ഈ ആദിവാസി യുവതി മന്ത്രിയായിരുന്നെങ്കിൽ!
Thursday, February 27, 2025 12:00 AM IST
ആറളത്തൊരു ആദിവാസി യുവതി വനം മന്ത്രിയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞിട്ടുണ്ട്. മന്ത്രി വിയർത്തു. വനംവകുപ്പിനെ തീറ്റിപ്പോറ്റിക്കൊള്ളൂ. പക്ഷേ, ഇവിടെയൊരു വന്യജീവി പ്രതിരോധ വകുപ്പു വേണം. ഈ വനിതയെപ്പോലൊരാൾ മന്ത്രിയുമാകണം.
തലസ്ഥാനത്ത് ഇന്നൊരു ഉന്നതതലയോഗമുണ്ട്. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദന്പതിമാരെ ആന ചവിട്ടിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ വന്യജീവി ആക്രമണം തടയാനുള്ള നടപടികള് വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
പ്രിയപ്പെട്ട ഒരാളെപ്പോലും വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടിട്ടില്ലാത്തവരും നഷ്ടപ്പെടാനിടയില്ലാത്ത ജീവിതസാഹചര്യങ്ങളിൽ കഴിയുന്നവരും ശീതീകരിച്ച മുറിയിൽ വട്ടത്തിലിരുന്ന് വെടിപറഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയുന്ന പതിവാണ് ഇത്തവണയുമെങ്കിൽ എന്തിനീ പ്രഹസനം? ഈ മാസം മാത്രം ഏഴുപേരെ ആന ചവിട്ടിക്കൊന്നു, മുഖ്യമന്ത്രി. ഇനിയെത്ര കുരുതി വേണം? കഴിഞ്ഞദിവസം ആറളത്തെ ആദിവാസി യുവതി വനം മന്ത്രിയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞിട്ടുണ്ട്. മുഴുവൻ സർക്കാരിന്റെ കെടുകാര്യസ്ഥത. ഈ വനിതയെപ്പോലെ വന്യജീവികളുടെ ചലനങ്ങളും മനുഷ്യരുടെ വേദനയും തിരിച്ചറിയാവുന്ന ഒരാൾ മന്ത്രിസ്ഥാനത്തുണ്ടായിരുന്നെങ്കിൽ വനം വകുപ്പ് ഇത്ര ദുരന്തമാകുമായിരുന്നില്ല.
ആറളം കൊലക്കളമായി. നിലവിൽ എൺപതോളം ആനകളാണ് അവിടെ തന്പടിക്കുന്നത്. ജനരോഷം മറികടക്കാൻ ഇന്ന് അവയെ തുരത്തും, നാളെ തിരിച്ചുവരും. ഇത്തരം മുട്ടുശാന്തികൾകൊണ്ടു പ്രശ്നപരിഹാരം ഉണ്ടാകുമായിരുന്നെങ്കിൽ 2014 മുതൽ ഇതുവരെ ആറളത്ത് 17 പേർ കൊല്ലപ്പെടുകയില്ലായിരുന്നല്ലോ. സർവകക്ഷിയോഗവും ഉന്നതതല യോഗവും പ്രഖ്യാപനങ്ങളുമൊക്കെ കേട്ടുമടുത്ത ആദിവാസികളുടെ പ്രതിനിധിയായ ശ്യാമയാണ് കഴിഞ്ഞദിവസം, നിങ്ങളുടെ സുരക്ഷാനടപടികളും പണികളും മിനിറ്റ്സും ഒന്നും കാണണ്ട, ആറളത്ത് ഇനിയൊരാളും കൊല്ലപ്പെടില്ലെന്ന് എഴുതിത്തരാമോയെന്നു വനം മന്ത്രിയോടു ചോദിച്ചത്. ആ യുവതിയുടെ വാക്കുകൾ കേട്ടാൽ ആത്മാഭിമാനമുള്ള ഒരു മന്ത്രിയും ആ സ്ഥാനത്തു തുടരില്ല. “വന്യജീവി ആക്രമണത്തിൽ ദ്രുതഗതിയിൽ ഇടപെടേണ്ട റാപ്പിഡ് റെസ്പോൺസ് ടീമിനെ ഒരു പ്രയോജനവുമില്ലാതെ എന്തിനിങ്ങനെ വച്ചുവാഴിക്കണം.
