അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
Saturday, June 8, 2024 12:00 AM IST
ഇന്ത്യയുടെ മനസറിയാനുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം രാഹുൽ തുടങ്ങിയത് വെറുപ്പിന്റെ ചന്തയായി മാറിയിരുന്ന മണിപ്പുരിൽനിന്നാണ്. മെയ്തെയ്കളും കുക്കികളും ഒരുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു തേങ്ങുകയായിരുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന പുതിയൊരു ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ ധ്യാനം തുടങ്ങേണ്ടതും മണിപ്പുരിൽനിന്നാണ്.
മണിപ്പുരിലെ തെരഞ്ഞെടുപ്പുഫലം അവിടത്തെ രണ്ടു സീറ്റുകളുടെ മാത്രം കാര്യമല്ല. രാജ്യമൊട്ടാകെയുള്ള വോട്ടുകളെ സ്വാധീനിച്ച വിഷയമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവിടത്തെ മനുഷ്യരുടെ നിലവിളിയും നിസഹായാവസ്ഥയും സംസ്ഥാന ബിജെപി സർക്കാരിന്റെ പക്ഷപാതപരമായ നിലപാടുകളും, എല്ലാറ്റിലുമുപരി മോദി സർക്കാരിന്റെ നിഗൂഢവും ക്രൂരവുമായ നിശബ്ദതയും രാജ്യമൊട്ടാകെ അസ്വസ്ഥതയുണ്ടാക്കി. രാഹുൽ ഗാന്ധി അവരെ ചേർത്തുപിടിച്ചതും ജനം മറന്നില്ല. വോട്ട് ചെയ്യാൻ പോയപ്പോഴും പലരും അതോർത്തു; ബിജെപി തോറ്റു.
അതുകൊണ്ടുതന്നെ അതിന്റെ സന്ദേശം പുതിയ സർക്കാരും പ്രതിപക്ഷവും ഉൾക്കൊള്ളണം. മോദി തിരുത്തിയാലും ഇല്ലെങ്കിലും രാഹുൽ മണിപ്പുരിലേക്ക് വീണ്ടും പോകണം. മെയ്തെയ്-കുക്കി വംശജർ ഏറ്റവും വിശ്വസിക്കുന്ന നേതാവ് താങ്കളാണ്. ഉടനെ അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിലും മാറ്റത്തിലേക്കുള്ള തുടക്കമായിരിക്കും അത്.
2023 മേയ് മൂന്നിനു തുടങ്ങിയ കലാപമാണ് മണിപ്പുരിനെ ഇന്ത്യയിലെ ഏറ്റവും ദുരിതപൂർണമായ സംസ്ഥാനമാക്കി മാറ്റിയത്. ലോകത്ത് ഒരു കേന്ദ്രസർക്കാരും തങ്ങളുടെ സംസ്ഥാനങ്ങളിലൊന്നിനെ ഇതുപോലെ കൈവിട്ട സംഭവമില്ല. അതേക്കുറിച്ച് സംസാരിക്കുകപോലുമില്ലെന്ന വാശിയിലായിരുന്നു പ്രധാനമന്ത്രി. വംശീയ ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധമായ സംസ്ഥാനമാണ് മണിപ്പുർ. പക്ഷേ, കുക്കികളും മെയ്തെയ്കളും തമ്മിലുള്ള കഴിഞ്ഞ വർഷത്തെ കലാപത്തിൽ അസാധാരണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതിൽ ഏറ്റവും പ്രധാനം ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കൾ തങ്ങൾക്കൊപ്പമുള്ള ക്രിസ്ത്യാനികളെയും ആക്രമിക്കുകയും കൊല്ലുകയും അവരുടെ വീടുകളും പള്ളികളും പള്ളിക്കൂടങ്ങളും കത്തിക്കുകയും ചെയ്തു എന്നതാണ്. വംശവെറിയിലേക്കു മതം തിരുകിക്കയറ്റിയത് ആരാണ്? ഈ നിമിഷം വരെ തൃപ്തികരമായ വിശദീകരണമില്ല. മെയ്തെയ്കൾ കലാപത്തിന്റെ തുടക്കത്തിൽ ഇംഫാലിനടുത്തുള്ള പാങെ പോലീസ് ട്രെയിനിംഗ് കോളജിൽനിന്ന് ആയിരക്കണക്കിനു തോക്കുകളും ലക്ഷക്കണക്കിനു വെടിയുണ്ടകളും കവർന്നു.
