വികസന നവോത്ഥാനത്തിന്റെ കൊച്ചി വിളംബരം
Monday, February 24, 2025 12:00 AM IST
കേരള വികസനത്തിനു രാഷ്ട്രീയം തടസമാകില്ലെന്ന സന്ദേശം നൽകാൻ നിക്ഷേപ ഉച്ചകോടിക്കു തത്വത്തിൽ കഴിഞ്ഞു. ഇനി പ്രായോഗികതയിലാണ് കാര്യം. യുഡിഎഫ് തുടങ്ങിയതുകൊണ്ടു പൂർത്തിയാക്കാത്ത പദ്ധതികളുണ്ടെങ്കിൽ അവിടെ തുടങ്ങാം. വികസനത്തെ രാഷ്ട്രീയബന്ധനങ്ങളിൽനിന്നു മോചിപ്പിച്ചുകഴിഞ്ഞെന്നു ലോകമറിയട്ടെ.
ലാസ്റ്റ് ബസിൽ കയറാൻ യാത്രക്കാർ മറ്റെല്ലാ താത്പര്യങ്ങളും മാറ്റിവയ്ക്കാറുണ്ട്. ഡ്രൈവറും കണ്ടക്ടറും തിരക്കുമൊന്നും പ്രശ്നമല്ല. ഇല്ലെങ്കിൽ വീട്ടിലെത്താനാവില്ല. അതുമായി താരതമ്യപ്പെടുത്താവുന്ന അതിജീവനത്തിന്റെ അവസാന ബസാണ് കൊച്ചിയിലെ നിക്ഷേപ കേരള ഉച്ചകോടി. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ബസിലുണ്ട്. 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ഉണ്ടായിരിക്കുന്നത്. വാഗ്ദാനങ്ങൾ നടപ്പിലായാൽ വ്യവസായത്തിനു മാത്രമല്ല, തൊഴിൽരംഗത്തിനും ഉണർവാകും.
നികുതിവരുമാനം വർധിക്കും. പരിതാപകരമായ സാന്പത്തികനില മെച്ചപ്പെടും. എല്ലാറ്റിലുമുപരി, ഇടുങ്ങിയ രാഷ്ട്രീയത്തിനു പകരം ഭരണ, പ്രതിപക്ഷ സഹകരണത്തിന്റെ പുതിയൊരു സംസ്കാരം രൂപപ്പെടും. വാഗ്ദാനങ്ങളുടെ രാജവീഥി കടന്ന് ദുർഘടപാതകളിലൂടെ കടന്നുപോകേണ്ടിവരുന്പോഴും ലാസ്റ്റ് ബസാണെന്നു മറക്കരുത്. കേരളത്തിലെ വികസന നവോത്ഥാനത്തിന്റെ കൊച്ചി വിളംബരം വിജയിച്ചേ തീരൂ.
ശനിയാഴ്ച അവസാനിച്ച ദ്വിദിന നിക്ഷേപക ഉച്ചകോടിയിൽ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യ പ്രഖ്യാപനങ്ങൾ ലഭിച്ചെന്നാണ് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത്. 374 കമ്പനികൾ നിക്ഷേപസന്നദ്ധത അറിയിച്ചു. 66 കന്പനികൾ താത്പര്യപത്രം കൈമാറി. 26 കമ്പനികൾ 1,000 കോടിക്കു മുകളിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. 26 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജയന്ത് ചൗധരി, പിയൂഷ് ഗോയൽ, ജോർജ് കുര്യൻ, സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്തു. കാര്യം നിസാരമല്ല. ചുവപ്പുനാട പ്രശ്നം ഉണ്ടാകില്ലെന്നും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഉറപ്പു നൽകിയത് മുഖ്യമന്ത്രി തന്നെയാണ്. വികസനത്തിന്റെ കാര്യത്തിൽ എല്ലാ സഹകരണവുമുണ്ടാകുമെന്നറിയിച്ച വി.ഡി. സതീശൻ, ഇപ്പോഴത്തെ സഹകരണം ഭരിക്കുന്നവർ പ്രതിപക്ഷത്താകുന്പോഴും തുടരണമെന്നും ഓർമിപ്പിച്ചു.
രാഷ്ട്രീയ താത്പര്യങ്ങൾ വികസനത്തെ പിന്നോട്ടടിക്കുന്ന കാഴ്ചയേ കേരളം കണ്ടിട്ടുള്ളൂ. അതിന്റെ അവസാനത്തിന്റെ ആരംഭമായി ഈ നിക്ഷേപ ഉച്ചകോടി മാറണം. കേരളത്തിന്റെ വികസനത്തിനു രാഷ്ട്രീയഭിന്നതകൾ തടസമാകില്ലെന്ന സന്ദേശം സംരംഭകർക്കു നൽകാൻ ഉച്ചകോടിക്കു തത്വത്തിൽ കഴിഞ്ഞു. ഇനിയതിന്റെ പ്രായോഗികതയിലാണ് കാര്യം. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് ആദ്യം തെളിയിക്കാനാകുന്നത് ഭരണകക്ഷിക്കാണ്. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിയതുകൊണ്ടു മാത്രം ഇന്നും പൂർത്തിയാകാതെ കിടക്കുന്ന ഏതെങ്കിലും പദ്ധതികളുണ്ടെങ്കിൽ ആദ്യം അതു പൂർത്തിയാക്കണം. വികസനത്തെ രാഷ്ട്രീയബന്ധനങ്ങളിൽനിന്നു മോചിപ്പിച്ചുകഴിഞ്ഞെന്നു ലോകമറിയട്ടെ.
സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് വ്യവസായ വകുപ്പിന്റെ കഠിനാധ്വാനം ഇതിനു പിന്നിലുണ്ട്. പ്രതിസന്ധികളെ സർക്കാർ അവസരമാക്കിയിരിക്കുന്നു. അതു ഫലം കണ്ടേ തീരൂ. യാഥാർഥ്യബോധമുള്ള നിക്ഷേപനിർദേശങ്ങൾ മാത്രമാണ് അന്വേഷിക്കുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. ഫാസ്റ്റ്-ട്രാക്ക് സംവിധാനവും നിർദേശങ്ങളുടെ തുടർനടപടികളും ഉണ്ടായിരിക്കും. ഇതിനുള്ള ടോൾ-ഫ്രീ നമ്പറും ഇ-മെയിൽ വിലാസവും അറിയിക്കും. ഏറ്റവും ശ്രദ്ധേയമായ കാര്യം, കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ആദ്യദിനത്തിൽ 50,000 കോടിയുടെ റോഡ് വികസനം പ്രഖ്യാപിച്ചു എന്നതാണ്. വ്യവസായത്തിനു മാത്രമല്ല, വിനോദസഞ്ചാര സാധ്യതകളുടെ അക്ഷയഖനിയായ കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിനും അതു വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരും ഗഡ്കരിക്കു പിന്നാലെ നിൽക്കണം. മികച്ച റോഡുകൾക്കു മുന്പുതന്നെ സംസ്ഥാനം നടപ്പാക്കേണ്ട മൂന്ന് അടിസ്ഥാന കാര്യങ്ങളുണ്ട്. വന്യജീവി ആക്രമണം, തെരുവുനായ ശല്യം, വൃത്തിഹീനമായ പരിസരങ്ങൾ. വന്യജീവി ആക്രമണം ഭയന്ന് സന്ധ്യമയങ്ങിയാൽ വിനോദസഞ്ചാരികൾക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതി മലബാറിലും ഇടുക്കിയിലുമുണ്ട്. അലഞ്ഞുനടക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാനും ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക്കും ജൈവമാലിന്യവും നമ്മുടെ പ്രകൃതിസൗന്ദര്യത്തിന്റെ ശാപമാണ്. മലകളും താഴ്വരകളും ജലസ്രോതസുകളുമെല്ലാം വീണ്ടെടുക്കണം. പുതിയ വ്യവസായങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
വ്യവസായസൗഹൃദമെന്നാൽ പ്രകൃതി-മനുഷ്യവിരുദ്ധമല്ലെന്ന അടിസ്ഥാന പാഠം ആവേശത്തിനിടെ മറക്കുകയുമരുത്. തൊഴിലാളിയും മുതലാളിയും പരസ്പരം ചൂഷണം ചെയ്യുകയല്ല, പരസ്പരം വളർത്തുകയാണു ചെയ്യേണ്ടത്. മറ്റൊന്ന്, സർക്കാരിന്റെ ഈ കുതിപ്പിനെ തടയാൻ ഒരുദ്യോഗസ്ഥനെയും അനുവദിക്കരുത്. മാനദണ്ഡങ്ങളും സമയക്രമങ്ങളും ഉണ്ടാകണം. കൈക്കൂലി വാങ്ങിയില്ലെങ്കിൽ കൈവിറയ്ക്കുന്നവരുണ്ട്. അവരെ നിലയ്ക്കു നിർത്താൻ ഒരു സർക്കാരിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല. അതിന് അന്ത്യം കുറിക്കണം. മറ്റൊന്ന്, രാഷ്ട്രീയ പാർട്ടികളാണ്. വിയർക്കാതെ അപ്പം കഴിക്കുന്നതിന്റെയും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുന്നതിന്റെയും കാലം 2025 ഫെബ്രുവരി 22ന് അവസാനിച്ചെന്ന് അവരെ അറിയിക്കണം.
കേരളപ്പിറവി മുതൽ ഇന്നോളം സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ തടസം ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു. അതിന്റെ ശാപം അനുഭവിച്ചത് ജനങ്ങളാണ്. രാഷ്ട്രീയ കുതന്ത്രങ്ങളെ വികസനപദ്ധതികളിൽനിന്ന് അകറ്റുകയും അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്താൽ ലോകം കേരളത്തിലെത്തുമെന്ന് ജനങ്ങൾക്കറിയാമായിരുന്നു. ഇപ്പോഴിതാ സർക്കാരും പ്രതിപക്ഷവും തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി വൈകരുത്, ലാസ്റ്റ് ബസാണ്.