രാഷ്ട്രീയ നിയമനമല്ലേ, ചോദിച്ചതു കൊടുത്തു
Thursday, February 20, 2025 12:00 AM IST
എല്ലുമുറിയെ പണിയെടുത്തു വലഞ്ഞ ആശാ വർക്കർമാർ ജീവിക്കാനുള്ള പ്രതിഫലത്തിനുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം കാണാത്തവർ, പിഎസ്എസി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങൾ വാരിവിതറുന്നു. എവിടെയോ എന്തോ കുഴപ്പമില്ലേ?
സമരമില്ല, സത്യഗ്രഹമില്ല, പ്രതിഷേധപ്രകടനമില്ല... അവർ ചോദിച്ചു, സർക്കാർ കൊടുത്തു. പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാനും അംഗങ്ങൾക്കും ശന്പളം വർധിപ്പിക്കാൻ ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് അലവൻസുകൾ ഉൾപ്പെടെ പിഎസ്സി ചെയർമാന് 3.5-4 ലക്ഷത്തിനിടയിലും അംഗങ്ങൾക്ക് 3.5 ലക്ഷത്തോളവും രൂപ ലഭിച്ചേക്കും. ഇതു കേട്ടപ്പോൾ, മലയാളിയുടെ മസ്തിഷ്കത്തിൽ ആദ്യം തെളിഞ്ഞത്, സെക്രട്ടേറിയറ്റിനു പുറത്ത് രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരായ വനിതകളുടെ സങ്കടം നിഴലിക്കുന്ന മുഖമാണ്. ഒരു പിഎസ്സി അംഗത്തിന് ലഭിക്കാനിരിക്കുന്ന ഒരു മാസത്തെ ശന്പളം, ആ പാവങ്ങൾക്കു കിട്ടണമെങ്കിൽ മൂന്നുകൊല്ലം പണിയെടുക്കണം. ജനം എന്തു വിചാരിക്കുമെന്നുപോലും ചിന്തിക്കാൻ ശേഷിയില്ലാത്ത ഈ സർക്കാർ ആരുടേതാണ്?
ചെയർമാനും അംഗങ്ങളും അടക്കമുള്ളവരുടെ പ്രതിമാസ ശന്പളത്തിൽ 1.25-1.5 ലക്ഷത്തോളം രൂപയുടെ വർധന വരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ചെയർമാന്റെ ശന്പളസ്കെയിൽ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്കെയിലിനും, അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷൻ ഗ്രേഡിനും സമാനമായി പരിഷ്കരിക്കാനാണ് തീരുമാനം. നിലവിൽ പിഎസ്സി ചെയർമാന് ലഭിക്കുന്ന 2.60 ലക്ഷം രൂപയും അംഗങ്ങൾക്കു ലഭിക്കുന്ന 2.42 ലക്ഷം രൂപയുമാണ് 3.5-4 ലക്ഷവും 3.5 ലക്ഷവുമായി വർധിപ്പിച്ചത്.
കൂടാതെ ഇവർക്ക് കാർ, ഡ്രൈവർ, താമസത്തിന് ഫ്ളാറ്റ് എന്നിവയുമുണ്ട്. പെൻഷന്റെ കാര്യംകൂടി അറിഞ്ഞാലേ ചിത്രം പൂർണമാകൂ. പരമാവധി കാലയളവായ ആറു വർഷവും അംഗത്വമുണ്ടായിരുന്നയാൾക്ക് ശന്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാന പെൻഷനായി ലഭിക്കും. കൂടാതെ, യഥാസമയങ്ങളിലെ ഡിഎയുമുണ്ടാകും. അതായത്, രണ്ടു ലക്ഷത്തിനു മുകളിൽ പ്രതിമാസ പെൻഷൻ! ഒരു വർഷം പിഎസ്സി അംഗമായി ഇരുന്നയാൾക്ക് ശന്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെൻഷൻ തുക. തുടർന്നുള്ള ഓരോ വർഷവും 7.5 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കും.
