വാതിലുകൾ തുറക്കുക
Wednesday, December 25, 2024 12:00 AM IST
ഒരിടത്തും ഇടംകിട്ടാതെ പോയ രണ്ടു മനുഷ്യരാണ് ജോസഫും മറിയവും. ആ കാലിത്തൊഴുത്തുപോലും അവരുടേതായിരുന്നില്ല. പക്ഷേ, ക്രിസ്തു പിറന്നപ്പോൾ മാലാഖമാർ അവിടെയെത്തി.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശംസകളോടെ പാതിരാക്കുർബാന കഴിഞ്ഞിരിക്കുന്നു. ഇന്നു ക്രിസ്മസാണ്. ആശംസിക്കുന്ന സ്നേഹവും സമാധാനവും പ്രവൃത്തിയിലും കൊടുക്കാൻ കടപ്പെട്ടവർ അതു മറക്കുന്ന കാലത്താണു വീണ്ടുമൊരു പിറവിത്തിരുനാൾ എത്തിയിരിക്കുന്നത്. ദൈവം ജനിച്ചിടം മുതൽ ദൈവത്തിന്റെ സ്വന്തംനാട്ടിൽ വരെ സമാധാനത്തിന്റെ നക്ഷത്രങ്ങൾ കെടുത്താനാണ് ശ്രമം. പക്ഷേ, തലചായ്ക്കാൻ ഇടം കൊടുത്തില്ലെങ്കിലും ക്രിസ്തുവിന്റെ പിറവിയെ തടയാനാവില്ലല്ലോ. വസന്തംപോലെ ക്രിസ്മസും വന്നിരിക്കുന്നു. എല്ലാവർക്കും ക്രിസ്മസിന്റെ സന്തോഷവും സമാധാനവും ആശംസിക്കുന്നു!.
സമാധാനത്തിനുവേണ്ടി എല്ലാ മനുഷ്യരും ഒരുപോലെ പരിശ്രമിക്കണമെന്നാണ് ഈ ക്രിസ്മസും ആഹ്വാനം ചെയ്യുന്നത്. ബത്ലഹേമിൽ, ക്രിസ്തു ജനിച്ച ഇടം ശൂന്യമായിക്കിടക്കുന്നു. പാതിരാവിൽ ആട്ടിടയന്മാരും ജ്ഞാനികളും ഉണ്ണിയേശുവിനെ കാണാനെത്തിയിടത്ത് പട്ടാപ്പകൽപോലും ആരുമില്ലാതായിരിക്കുന്നു. മാലാഖമാരുടെ സംഗീതം മുഴങ്ങിയിടത്ത് വെടിയൊച്ചയും ബോംബുകളും..! വിശുദ്ധ നാടുകളിൽനിന്നു പ്രാണഭയത്താൽ പലായനംചെയ്ത ക്രിസ്ത്യാനികൾ ആഘോഷിക്കുന്നത് അഭയാർഥികളുടെ ക്രിസ്മസാണ്. ഗാസയിൽ പിറവികളല്ല, മരണങ്ങളാണ് കൂടുതൽ. ഓരോ കുഞ്ഞു മൃതദേഹത്തിലും ക്രിസ്തുവിന്റെ മുറിപ്പാടുകളുണ്ട്. ഇസ്രായേൽക്കാരായ ബന്ദികളുടെ ക്രിസ്മസിനെക്കുറിച്ചു പുറംലോകത്തിന് അറിയില്ല.
യുക്രെയ്നിലെ ലക്ഷക്കണക്കിനാളുകൾ അയൽരാജ്യങ്ങളിലെ പുൽക്കൂടുകൾക്കു മുന്നിലാണ് മുട്ടുകുത്തുന്നത്. ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്ന് ഉച്ചത്തിൽ പാടാനാവില്ല. അവിടെ സർക്കാരിനും വർഗീയവാദികൾക്കും ഏതാണ്ട് ഒരേ സ്വരമാണ്. അതിന്റെ തുടർച്ചയ്ക്കുള്ള ശ്രമം ഇവിടെയുമുണ്ടായി. കേരളത്തിലും പുൽക്കൂട് തകർക്കാനും ആഘോഷങ്ങൾ തടയാനും ആളുണ്ടായി. പക്ഷേ, നിരാശയ്ക്കു കീഴടങ്ങാനാവില്ല. സമാധാനം തല്ലിത്തകർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിൽ ഉണ്ടായത്. ഇവിടെനിന്ന് ബെത്ലഹേംവരെയും ലോകമെങ്ങും സമാധാനം നിലനിൽക്കണം.
