ഫെബ്രുവരിയിലെ സ്പെഷൽ മാർച്ച്
Wednesday, February 19, 2025 12:00 AM IST
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സ്കൂളുകൾ സ്പെഷൽ ആകണമെങ്കിൽ ഏതാനും മനുഷ്യർ ജീവിതം ഉഴിഞ്ഞുവച്ചാൽ മാത്രം പോരാ. ഒപ്പമുണ്ടെന്നു സർക്കാർ ഉറപ്പുകൊടുക്കുകയും വേണം.
ഇന്ന് വിശേഷപ്പെട്ട ഒരു മാർച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് വരും. ഭിന്നശേഷിക്കാർക്കുവേണ്ടി, അവരെ സംരക്ഷിക്കുന്ന സംഘടനകളാണ് സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും നടത്തുന്നത്. ലോകത്തെവിടെയായാലും, പരിമിതികളെ മറികടക്കാനുള്ള മനുഷ്യപ്രയത്നങ്ങളെ പിന്തുണയ്ക്കുന്നത് മനുഷ്യത്വത്തോടുള്ള ഭരണകൂട പ്രതിബദ്ധതയുടെ ഉരകല്ലാണ്.
ഫെബ്രുവരിയിലെ ഈ കൊടുംചൂടിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർ നീതിക്കുവേണ്ടി നടത്തുന്ന സ്പെഷൽ മാർച്ചിനെ കേരളം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഒരു കൈത്താങ്ങു മതി, അവർ വീഴാതിരിക്കാൻ.
18 വയസിനു മുകളില്‍ പ്രായമുള്ള ശാരീരിക-മാനസിക ന്യൂനതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ഗ്രാന്റുകൾ ലാപ്സാകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഡിഡിആര്‍എസ് (ദീൻദയാൽ ഡിസേബിൾഡ് റീഹാബിലിറ്റേഷൻ സ്കീം) ഗ്രാന്റ് നല്കുന്ന സ്പെഷല്‍ സ്കൂൾ വിദ്യാര്‍ഥികളുടെ പ്രായപരിധി 23 വയസായിരിക്കെ കേരളം പ്രായപരിധി 18 വയസായി ചുരുക്കിയതാണ് ഇതിനു കാരണം.
ഇത് 23 വയസായി പുനര്നിശ്ചയിക്കണമെന്നതാണ് ഇന്നത്തെ മാർച്ചിന്റെ പ്രധാന ആവശ്യം. ഈ സാങ്കേതികത്വം പരിഹരിച്ചാൽ 19 മുതൽ 23 വരെ പ്രായമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും അവരെ പരിചരിക്കുന്ന സന്നദ്ധസംഘടനകൾക്കും വലിയ ആശ്വാസമാകും.
അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ്, പേരന്റ്സ് അസോസിയേഷന് ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ്, സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന്, അസോസിയേഷന് ഫോര്‍ ദ വെല്‍ഫയര്‍ ഓഫ് സ്പെഷല്‍ സ്കൂള്‍ സ്റ്റാഫ്, സ്പെഷല്‍ ഒളിംപിക്സ് ഭാരത് കേരള, മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ഉപരോധവും.
ഇവരുടെയൊക്കെ നിസ്വാർഥ സേവനങ്ങൾക്കും ത്യാഗങ്ങൾക്കുമൊക്കെ സാധിക്കുന്ന പിന്തുണയെങ്കിലും കൊടുക്കേണ്ടതല്ലേ? ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് 600 രൂപ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയും വർഷങ്ങളായി അവതാളത്തിലാണ്.
2018നു ശേഷമുള്ള അപേക്ഷകള്‍കൂടി പരിഗണിച്ച് ആശ്വാസകിരണം കുടിശികയില്ലാതെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നല്‍കണം. നിരാമയ ഇന്‍ഷ്വറന്‍സ് പ്രീമിയം മുമ്പ് കേരള സര്‍ക്കാര്‍ അടച്ചിരുന്നത് നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണം. ശാരീരിക-മാനസിക ന്യൂനതയുള്ളവർക്ക് ഒരു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന പദ്ധതി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എത്ര വിലപ്പെട്ടതാണെന്നു സർക്കാർ തിരിച്ചറിയണം.
ഭിന്നശേഷിക്കാര്‍ക്കുള്ള പെൻഷൻ മറ്റ് വിഭാഗങ്ങളേക്കാള്‍ 25 ശതമാനം അധികം അഥവാ 2000 രൂപയായി വര്‍ധിപ്പിക്കുക, ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും യുഡിഐഡി കാര്‍ഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഉപരോധം.
ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ജീവിതക്രമങ്ങളെ മുഖ്യധാരയുമായി ചേർത്തുനിർത്താൻ പെടാപ്പാടു പെടുകയാണ്. അതുപോലെ, ഇത്തരം കുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സഹതാപവും അനുമോദനവും മാത്രം പോരാ, സാന്പത്തിക സഹായവും ഉറപ്പാക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിശ്ചിതത്വത്തിലാകുന്പോഴും തങ്ങളുടെ സംരക്ഷണയിലുള്ളവരെ അവർ ചേർത്തുപിടിക്കുന്നതുകൊണ്ടാണ് ഈ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ചിരിയും ആത്മവിശ്വാസവും കെടാതിരിക്കുന്നത്. ഒരു ജനക്ഷേമ സർക്കാരിന്റെ ചുമതലകളിലാണ് ഈ സംഘടനകൾ നിസ്വാർഥമായി പങ്കെടുക്കുന്നത്.
ഇവയിൽനിന്നൊക്കെ സർക്കാർ പിൻവാങ്ങുന്നത് സാന്പത്തിക പ്രതിസന്ധികൊണ്ടാകാം. പക്ഷേ, സമൂഹത്തിലെ ഏറ്റവും പരിഗണനയർഹിക്കുന്നവരുടെ ക്ഷേമംപോലും ഉറപ്പാക്കാനാകുന്നില്ലെങ്കിൽ സർക്കാരിന്റെ മുൻഗണനാക്രമങ്ങളെ അടിമുടി പൊളിച്ചടുക്കാൻ സമയമായി എന്നാണർഥം.
മാർക് ട്വയിന്റെ വാക്കുകളിൽ “അന്ധർക്കും ബധിരർക്കും സംസാരശേഷിയില്ലാത്തവർക്കുമൊക്കെ തിരിച്ചറിയാവുന്ന ഭാഷ കരുണയുടേതാണ്.” ഭിന്നശേഷിക്കാരുടെ ഈ മാർച്ച് സെക്രട്ടേറിയറ്റിന്റെ പടിക്കലെത്തുന്പോഴെങ്കിലും സർക്കാരിന് ആ ഭാഷയിൽ സംസാരിക്കാനായാൽ എത്ര നന്നായിരുന്നു!