സഹകരണ ബാങ്കുകളിലെ ‘ക്വട്ടേഷൻ ഭരണം’
Monday, December 23, 2024 12:00 AM IST
അഴിമതിക്കാരും അഹങ്കാരികളുമായ ഗുണ്ടാ രാഷ്ട്രീയക്കാരെ പുറത്താക്കി സഹകരണ സംഘങ്ങൾപ്രഫഷണലുകളെ ഏൽപ്പിക്കണം.
ഒരായുസിലെ സന്പാദ്യമത്രയും സഹകരണസംഘത്തിൽ നിക്ഷേപിക്കുക, പിൻവലിക്കാൻ ചെല്ലുന്പോൾ തടസങ്ങൾ കേൾക്കേണ്ടിവരിക, പണത്തിനു നിർബന്ധം പിടിച്ചാൽ ബാങ്ക് ഭരിക്കുന്ന പാർട്ടി തന്പ്രാക്കന്‍മാരുടെ വായിലിരിക്കുന്നതു കേൾക്കുക, തുടർന്നുള്ള ഭീഷണി സഹിക്കാനാകാതെ പണം ഉപേക്ഷിക്കുകയോ കേസു കൊടുക്കുകയോ അല്ലെങ്കിൽ ജീവനൊടുക്കുകയോ ചെയ്യേണ്ടിവരിക...
ഇതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു. കട്ടപ്പന ഗ്രാമീണ വികസന സഹകരണ സംഘത്തിനുമുന്നിൽ ജീവനൊടുക്കേണ്ടിവന്ന മുളങ്ങാശേരിയില്‍ സാബു തോമസ് ഈ പരന്പരയിലെ ഏറ്റവും പുതിയ രക്തസാക്ഷിയായി. ലക്ഷക്കണക്കിനു രൂപ ബാങ്കിൽ നിക്ഷേപമുള്ള അദ്ദേഹം ഭാര്യയുടെ ആശുപത്രി ബിൽ കൊടുക്കാനാകാതെ അതേ ബാങ്കിലെ കോണിപ്പടിയുടെ കന്പിയിൽ തൂങ്ങിമരിക്കുക... എന്തൊരു നിസഹായാവസ്ഥയാണിത്! ഇതിനൊരു അറുതിയുണ്ടാകേണ്ടെന്നാണോ?
സാബു 80 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നതായാണ് വിവരം. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ മാസംതോറും നിശ്ചിതതുക നല്‍കാമെന്നു ധാരണയില്‍ എത്തിയിരുന്നു. ഇതനുസരിച്ചു പണം നല്‍കുന്നുണ്ടായിരുന്നുവെന്നാണ് ഭരണസമിതി പറയുന്നത്. പക്ഷേ, ഭാര്യ മേരിക്കുട്ടിയുടെ ശസ്ത്രക്രിയയുടെ ബില്ല് അടയ്ക്കാൻ പണത്തിനായി സാബുവിനു വീണ്ടും ബാങ്കിനെ സമീപിക്കേണ്ടിവന്നു. കിട്ടിയില്ലെന്നുമാത്രമല്ല, ജീവനക്കാർ അദ്ദേഹത്തെ അപമാനിച്ചെന്നുമാണ് ഭാര്യ മേരിക്കുട്ടി പറഞ്ഞത്.
സൊസൈറ്റിയുടെ സെക്രട്ടറി റെജിയും ജീവനക്കാരൻ ബിനോയിയും കേക്ക് വിതരണത്തിനായി പുറപ്പെടുന്നതിനിടെ, ഇതിനൊക്കെ പണമുണ്ട്, തന്റെ പണം തരാനില്ലല്ലോ എന്ന് സാബു പറഞ്ഞത്രേ. ഇതോടെ ബിനോയ് തന്നെ പിടിച്ചുതള്ളിയെന്നാണ് സാബു പറഞ്ഞത്. പക്ഷേ, സൊസൈറ്റി ജീവനക്കാരെ സാബു ആക്രമിച്ചെന്ന രീതിയിലായി സിപിഎം പ്രചാരണം. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജിയെ ഫോണിൽ വിളിച്ച്, താനങ്ങനെ ചെയ്തിട്ടില്ലെന്നു പറയാൻ സാബു ശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ ഒരാളെപ്പോലും താൻ നുള്ളിനോവിച്ചിട്ടില്ലെന്നും സിസിടിവി പരിശോധിച്ചാൽ കാര്യങ്ങളറിയാമെന്നുമാണ് സാബു പാർട്ടി നേതാവിനോടു പറഞ്ഞത്.
