എംടിയാണ്, ഭീമനും തേങ്ങും
Friday, December 27, 2024 12:00 AM IST
നോവലോ കഥയോ തിരക്കഥയോ നാടകമോ യാത്രാവിവരണമോ ലേഖനമോ എന്തുമാകട്ടെ, എം.ടിയെന്ന രണ്ടക്ഷരം മതിയായിരുന്നു മലയാളിക്ക് ഭാവാത്മകമായൊരു മുൻവിധിയെടുക്കാൻ.
രണ്ടാം പാണ്ഡവനായ ഭീമൻ മഹാഭാരതത്തിലെവിടെയോ ഇരുന്ന് തേങ്ങുകയാവാം. എന്നും രണ്ടാമൂഴക്കാരനായി ജീവിക്കേണ്ടിവന്ന, തന്റെ പുറത്തുപറയാനാവാത്ത നീറ്റലുകളെ സഹസ്രാബ്ദങ്ങൾക്കുശേഷം തിരിച്ചറിഞ്ഞ ഒരേയൊരാൾ കഥാവശേഷനായിരിക്കുന്നു. ഭീമൻ, ചതിയനല്ലാത്ത ചന്തു, നിർമലനായ ഭ്രാന്തൻ വേലായുധൻ, നൈനിത്താൾ വിട്ടുപോകാത്ത വിമല, നാലുകെട്ടിനെ ഉലയ്ക്കുന്ന അപ്പുണ്ണി... ഭാരതപ്പുഴകടന്ന് എല്ലാവരുമെത്തുന്നു; എം.ടിയെ യാത്രയാക്കാൻ. വായനക്കാരും പറഞ്ഞറിയിക്കാനാവാത്തത്ര വിഷാദാത്മകമായൊരു നിശബ്ദത വരിച്ചിരിക്കുന്നു.
വിട പറഞ്ഞത് എം.ടിയാണ്; മലയാളമണ്ണിനെയും മനസിനെയും വിശ്വസാഹിത്യത്തിൽ കുടിയിരുത്തിയ മാന്ത്രികപ്രമുഖൻ..!തൃശൂർ പുന്നയൂർക്കുളത്തുകാരനായ ടി. നാരായണൻ നായരുടെയും പാലക്കാട് കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയമകനായ എം.ടി. വാസുദേവൻ നായർ എന്നഎം.ടിയുടെ ബാല്യം ആ രണ്ടു വീടുകളിലുമായിട്ടായിരുന്നു. നിളയെന്ന ഭാരതപ്പുഴയെ എം.ടി. വായനക്കാരിലേക്ക് ഒഴുക്കിയത് കൂടല്ലൂരിൽനിന്നെടുത്താണ്.
പാലക്കാട് വിക്ടോറിയ കോളജിൽ ഉപരിപഠനം. പട്ടാന്പിയിലും ചാവക്കാട്ടും സ്കൂളിൽ കണക്ക് അധ്യാപകനായി. പിന്നീട്, പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായി. അതിനുശേഷം, മാതൃഭൂമിയിൽ ചേർന്ന എം.ടി 1999ൽ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. എഴുത്തു തുടരുകയും ചെയ്തു. പുന്നയൂർകുളത്തായിരുന്നു എംടിയുടെ സമകാലികയായിരുന്ന മാധവിക്കുട്ടിയുടെയും വീട്.
മാധവിക്കുട്ടി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു, പുന്നയൂർക്കുളത്തായാലും കോഴിക്കോട്ടായാലും വരയില്ലാത്തൊരു ഷർട്ടിട്ട് താൻ എംടിയെ കണ്ടിട്ടില്ലെന്ന്. “വീട്ടിലായാലും നാട്ടിലായാലും ചിരിക്കാറുമില്ല. പാവമാണ് ആള്, ശുദ്ധനാ. ചിരിയൊന്നും കാണാത്തോണ്ട് ആളുകൾ എം.ടിയെ പേടിക്കും. ആ മുഖം എപ്പോഴെങ്കിലുമൊരിക്കൽ നിലത്തുവച്ച് നോർമലായി കാണാൻ മോഹമുണ്ട്. പറയുമോ വാസുവിനോട് ഒന്നു ചിരിക്കാൻ?’’ എംടി പിന്നീട് എന്നെങ്കിലും മാധവിക്കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്തോയെന്ന് അറിയില്ല.
പക്ഷേ, കാലം പോകെപ്പോകെ, അങ്ങേയറ്റം വേദനകളും സംഘർഷങ്ങളും അന്തർമുഖത്വവും കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനു പിറകേ മറ്റൊന്നായി മണ്ണിലിറങ്ങിയപ്പോൾ നാം തിരിച്ചറിഞ്ഞു, എന്തുകൊണ്ടാണ് എം.ടിക്കു ചിരിക്കാനാവാതെ പോയതെന്ന്. 1957ൽ പാതിരാവും പകല്വെളിച്ചവും, 58ൽ നാലുകെട്ടും എഴുതി ശ്രദ്ധയനായ എം.ടി അറുപതുകളിൽ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസാഹിത്യത്തിൽ നിറഞ്ഞാടുകയായിരുന്നു.
