അക്രമരാഷ്ട്രീയത്തിന്റെ കാന്പസ് റിക്രൂട്ട്മെന്റ്
Friday, February 21, 2025 12:00 AM IST
കേരളം ഭയക്കുന്ന കുറ്റവാളിസംഘങ്ങളുടെ ശൈലിയിലേക്ക് വിദ്യാർഥിസംഘടനകളും രൂപാന്തരപ്പെടുന്നു. അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ കാന്പസ് റിക്രൂട്ട്മെന്റാണിത്. ജാഗ്രത പാലിക്കണം.
മദ്യം, മയക്കുമരുന്ന്, അടിപിടി, മുച്ചീട്ടുകളി, പിടിച്ചുപറി സംഘങ്ങൾ എത്ര അഴിഞ്ഞാടിയാലും നാട്ടിൽ പലരും മാറിനിൽക്കുകയാണ് പതിവ്. അതിനുകാരണം, ഈ സാമൂഹികവിരുദ്ധരുടെ ആക്രമണവും രാഷ്ട്രീയ-പോലീസ് ബന്ധവും ഭയന്നിട്ടുതന്നെയാണ്. ഏതാണ്ട് അതേ മാതൃകയിൽ കേരളം ചെറുക്കേണ്ട കുറ്റവാളിക്കൂട്ടങ്ങളായി മാറുകയാണ് വിദ്യാർഥി സംഘടനകൾ.
അതിൽ മുന്നിലുള്ളത് എസ്എഫ്ഐയാണെന്ന് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കു മനസിലായിട്ടില്ല! മർദനവും രക്തസാക്ഷിത്വവും വലതുപക്ഷ മാധ്യമങ്ങളുടെ ആക്രമണവുമെല്ലാം നേരിട്ടവർ എന്ന നിലയ്ക്ക് എസ്എഫ്ഐക്ക് നല്ല രീതിയിൽ അഭിമാനിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എസ്എഫ്ഐയുടെ അക്രമങ്ങളെ രക്ഷാപ്രവർത്തനമാക്കാനും അഭിമാനിക്കാനും സിപിഎം നേതാവിന് ബാധ്യതയുണ്ടാകാം. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് അങ്ങനെ പറയുന്പോൾ അക്രമരാഷ്ട്രീയത്തെ വെറുക്കുന്നവർ നിരാശരാകുകയാണ്.
“കേരളത്തിൽ എസ്എഫ്ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ല. രക്തസാക്ഷിത്വം ഏറ്റുവാങ്ങിയിട്ടേയുള്ളൂ. എക്കാലത്തും കൃത്യതയാർന്ന നിലപാടു സ്വീകരിച്ച പ്രസ്ഥാനം തെറ്റുകൾക്കെതിരേ ഐതിഹാസിക പോരാട്ടം നടത്തിയാണു വളർന്നത്. എസ്എഫ്ഐക്കാർ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും വലതുപക്ഷ മാധ്യമങ്ങൾക്ക് അതൊരു വാർത്തയേ ആകുന്നില്ല. തെറ്റുകള്‍ ചെയ്യാതെ സംശുദ്ധ പ്രവര്‍ത്തനം എസ്എഫ്ഐ തുടരണം.” തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്എഫ്ഐയും കെഎസ്യുവും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവനകൾ ചെയ്തിട്ടുണ്ട്. അതിലേറെ ദ്രോഹവും ചെയ്തിട്ടുണ്ട്. അക്രമരാഷ്ട്രീയംകൊണ്ട് നിരവധി കുടുംബങ്ങളിൽ നിത്യദുഃഖം സമ്മാനിച്ചിട്ടുണ്ട്. ഓരോ സംഘടനയും അവർക്കു ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ഏകാധിപത്യ പ്രവണത പുറത്തെടുക്കുന്പോൾ മാതൃസംഘടനകൾ രക്ഷകരായെത്തും. സമകാലിക രാഷ്ട്രീയത്തിൽ ആ ജനാധിപത്യവിരുദ്ധതയും വിധ്വംസക പ്രവർത്തനങ്ങളും ഏറ്റവുമധികം ചെയ്യുന്നത് എസ്എഫ്ഐയാണ്; പ്രോത്സാഹിപ്പിക്കരുത്.