പിന്നീടും പലതവണ കവർച്ചയുണ്ടായെങ്കിലും സർക്കാർ തടഞ്ഞില്ല. മെയ്തെയ് വംശജനായ മുഖ്യമന്ത്രി ബിരേൻ സിംഗ്, മെയ്തെയ് തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോലിനും മെയ്തെയ് ലിപൂണിനും പിന്തുണ നൽകിയെന്ന ആരോപണവും ശക്തമായി. ഔദ്യോഗിക കണക്കനുസരിച്ച്, ഇക്കഴിഞ്ഞ മേയ് മൂന്നു വരെ 221 പേർ കൊല്ലപ്പെടുകയും 60,000 പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
4,786 വീടുകൾ കത്തിക്കുകയും ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ 386 ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തു. കലാപത്തിനുശേഷം ഇന്നുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ലാത്ത മോദി തെരഞ്ഞെടുപ്പുകാലത്തും അവിടേക്കു തിരിഞ്ഞുനോക്കിയില്ല. 400 സീറ്റിലേറെ കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹം മണിപ്പുർ ഇല്ലെങ്കിലും തനിക്കൊന്നും സംഭവിക്കാനില്ലെന്നു കരുതിയിരിക്കാം. ഭരണാധികാരികൾ ചികിത്സിക്കാൻ മടിച്ച രാജ്യത്തിന്റെ മുറിവാണ് മണിപ്പുർ.
വർഗീയതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും മോദിഭരണകാലം മാത്രമല്ല, അതിനെ തിരസ്കരിച്ച ജനങ്ങളും ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വർഗീയതയുടെ അങ്ങേയറ്റമായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു നൽകുമെന്നായിരുന്നു വാക്കുകൾ. മറുപടി ആ മണ്ഡലത്തിലുള്ളവർ തന്നെ കൊടുത്തു. 1
0 വർഷമായി ബിജെപിക്കു വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ബൻസ്വാരയിയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ഭാരതീയ ആദിവാസി പാർട്ടി (ബിഎപി) സ്ഥാനാർഥി രാജ്കുമാർ റോവത് രണ്ടര ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ ബിജെപിക്ക് മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമായിരുന്നു അതെന്നുകൂടി ഓർക്കണം. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനുശേഷം മോദി കടുത്ത വർഗീയവിഷം ചീറ്റിച്ച 15 മണ്ഡലങ്ങളിൽ ഒന്പതിലും "ഇന്ത്യ' സഖ്യം വിജയിച്ചു. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ, ദൈവമാണ് തന്നെ അയച്ചതെന്നു മോദി പറഞ്ഞിട്ടുപോലും ജനം അനുസരിച്ചില്ല.
വീണ്ടും പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് ആത്മപരിശോധനയ്ക്കുള്ള പാഠങ്ങൾ ഈ തെരഞ്ഞെടുപ്പു ഫലങ്ങളിലുണ്ട്. മെയ്തെയ്കളും കുക്കികളും ഒരുപോലെ ബിജെപിയെ തിരസ്കരിച്ച മണിപ്പുർ അതിൽ പ്രധാനമാണ്. വെറുപ്പിന്റെ വിചാരവും വാക്കും പ്രവൃത്തിയും ജനം തള്ളി. ഇന്ത്യയുടെ മനസറിയാനുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം രാഹുൽ തുടങ്ങിയത് വെറുപ്പിന്റെ ചന്തയായി മാറിയിരുന്ന മണിപ്പുരിൽനിന്നാണ്.
മെയ്തെയ്കളും കുക്കികളും ഒരുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു തേങ്ങി. വംശീയ മുദ്ര ചാർത്തി ഉപേക്ഷിക്കേണ്ട നാടല്ല അത്. എല്ലാവരെയും ചേർത്തുപിടിക്കുന്ന പുതിയൊരു ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ ധ്യാനം തുടങ്ങേണ്ടതും മണിപ്പുരിൽനിന്നാണ്.