അടിമച്ചന്തകൾ ഇനി തുറക്കരുത്
Wednesday, January 15, 2025 12:00 AM IST
50 കോടി രൂപ വാർഷികവരുമാനമുള്ള എൽ ആൻഡ് ടി മേധാവി എസ്.എൻ. സുബ്രഹ്മണ്യന്റെ ആഗ്രഹം ജീവനക്കാർ ദിവസം 15 മണിക്കൂറെങ്കിലും പണിയെടുക്കണമെന്നാണ്. അതിനു രാജ്യം കൊടുത്ത മറുപടി, ജീവനക്കാരുടെ വിയർപ്പുകൊണ്ടടങ്ങാതെ ചോരയ്ക്കു നാവുനീട്ടുന്ന
സകല സുബ്രഹ്മണ്യന്മാർക്കുമുള്ളതാണ്.
ഇതു കേട്ടിട്ടു പറയൂ, ധനത്തോടുള്ള ആർത്തി മൂത്ത് ചൂഷണത്തിന്റെ പുതുവഴികൾ തേടുന്നവർക്കല്ലാതെ എൽ ആൻഡ് ടി (ലാർസൺ ആൻഡ് ടൂബ്രോ) മേധാവി എസ്.എൻ. സുബ്രഹ്മണ്യന്റെ ഭാഷയിൽ സംസാരിക്കാനാകുമോ? ‘നിങ്ങൾ വീട്ടിൽ ഇരുന്ന് എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ നോക്കാൻ കഴിയും? ഭാര്യക്ക് എത്ര നേരം ഭർത്താവിനെ തുറിച്ചുനോക്കാൻ കഴിയും? ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു.
ഞാൻ ഞായറാഴ്ചകളിൽ ജോലിചെയ്യുന്നു. നിങ്ങൾക്കു ലോകത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണം’. മനുഷ്യർ എന്നോ ഉപേക്ഷിച്ച അടിമപ്പണിയുടെ പ്രാകൃതകാലത്തെ കെട്ടിവലിച്ചുകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ചരിത്രത്തിന്റെ പിന്തിരിപ്പൻ കാഴ്ചകളിലൊന്നായി. കോട്ടിലും സൂട്ടിലുമൊളിപ്പിച്ച ഈ ആർത്തിക്കു രാജ്യം കൊടുത്ത മറുപടി, ജീവനക്കാരുടെ വിയർപ്പുകൊണ്ടടങ്ങാതെ ചോരയ്ക്കു നാവുനീട്ടുന്ന സകല സുബ്രഹ്മണ്യന്മാർക്കുമുള്ളതാണ്.
പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച്, സുബ്രഹ്മണ്യൻ അടിസ്ഥാന ശന്പളമായ 3.6 കോടിയും കമ്മീഷൻ ഇനത്തിൽ ലഭിക്കുന്ന 35.28 കോടിയും മറ്റാനുകൂല്യങ്ങളും ഉൾപ്പെടെ വർഷം തോറും വീട്ടിലേക്കു കൊണ്ടുപോകന്നത് 51 കോടി രൂപയാണ്. അതായത്, എൽ ആൻഡ് ടി യിലെ ജീവനക്കാരുടെ ശരാശരി ശന്പളത്തിന്റെ 534 ഇരട്ടി. ഭാര്യയെയും മക്കളെയുംകാൾ നോട്ടുകെട്ടുകളിലേക്കു തുറിച്ചുനോക്കുന്ന ഇത്തരക്കാരെ അനുകരിക്കാൻ മറ്റു ജീവനക്കാർക്കു ബാധ്യതയില്ലല്ലോ.
എൽ ആൻഡ് ടി നടത്തിയ ന്യായീകരണം കൂടുതൽ ആപത്കരമാണ്. “രാഷ്ട്രനിർമാണമാണ് ഞങ്ങളുടെ ഉത്തരവിന്റെ കാതൽ. എട്ട് പതിറ്റാണ്ടിലേറെയായി, ഞങ്ങൾ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളും വ്യവസായങ്ങളും സാങ്കേതിക കഴിവുകളും രൂപപ്പെടുത്തുന്നു. അസാധാരണമായ ഫലങ്ങൾക്ക് അസാധാരണമായ പരിശ്രമം ആവശ്യമാണെന്നാണ് ചെയർമാൻ ഊന്നിപ്പറഞ്ഞത്. അഭിനിവേശം, ലക്ഷ്യബോധം, പ്രകടനം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് ”.
