പ്രഖ്യാപനങ്ങൾ പുനരധിവാസമല്ല
Tuesday, December 24, 2024 12:00 AM IST
ദുരന്തബാധിതർക്കു വീടുകൾ കൊടുക്കുന്ന തീയതി പ്രഖ്യാപിച്ചാൽ വയനാട്-കോഴിക്കോട്
പുനരധിവാസത്തിലെ മെല്ലെപ്പോക്ക് സംസ്കാരത്തിനു മാറ്റമുണ്ടാകും. സർക്കാർ ഒരു സംവിധാനമാണ്; ദുരിതബാധിതർ പച്ച മനുഷ്യരും.
നാനൂറിലേറെ മനുഷ്യരുടെ മരണംകൊണ്ടും എണ്ണാനാവാത്തത്ര നാശനഷ്ടങ്ങൾകൊണ്ടും അടയാളപ്പെടുത്തപ്പെട്ട വയനാട്-കോഴിക്കോട് ജില്ലകളിലെ ഉരുൾപൊട്ടൽ രാജ്യത്തെ അങ്ങേയറ്റം വേദനയിലാഴ്ത്തി. പക്ഷേ, ആ മനുഷ്യരെ ചേർത്തുനിർത്തി ലോകത്തിനു മാതൃകയാകാൻ ലഭിച്ച അവസരമായി നമുക്കതിനെ മാറ്റാനായില്ല. അഞ്ചു മാസം പിന്നിടുകയാണ്.
ഉറ്റവരും ഉടയവരും വീടും കുടിയും നഷ്ടപ്പെട്ട മനുഷ്യരുടെ കൺമുന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നതും കോടതിക്കുപോലും ഇടപെടേണ്ടിവന്നതും രാജ്യം തലകുനിച്ചു നിന്നു കണ്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് രണ്ടു ടൗണ്‍ഷിപ്പുകളിലായി അഞ്ച്, പത്തു സെന്റുകളിൽ വീടുകൾ നിർമിച്ചുനൽകാൻ കഴിഞ്ഞ ദിവസം ധാരണയായിട്ടുണ്ട്. നല്ലത്.
പക്ഷേ, എല്ലാംനഷ്ടപ്പെട്ട ആ മനുഷ്യരോട് കാത്തിരിക്കൂ, കാത്തിരിക്കൂ എന്ന് ഇനിയും പറയരുത്. ആത്മാർഥതയുണ്ടെങ്കിൽ ധാരണയും പ്രഖ്യാപനങ്ങളും വായ്ത്താരികളും മാത്രം പോരാ, പുരനധിവാസത്തിന് ഒരു തീയതി നിശ്ചയിക്കൂ. കേരളത്തിലെ ഒരു പുനരധിവാസമെങ്കിലും സമയത്തോ ഗുണകരമായോ നടന്നെന്നു ലോകം അറിയട്ടെ.
വയനാട്ടിലെ കൽപ്പറ്റയിലും നെടുന്പാലയിലുമുള്ള എസ്റ്റേറ്റുകളിലാണു ടൗണ്‍ഷിപ്പുകൾ നിർമിക്കുക. 1,000 ചതുരശ്ര അടിയിലുള്ള ഒറ്റനിലവീടുകളാണു നിർമിച്ചുനൽകുന്നത്. മുകളിലേക്ക് അടുത്തനിലകൂടി നിർമിക്കാൻ കഴിയുംവിധത്തിലാണ് അടിത്തറ പണിയുന്നത്. ആകെ 750 മുതൽ 800 കോടി വരെ രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
ടൗണ്‍ഷിപ്പിൽ ആശുപത്രികൾ, സ്കൂളുകൾ, അങ്കണവാടികൾ, കളിസ്ഥലങ്ങൾ, മറ്റു ജീവനോപാധികൾ അടക്കമുള്ള സംവിധാനങ്ങളുണ്ട്. പുനരധിവാസ മാതൃക 26നു ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തു തീരുമാനിക്കും. ഇതൊക്കെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, നിലവിലുള്ള യാഥാർഥ്യങ്ങളിലൊന്ന് വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന എസ്റ്റേറ്റുകളിലെ സ്ഥലം കോടതിക്കേസിൽ കുടുങ്ങിക്കിടക്കുകയാണ് എന്നുള്ളതാണ്.
