മണ്ട വെട്ടിയവന്റെ തണ്ട് അവസാനിപ്പിക്കണം
Wednesday, February 26, 2025 12:00 AM IST
ബാലസുബ്രഹ്മണ്യ ഭട്ടിന്റെ കമുകുകൾ വെട്ടിനിരത്തിയ കെഎസ്ഇബി ഏമാനെക്കൊണ്ടു
നഷ്ടപരിഹാരം കൊടുപ്പിക്കണം. വനമാകട്ടെ, കൃഷിയാകട്ടെ,വൈദ്യുതിയാകട്ടെ വകുപ്പുകളെല്ലാം കർഷകർക്കു ഭാരമായി.ഈ മണ്ടവെട്ടുകാരുടെ തണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ കൃഷി അവസാനിക്കും.
കാസർഗോട്ട് വൈദ്യുതലൈനിൽ തട്ടുമെന്നാരോപിച്ച് കായ്ഫലമുണ്ടായിരുന്ന 28 കമുകുകളുടെ മണ്ട വെട്ടിമാറ്റിക്കളഞ്ഞു, വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥ പ്രമാണിമാർ. വലിച്ചുകെട്ടിയിരുന്ന സ്റ്റേ കന്പി തുരുന്പിച്ചു പൊട്ടിയതിനെത്തുടർന്നു ചാഞ്ഞ തൂണു മാറ്റുന്നതിനു പകരമാണ് കമുക് വെട്ടിനിരത്തിയതത്രേ. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മുന്പും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന് കെഎസ്ഇബി നഷ്ടപരിഹാരം കൊടുത്തിട്ടുള്ളതാണ്. ഈ നഷ്ടപരിഹാരം ഉത്തരവാദിയായ ഉദ്യോഗസ്ഥൻ കൊടുക്കണം. വനംവകുപ്പിന്റെയും കൃഷിവകുപ്പിന്റെയുമൊക്കെ പ്രതിലോമകരമായ നിലപാടുകളെ അതിജീവിച്ച് കൃഷിയുമായി മുന്നോട്ടു പോകുന്നവരുടെ ദേഹണ്ണത്തിന്റെ വില ഈ ദുഷ്പ്രഭുക്കളറിയണം.
കാസർഗോഡ് പുത്തിഗെ ചക്കണിഗെയില് സി. ബാലസുബ്രഹ്മണ്യ ഭട്ടിന്റെ 28 കമുകുകളാണ് മുന്നറിയിപ്പില്ലാതെ കെഎസ്ഇബി അധികൃതര് വെട്ടിനശിപ്പിച്ചത്. ഒമ്പതു വർഷംമുന്പു വച്ചുപിടിപ്പിച്ച്, നിറയെ കായ്ച്ചിരുന്ന കമുകുകളുടെ തലയാണ് വെട്ടിക്കളഞ്ഞത്. ഇനി പൂർണമായി വെട്ടിമാറ്റുകയല്ലാതെ പോംവഴിയില്ല. വൈദ്യുതലൈനിന് തൊട്ടുതാഴെ ആയതുകൊണ്ടാണ് മുറിച്ചുമാറ്റിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. വൈദ്യുതലൈനിൽ തട്ടുന്ന വിധത്തിൽ കമുകുവച്ചത് എന്തിനെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ചോദിക്കുന്നത്. എന്നാൽ, ലൈനിൽനിന്നു വിട്ടാണ് താൻ കമുക് വച്ചതെന്നും വൈദ്യുതി പോസ്റ്റ് ചരിഞ്ഞതോടെ ലൈൻ കമുകുകളിലേക്ക് ചായുകയായിരുന്നുവെന്നും ബാലസുബ്രഹ്മണ്യ ഭട്ട് പറയുന്നു.
തോട്ടത്തിലൂടെ കടന്നുപോകുന്ന രണ്ട് വൈദ്യുതി തൂണുകളിൽ ഒന്ന് വലിച്ചുകെട്ടിയിരുന്ന കന്പി കാലപ്പഴക്കംമൂലം പൊട്ടിയതോടെ തൂണ് ചെരിഞ്ഞു. ഇതോടെ രണ്ടുവരി കമുകുകളുടെ മധ്യത്തിലൂടെ കടന്നുപോയിരുന്ന വൈദ്യുതകന്പി ഒരു നിര കമുകുകളിലേക്കു ചെരിഞ്ഞു. ഇക്കാര്യം കെഎസ്ഇബി ഓഫീസിൽ പലതവണ അറിയിച്ചിരുന്നുവെന്നും ഭട്ട് പറഞ്ഞു. എന്നാൽ, തൂണു നേരെയാക്കാൻ ഒന്നും ചെയ്യാതിരുന്ന കെഎസ്ഇബി സ്ഥലമുടമയെ അറിയിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് കൃത്യം നടത്തി. മികച്ച കായ്ഫലം നൽകുന്ന മംഗള ഇനത്തിൽപ്പെട്ട കമുകുകളിൽനിന്നു നാലു വർഷമായി അടയ്ക്ക ലഭിക്കുന്നുണ്ടായിരുന്നു.