നീന്തിക്കയറിയ ചോരച്ചാലുകളിൽ ആരുടെയൊക്കെ ചോരയുണ്ടെന്ന് സംഘടനകൾ മറക്കരുത്. എസ്എഫ്ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്പോൾ 1996ൽ പത്തനംതിട്ട പരുമല കോളജിൽ അക്രമത്തിൽനിന്നു രക്ഷപ്പെടാൻ പന്പയാറിൽ ചാടിയ അനു പി.എസ്., സുജിത്, കിം കരുണാകരന് എന്നീ മൂന്ന് എബിവിപിക്കാരെ എസ്എഫ്ഐക്കാർ കല്ലെറിഞ്ഞു മുക്കിക്കൊന്നതുമുതലുള്ള ചരിത്രം പൊങ്ങിവരും. അതിനെ അന്നത്തെ സിപിഎം നേതാക്കൾ ന്യായീകരിക്കുകയായിരുന്നു.
വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ആത്മഹത്യയുടെ അവസാനവാതിൽ തുറന്നുകൊടുത്തത് എസ്എഫ്ഐ ക്രിമിനലുകളുടെ നേതൃത്വത്തിലാണ്. ഭീകരപ്രസ്ഥാനങ്ങൾപോലും ചെയ്യാൻ മടിക്കുന്ന ക്രൂരത നടത്തിയവരെ എതിർക്കാൻ ചുറ്റിനും നിന്ന സഹപാഠികൾ തയാറായില്ല. രാഷ്ട്രീയബോധമല്ല, അവിടെ സൃഷ്ടിക്കപ്പെട്ടത് അരാജകത്വവും അടിമത്തവുമാണ്. അധ്യാപക വേഷം കെട്ടിയ രാഷ്ട്രീയ കുറ്റവാളികളായിരുന്നു കൂട്ടിന്.
2016ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ചതിനെക്കുറിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്, തന്തയ്ക്കു വിളിച്ചതുകൊണ്ടാ തല്ലിയത്, മാപ്പു പറയേണ്ട കാര്യമൊന്നുമില്ലെന്നാണ്.
യുഡിഎഫ് സർക്കാർ 20 വർഷം മുന്‍പ് കൊണ്ടുവന്ന സ്വകാര്യ സർവകലാശാലയെന്ന ആശയം സ്വന്തം പാർട്ടി നടപ്പാക്കുന്പോൾ വായാടിത്തങ്ങളിൽ തല പൂഴ്ത്തിവച്ചിരിക്കുന്ന എസ്എഫ്ഐ നേതാവിന്റെ വായിൽനിന്നു മറ്റെന്തു വരാൻ! എസ്എഫ്ഐക്ക് എതിരുനിന്നാൽ നീ തന്തയില്ലാത്ത കുട്ടിയെ പ്രസവിക്കുമെന്ന് പറഞ്ഞ് തന്നെ ആക്രമിച്ചെന്ന് ആർഷോയ്ക്കെതിരേ 2021ൽ പരാതിപ്പെട്ടത് എഐഎസ്എഫ് വനിതാ നേതാവാണ്. എസ്എഫ്ഐക്കാരുടെ മാർക്ക് തിരുത്തൽ, പിഎസ്സി അഴിമതി ആരോപണങ്ങൾ... മറന്നിട്ടില്ല കേരളം.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൽ.എൻ. ബീനയുടെ കസേര പോലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ കത്തിച്ചത് 2017ലാണ്. അതേവർഷം മാർച്ചിലാണ് കേരള സര്‍വകലാശാലയിൽ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടറായിരുന്ന ടി. വിജയലക്ഷ്മിയെ അന്നത്തെ സിൻഡിക്കറ്റ് അംഗവും ഇപ്പോൾ രാജ്യസഭാ എംപിയുമായ എ.എ. റഹീമിന്റെ നേതൃത്വത്തിൽ ഇരുനൂറോളം വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ച് അസഭ്യം വിളിക്കുകയും തലമുടിക്കുത്തിനു പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്.