ആന എവിടെയാണെന്ന് ആർആർടിക്ക് ആദിവാസി കാണിച്ചുകൊടുക്കണം. ആ പണം ഈ സാധാരണക്കാരെ ഏൽപ്പിച്ചാൽ അവരതു നന്നായി ചെയ്തുതരും. മൂന്നു മാസത്തിലൊരിക്കൽ അടിക്കാടു വെട്ടും, മൂന്നു വാഹനങ്ങളിൽ രാവും പകലും പട്രോളിംഗ് നടത്തും തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ പാഴായി. കാടുവെട്ടാൻ 35 ആദിവാസികൾക്കു പരിശീലനം നൽകി ഉപകരണങ്ങളും കൊടുത്തു. രണ്ടു മാസത്തിനകം ഫണ്ടില്ലെന്നു പറഞ്ഞു പണി നിർത്തിച്ചു. ഇപ്പോൾ മുടക്കിയ പണമെല്ലാം പാഴാക്കിക്കൊണ്ട് അതേ പണി ചെയ്യാൻ സ്വകാര്യ വ്യക്തിക്കു ലക്ഷങ്ങളുടെ കരാർ കൊടുത്തിരിക്കുന്നു. 10 മാസംകൊണ്ടു തീർക്കാനേൽപ്പിച്ച ആനമതിലാണ് അഞ്ചുവർഷമായിട്ടും ഒന്നുമാകാത്തത്. ആറളം ഫാമിനെക്കുറിച്ച് ഉന്നതരും ഉദ്യോഗസ്ഥരും പറയുന്നതേ സാറിന് അറിയത്തുള്ളൂ. ഈ മനുഷ്യരോട് ചോദിക്ക്.” ശ്യാമ പറഞ്ഞ കാര്യങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. സർക്കാരിന്റെ പാഴായ വാക്കുകൾ, പതിവാകുന്ന മരണം.
ആക്രമണകാരിയായ വന്യജീവിയെ കൊല്ലാൻ അപ്രായോഗികമായ നടപടിക്രമങ്ങൾകൊണ്ട് നിറച്ചിരിക്കുന്ന 1972ലെ വനം വന്യജീവി നിയമത്തിലല്ല, അക്രമകാരികളായ വന്യജീവികളെ കൊല്ലാനുള്ള വകുപ്പുകൾ സർക്കാർ ഉപയോഗിക്കാത്തതിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും എതിർപ്പ്. കാരണം, അവരുടെ കേന്ദ്രനേതൃത്വങ്ങൾ നിയമത്തിന് അനുകൂലമാണ്. ആറളത്തെത്തിയ വനംമന്ത്രിയുടെ കാറിന്റെ ബോണറ്റിൽ ചവിട്ടിക്കയറി പ്രതിഷേധിച്ചവർ വനം-വന്യജീവി നിയമത്തിനെതിരേ പാർലമെന്റിൽ സംസാരിക്കില്ലെന്നു പറഞ്ഞ പ്രിയങ്കഗാന്ധി എംപിയുടെ മുന്നിൽ താണുവണങ്ങും.
നിയമത്തിന്റെ അപ്രായോഗികത അറിയാമെങ്കിലും ഹർത്താൽ നടത്തി കണ്ണിൽ പൊടിയിടാനല്ലാതെ കേന്ദ്രത്തോടു കാര്യം പറയാൻ സംസ്ഥാനത്തെ ബിജെപിക്കു മുട്ടിടിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണെങ്കിലും വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ ഇവിടത്തെ ഒരു രാഷ്ട്രീയ പാർട്ടിക്കും കൃത്യമായ പഠനമോ പദ്ധതികളോ കാഴ്ചപ്പാടോ ഇല്ല.