കെടുകാര്യസ്ഥതയും അഴിമതിയും മൂലം ഈ സംസ്ഥാനത്തിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട് വൈദ്യുതി വകുപ്പ്. അതിന്റെ ഭാരമെല്ലാം ചുമക്കുന്നത് ഉപയോക്താക്കളാണ്. അപകടസാധ്യതകൾ യഥാസമയം പരിഹരിക്കാത്തതിനാൽ നിരവധി മനുഷ്യരുടെ ജീവനെടുത്തിട്ടുമുണ്ട് കെഎസ്ഇബി. എന്നിട്ടോ? കുറ്റവാളികൾ ശിക്ഷിക്കപ്പെടാറില്ല. 2023 ഓഗസ്റ്റിൽ ഓണത്തിനു മുന്പ് കോതമംഗലം വാരപ്പെട്ടിയിൽ തോമസ് എന്ന കർഷകന്റെ 400 കുലവാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞത്.
ജനരോഷം ശക്തമായതിനെത്തുടർന്ന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിക്കുകയും ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളം കെഎസ്ഇബി ഇത്തരം ധാർഷ്ട്യം നടപ്പാക്കുന്നുണ്ട്. കൃഷിയിടങ്ങൾ വെട്ടിനിരത്തുന്പോൾപോലും മുന്നറിയിപ്പു നൽകാറില്ല. വാഴകൃഷി നശിപ്പിച്ചതിലും വലിയ നഷ്ടമാണ് കമുകുകൾ വെട്ടിനിരത്തിയതിലൂടെ ഉണ്ടായിരിക്കുന്നത്. വർഷങ്ങളോളം ലഭിക്കേണ്ടിയിരുന്ന വരുമാനമാണ് ഇല്ലാതാക്കിയത്. സ്ഥിരവിലയില്ലാത്തതും കമുകിൽ കയറാൻ ആളെ കിട്ടാത്തതും മൂലം പലരും കമുക് കൃഷിയിൽനിന്നു പിൻവാങ്ങി. കഴിഞ്ഞ മേയിൽ അടയ്ക്കയ്ക്ക് ഒരുവിധം വില കിട്ടിയിരുന്നെങ്കിലും സെപ്റ്റംബർ ആയതോടെ വിലയിടിഞ്ഞു. പിന്നീട് ഡിസംബറിൽ 450 രൂപവരെ ഉയർന്നു. ഇത്തരം അനിശ്ചിതാവസ്ഥകളെ അതിജീവിച്ചു മുന്നോട്ടു പോകാൻ കർഷകർ പെടാപ്പാടു പെടുന്പോഴാണ് കെഎസ്ഇബിയുടെ ക്രൂരവിനോദം. ബാലസുബ്രഹ്മണ്യ ഭട്ട് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
തന്റെ ഒന്പതു വർഷത്തെ അധ്വാനം ഒറ്റദിവസംകൊണ്ടു നശിച്ചുകിടക്കുന്നതു കാണേണ്ടിവന്ന കർഷകന്റെ വേദന കൃഷിമന്ത്രി പി. പ്രസാദും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും തിരിച്ചറിയണം. ഈ നഷ്ടം വരുത്തിവച്ചത് കെഎസ്ഇബിയല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇത്തവണ ഉത്തരവാദിയായ ഉദ്യോഗസ്ഥനെക്കൊണ്ട് നഷ്ടപരിഹാരം കൊടുപ്പിച്ചാൽ ഇനിയൊരുത്തനും കർഷകന്റെ അധ്വാനഫലത്തിനുമേൽ കൈ പൊക്കില്ല. ബാലസുബ്രഹ്മണ്യ ഭട്ടിനു പൂർണ നഷ്ടപരിഹാരം കൊടുക്കണം. വൈദ്യുതി തൂണ് നേരേയാക്കുന്നതിനു പകരം കമുക് വെട്ടാൻ ഉത്തരവിട്ട കുറ്റവാളി ശിക്ഷിക്കപ്പെടുകയും വേണം. ഇതൊരു പാഠമാകണം.