പിഎസ്സി വഴിയുള്ള തൊഴിലവസരങ്ങൾ പകുതിയോളം കുറഞ്ഞ കാലത്താണ് ഈ അധികാര ദുർവിനിയോഗം എന്നോർക്കണം. അതായത്, സർക്കാർ ജോലികൾ ഏതാണ്ട് ഇല്ലാതാകുകയാണെങ്കിലും മേൽനോട്ടക്കാർക്കുവേണ്ടി സ്ഥാപനം ഉഷാറാക്കി. സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയൊന്നുമില്ലെങ്കിലും പിഎസ്സി അംഗങ്ങൾ സർക്കാരിന് അപേക്ഷ കൊടുത്തിരുന്നു. ഭരണഘടനാപദവിക്ക് അനുസരിച്ച് ചെയർമാന് നാല് ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷത്തോളം രൂപയും ലഭിക്കുംവിധം ശന്പളം പരിഷ്കരിക്കണമെന്നായിരുന്നുവത്രേ ആവശ്യം. അതു ധനവകുപ്പ് പലതവണ മാറ്റിവച്ചിരുന്നു. വിയർത്തൊഴുകി പണിയെടുത്തിട്ടും അഷ്ടിക്കു വക ലഭിക്കാത്ത ആശാ വർക്കർമാരെ രാഷ്ട്രീയമായി ആരോ ഉപയോഗിക്കുകയാണെന്നു പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്ഥലത്തുണ്ട്.
രാഷ്ട്രീയ ഗൂഢാലോചനയുമില്ല, ധന പ്രതിസന്ധിയുമില്ല. ഇതിന്റെ രാഷ്ട്രീയം, ഭരണകക്ഷിയുടെ വേണ്ടപ്പെട്ടവർക്കാണ് ഇതു വാരിക്കോരി കൊടുക്കുന്നത് എന്നതാണ്. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ്-എം, എൻസിപി എന്നിവരുടെ പ്രതിനിധികളാണ് അംഗങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്തിയിട്ടുള്ളതും കേരള പിഎസ്സിയിലാണ്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവന-വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനമായതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കേരളം പിന്നിലാകരുതല്ലോ!
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായിരുന്ന ശിവരഞ്ജിത്തും പ്രണവും നസീമും കേരളാ പോലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ തട്ടിപ്പു നടത്തിയാണ് റാങ്ക് ലിസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയതെന്ന വാര്‍ത്തകൾക്കുശേഷം പിഎസ്സി ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ്. കേരളത്തിലെ തൊഴിൽരഹിതരുടെ നാണയത്തുട്ടുകളാണ് പിഎസ്സി അംഗങ്ങൾ വീതംവച്ചെടുക്കുന്നത് എന്നുകൂടി പറയേണ്ടതുണ്ട്.
തൊഴിലന്വേഷകരിൽനിന്നു ഫീസായി വാങ്ങുന്ന പണം, വകുപ്പുതല പരീക്ഷകളുടെ ഫീസ്, കോർട്ട് ഫീ സ്റ്റാന്പുകളുടെ വരുമാനം, പോസ്റ്റൽ ഓർഡറുകളിലൂടെ ലഭിക്കുന്ന തുക, പിഎസ്സി ബുള്ളറ്റിൻ വിറ്റുകിട്ടുന്ന പണം എന്നിവയൊക്കെയാണ് വരുമാനം. ഓരോ ഒഴിവിലേക്കും തൊഴിലില്ലാത്ത ആയിരങ്ങളും പതിനായിരങ്ങളും അപേക്ഷ സമർപ്പിക്കുന്പോൾ ലഭിക്കുന്ന തുക, കൈ നനയാതെ കൊണ്ടുപോകുന്നവർക്കല്ല, അതൊക്കെ പാസാക്കിക്കൊടുക്കുന്നവർക്കാണ് കുറ്റബോധമുണ്ടാകേണ്ടത്.
സാമൂഹികസുരക്ഷാ, ക്ഷേമപെൻഷനുകളൊക്കെ കുടിശികയായി കിടക്കുകയാണ്. സർക്കാരിന്റെ തൊഴിലാളികളോടുള്ള പ്രതിബദ്ധതയും നീതിബോധവുമൊക്കെ സെക്രട്ടേറിയറ്റിനു പുറത്ത് സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണ്ണുകളിലുണ്ട്. സംസ്ഥാനം കടം കയറി മുടിഞ്ഞു. ചികിത്സ ഇൻഷ്വറൻസ്-മരുന്ന് കുടിശികയുൾപ്പെടെ കൊടുക്കാനുള്ളതൊന്നും കൊടുത്തിട്ടുമില്ല. വിവിധ സർക്കാർ കരാറുകാർ ക്യൂവിലാണ്. റേഷൻ കടകളിലും സിവിൽ സപ്ലൈസിന്റെ റാക്കുകളിലും അവശ്യസാധനങ്ങളൊന്നുമില്ല. ഓർമിപ്പിച്ചെന്നേയുള്ളൂ.