വന്യജീവികളുടെ എണ്ണം വർധിച്ചതും മറ്റൊരു കാരണമായി. പക്ഷേ, എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് വനംവകുപ്പ് പറയുന്നത്. എങ്കിൽ, വനത്തിലെ വിഹാരമേഖല വർധിച്ചിട്ടും ഇവയെല്ലാം നാട്ടിലിറങ്ങുന്നത് എന്തിനാണ്? ആരോടു ചോദിക്കാൻ? ഇത്തരം കണക്കുകളുമായി നടക്കുന്ന വനം വകുപ്പുദ്യോഗസ്ഥരാണ് ഇന്നത്തെ ഉന്നതതല യോഗവും നിയന്ത്രിക്കുന്നത്. എന്തൊരു നിസഹായാവസ്ഥയാണിത്! മറ്റൊരു വാദം, വന്യജീവികളുടെ ആവാസവ്യവസ്ഥ മനുഷ്യൻ കൈയേറി എന്ന പരിസ്ഥിതിക്കാരുടെ മുട്ടാപ്പോക്കാണ്.
തീർച്ചയായും, കേരളത്തിൽ എന്നല്ല ലോകത്തെവിടെയും ഒരിക്കൽ കാടായിരുന്ന പ്രദേശങ്ങളിലാണ് ഈ വന്യജീവി-പരിസ്ഥിതിപ്രേമികൾ ഉൾപ്പെടെ എല്ലാവരും ജനവാസകേന്ദ്രങ്ങളും നഗരങ്ങളുമൊക്കെ കെട്ടിപ്പടുത്തു ജീവിക്കുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ ജീവിക്കണമെന്ന് അവിടെയുള്ള കർഷകർക്കും ആദിവാസികൾക്കും ഒരു നിർബന്ധവുമില്ല. അവർക്കു മറ്റെവിടെയെങ്കിലും അന്തസായി ജീവിക്കാനുള്ള വഴിയൊരുക്കിക്കൊടുത്താൽ മതി. ഇതൊന്നും ചെയ്യാതെ സുരക്ഷിതമായ വീടുകളിൽ സുഖിച്ചുവാഴുന്നവർ മരണമുഖത്തു കഴിയുന്നവരെ വെല്ലുവിളിക്കുകയാണ്.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനവും നിലവിൽ വനമാണ്. അതു വർധിപ്പിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയായി ബഫർസോണുകൾ മാറിയിട്ടുണ്ട്. ഒഴിച്ചിടുന്ന ബഫർ സോണുകൾ താമസിയാതെ വനമാകുകയും വന്യജീവികളുടെ ആവാസകേന്ദ്രമാകുകയും ചെയ്യും. ആറളത്ത് ഉൾപ്പെടെ മലയോരങ്ങളിൽനിന്ന് പതിനായിരങ്ങൾ കുടിയിറങ്ങിക്കഴിഞ്ഞു. പോകാൻ മറ്റൊരിടവുമില്ലാത്തവർക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും പ്രാകൃതനിയമങ്ങളുടെ ഇലയിട്ടു കൊലച്ചോറു വിളന്പുന്നത്.
വനംവകുപ്പിനെ തീറ്റിപ്പോറ്റിക്കൊള്ളൂ. പക്ഷേ, അവരുടെ ഉന്മൂലന പദ്ധതികളെ ചെറുത്ത് മനുഷ്യരെ സംരക്ഷിക്കാൻ ഇവിടെയൊരു വന്യജീവി പ്രതിരോധ വകുപ്പു വേണം. അതിന്റെ ചുമതല ആറളത്തെ ശ്യാമയെപ്പോലുള്ള ആദിവാസികളെയോ വനാതിർത്തിയിലെ നരകയാതനക്കാരായ കർഷകരെയോ ഏൽപ്പിക്കണം.