1960ൽ എൻ.പി.മുഹമ്മദുമായി ചേർന്ന് അറബിപ്പൊന്ന്, 62ൽ അസുരവിത്ത്, 64ൽ മഞ്ഞ്, 69ൽ കാലം എന്നീ നോവലുകളെഴുതി. 10 വർഷത്തിനുശേഷം 1978ലാണ് വിലാപയാത്ര എന്ന നോവലെഴുതിയത്. 84ൽ "രണ്ടാമൂഴം' എഴുതി. 18 വർഷങ്ങൾക്കുശേഷമാണ് "വാരാണസി'യെഴുതിയത്. നോവലുകൾക്കേ ഇടവേളകൾ ഉണ്ടായിരുന്നുള്ളു. എഴുത്തിനു വിശ്രമമില്ലായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം തുടങ്ങി നിരവധി കഥകൾ.
ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതംഗമയ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, സുകൃതം, പരിണയം, പഴശിരാജ എന്നിങ്ങനെ തിരക്കഥകൾ. നോവലോ കഥയോ തിരക്കഥയോ നാടകമോ യാത്രാവിവരണമോ ലേഖനമോ എന്തുമാകട്ടെ, എം.ടിയെന്ന രണ്ടക്ഷരം മതിയായിരുന്നു മലയാളിക്ക് ഭാവാത്മകമായൊരു മുൻവിധിയെടുക്കാൻ.
ജ്ഞാനപീഠം, പദ്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങി ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങളുടെയും അവാർഡുകളുടെയും ഘോഷയാത്രയാണ് നിളപോലെ എംടിയുടെ സവിധത്തിലേക്ക് ഒഴുകിയെത്തിയത്."രണ്ടാമൂഴം' മലയാളസാഹിത്യത്തിൽ ഇതിഹാസസമാനമൊയൊരു നോവലായി മാറി. സാഹിത്യസംബന്ധിയായ എഴുത്തുകളും പ്രഭാഷണങ്ങളുമൊക്കെ "ഭീമൻ’ സൃഷ്ടിച്ച ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു.
ഏതൊരു കാലത്തും അപരന്റെ ശ്രദ്ധയിൽപ്പെടാത്തവരുടെ ആന്തരിക സംഘർഷങ്ങളെയും ഒന്നാമൂഴത്തിലേക്കു പ്രവേശനംകൊടുക്കാത്ത വിധിയുടെ അദൃശ്യ രേഖകളെയും ഒടുങ്ങാത്ത യുദ്ധങ്ങളെയും രണ്ടാമൂഴം അഭിസംബോധന ചെയ്തു. മഹാഭാരതത്തിന്റെ തുടർച്ചയെന്നപോലെ അതു പ്രശ്നങ്ങളെ നിർധാരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നോവലിലെ ഈ വരികൾ ഭിന്നിപ്പിന്റെ കാലങ്ങളിൽ വായനക്കാരോടു സംവദിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കൂ: “നിങ്ങളൊരുമിച്ചു നിന്നാൽ ഹസ്തിനപുരത്തിനു കപ്പം തന്നു കാൽവണങ്ങാത്ത ഒരു രാജാവും ലോകത്തിലുണ്ടാവില്ല.
അതേതെങ്കിലും ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ...? ശവം വീണു കാണാൻ കൊതിക്കുന്ന കൂളികൾ പല വേഷത്തിൽ ഈ കൊട്ടാരത്തിൽ കയറിയിറങ്ങുന്നുണ്ട്. ജ്യോതിഷക്കാരായിട്ടും ഋഷിമാരായിട്ടും. നിങ്ങൾ ഒരുമിച്ചുകഴിയേണ്ടവരാണ്. അതുമാത്രം അവർ പറഞ്ഞുതരില്ല...”(ഗാന്ധാരി). ഇനി, കാലത്തിലെ ഈ വാക്കുകൾ ആർക്കാണ് ചേരാത്തത് എന്ന് ആലോചിച്ചുനോക്കൂ: “സേതൂന് എന്നും ഒരാളോടേ ഇഷ്ടമുണ്ടായിരുന്നുള്ളൂ...സേതൂനോടു മാത്രം...” സഫലീകരിക്കാനാകാത്തതോ വിശദീകരിക്കാനാവാത്തതോ ആയ പ്രണയത്തെയോ നഷ്ടപ്രണയത്തെയോ മഞ്ഞിലെ ഈ വാക്കുകൾകൊണ്ട് അളന്നു നോക്കൂ: “എനിക്ക് നിങ്ങളെ ഇഷ്ടമാണ്.
കാരണമൊന്നുമില്ല. ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...എനിക്കു നിങ്ങളെ ഇഷ്ടമാണ്.” ഓ, വിമലയെ കാണാൻ എത്രയോ മനുഷ്യർ ശരീരംകൊണ്ടും ആത്മാവുകൊണ്ടും നൈനിത്താളിൽ അലഞ്ഞുനടന്നു. തീരുന്നില്ല, ഇത്തരം നിരവധി കഥാപാത്രങ്ങളെ എംടി സൃഷ്ടിച്ചിട്ടുണ്ട്. അവരത്രയും മനുഷ്യകുലത്തിന്റെ കാലാതിവർത്തിയായ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
നിർമിതബുദ്ധിയുടെ കാലത്തും ചോരയും നീരുമുള്ള മനുഷ്യരായി അവർ വായനക്കാരുടെ വിളിപ്പാടകലെ കാതുകൂർപ്പിച്ചു കാത്തിരിക്കും. മരണമില്ലാത്ത ആ കഥാപാത്രങ്ങൾ എംടിയെ അനശ്വരനാക്കിയിരിക്കുന്നു. എങ്കിലും ഒപ്പമില്ലല്ലോ, വിട!