്റ് ഫണ്ട് ബോർഡിന്റെ അക്കൗണ്ടിലുണ്ട്.
ഇപിഎഫ്ഒയുടെ നിലപാട് ചോദ്യം ചെയ്യുന്ന തൊഴിലാളി സംഘടനകൾ ഈ കണക്കുകൾ പൂർണമല്ലെന്നു വ്യക്തമാക്കുന്നു. ഉയർന്ന പെൻഷൻ അപേക്ഷകരിൽനിന്ന് അധികമായി എത്ര തുക സമാഹരിച്ചെന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
അതിനിടെയാണ് ഉയർന്ന പെൻഷന് അപേക്ഷിച്ചവർക്ക് പ്രോ-റേറ്റ രീതിയിൽ പെൻഷൻ കണക്കാക്കുമെന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് ഉയർന്ന പെൻഷനു തടയിടാനുള്ള കേന്ദ്രസർക്കാർ നീക്കമായാണ് തൊഴിലാളി സംഘടനകൾ വ്യാഖ്യാനിക്കുന്നത്.
2014 സെപ്റ്റംബർ ഒന്നിനു മുമ്പും ശേഷവുമുള്ള സേവനകാലയളവിനെ പ്രത്യേകം പരിഗണിക്കുന്നതാണ് പ്രോ- റേറ്റ രീതി. അവസാനകാലത്താണ് ശമ്പളം ഉയർന്നിരിക്കുക എന്നതിനാൽ 2014 വരെയുള്ളത് പ്രത്യേകമായി കണക്കാക്കുന്നതുവഴി പെൻഷൻ കുറയും.
അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷന് പരിഗണിക്കുന്ന ശമ്പളം എന്നിരിക്കെ, ഇപിഎഫ്ഒയുടെ ദുഷ്ടലാക്ക് വ്യക്തമാണ്. പ്രോ- റേറ്റാ രീതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന ന്യായമാണ് ഇപിഎഫ്ഒ മുന്നോട്ടു വയ്ക്കുന്നത്.
ഇതു സംബന്ധിച്ച കേസുകൾ വിവിധ കോടതികളിൽ ഇപ്പോഴുമുണ്ട്. അവയുടെ അന്തിമവിധിക്കുപോലും കാക്കാതെയാണ് പ്രോ-റേറ്റാ രീതിയുമായി മുന്നോട്ടു പോകുന്നത്. പ്രോ-റേറ്റാ രീതി സുപ്രീംകോടതിയിലെ കേസിൽ വിഷയമായിരുന്നില്ല.
പിന്നെങ്ങനെ ഇതു നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതായി വ്യാഖ്യാനിക്കാൻ കഴിയുമെന്നാണ് തൊഴിലാളി സംഘടനകൾ ചോദിക്കുന്നത്. വെയിറ്റേജിന്റെ കാര്യത്തിലുമുണ്ട് കുരുക്ക്. ഇരുപതുവർഷത്തിലേറെ സർവീസുള്ളവർക്ക് രണ്ടുവർഷത്തെ വെയിറ്റേജ് നല്കുന്ന പതിവുണ്ട്.
ഇത് 2014നു മുൻപത്തെ കാലയളവിലാണ് നൽകുകയെന്നാണ് അറിയിച്ചിട്ടുള്ളത്. അതോടെ പെൻഷൻ വീണ്ടും കുറയും. അങ്ങനെ എല്ലാ വഴിയിലും തൊഴിലാളികളെ ദ്രോഹിക്കുകയാണ് ഇപിഎഫ്ഒയും കേന്ദ്രസർക്കാരും.
പെൻഷൻ നിശ്ചയിക്കുന്നതിലെ അവ്യക്തത, ജീവനക്കാരുടെ കുറവ്, രാജ്യത്തെ പല കോടതികളിലും നടക്കുന്ന കേസുകൾ എന്നിവ ചൂണ്ടിക്കാട്ടി, ഉയർന്ന പെൻഷൻ വിതരണം പരമാവധി താമസിപ്പിക്കുന്ന നയമാണ് ഇപിഎഫ്ഒ പിന്തുടരുന്നത്.
പ്രോവിഡന്റ് ഫണ്ടും മറ്റാനുകൂല്യങ്ങളുമെല്ലാം രാജ്യത്തെ തൊഴിലാളികളുടെ നിതാന്ത ജാഗ്രതയും സമരങ്ങളും വഴി നേടിയെടുത്തതാണ്. അതിനെ കള്ളക്കളികളിലൂടെ തകർക്കാൻ അനുവദിച്ചുകൂടാ.
സർവീസ് പൂർത്തിയാക്കി പെൻഷനാകുന്ന തൊഴിലാളികൾക്കു സമയബന്ധിതമായി ന്യായമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഇപിഎഫ്ഒയുടെ ഉത്തരവാദിത്വമാണ്. അത് ആരുടെയെങ്കിലും ഔദാര്യമായി ചിത്രീകരിക്കാനുള്ള ഏതു ശ്രമവും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.