26 വർഷം പാലക്കാട് വിക്ടോറിയ കോളജിൽ അധ്യാപികയായിരുന്ന ഡോ. ടി.എൻ. സരസുവിനോടുള്ള എതിർപ്പിന്റെ പേരിൽ 2016ൽ കാന്പസിൽ കുഴിമാടം വെട്ടി റീത്തുവച്ച മഹാപാപം ചെയ്തതും എസ്എഫ്ഐ. ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് 2022ൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തത് എസ്എഫ്ഐയാണ്.
എന്തു രാഷ്ട്രീയമാണിത്? 2022 ഏപ്രിലിൽ സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് സംസ്ഥാന റിപ്പോർട്ടിലെഴുതിയത്, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം - മുദ്രാവാക്യമൊക്കെ എസ്എഫ്ഐക്ക് കൊടിയില്‍ മാത്രമേയുള്ളെന്നും സ്വാധീനമുള്ളിടത്ത് അതു ഫാസിസ്റ്റ് സംഘടനയാണെന്നുമാണ്.
എസ്എഫ്ഐയുടെ കൊള്ളരുതായ്മകൾ റാഗിംഗിന്റെ മറവിൽ സമീപകാലത്ത് നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ ക്രൂരതകളിലൂടെ തുടരുകയാണ്. എസ്എഫ്ഐക്കാർ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും വലതുപക്ഷ മാധ്യമങ്ങൾക്ക് അതൊരു വാർത്തയേ ആകുന്നില്ലെന്നത് നുണയാണ്.
2018ൽ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി സംഘടനയായ കാന്പസ് ഫ്രണ്ട് അഭിമന്യുവിനെ എറണാകുളം മഹാരാജാസ് കോളജിൽവച്ച് കൊന്നപ്പോഴത്തെയോ 2022ൽ ഇടുക്കി എൻജിനിയറിംഗ് കോളജിൽ കെഎസ്യുക്കാർ ധീരജിനെ കൊന്നപ്പോഴത്തെയോ പത്രങ്ങൾ മറിച്ചാൽ പൊളിയുന്ന നുണ.
എസ്എഫ്ഐയോ കെഎസ്യുവോ എബിവിപിയോ ആരുമാകട്ടെ, നിങ്ങൾ രക്തസാക്ഷികളാകാൻ തക്കവിധമുള്ള സ്വാതന്ത്ര്യസമരമൊന്നും ഈ രാജ്യത്തു നടക്കുന്നില്ല. രക്തസാക്ഷികളെ സൃഷ്ടിക്കുകയുമരുത്. ഇതു രാഷ്ട്രീയമല്ല, വെറും ഗുണ്ടായിസം. ചെഗുവേരയുടെ പടം വച്ചും വിശ്വസാഹിത്യത്തിലെ വരികൾ ചുവരിലെഴുതിയും നുണപ്രസംഗങ്ങൾ നടത്തിയും കുറെ കൗമാരക്കാരെ തെറ്റിദ്ധരിപ്പിക്കാമെന്നല്ലാതെ നിങ്ങൾക്കതിനെ രാഷ്ട്രീയമാക്കാനാവില്ല.
കള്ളും കഞ്ചാവും ഇടിമുറികളും സൃഷ്ടിച്ച് കലാലയ രാഷ്ട്രീയത്തെ ഒറ്റിക്കൊടുത്ത മനോരോഗികൾ എന്തു വിപ്ലവം സൃഷ്ടിക്കുമെന്നാണ്? അധ്യാപകരെയും പോലീസിനെയും പൊതുസമൂഹത്തെയും മാനിക്കാത്ത ഒരു സംഘത്തെ വളർത്തിയെടുത്താൽ രാഷ്ട്രീയ പാർട്ടികൾക്കു ഗുണമുണ്ടായിരിക്കാം. പക്ഷേ, കേരളത്തിന് ശല്യമാണ്. ഈ പ്രോത്സാഹനം, അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ കാന്പസ് റിക്രൂട്ട്മെന്റാണ്. മക്കളറിഞ്ഞില്ലെങ്കിൽ മാതാപിതാക്കളെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ!