റെയിൽവേയുടെ മഹാ കെടുകാര്യസ്ഥത
Monday, February 17, 2025 12:00 AM IST
യാത്രകളെയും തീർഥാടനങ്ങളെയും ശുഭമാക്കണമെങ്കിൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് വിറ്റാൽമാത്രം പോരാ, വാങ്ങുന്ന കാശിനു പണിയെടുക്കുകയും വേണം.
അടുത്തദിവസം രാവിലെ പ്രയാഗ്രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുക്കാമെന്നു കരുതി ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്കു നടന്നുകയറിയവരെയാണ് അധികംവൈകാതെ ആശുപത്രികളിലേക്ക് എടുത്തുകൊണ്ടുപോയത്. അതിൽ പലർക്കും ജീവൻ നഷ്ടമായിരുന്നു. ഉൾക്കൊള്ളാവുന്നതിലും പലമടങ്ങ് യാത്രക്കാർ കയറുമെന്നുറപ്പുള്ള മൂന്നു ട്രെയിനുകൾക്ക് അടുത്തടുത്ത പ്ലാറ്റ്ഫോമുകൾ നിശ്ചയിച്ചതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേർ മരിച്ചത്.
രണ്ടാഴ്ച മുന്പാണ് കുംഭമേള മൈതാനത്ത് 30 പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കുംഭമേളയിലേക്ക് കോടിക്കണക്കിനാളുകളെത്തുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കണക്കുണ്ടായിരുന്നു. എന്നിട്ടും ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായി. ആയുസിലെ അത്യപൂർവ തീർഥയാത്രയ്ക്കെത്തിയവരെ അന്ത്യയാത്രയാക്കിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. കുംഭമേളയിൽ തിരക്കേറാനിടയുള്ള ശേഷിക്കുന്ന ദിവസങ്ങളെങ്കിലും സുരക്ഷിതമാക്കുകയും വേണം.
ശനിയാഴ്ച രാത്രി 10 മണിയോടെ പ്രയാഗ്രാജിലേക്കുള്ള മൂന്നു ട്രെയിനുകളിൽ കയറാനുള്ള യാത്രക്കാർ 12, 13, 14 പ്ലാറ്റ്ഫോമുകളിൽ ഒരേസമയം തിങ്ങിക്കൂടിയതാണ് തുടക്കം. പ്രയാഗ്രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര് രാജധാനി എക്സ്പ്രസും നിശ്ചിതസമയത്തെത്തിയിരുന്നെങ്കിൽ തിരക്ക് ഇത്രയധികമാകുമായിരുന്നില്ല. ഇതിനിടെ പ്രയാഗ്രാജ് എക്സ്പ്രസ് 14-ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് എത്തി. മറ്റു രണ്ടു ട്രെയിനുകളിൽ കയറാനിരുന്നവരിൽ കുറെ പേരും ഇതിൽ കയറാൻ ശ്രമിച്ചിട്ടുണ്ടാകാം.
തിക്കിലും തിരക്കിലും യാത്രക്കാർ ഞെരിഞ്ഞമർന്നു. നിരവധി പേർ നിലംപതിച്ചു. അഞ്ചു കുട്ടികളും 11 സ്ത്രീകളുമുൾപ്പെടെ 18 പേർ മരിച്ചെന്നാണ് പ്രാഥമിക കണക്കുകൾ. ഇതിനിടെ, കുംഭമേള പ്രമാണിച്ചുള്ള പ്രത്യേക ട്രെയിൻ നേരത്തേ നിശ്ചയിച്ചിരുന്ന പ്ലാറ്റ്ഫോമിൽനിന്നു മാറി മറ്റൊരു പ്ലാറ്റ്ഫോമിലാണ് എത്തുകയെന്ന് അറിയിപ്പ് വന്നത് ആളുകൾ കൂട്ടത്തോടെ ഓടാൻ ഇടയാക്കിയെന്നും റിപ്പോർട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുനിന്നു കാര്യമായ മുന്നൊരുക്കങ്ങളോ ജാഗ്രതയോ ഉണ്ടായിരുന്നതായി തോന്നുന്നില്ല.
ഹൈന്ദവവിശ്വാസ പ്രകാരം ആറു വർഷത്തിലൊരിക്കൽ അർധ കുംഭമേളയും 12 വർഷത്തിലൊരിക്കൽ പൂർണകുംഭമേളയുമാണ് നടത്തുന്നത്. ഇത്തരം 12 പൂർണകുഭമേളകളാകുന്പോൾ അതായത്, 144 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള. ഇക്കൊല്ലം ജനുവരി 13നു തുടങ്ങിയ മഹാകുംഭമേള ഫെബ്രുവരി 26നു സമാപിക്കും. എല്ലാ തലമുറകൾക്കും അവസരം കിട്ടാത്ത മഹാകുംഭമേളയിൽ പങ്കെടുക്കുന്നതു മഹാഭാഗ്യമായി കരുതുന്നതിനാൽ സന്യാസിമാരും ഋഷിമാരുമുൾപ്പെടെ കോടിക്കണക്കിനാളുകളാണ് പ്രയാഗ്രാജിലേക്കു തീർഥാടനം നടത്തുന്നത്. പ്രയാഗ്രാജ്, ഉജ്ജയിനി, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിലാണ് കുംഭമേള നടത്താറുള്ളത്. ഇത്തവണ 40 കോടി ആളുകൾ എത്തുമെന്നായിരുന്നു സർക്കാർതന്നെ അവകാശപ്പെട്ടിരുന്നത്.
അതേക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ഇതിന്റെ പകുതി ആളുകളെപ്പോലും ഒരിടത്ത് ഉൾക്കൊള്ളുന്നതും സൗകര്യങ്ങളൊരുക്കുന്നതും ഒട്ടും എളുപ്പമല്ല. പ്രയാഗ്രാജിൽ ജനുവരി അവസാനം ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. അതിലേറെ ആളുകൾ മരിച്ചെന്നും യഥാർഥ കണക്ക് പുറത്തുവിടണമെന്നും ഡൽഹി ദുരന്തത്തിലെന്നപോലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എല്ലാ ദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെങ്കിലും കഴിഞ്ഞയാഴ്ച പ്രയാഗ്രാജിനു സമീപത്തെ വിവിധ റോഡുകളിലായി 300 കിലോമീറ്റർ ദൂരം മണിക്കൂറുകളോളം നിശ്ചലമായിക്കിടന്നു. പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്.
അപകടങ്ങൾ ദിനംപ്രതി കൂടിവരുന്നതിനാൽ ഇന്ത്യൻ റെയിൽവേ എന്നും പ്രതിക്കൂട്ടിലാണ്. അതിനിടെയാണ് തിക്കിലും തിരക്കിലും ആളുകൾ മരിക്കുന്ന അപൂർവ സാഹചര്യവുമുണ്ടായിരിക്കുന്നത്. പ്രയാഗ്രാജിലേക്കുള്ള ട്രെയിനുകളിൽ കൊള്ളാവുന്നതിലധികം ആളുകളാണ് കയറുന്നത്. അത്തരം മൂന്നു ട്രെയിനുകളിലേക്കുള്ള യാത്രക്കാർ അടുത്തടുത്ത പ്ലാറ്റ്ഫോമുകളിൽ ഒരേ സമയത്ത് എത്താൻ ഇടയാക്കിയതുതന്നെ കെടുകാര്യസ്ഥതയാണ്.
ആവശ്യത്തിന് പോലീസോ റെയിൽവേ ഉദ്യോഗസ്ഥരോപോലും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വന്നാലും ദുഃഖകരമായ സംഭവത്തെ തിരിച്ചെടുക്കാനാവില്ല. പക്ഷേ, ഇനിയൊരു ദുരന്തത്തെ ക്ഷണിച്ചുവരുത്താതിരിക്കാനാകും. സർക്കാർ കൊടുക്കുന്ന പണംകൊണ്ട് പരിഹരിക്കാവുന്നതല്ല മരിച്ചവരുടെ കുടുംബങ്ങളിലെ നഷ്ടം. പേടിസ്വപ്നമായിക്കഴിഞ്ഞ യാത്രകളെയും തീർഥാടനങ്ങളെയും ശുഭമാക്കണമെങ്കിൽ റെയിൽവേ ടിക്കറ്റ് വിറ്റാൽ മാത്രം പോരാ, വാങ്ങുന്ന കാശിന് പണിയെടുക്കുകയും വേണം.