51 കോടി രൂപ പ്രതിഫലം വാങ്ങി നടത്തുന്ന ഈ രാഷ്ട്രനിർമാണം വ്യാജമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, രാഷ്ട്രനിർമാണത്തെ ചൂഷണത്തിനു മറയാക്കുന്നത്, ദേശീയതയെ മതധ്രുവീകരണത്തിനും വോട്ടു രാഷ്ട്രീയത്തിനും ഉപയോഗിക്കുന്നത്ര കാപട്യമാണ്. 2023 ഒക്ടോബറിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
അദ്ദേഹത്തിനാവശ്യം ആഴ്ചയിൽ 70 മണിക്കൂറായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്നുണ്ടത്രേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി മന്ത്രിമാരും രാഷ്ട്രീയക്കാരും സ്വന്തമായി ബിസിനസ് ചെയ്യുന്നവരുമൊക്കെ അങ്ങനെ സമയം നോക്കാതെ ജോലി ചെയ്യുന്നുണ്ട് മൂർത്തീ.
നിശ്ചിത ശന്പളത്തിനു ജോലി ചെയ്യുന്നവരുമായി അതിനെ കൂട്ടിക്കുഴച്ചത് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞതയാണ്. ഇടം വലം ജോലിക്കാരും അനുയായികളും നിറഞ്ഞുനിൽക്കുന്ന നിങ്ങളുടെ മായാലോകമല്ല, സാധാരണക്കാരുടെ വീടും പരിസരവും. അവർക്ക് വീട്ടിലെത്തിയാലും ജോലി തുടരേണ്ടതുണ്ട്.
വിശ്രമസമയം കിട്ടിയില്ലെങ്കിലും ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി പാചകം ചെയ്യണം. തുണികൾ അലക്കിയുണക്കി ഇസ്തിരിയിടണം. മാതാപിതാക്കളുടെ ശുശ്രൂഷയും കുട്ടികളുടെ പഠനകാര്യങ്ങളുമുണ്ട്. വായ്പകളുടെ പലിശയടയ്ക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതുണ്ട്. വീട്ടിലുള്ളവരുടെ മുഖത്ത് ഉറ്റുനോക്കി അവരുടെ സന്തോഷ സന്താപങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇതിനിടെ, എല്ലാവർക്കും നരേന്ദ്ര മോദിയും ഉമ്മൻ ചാണ്ടിയും സുബ്രഹ്മണ്യനും നാരായണമൂർത്തിയും ആകാനാവില്ല. അതിന്റെ ആവശ്യവുമില്ല. മാത്രമല്ല, നിങ്ങളൊക്കെ നടത്തിയ രാഷ്ട്രനിർമാണത്തിന്റെ ബാക്കിപത്രം കൂടിയാണ് ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യയെന്നും മറക്കരുത്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ പുതിയ സാഹചര്യമാണ്, ക്രൂരമായ തൊഴിലാളി വിരുദ്ധതയ്ക്കു നിങ്ങളെ ധൈര്യപ്പെടുത്തിയത്. സ്വകാര്യമേഖലയിൽ ജീവനക്കാരെ കൂടുതൽ സമയം പണിയെടുപ്പിക്കാൻ തത്രപ്പെടുന്പോൾ കോടിക്കണക്കിന് അഭ്യസ്ഥവിദ്യർ തൊഴിലില്ലാതെ അലയുന്ന നാട്ടിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രാഷ്ട്രനിർമാണത്തെക്കുറിച്ച് വിശദീകരണം ആവശ്യമുണ്ട്.
സുബ്രഹ്മണ്യനെപ്പോലുള്ളവർ തിരികെയെത്തിക്കാൻ ആഗ്രഹിക്കുന്ന അടിമപ്പണിയുടെ ഇരുണ്ട കാലത്തുനിന്ന് എട്ട് മണിക്കൂര് ജോലിയുടെ പരിഷ്കൃത ലോകത്തേക്ക് എത്തിയത് നിരവധി തൊഴില് സമരങ്ങളിലൂടെയാണ്. 1886ൽ അമേരിക്കയിലെ ഷിക്കാഗോയിൽ ആ പോരാട്ടം മൂർധന്യത്തിലെത്തിയതിന്റെ ഓർമയാണ് മേയ്ദിനം.
