കപട രാഷ്ട്രീയത്തിനു രണ്ടു രക്തസാക്ഷികൾകൂടി
Tuesday, February 25, 2025 12:00 AM IST
ഫെബ്രുവരിയിൽ മാത്രം കേരളത്തിൽ ഏഴു മനുഷ്യരെ കാട്ടാന ചവിട്ടിക്കൊന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കൊന്പത്തെ രാഷ്ട്രീയക്കാരെല്ലാം ഒത്തുകളിച്ച്
ജനത്തിനു ദുർമരണം ഉറപ്പാക്കിയിരിക്കുന്നു.
കാട്ടാനകളും കാഴ്ചക്കാരായ സർക്കാരും ജനദ്രോഹ വനംവകുപ്പും ചേർന്ന് ഫെബ്രുവരിയിൽ ഇതുവരെ ചവിട്ടിക്കൊന്നത് ഏഴു പേരെയാണ്. ഞായറാഴ്ച കൊന്നത് ആറളം ഫാമിലെ ആദിവാസി ദന്പതിമാരെ. ഏതൊരു സർക്കാരും തലകുനിച്ചുപോകും. പക്ഷേ... വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്നു പരിശോധിക്കുമെന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്.
അദ്ദേഹത്തോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. ഒന്പതു വർഷമായി പഠിച്ചു പഠിച്ചു തോറ്റുകൊണ്ടിരിക്കുന്ന സർക്കാരിനെതിരേയുള്ള പഴി കേൾക്കാൻ ഒരു വിധേയൻ. ഇതിനൊക്കെ വിലയായി കൊടുക്കേണ്ടതു മനുഷ്യജീവനാണല്ലോ എന്നതാണ് സംസ്ഥാനത്തിന്റെ വിധി. കണ്ണൂർ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതിമാരായ വെള്ളിയെയും ഭാര്യ ലീലയെയുമാണ് കാട്ടാന ചവിട്ടിക്കൊന്നത്.
മൃതദേഹങ്ങൾ ചവിട്ടിയരച്ച് തിരിച്ചറിയാത്ത വിധമാക്കി. കശുവണ്ടി ശേഖരിച്ചശേഷം വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്കു വരുന്ന വഴിയിൽ ആളൊഴിഞ്ഞ വീടിന്റെ പിന്നിൽനിന്നെത്തി കാട്ടാന ആക്രമിക്കുകയായിരുന്നു. മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് ഛിന്നഭിന്നമായ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മാസം മാത്രം ഏഴു പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു.
ചിന്നാർ വന്യജീവി സങ്കേതത്തിനടുത്തു വനംവകുപ്പിനുവേണ്ടി കാട് തെളിക്കാനെത്തിയ ബിമൽ, ഇടുക്കി പെരുവന്താനത്ത് സോഫിയ, വയനാട് നൂൽപ്പുഴയിൽ മാനു, തിരുവനന്തപുരം പാലോട് ബാബു, തൃശൂർ താമരവെള്ളച്ചാലിൽ ആദിവാസിയായ പ്രഭാകരൻ, ഇപ്പോൾ വെള്ളി, ഭാര്യ ലീല. ലോകത്തു മറ്റെവിടെയെങ്കിലും ഇത്തരമൊരു കഴിവുകെട്ട സർക്കാരിനു കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ പറ്റുമോ?
കോൺഗ്രസും ബിജെപിയും ആറളം പഞ്ചായത്തിൽ ഹർത്താൽ നടത്തി. ഈ തൊലിക്കട്ടിരാഷ്ട്രീയം ജനം തിരിച്ചറിയണം. വന്യജീവി ആക്രമണത്തിനു വഴിയൊരുക്കുന്ന 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ കാവൽസംഘത്തിൽ പെട്ടതാണ് ഈ രണ്ടു പാർട്ടികളും. വന്യജീവി സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്നാണ് ഞായറാഴ്ചത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.
അടുത്തമാസം ആദ്യം ലോക വന്യജീവിദിനം ആഘോഷിക്കുന്പോൾ വന്യജീവി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. വന്യജീവികൾ കൊന്നൊടുക്കുന്ന മനുഷ്യരുടെ കബന്ധങ്ങളാൽ നാടു നിറയുന്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു! 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ അക്കൗണ്ടിൽ ഈ മാസം കേരളത്തിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി വരവു വയ്ക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ കേന്ദ്രത്തോടു പറയണം.
കാടു നിറഞ്ഞ വന്യജീവികളെ താലോലിക്കുകയല്ല, വേട്ടയാടി തിന്നുകയാണ് ലോകരാജ്യങ്ങളെല്ലാം. അവിടത്തെ അധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും അത്ര വില കൽപ്പിക്കുന്നുണ്ട്. കണ്ടില്ലേ, വയനാട്ടിലെ മനുഷ്യർ ക്രൂരമരണത്തിന് ഇരകളാകുന്പോൾ അവരുടെ എംപി വന്യജീവി സംരക്ഷണ നിയമത്തിനു കാവൽ നിൽക്കുന്നത്.
മനുഷ്യജീവിതത്തിന്റെ കഠിനയാഥാർഥ്യങ്ങളെക്കുറിച്ച് ഇവരൊക്കെ എന്നാണു പഠിക്കുക? അര നൂറ്റാണ്ടു മുന്പത്തെ സാഹചര്യത്തിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം ഇന്നു ജനത്തിനു മരണവാറണ്ടായെന്ന് പ്രിയങ്കയോടു പറയാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കു കഴിയുന്നില്ല. പ്രിയങ്ക ഗാന്ധിയെ മറികടന്ന്, ഈ നശിച്ച നിയമം മാറ്റണമെന്നു പാർലമെന്റിൽ പറയാൻ കോൺഗ്രസ് എംപിമാർക്കു നട്ടെല്ലുണ്ടാകില്ല.
72ലെ നിയമത്തിനപ്പുറം കോടതിയും ഇല്ല. ഇതിനൊക്കെ പുറമേ സംസ്ഥാനത്ത് ശശീന്ദ്രനെപ്പോലെ ഒരു മന്ത്രിയും! കേരളം വീണിരിക്കുന്നതു വല്ലാത്തൊരു ഊരാക്കുടുക്കിലാണ്. സിപിഎമ്മും കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കൊന്പത്തെ രാഷ്ട്രീയക്കാരെല്ലാം ഒത്തുകളിച്ച് ജനത്തിനു ദുർമരണം ഉറപ്പാക്കിയിരിക്കുന്നു. ഇവരിൽ പ്രതീക്ഷയർപ്പിച്ചിട്ടു കാര്യമില്ല.
ജനാധിപത്യത്തിൽ രാഷ്ട്രീയമെന്നാൽ നേതാക്കളുടേതു മാത്രമല്ല, ജനങ്ങളുടേതുമാണെന്നു തിരിച്ചറിയണം. നമ്മുടെ പ്രാണനേക്കാൾ വലുതല്ല, വന്യജീവികളിൽനിന്നു സുരക്ഷിതമായി ചില്ലുമേടയിലിരിക്കുന്ന ഒരു നേതാവും. ആദിവാസി, കർഷക, മനുഷ്യാവകാശ സംഘടനകൾ ഒന്നിക്കണം; ഈ ഗതികെട്ട കാലത്തിന് അറുതിയുണ്ടാകണം.