പാടത്തു പണിയുണ്ട്, വരന്പത്ത് കൂലിയില്ല
Tuesday, February 18, 2025 12:00 AM IST
അധ്വാനിക്കുന്ന ജനവർഗത്തിന്റെ ആരൊക്കെയോ ആണെന്ന് അവകാശപ്പെടുന്നവരിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരപ്പന്തലിലേക്കു പോകണം. സമരം പൊളിക്കാനല്ല, നീതി നൽകുമെന്നു പറയാൻ.
മന്ത്രിയോ തൊഴിലാളിനേതാവോ ബൂർഷ്വാസിയോ സ്ഥാപനമേധാവിയോ ആരുമായിക്കൊള്ളട്ടെ, കൂലി ചോദിക്കുന്ന വേലക്കാരെ ധിക്കാരികളായി കാണരുത്. സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ കുറഞ്ഞ പ്രതിഫലത്തിന്റെ കണക്കും പരാതികളും സത്യത്തിൽ കുറ്റബോധത്തോടെയാണു സർക്കാർ ശ്രവിക്കേണ്ടത്. അതിനു പറ്റില്ലെങ്കിൽ കരുണയെങ്കിലും കാണിക്കണം.
അത്ര പരിതാപകരമാണ് സ്ഥിതി. പാടത്തു പണിയുണ്ട്, വരന്പത്ത് പോയിട്ട് മാസങ്ങൾ വൈകിയിട്ടും തുച്ഛമായ കൂലിയുമില്ല. ആരോഗ്യരംഗത്ത് മുന്നിലാണെന്ന കീർത്തിപത്രങ്ങൾ ഇത്തരം മനുഷ്യരുടെ കണ്ണീരിൽ കുതിർന്നതല്ലെന്ന് ഉറപ്പാക്കണം.
ഓണറേറിയം വർധിപ്പിക്കുക, മൂന്നുമാസത്തെ കുടിശിക നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ തലസ്ഥാനത്തു സമരം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിലും അതിന്റെ ആവശ്യമില്ലെന്ന മട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
സംസ്ഥാനത്ത് ആശാ വർക്കർമാർക്കു ലഭിക്കുന്ന 7,000 രൂപ ഓണറേറിയം മാത്രമാണെന്നും 200 രൂപ ടെലിഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ലഭിക്കുന്നുണ്ടെന്നുമാണ് മന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഓണറേറിയമാണ് കേരളത്തിലെന്നും അവർ ഓർമിപ്പിച്ചു.
അതൊരു കണക്കിലെ കളിയാണെന്നു സംശയിക്കേണ്ടതുണ്ട്. ഓണറേറിയവും പുറമെ കിട്ടാൻ സാധ്യതയുള്ള സർവ ഇൻസെന്റീവുകളും അടക്കമുള്ള പ്രതിഫലമായിരിക്കാം അത്. ആശുപത്രികൾക്കും ജനങ്ങൾക്കുമിടയിൽ ഓടിനടന്നു ജോലി ചെയ്യുന്ന ഈ സ്ത്രീകളിൽ എത്ര പേർ 13,200 രൂപ ശന്പളം വാങ്ങുന്നുണ്ട് എന്ന കണക്കുകൂടി മന്ത്രി പുറത്തുവിടണം.
പലർക്കും 10,000 രൂപ തികച്ചു കിട്ടുന്നില്ലെന്നാണ് അറിയുന്നത്. ഇത്തരം കണക്കുകൾ 27,000ത്തോളം വനിതകളുടെ അധ്വാനത്തെ വിലകെടുത്തുന്നതും അവരുടെ സമരത്തെ അട്ടിമറിക്കുന്നതുമാണ്. അതുപോലെ, കൂലിയോ സേവനത്തിനുള്ള പ്രതിഫലമോ എന്തുമാകട്ടെ, മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയല്ല അതിന്റെ അനീതിയെ നിർവീര്യമാക്കേണ്ടത്.
മറ്റു സംസ്ഥാനങ്ങളിൽ വേതനം തീരെ കുറവായതുകൊണ്ടാണല്ലോ കേരളത്തിലേക്കു ലക്ഷക്കണക്കിനു പണിക്കാരെത്തുന്നത്. അവർക്കുപോലും മലയാളി 1,000 രൂപ ദിവസവേതനം കൊടുക്കുന്നുണ്ട്. അതിന്റെ പകുതിപോലും ആശാ വർക്കർമാർക്കു ലഭിക്കുന്നില്ല. അത് ജോലിയല്ല, സേവനമാണെന്നു പറയുന്നതൊക്കെ മനുഷ്യത്വമില്ലായ്മയാണ്.
