കായികമുകുളങ്ങളാണ്;വിലക്കിയൊതുക്കരുത്
Monday, January 6, 2025 12:00 AM IST
രണ്ടു മികച്ച സ്കൂളുകളെ സംസ്ഥാന കായികമേളയിൽ വിലക്കിയിരിക്കുന്നു. നീതി നിഷേധിക്കപ്പെട്ടെന്ന ബോധ്യത്തിൽപ്രതിഷേധിച്ചവരെ അച്ചടക്കലംഘനത്തിന്റെ വകുപ്പിൽ പെടുത്തി പരമാവധി ശിക്ഷ നൽകിയത് ക്രൂരവും ജനാധിപത്യവിരുദ്ധവുമാണ്; തിരുത്തണം.
ഇതു കേട്ടുകേൾവിയില്ലാത്തതാണ്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ മികച്ച സ്കൂളുകളുടെ സ്ഥാനനിർണയത്തിൽ അപ്രതീക്ഷിതമായുണ്ടാക്കിയ മാറ്റത്തിൽ പ്രതിഷേധിച്ച സ്കൂളുകളെ അടുത്ത കായികമേളയിൽ വിലക്കിയിരിക്കുന്നു. ഒന്നാമത്, ആ പ്രതിഷേധം അന്യായമോ അക്രമാസക്തമോ ആയിരുന്നില്ല. രണ്ട്, പ്രശ്നം പരിഹരിക്കാനോ പതിവ് ലംഘിച്ച് എടുത്ത തീരുമാനത്തിന്റെ ന്യായം പറയാനോ തയാറാകാതെ, പ്രതിഷേധിച്ചവരെ വിലക്കുന്നതാണോ നീതി? അങ്ങനെയാണെങ്കിൽ കലാലയങ്ങളെ സ്ഥിരം കലാപാലയങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന വിദ്യാർഥി സംഘടനകളെ വിലക്കേണ്ടതല്ലേ? പ്രതിഷേധത്തിന്റെ പേരിൽ നിയമസഭയിൽ അക്രമം അഴിച്ചുവിടുന്ന എംഎൽഎമാരെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കേണ്ടതല്ലേ? അക്രമികളെയും കൊലയാളികളെയും പോലും സംരക്ഷിക്കുന്നവരെയുമൊക്കെ രാഷ്ട്രീയത്തിൽനിന്നു വിലക്കേണ്ടതല്ലേ? കായികമുകുളങ്ങളെ വിലക്കിയൊതുക്കരുത്; കായികരംഗത്തെ ചരിത്രപരമായ ഈ മണ്ടത്തരം പിൻവലിക്കണം.
2024 നവംബർ നാലു മുതൽ 11 വരെ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെയാണ് കായികരംഗത്തിനുള്ള പ്രഹരമാക്കാൻ സർക്കാർ ഉപയോഗിച്ചത്. പതിവിനു വിരുദ്ധമായി അന്ന് ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാന്പ്യൻപട്ടത്തിനു പരിഗണിച്ചു.
മേളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടെ പോയിന്റ് നിലയിൽ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ്, എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് എന്നീ സ്കൂളുകളെ പിന്തള്ളി സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തു. വിദ്യാർഥികൾ സ്വാഭാവികമായും പ്രതിഷേധിച്ചു.
കായികമന്ത്രി വി. അബ്ദുറഹ്മാന് പ്രശ്നം പരിഹരിക്കാനായില്ല. വേദിയിലുണ്ടായിരുന്ന മന്ത്രി വി. ശിവൻകുട്ടി പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞെങ്കിലും സമ്മേളനം തീർന്നിട്ടും പരിഹരിച്ചതുമില്ല. ഇതോടെ വേദിക്കരികിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാർഥികളെ പോലീസ് ബലം പ്രയോഗിച്ചു തള്ളിനീക്കി. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിരോധന ഉത്തരവിറക്കിയത്.
കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാവില്ലെന്നും കോടതിയെ സമീപിക്കുമെന്നും സ്കൂളുകൾ നിലപാട് സ്വീകരിച്ചിരിക്കെയാണ് വിലക്ക്. അധ്യാപകർക്കെതിരേയും നടപടിയുണ്ടാകുമത്രേ. സ്കൂൾ കലോത്സവത്തിനും മുന്നറിയിപ്പു നൽകുകയാവാം ഇപ്പോഴത്തെ വിലക്കിന്റെ മറ്റൊരു ലക്ഷ്യം. തീർച്ചയായും അച്ചടക്കം ആവശ്യമാണ്. പക്ഷേ, അതു നീതി നിഷേധിക്കാനുള്ള കുറുക്കുവഴിയാകരുത്.
പ്രതിഷേധിച്ച വിദ്യാർഥികൾ ഒരക്രമവും നടത്തിയതായി ദൃശ്യങ്ങളിൽ കാണുന്നില്ല. അതേസമയം, ഇവിടത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളും അതിന്റെ ഭാരവാഹികളും സഹവിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതുമൊക്കെ ചരിത്രമാണ്. ആ അക്രമികളിൽ കൂടുതൽ പങ്കുള്ളത് ഏതു സംഘടനയ്ക്കാണെന്നും അക്രമത്തിലും അഴിമതിയിലുമൊക്കെ നേരിട്ടു പങ്കെടുത്ത ഏതൊക്കെ നേതാക്കളാണ് ഇപ്പോഴും അതേ സ്ഥാനത്തു തുടരുന്നതെന്നുമൊക്കെ മന്ത്രിമാർക്കുമറിയാം. നിയമസഭയിലെ അക്രമങ്ങളും തല്ലിത്തകർക്കലുമൊക്കെ ഇപ്പോഴും ദൃശ്യങ്ങളായുണ്ട്. അതിനൊന്നും ഒരു വിലക്കുമില്ല. ജനാധിപത്യത്തിലെ വിയോജിപ്പുകൾക്കെതിരേ ഗൂഢാലോചന നടത്തുന്നതും കശാപ്പു ചെയ്യുന്നതുമായ രാഷ്ട്രീയശൈലി കായികരംഗത്ത് അവലംബിക്കരുത്.
ബഹുമാനപ്പെട്ട മന്ത്രിമാരേ, നിങ്ങൾ അന്വേഷിക്കൂ; സർക്കാരിന്റെ പ്രോത്സാഹനമാണോ അതോ ചില മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ആവേശവും കഠിനാധ്വാനവുമാണോ സ്കൂൾ കായികരംഗത്ത് ഇത്രയെങ്കിലും കുതിപ്പുകളുണ്ടാക്കുന്നത് എന്ന്. സ്പോർട്സ് സ്കൂളുകൾ പോലെ സാന്പത്തിക പിന്തുണയും മറ്റു സഹായങ്ങളുമൊന്നും കിട്ടുന്നതല്ല പൊതുവിഭാഗത്തിലുള്ള സ്കൂളുകൾ.
മാനേജ്മെന്റും അധ്യാപകരും പലപ്പോഴും സ്വന്തം കൈയിൽനിന്നുപോലും പണം മുടക്കിയാണ് വിദ്യാർഥികളുടെ കായിക ഉന്നതിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നത്. പൊരുതിയെടുക്കുന്ന നേട്ടങ്ങളും അതിന്റെ ഊർജവുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അതു നശിപ്പിക്കരുത്. ഈ വിലക്ക്, നമ്മുടെ യുവത്വത്തിന് അച്ചടക്കത്തിന്റെയും നീതിയുടെയും മാത്രമല്ല, ജനാധിപത്യത്തിന്റെയും സന്ദേശവും കൊടുക്കില്ല. അതേസമയം, കായികരംഗത്തെ മുകുളങ്ങളെ നുള്ളിക്കളയുന്നതും അപക്വവുമാണ്; തിരുത്തേണ്ടതുമാണ്.