പക്ഷേ, ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത നിക്ഷേപകൻ പിന്നെ കേട്ടത്, അവിശ്വസനീയമായ വാക്കുകളാണ്. “അടി മേടിക്കേണ്ട സമയം കഴിഞ്ഞു... പണി മനസിലാക്കിത്തരാം!” നാട്ടിലും വിദേശത്തുമായി ജോലിചെയ്തും കട്ടപ്പനയിൽ വ്യാപാരംനടത്തിയും സന്പാദിച്ച പണം ബാങ്കിലിട്ട മനുഷ്യനോടാണ് ഈ രാഷ്ട്രീയമേലാളന്റെ ക്വട്ടേഷൻ ഭാഷ. ഇത്തരം പാർട്ടി നേതാക്കളാണ് പല സഹകരണസംഘങ്ങളിലും കാര്യം തീരുമാനിക്കുന്നത്.
പണവും അഭിമാനവും നഷ്ടപ്പെട്ട ആ മനുഷ്യൻ മരിക്കാൻ തീരുമാനിക്കുംമുന്പു ഭാര്യയോടു പറഞ്ഞത്, താൻ കെണിയിൽ പെട്ടെന്നും ഇനി രക്ഷപ്പെടാൻ പാടാണെന്നുമാണ്. ആ വാക്കുകളിലെ വേദന അധ്വാനിക്കുന്നവനെ ചൂഷണം ചെയ്തു ജീവിക്കുന്നവർക്കു മനസിലാകില്ല. അതു മനസിലാകുമായിരുന്നെങ്കിൽ, സംസ്ഥാന സഹകരണമേഖല കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ പറഞ്ഞ കരുവന്നൂർ ബാങ്ക് തട്ടിപ്പിനുശേഷം അത്തരത്തിലൊന്നു സംഭവിക്കില്ലായിരുന്നു.
300 കോടിയോളം രൂപയാണ് ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമികൾ വഴി തട്ടിയെടുത്തത്. പ്രതിസ്ഥാനത്തു സിപിഎമ്മാണ്. നിരവധി ബാങ്കുകളിൽ വീണ്ടും അഴിമതി നടന്നു. സിപിഎം മുന്നിലാണെന്നേയുള്ളു, മറ്റു പാർട്ടികളുമുണ്ട്. പുതിയ ബാങ്കുകളുടെ ഭരണം കൈയാളാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായി, കഴിഞ്ഞ മാസം നടത്തിയ കോഴിക്കോട് ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്.
36,000 എ-ക്ലാസ് മെംബർമാർ ഉള്ള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ 8,700ഓളം പേർക്കാണ് സംഘർഷത്തിനിടെ വോട്ട് ചെയ്യാനായത്. ഏതായാലും 60 കൊല്ലം ബാങ്ക് ഭരിച്ച കോൺഗ്രസിൽനിന്ന് അടിച്ചുപിരിഞ്ഞവരും സിപിഎമ്മും ഉൾപ്പെട്ട ജനാധിപത്യ സംരക്ഷണസമിതി ഭരണം പിടിച്ചെടുത്തു. ഇങ്ങനെ ജനാധിപത്യ സംരക്ഷണങ്ങൾ തകർത്ത നിരവധി സഹകരണബാങ്കുകൾ ഈ സംസ്ഥാനത്തുണ്ട്.
തട്ടിപ്പുകൾക്കു തടയിടാൻ കൊണ്ടുവന്ന 1969ലെ സഹകരണസംഘം ചട്ടത്തിന്റെ നിയമഭേദഗതി 2024 ജൂൺ ഏഴിന് പ്രാബല്യത്തിൽ വന്നു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അഭാവമല്ല, അതു കൈകാര്യം ചെയ്യുന്നവരുടെ അധാർമികതയും അവർക്കു ലഭ്യമാകുന്ന രാഷ്ട്രീയ സംരക്ഷണവുമാണ് സഹകരണമേഖലയുടെ തകർച്ചയ്ക്കു കാരണമെന്ന് കട്ടപ്പന സംഭവവും ഉറപ്പാക്കിയിരിക്കുന്നു.
രാഷ്ട്രീയത്തിനു മുകളിൽ ഒരു നിയമത്തിനും പറക്കാനാവാത്ത സാഹചര്യത്തിലേക്ക് നാടെത്തി. സാബു പറഞ്ഞതുപോലെ, ഇതൊരു കെണിയാണ്, രക്ഷപ്പെടാൻ പാടാണ്. അല്ലെങ്കിൽ സംശുദ്ധമായ രാഷ്ട്രീയം സാധ്യമാകുകയോ സഹകരണ സ്ഥാപനങ്ങൾ പാർട്ടി സ്വത്താക്കി വച്ചിരിക്കുന്ന ഇപ്പോഴത്തെ ഗുണ്ടാ രാഷ്ട്രീയക്കാരെ പുറത്താക്കി സഹകരണ സംഘങ്ങൾ പ്രഫഷണലുകളെ ഏൽപ്പിക്കുകയോ ചെയ്യണം.