കെടുകാര്യസ്ഥതയ്ക്ക് ഗിന്നസ് റിക്കാർഡ്
Friday, January 3, 2025 12:00 AM IST
കലൂരിലെ നൃത്തസംഘാടകർക്കെതിരേ മാത്രമല്ല, വീഴ്ച വരുത്തിയ സർക്കാർ സംവിധാനങ്ങളുടെ ചുമതലക്കാർക്കെതിരേയും നടപടിയുണ്ടാകണം.
എറണാകുളം കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടിയുടെ സ്റ്റേജിൽനിന്ന് ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യം കണ്ടതിന്റെ അന്പരപ്പ് കേരളത്തെ വിട്ടുമാറിയിട്ടില്ല. വേദിനിർമാണത്തിന്റെ കാഴ്ചകളാകട്ടെ സുരക്ഷാവീഴ്ചയുടെ അവിശ്വസനീയവും ഭയപ്പെടുത്തുന്നതുമായ കാഴ്ചയായി.
ഉത്തരവാദികളായ കന്പനിയെക്കുറിച്ചു ലഭ്യമായ വിവരങ്ങൾ, ഒരു തട്ടിക്കൂട്ട് പ്രസ്ഥാനം വിചാരിച്ചാൽ സർക്കാർ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളെ മറികടക്കാനും വൻ സാന്പത്തിക ക്രമക്കേടു നടത്താനും ഈ സംസ്ഥാനത്ത് ഒരു പ്രയാസവുമില്ലെന്നും തെളിയിച്ചു. സംഘാടകരായ തട്ടിക്കൂട്ട് സ്ഥാപനത്തിന്റെ വീഴ്ച ഔദ്യോഗിക സംവിധാനങ്ങളുടെ ഒരായിരം വീഴ്ചകളെ പുറത്തെത്തിച്ചിരിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കാണ് ഗിന്നസ് റിക്കാർഡ് നൽകേണ്ടത്.
ഡിസംബർ 29ന് മൃദംഗവിഷൻ എന്ന സ്ഥാപനം ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടത്തിയ ‘മൃദംഗനാദം 2024’ പരിപാടിക്കിടെയാണ് വിഐപി ഗാലറിയിൽനിന്നു വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിനു പരിക്കേറ്റത്. 15 അടി മുകളിൽനിന്നു വീണ എംഎൽഎ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ തയാറാക്കിയ താത്കാലിക സ്റ്റേജിലെ സീറ്റിൽ ഇരിക്കാൻ നീങ്ങുന്പോഴാണ് ഉമയ്ക്കു കാലിടറിയത്.
പിടിക്കാൻ ആകെയുണ്ടായിരുന്നത് ഇരുന്പു സ്റ്റാൻഡുകളെ ബന്ധിപ്പിച്ചിരുന്ന നാട മാത്രം. പിന്നീട് വേദിയിലെ തറയുടെ വിരിപ്പു മാറ്റിയപ്പോഴാണ് അതു നിർമിച്ചിരിക്കുന്നത് കുറച്ചു പഴയ കസേരകൾക്കു മുകളിൽ പലകയിട്ടായിരുന്നു എന്നു മനസിലായത്. തൂണുകൾ ഉറപ്പിച്ചിരുന്നത് വെറും ഇഷ്ടികകളുടെ പുറത്താണെന്നത് ഉൾപ്പെടെയുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. അതായത്, ഒരു സർക്കാർ സംവിധാനം പോലും ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ല.
വയനാട് മേപ്പാടിയിൽ ഒരു വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന, ആരോരുമറിയാതിരുന്ന, ഒരു സ്ഥാപനമാണ് സർക്കാർ സംവിധാനങ്ങളെയും നർത്തകരെയും പ്രശസ്തി മോഹിച്ചവരെയുമൊക്കെ ഒരു ഗിന്നസ് റിക്കാർഡിന്റെ മറയിലും പ്രലോഭനത്തിലും വീഴ്ത്തിക്കളഞ്ഞത്. അപകടം ഉണ്ടായില്ലായിരുന്നെങ്കിൽ കോടിക്കണക്കിനു രൂപയും അതിലേറെ പ്രശസ്തിയുമായി മൃദംഗവിഷൻ രക്ഷപ്പെടുമായിരുന്നു.
