റേഷൻകടയിൽ ഇതാണവസ്ഥ
Tuesday, January 14, 2025 12:00 AM IST
ലോറിസമരം തുടരുകയാണ്. കാശു തന്നില്ലെങ്കിൽ തങ്ങളുമില്ലെന്ന് ഇ-പോസ് കന്പനിയും അറിയിച്ചു. 27 മുതൽ റേഷൻ വ്യാപാരികളും സമരത്തിലേക്ക്. സർക്കാർ ഇടപെട്ടില്ലെങ്കിൽ പേരിനു തുറന്നുവച്ചിരിക്കുന്ന റേഷൻ കടകൾ അടച്ചുപൂട്ടേണ്ടിവരും.
ലോറിസമരത്തെത്തുടർന്ന് അരിയും മറ്റിനങ്ങളും എത്താതായതോടെ റേഷൻകടകൾ കാലിയായിത്തുടങ്ങി. സബ്സിഡിയുള്ള മുൻഗണനാ കാർഡുകൾക്കു മാത്രമാണ് പലയിടത്തും അരിപോലും ലഭിക്കുന്നത്. മറ്റുള്ളവർ പൊതുവിപണിയിൽനിന്നു കൂടിയ വിലയ്ക്ക് അരി വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്.
റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോടികളുടെ കുടിശിക തീർക്കാത്തതിനാലും കരാർ പുതുക്കാത്തതിനാലും ഈ മാസം അവസാനത്തോടെ സേവനം അവസാനിപ്പിക്കുമെന്ന് ഇ-പോസ് യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്ന കന്പനിയും അറിയിച്ചിരിക്കുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോൾ പേരിനു തുറന്നുവച്ചിരിക്കുന്ന റേഷൻകടകൾ അടച്ചുപൂട്ടേണ്ടിവരും.
കോടിക്കണക്കിനു രൂപയുടെ കുടിശിക വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് എഫ്സിഐ ഗോഡൗണിൽനിന്ന് സപ്ലൈകോയുടെ സംഭരണശാലയിലേക്കും അവിടെനിന്ന് റേഷൻകടകളിലേക്കുമുള്ള ഭക്ഷ്യധാന്യ വിതരണം കരാറുകാർ നിർത്തിവച്ചത്.
കരാറുകാരുടെ സംഘടനയായ കേരള ട്രാൻ സ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് ജനുവരി ഒന്നുമുതൽ വിതരണത്തിൽനിന്നു പിൻവാങ്ങിയത്. സംസ്ഥാനത്ത് 60 കരാറുകാരാണ് റേഷൻ വിതരണത്തിനുള്ളത്. ഓരോ താലൂക്കിലും ഏകദേശം 45 വാഹനങ്ങളാണ് ഓടുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ വാഹനങ്ങൾ ഓടിച്ചതിന്റെ പണമാണ് കരാറുകാർക്ക് പൂർണമായും കൊടുക്കാനുള്ളത്. സെപ്റ്റംബറിലേതും ഭാഗികമായി കുടിശികയാണ്. രണ്ടു വർഷത്തിനിടെ കരാറുകാർ ഇതേ ആവശ്യത്തിനായി നാലാമത്തെ സമരമാണ് നടത്തുന്നത്. ലോറിത്തൊഴിലാളികളും ഗോഡൗണുകളിലെ കയറ്റിറക്കുകാരും സാന്പത്തിക പ്രതിസന്ധിയിലായി.
ഇതിനു പുറമെയാണ് റേഷൻ വ്യാപാരികളുടെ സമരപ്രഖ്യാപനം. വ്യാപാരികളുടെ നാലു സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോ-ഓർഡിനേഷൻ സംയുക്ത സമിതിയാണ് വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്രസർക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
അതുപോലെ, ഈ മാസം 31ന് സേവനം നിർത്തുമെന്നാണ് റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളുടെ ക്രമീകരണവും അറ്റകുറ്റപ്പണികളും നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ കന്പനിയുടെ അറിയിപ്പ്. പണം ലഭിക്കാത്തതും കരാർ പുതുക്കാത്തതുമാണ് അവരുടെ പ്രശ്നം.
കേന്ദ്രനിർദേശപ്രകാരം ഇ-പോസ് സംവിധാനം വഴി മാത്രമേ റേഷൻ വിതരണം പാടുള്ളൂ എന്ന നിബന്ധനയുള്ളതിനാൽ കുടിശിക കൊടുത്തു തീർത്തില്ലെങ്കിൽ സംസ്ഥാനത്തെ 14,000ത്തിലേറെ റേഷൻകടകൾ നിശ്ചലമാകും. 2.75 കോടി രൂപ കുടിശികയുണ്ടെന്നാണ് അറിയുന്നത്.
മറ്റു പല ബില്ലുകളുടെയും കാര്യത്തിലെന്നപോലെ സമരം നടത്താതെ സർക്കാരിൽനിന്നു കിട്ടാനുള്ളതു കിട്ടില്ലെന്നതു നടപ്പുരീതിയായി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പണം കിട്ടാത്തതിന്റെ പേരിൽ അധ്യാപകർ അനുഭവിക്കുന്ന സാന്പത്തിക പ്രതിസന്ധി എത്രയോ തവണ കേരളം ചർച്ച ചെയ്തു.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തുടങ്ങിയ സുഭിക്ഷ ഹോട്ടലുകൾക്കു കൊടുക്കാനുള്ള പണം കുടിശികയായതോടെ പലയിടത്തും പ്രവർത്തനം നിലച്ചു. നെല്ലു സംഭരിച്ചതിന്റെ പണം കർഷകർക്കു കൊടുത്തിട്ടില്ല.
കൊട്ടിഘോഷിച്ച് തുടങ്ങുന്ന ജനകീയ പദ്ധതികളൊന്നും മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിയുന്നില്ല. തുടങ്ങുന്നതിന്റെ കീർത്തിയും പ്രശസ്തിയും കഴിഞ്ഞാൽ തിരിഞ്ഞുനോക്കില്ല. സപ്ലൈകോ മാവേലി സൂപ്പർ മാർക്കറ്റുകളെയും റേഷൻകടകളെയും സ്കൂളുകളിലെ ഉച്ചഭക്ഷണത്തെയും 20 രൂപയുടെ ഊണിനെയുമൊക്കെ ആശ്രയിക്കുന്നവരുടെ എണ്ണം നിസാരമല്ല.
അത് സംസ്ഥാനത്തെ സാന്പത്തികാവസ്ഥയുടെ പ്രതിഫലനംകൂടിയാണ്. അതുപോലും നേരേചൊവ്വേ നടത്താനാകുന്നില്ലെന്നു പറയരുത്; സർക്കാരല്ലേ.