വീടുകളിലെ പുൽക്കൂടുകൾ ഗാർഹിക സുവിശേഷമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. പുൽക്കൂട്ടിലേക്കു നോക്കിയാൽ മഹത്തായ സുവിശേഷം വായിക്കാം. ഒരിടത്തും ഇടംകിട്ടാതെ പോയ രണ്ടു മനുഷ്യരാണ് ജോസഫും മേരിയും. ഒരു വാടകമുറിപോലും കിട്ടിയില്ല. ആ കാലിത്തൊഴുത്തുപോലും അവരുടേതല്ല. പക്ഷേ, ക്രിസ്തു പിറന്നപ്പോൾ മാലാഖമാർ അവിടെയെത്തി. പാവപ്പെട്ട ആട്ടിടയന്മാരും കിഴക്കുനിന്നുള്ള ജ്ഞാനികളും ആ കാലിപ്പുരയിലെത്തി. സന്തോഷവും സമാധാനവും നിറഞ്ഞ ശാന്തരാത്രിയായി അതു മാറി.
രണ്ടു സഹസ്രാബ്ദങ്ങൾക്കു മുന്പ് ജോസഫിനെയും മേരിയെയും ആട്ടിപ്പായിച്ച സത്രംനടത്തിപ്പുകാരെയും വീട്ടുകാരെയും കുറ്റപ്പെടുത്താൻ നമുക്കറിയാം. പക്ഷേ, വീണ്ടും അവർ വന്നാൽ നമ്മുടെ വാതിലുകൾ തുറക്കില്ല, അതിലൊരു കുറ്റബോധവുമില്ല. എത്രയോ മനുഷ്യരെ മനസുകളിൽനിന്ന് ആട്ടിപ്പായിച്ചിട്ടാണ് നമ്മിൽ പലരും ഈ ക്രിസ്മസിനും വിരുന്നൊരുക്കുന്നത്. പാടില്ല, ക്രിസ്മസ് ആഘോഷം മറ്റൊരു സുവിശേഷമാകണം.
ഫുൾട്ടൺ ജെ. ഷീൻ പറയുന്നുണ്ട്: “സത്രങ്ങളിലൊന്നും ഇടമില്ല. അതൊക്കെ പൊതുജനാഭിപ്രായത്തിന്റെ സമ്മേളനസ്ഥലമായിരിക്കുന്നു. പൊതുബോധമാണ് വാതിലുകൾക്കു പൂട്ടിടുന്നത്.’’ സമൂഹമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അത്തരം പൊതുബോധങ്ങൾ നിരവധി മനുഷ്യരുടെ സമാധാനം കെടുത്തുകയാണ്. വ്യക്തിവിദ്വേഷവും മതവിദ്വേഷവും സമാധാനത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്ന ശബ്ദം ക്രിസ്മസിലും നിലയ്ക്കുന്നില്ല.
കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ഇതരമതസ്ഥർക്കുമൊക്കെ വാതിൽ തുറന്നുകൊടുക്കേണ്ട ദിവസമാണിന്ന്. ഒന്നു മുട്ടിവിളിക്കാൻപോലും ധൈര്യമില്ലാതെ വാതിലിനു പുറത്ത് കാത്തുനിൽക്കുന്നവരുണ്ടാകാം. അമേരിക്കൻ എഴുത്തുകാരി ഹെലൻ സ്റ്റെയ്നെർ റൈസിന്റെ വാക്കുകളിൽ പിറവിത്തിരുനാളിന്റെ സന്ദേശമുണ്ട്. ‘നാം എന്നും ക്രിസ്മസിൽ ജീവിച്ചാൽ ഭൂമിയിൽ സമാധാനം സാധ്യമാണ്’.
ഈ ക്രിസ്മസും ഓർമിപ്പിക്കുന്നത് സ്നേഹവും സമാധാനവും സാധ്യമാണെന്നാണ്. അതു ചിലർക്കുമാത്രമായി സാധ്യമല്ലതാനും. സമസ്തലോകത്തിനും സമാധാനമുണ്ടാകട്ടെ. വാതിൽതുറന്നും ഹൃദയംതുറന്നും കാത്തിരിക്കുക, ദൈവം മനുഷ്യന്റെ രൂപത്തിലേ വരികയുള്ളു. ഒരിക്കൽകൂടി ദീപികയുടെ ക്രിസ്മസ് ആശംസകൾ!