ഇന്നിപ്പോൾ ഏഴും ആറും മണിക്കൂറിലേക്ക് അതു പരിവർത്തനം ചെയ്യപ്പെട്ടത് കാര്യക്ഷമത വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കമാണ്. ചില വികസിത രാജ്യങ്ങൾ 12 മണിക്കൂർ ജോലിസമയത്തോടെ ആഴ്ചയിൽ നാലു ദിവസം ജോലിയും മൂന്നുദിവസം അവധിയുമാക്കിക്കഴിഞ്ഞു. ജോലി സമയം കഴിഞ്ഞാൽ ഓഫീസിലെ ഫോൺപോലും എടുക്കാൻ ജീവനക്കാർക്കു ബാധ്യതയില്ലെന്ന് ഫ്രാൻസ് നിയമം പാസാക്കി.
ഇവിടെ, ഉറക്കവും വിശ്രമവും നഷ്ടപ്പെട്ട് ജോലി സമ്മർദത്തിലായ പോലീസുകാർ ഉൾപ്പെടെയുള്ളവർ ആത്മഹത്യയിൽ അഭയം തേടുന്നത് കണ്ടിട്ടില്ലേ? (നിശ്ചിതസമയംപോലും ജോലി ചെയ്യാത്തവരും കൈക്കൂലിക്കാരുമായ ഒരുവിഭാഗം സർക്കാർ-പൊതുമേഖലാ ജീവനക്കാരെ ചൂഷകരുടെ കൂട്ടത്തിൽ പെടുത്തിയാൽ മതി.) കഴിഞ്ഞ മാർച്ചിൽ, ഏണസ്റ്റ് ആൻഡ് യംഗ് കന്പനിയുടെ പൂനെ ഓഫീസിൽ അമിതജോലിഭാരം കാരണം 26കാരിയും മലയാളിയുമായ അന്ന സെബാസ്റ്റ്യൻ അകാലത്തിൽ മരിച്ചതും അവളുടെ അമ്മ കന്പനിക്കെഴുതിയ കത്തും തൊഴിൽ ചൂഷണത്തിന്റെ അകത്തളങ്ങളിലേക്കു വെളിച്ചം വീശുന്നതായിരുന്നു.
അമിതജോലിയിടങ്ങൾ, ഹൃദ്രോഗവും വിഷാദരോഗവും ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളുടെ ഫാക്ടറിയായി. കഴിഞ്ഞ ജൂലൈയിൽ സൗത്ത് കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലിഭാരത്താൽ റോബോട്ട് ജീവനൊടുക്കിയെന്ന വാർത്ത കൗതുകത്തേക്കാൾ, ജോലിഭാരത്തിന്റെ മനുഷ്യവിരുദ്ധതയ്ക്കൊപ്പം യന്ത്രവിരുദ്ധതയെയും ചർച്ചയ്ക്കെടുത്തു.
വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്ന ‘റോബോട്ട് സൂപ്പർവൈസർ’ ഗോവണിപ്പടിയിൽനിന്നു വീഴുന്നതിനുമുന്പ് വിചിത്രമായ പെരുമാറ്റം നടത്തിയിരുന്നു. റോബോട്ടിന്റെ ജീവനൊടുക്കലിനെ ശാസ്ത്രലോകം വിശദീകരിക്കട്ടെ, പക്ഷേ, അമിതമായി പ്രവർത്തിച്ചാൽ യന്ത്രങ്ങൾപോലും കേടാകുകയോ നിലച്ചുപോകുകയോ ചെയ്യും എന്നിരിക്കെ, ഇന്ത്യയിൽ ചിലരിങ്ങനെ ലാഭത്തിന്റെ കണക്കെഴുത്തിൽ, കാര്യക്ഷമതയെ മണിക്കൂർകൊണ്ടു ഗുണിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.
പ്രത്യേകിച്ചും ഭരണകൂടങ്ങൾ അത്തരം മുതലാളിമാരെ തിരുത്താതെ ഒന്നിച്ചുണ്ണുകയും ഉറങ്ങുകയും ചെയ്യുന്പോൾ. ഇതു രാഷ്ട്രനിർമാണമോ തൊഴിലിന്റെ മാഹാത്മ്യമോ ഒന്നുമല്ല, മുതലാളിത്തത്തിന്റെ ആർത്തിയെ മഹത്വവത്കരിക്കാനുള്ള കച്ചവട മനസാണ്; ആ അടിമച്ചന്ത ഇന്ത്യയിൽ തുറക്കേണ്ട.