സൗമ്യതയുടെ സൗന്ദര്യം
Saturday, December 28, 2024 12:00 AM IST
ഉദാരവത്കരണം എന്ന വിപ്ലവകരമായ സാന്പത്തിക പരിഷ്കാരം വഴി ആധുനിക ലോകസാധ്യതകളുടെ പടിവാതിലിലേക്കു രാജ്യത്തെ കൈപിടിച്ചു നടത്തിയ ധിഷണാശാലി എന്ന നിലയിൽ ഇന്ത്യാചരിത്രം എക്കാലവും നന്ദിയോടെ സ്മരിക്കേണ്ട വ്യക്തിത്വമാണ് ഈ സിക്കുകാരന്റേത്.
ആദർശത്തിന്റെ ആഴം, ആശയങ്ങളുടെ ആഴി, അറിവിന്റെ നിറവ്, സത്യസന്ധതയുടെ രാഷ്ട്രീയം... മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ പേരിനോടു ചേർത്തുവയ്ക്കാവുന്ന വിശേഷണങ്ങൾ എണ്ണിയാൽ തീരില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖമുദ്ര എന്നു രേഖപ്പെടുത്താവുന്നത് അനുപമമായ ആ വ്യക്തിത്വം പുലർത്തിയ സൗമ്യതയുടെ സൗന്ദര്യംതന്നെയായിരുന്നു.
ഉയർച്ചതാഴ്ചകളെയും പ്രതിസന്ധികളെയും പ്രകോപനങ്ങളെയും തിരിച്ചടികളെയുമെല്ലാം തികഞ്ഞ സൗമ്യതയോടെ നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ യഥാർഥ കരുത്ത്. അതുകൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തികച്ചും വേറിട്ട മുഖമായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന സാന്പത്തിക വിദഗ്ധൻ.
വിപുലമായ സാധ്യതകളുടെ സമുദ്രമായ ഇന്ത്യയെ ആധുനിക യുഗത്തിൽ എപ്രകാരം പടുത്തുയർത്തണമെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയനേതാവും ഭരണകർത്താവുമായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വഴിത്തിരിവായിരുന്നു ധനമന്ത്രി എന്നനിലയിലും പ്രധാനമന്ത്രി എന്നനിലയിലും അദ്ദേഹം രാജ്യത്തു നടപ്പാക്കിയ പരിഷ്കാരങ്ങളും പദ്ധതികളും.
ഉദാരവത്കരണം എന്ന വിപ്ലവകരമായ സാന്പത്തികപരിഷ്കാരം വഴി ആധുനിക ലോകസാധ്യതകളുടെ പടിവാതിലിലേക്കു രാജ്യത്തെ കൈപിടിച്ചു നടത്തിയ ധിഷണാശാലി എന്ന നിലയിൽ ഇന്ത്യാചരിത്രം എക്കാലവും നന്ദിയോടെ സ്മരിക്കേണ്ട വ്യക്തിത്വമാണ് ഈ സിക്കുകാരന്റേത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചുറ്റുമുള്ള പലരും അഴിമതിക്കാരായി ചാപ്പകുത്തപ്പെട്ടപ്പോഴും മൻമോഹന്റെ സംശുദ്ധി അഗ്നിപോലെ തിളങ്ങി.
സുഖസൗകര്യങ്ങളുടെ പട്ടുമെത്തയിലൂടെ ഭരണതലത്തിലേക്കും രാഷ്ട്രീയത്തിലേക്കും നടന്നുകയറിയ ആളല്ല മൻമോഹൻ സിംഗ്. പലായനത്തിന്റെ പൊള്ളലുകളും മാതൃനഷ്ടത്തിന്റെ മുറിവുകളും അസൗകര്യങ്ങളുടെ പരിസരങ്ങളുമൊക്കെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചതായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പകാലം. ഇന്ത്യ-പാക് വിഭജനത്തെത്തുടർന്ന് പതിനാലാം വയസിൽ കുടുംബത്തോടൊപ്പം പഞ്ചാബിലേക്കു പറിച്ചുനട്ട ജീവിതം.
വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടതിനാൽ മുത്തശിക്കൊപ്പം കഴിഞ്ഞ ബാല്യം. വൈദ്യുതിയോ പൈപ്പുവെള്ളമോ ഇല്ലാത്ത അസൗകര്യങ്ങളുടെ മധ്യേ പിന്നിട്ട കൗമാരം. തീക്ഷ്ണമായ അനുഭവങ്ങൾ ആ യുവാവിന് മുന്നോട്ടു കുതിക്കാനുള്ള ഇന്ധനമായി മാറുന്നതാണ് പിന്നെ രാജ്യം കണ്ടത്.