അതായത് ഈ സ്ഥിതിയിൽ വീടുപണി തുടങ്ങാൻപോലും കഴിയില്ല. സർക്കാരിന്റെ സർവ കെടുകാര്യസ്ഥതയ്ക്കും പരിചയായി ഉപയോഗിക്കുന്ന സാങ്കേതികതടസം, നിയമതടസം തുടങ്ങിയവയൊക്കെ ഇതിലുമുണ്ട്. ഒപ്പം സംസ്ഥാനത്തോടുള്ള കേന്ദസർക്കാരിന്റെ ‘പരിഗണന’ കൂടിയാകുന്പോൾ പുനരധിവാസം ദുരിതബാധിതർക്കുമേൽ മറ്റൊരു ഉരുൾപൊട്ടലായി മാറുമോയെന്നാണു സംശയം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നാലു മാസത്തിനകം 658.42 കോടി രൂപ ലഭിച്ചെന്നും അതിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നുമാണ് സർക്കാരിന്റെ വെബ്സൈറ്റിലെ വിവരം. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളായ മലയാളികളും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും കത്തോലിക്കാസഭയും നിരവധി സ്ഥാപനങ്ങളും വീടുകൾ നിർമിച്ചുനൽകാൻ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.
ഇതിൽ കർണാടക മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണത്തിനു പശ്ചാത്തലസൗകര്യം ലഭ്യമായിട്ടില്ലെന്ന വാർത്തയും അടുത്തയിടെ വിവാദമായിരുന്നു. അതായത്, ഇത്രയും രൂക്ഷമായ ഒരു പ്രകൃതിദുരന്തത്തിൽപോലും സമയബന്ധിതമായി തടസങ്ങൾ നീക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നു വരുത്താനുള്ള ശ്രമമായി സർക്കാരിന്റെ ടൗൺഷിപ് നിർമാണ പദ്ധതി പ്രഖ്യാപനം മാറരുത്.
എത്രയുംപെട്ടെന്ന് സ്ഥലത്തിന്റെ നിയമതടസങ്ങൾ നീക്കുകയും നിർമാണം തുടങ്ങുകയുമാണ് പ്രധാനം. സ്പോൺസർമാർക്കുള്ള നിബന്ധനകളൊക്കെ സാങ്കേതിക കാര്യങ്ങളാണ്. വരാനിരിക്കുന്ന പ്രധാന തടസങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും ആയിരിക്കും. ദുരിതാശ്വാസപ്രവർത്തനം നടത്തിയതിന്റെ പണം വാങ്ങാൻ ബില്ലുമായി നടക്കുന്ന കേന്ദസർക്കാരിൽനിന്നുള്ള സഹായം അത്ര സൗഹൃദപരമായിരിക്കുമെന്ന അമിതപ്രതീക്ഷ വേണ്ട.
കൈയിലുള്ള 658 കോടി രൂപയും സ്പോൺസർ ചെയ്യാൻ ഇത്രയും ആളുകളുമുള്ളപ്പോൾ നിർമാണപ്രവർത്തനങ്ങൾ ദിവസങ്ങൾക്കകം തുടങ്ങാവുന്നതേയുള്ളൂ. സ്ഥലത്തിന്റെ നിയമക്കുരുക്കുകൾ ഒഴിവാക്കി ദുരന്തബാധിതർക്കു വീടുകൾ കൊടുക്കുന്ന തീയതി പ്രഖ്യാപിച്ചാൽ ഈ മെല്ലപ്പോക്ക് സംസ്കാരത്തിനു മാറ്റമുണ്ടാകും. സർക്കാർ ഒരു സംവിധാനമാണ്; ദുരിതബാധിതർ പച്ചമനുഷ്യരും. ആ തിരിച്ചറിവാണു ഭരിക്കുന്നവരെ ജനക്ഷേമതത്പരരോ ജനദ്രോഹികളോ ആയി മാറ്റുന്നത്.