പോലീസ്, കൊച്ചി കോർപറേഷൻ, ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അഥോറിറ്റി) തുടങ്ങിയവയുടെ കെടുകാര്യസ്ഥത പുറത്തുവരാനും അതു വഴിയൊരുക്കി. സ്റ്റേജ് നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നുവോ എന്നു പരിശോധിക്കുമെന്നാണ് കൊച്ചി പോലീസ് കമ്മീഷണര് പുട്ട വിമലാദിത്യ പറഞ്ഞത്. ഈ പരിശോധന ചെയ്യേണ്ട സമയത്തു ചെയ്യാതിരുന്നത് ആരാണ്? സ്റ്റേഡിയത്തിലെ താത്കാലിക നിർമാണം പരിശോധിക്കാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.
സത്യത്തിൽ, സംഘാടകരെ പ്രതിയാക്കി ഒതുക്കേണ്ട കേസല്ല ഇത്. അവരെ പ്രതിയാക്കിയാൽ മാത്രം ജിസിഡിഎ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാകില്ല. രാഷ്ട്രീയ കൊലപാതകങ്ങളിൽ കൃത്യം നിർവഹിക്കുന്നവർ പ്രതികളാകുകയും ഗൂഢാലോചനക്കാർ അടുത്ത പദ്ധതി ആസൂത്രണം ചെയ്യാൻ ബാക്കിയാകുകയും ചെയ്യുന്നതിനു തുല്യമാണിത്.
ജനങ്ങളും ജാഗ്രത പാലിക്കണം. ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് 11,600 നർത്തകരെ അണിനിരത്തി പണമുണ്ടാക്കാനുള്ള ശ്രമമാണ് കലൂരിൽ വിവാദ സ്ഥാപനം നടത്തിയത്. നർത്തകർ പല രീതിയിൽ ചുവടുവയ്ക്കുന്ന കാഴ്ചപോലും കലാപരമായി അസഹനീയമായിരുന്നു. ഇത്തരമൊരു സർട്ടിഫിക്കറ്റുകൊണ്ട് പങ്കെടുത്തവർക്കോ ഭരതനാട്യമെന്ന കലയ്ക്കോ ഒരു നേട്ടവുമില്ല. പണം കൊയ്ത സംഘാടകർക്കു മാത്രമാണു ലാഭം.
390 രൂപയുടെ സാരിക്ക് 1600 രൂപ വാങ്ങിയതു മുതൽ കൊള്ളയാണു നടന്നത്. കൈ നനയാതെ മീൻ പിടിക്കുന്നത് എങ്ങനെയെന്നും മൃദംഗവിഷൻ കാണിച്ചു. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് അവർ നടത്തിപ്പിനു കരാർ കൊടുക്കുകയായിരുന്നു. അതേസമയം, മൃദംഗവിഷനെതിരേ നടക്കുന്നത് വ്യാജപ്രചരണമാണെന്നാണ് ഡയറക്ടർ നിഗോഷ് കുമാര് പറയുന്നത്. 3.5 കോടി രൂപ പിരിച്ചതിൽ 3.10 കോടി രൂപ ചെലവായെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ, ആറു കോടിയിൽ പരം രൂപ പിരിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരം തട്ടിക്കൂട്ട് കെണികളിൽ തല വയ്ക്കുന്നതിനു മുന്പ് ജനം രണ്ടാമതൊന്ന് ആലോചിക്കണം.
സംഘാടകർക്കെതിരേ മാത്രമല്ല, വീഴ്ച വരുത്തിയ സർക്കാർ സംവിധാനങ്ങളുടെ ചുമതലക്കാർക്കെതിരേയും നടപടിയുണ്ടാകണം. പാലയൂർ പള്ളിയിൽ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോൾ ഗാനം മുടക്കി സംഘപരിവാർ ശൈലിയിൽ ക്രിസ്മസ് പരിപാടികൾ അലങ്കോലമാക്കിയ എസ്ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയതുപോലെയുള്ള സുഖശിക്ഷയാണ് കലൂരിലും നടക്കാനിരിക്കുന്നതെങ്കിൽ അപകടങ്ങൾ ആവർത്തിക്കും. രാഷ്ട്രീയം തന്നെ അപകടമാണെന്നു ജനങ്ങൾ ചിന്തിക്കാനിടയാകരുത്.