കേംബ്രിജ് സർവകലാശാലയിലെ അടക്കം ഉന്നതനിലയിലുള്ള പഠനവും ഗവേഷണവും ഇരുത്തംവന്ന, സൂക്ഷ്മദർശനമുള്ള, സ്വപ്നങ്ങൾക്കു ചിറകു നൽകുന്ന ഒരു സാന്പത്തിക വിദഗ്ധനെ രൂപപ്പെടുത്തുകയായിരുന്നു. കൃത്യവും വ്യക്തവുമായ ഇടപെടലുകളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന നിലയിൽ അദ്ദേഹം പേരെടുത്തു.
റിസർവ് ബാങ്ക് ഗവർണർ പദവിയും അദ്ദേഹത്തെ തേടിയെത്തി. അവിടം മുതൽ ഇന്ത്യയുടെ സാന്പത്തിക ചരിത്രം മാറ്റിയെഴുതാനുള്ള ദൗത്യം ഈ മനുഷ്യൻ ഏറ്റെടുക്കുന്നതാണു കണ്ടത്. പരിമിതമായ സാഹചര്യങ്ങളിൽനിന്നു വളർന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളിലും പദ്ധതികളിലുമെല്ലാം പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്ന ഒരു കരുതൽ എപ്പോഴും ബാക്കി നിന്നിരുന്നു.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിപദത്തിൽ ഇരുന്ന കാലയളവിലെ പല പദ്ധതികളും ഇക്കാര്യം അടയാളപ്പെടുത്തുന്നു. തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇന്ത്യയിലെ കോടിക്കണക്കിനു പാവപ്പെട്ടവരുടെ അടുക്കളയിൽ തീപുകയാൻ ഇടയാക്കിയ തൊഴിലുറപ്പു പദ്ധതി, ഏതൊരു സാധാരണക്കാരനും ഭരണതലത്തിൽ നടക്കുന്ന കാര്യങ്ങളുടെ നേർചിത്രം കരഗതമാക്കിയ വിവരാവകാശ നിയമം, ഗ്രാമഗ്രാമാന്തരങ്ങളിൽ ആരോഗ്യവിപ്ലവം സൃഷ്ടിച്ച ഗ്രാമീണ ആരോഗ്യമിഷൻ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിലെ പൊൻതൂവലുകളാണ്.
1991ൽ നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തന്നെയായിരുന്നു ഉദാരവത്കരണത്തിന്റെയും ശില്പി. ഏറെ സംസാരിക്കുക എന്നതിനേക്കാൾ ഏറെ ജോലി ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. ജനകീയ പരിവേഷവും ഇല്ലായിരുന്നു. വാക്സാമർഥ്യമാകട്ടെ തീരെ കുറവ്.
മൗനി എന്നു പ്രതിയോഗികൾ മാത്രമല്ല, സ്വന്തം പാർട്ടിക്കാർപോലും കുറ്റപ്പെടുത്തി. എന്നിട്ടും അദ്ദേഹം പത്തുകൊല്ലം പ്രധാനമന്ത്രിയായി ഇന്ത്യയെ നയിച്ചു. രാജ്യത്തെ സാന്പത്തിക പ്രതിസന്ധികളിൽനിന്നു കൈപിടിച്ചുയർത്തി. കോടിക്കണക്കിനു ജനങ്ങളുടെ പട്ടിണി മാറ്റി. രാജ്യംകണ്ട മികച്ച ഭരണകർത്താക്കളിൽ ഒരാളെന്ന ഖ്യാതി നേടി.
മൻമോഹൻ സിംഗ് യാത്രയാകുന്പോൾ ഏച്ചുകെട്ടലുകളില്ലാത്ത, കലർപ്പില്ലാത്ത, നാട്യങ്ങളില്ലാത്ത, സത്യസന്ധമായ, തെളിമയുള്ള ഒരു രാഷ്ട്രീയജീവിതത്തിന്റെ അധ്യായംകൂടിയാണ് മറിഞ്ഞുപോകുന്നത്. സൗമ്യതയുടെ സൗന്ദര്യത്തിനു പ്രണാമം.