ജനസേവനം നടത്തുന്ന എംഎൽഎമാരും മന്ത്രിമാരുമൊക്കെ കൈപ്പറ്റുന്നുണ്ടല്ലോ ശന്പളവും അലവൻസുമൊക്കെ. അതുമായി ആശാ വർക്കർമാരുടെ പ്രതിഫലത്തെ താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ഇത്തിരി മനുഷ്യപ്പറ്റ് കാണിക്കണം. ആശാ വർക്കർമാരെ രാഷ്ട്രീയമായി ആരോ ഉപയോഗിക്കുകയാണെന്നാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്.
തൊഴിലാളികളുടെ ന്യായമായ കൂലിവർധനയ്ക്കും അന്യായമെന്നു മറ്റുള്ളവർ കരുതിയിട്ടുള്ള ആവശ്യങ്ങൾക്കും വേണ്ടിയൊക്കെ എത്രയോ സമരങ്ങൾ നടത്തിയിട്ടുള്ളതാണു മന്ത്രിയുടെ പാർട്ടി. നിങ്ങൾക്കെങ്ങനെയാണ് ഈ പാവങ്ങളുടെ സമരത്തോട് മുഖം തിരിഞ്ഞുനിൽക്കാനും ഗൂഢാലോചന ആരോപിക്കാനും കഴിയുന്നത്? കേന്ദ്രസർക്കാരും ഈ വനിതകളെ പരിഗണിക്കുന്നില്ല.
ഇൻസെന്റീവിൽ 17 വർഷമായി ഒരു വർധനയും വരുത്തിയിട്ടില്ല. നാഷണൽ ഹെൽത്ത് മിഷനു വേണ്ടിയുള്ള കേന്ദ്രഫണ്ട് വൈകുന്നതും വേതനം മുടങ്ങാനുള്ള കാരണമാണ്. ലോക്ഡൗൺ ഉൾപ്പെടെ കോവിഡ് കാലത്ത് ഈ ആശാ വർക്കർമാർ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ എന്നു വിവരിക്കാനാവില്ല. അതിനു ശേഷവും ഓരോ ദിവസവും അവർക്കുമേൽ പുതിയ ഉത്തരവാദിത്വങ്ങൾ കൊടുത്തുകൊണ്ടിരിക്കുകയാണ്.
വാർഡിന്റെ ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ, പഞ്ചായത്തംഗവുമായി സഹകരിച്ചുള്ള വാർഡ് അവലോകന യോഗം, ആർദ്രം മിഷൻ ജോലികൾ, പാലിയേറ്റീവ് കെയർ, അങ്കണവാടി ക്ലാസ്, വീടുകയറിയുള്ള സർവേകൾ, മാതൃ-ശിശു സംരക്ഷണം, പ്രാഥമിക വൈദ്യസഹായമെത്തിക്കൽ, പകർച്ചവ്യാധി മുൻകരുതലുകൾ തുടങ്ങി ആരോഗ്യപരിപാലത്തിനു നാടുനിരങ്ങി ചെയ്യേണ്ട ജോലികളെല്ലാം ആശാ വർക്കർമാരാണ് ചെയ്യുന്നത്.
തുടക്കത്തിൽ മാതൃ-ശിശു സംരക്ഷണം മാത്രം നടത്തിയാൽ മതി, ആഴ്ചയില് നാലുദിവസമേ പണിയുള്ളൂ എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഞായറാഴ്ചയും പണിയെടുക്കണമെന്നാണു പറയുന്നത്. അത്രയ്ക്ക് ഉത്തരവാദിത്വങ്ങളാണു തലയിൽ വച്ചുകൊടുത്തിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസത്തെ അവധി എന്തോ കുറ്റകൃത്യം ചെയ്യുന്നതുപോലെയല്ല ആശാ വർക്കർ എടുക്കേണ്ടത്; അത് അവകാശമായി അംഗീകരിക്കണം.
പ്രതിഫലം വർധിപ്പിക്കുകയും നവംബർ മുതൽ മുടങ്ങിക്കിടക്കുന്ന ശന്പളം എത്രയും വേഗം കൊടുക്കുന്നത് ഉൾപ്പെടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും വേണം. ആരോഗ്യമേഖലയെ നന്പർ വൺ ആക്കുന്നവരെ ഒന്നാമതായി പരിഗണിക്കുന്നതിനു പകരം, അവിടെ നിൽക്കട്ടെ എന്നു പറയരുത്. നീതിയെ കൊടുംവെയിലത്ത് നിർത്തരുത്.