പ്രസ്താവന നിർത്തി നെല്ലിന്റെ വില കൊടുക്ക്
Monday, January 13, 2025 12:00 AM IST
തത്കാലം സർക്കാർ സംഭരണവില കൊടുത്ത് നെൽകർഷകരോട് മനുഷ്യത്വം കാണിക്കണം. എന്നിട്ട് സർവകക്ഷിയോഗം വിളിച്ച് കേരളത്തിൽ ഇനി നെൽകൃഷി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കണം.
കഴിഞ്ഞ സെപ്റ്റംബറിൽ, സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഇതുവരെ കർഷകർക്കു കിട്ടിയിട്ടില്ല. അതിനുശേഷമുള്ള വിത കഴിഞ്ഞിട്ടു രണ്ടു മാസമായി. ഉള്ളവർ കൈയിൽനിന്നെടുത്തും ഇല്ലാത്തവർ പലിശയ്ക്കു വായ്പയെടുത്തും കൃഷി തുടരുന്നതിനിടെ നാളെയാണ് നാളെയാണ് എന്ന പല്ലവിയല്ലാതെ കർഷകർക്ക് പണം കിട്ടിയിട്ടില്ല. പാലക്കാട് തെരഞ്ഞെടുപ്പിന്റെ സമയത്തും ഈ വ്യാജപ്രസ്താവന നടത്തിയിരുന്നു.
55,068 കർഷകരിൽനിന്നായി 13.60 കോടി കിലോ നെല്ല് സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ചതിൽ 93.99 കോടി രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. 290.99 കോടി രൂപ ഇനി വിതരണം ചെയ്യാനുണ്ട്. ഏതാനും വർഷങ്ങളായി ഓരോ കൊയ്ത്തിനും ശേഷം ഇതാണ് സ്ഥിതി. ഒരു പരിഹാരവുമില്ല. നിസഹായതയുടെ നിലങ്ങളിൽ പ്രതിപക്ഷവും നോക്കുകുത്തിയായി.
വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് സർക്കാരിനെ വിശ്വസിച്ച് കടക്കെണിയിലായവരിൽ ഏറെയും. സംഭരണവില മുഴുവൻ കർഷകർക്കും 10 ദിവസത്തിനകം നൽകുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് സർക്കാർ പറഞ്ഞിരുന്നത് തെരഞ്ഞെടുപ്പുനുണയായിരുന്നു. പണം യഥാസമയം കിട്ടിയാലേ കർഷകർക്ക് അടുത്ത കൃഷിക്ക് അത് ഉപയോഗപ്പെടുകയുള്ളു. വർധിച്ച കൂലിയ്ക്കും വളം, കീടനാശിനി വില വർധനയ്ക്കുമൊപ്പം സർക്കാർ സംഭരണവില നൽകാത്തതുമൂലം കർഷകർക്കു വായ്പയെടുക്കേണ്ടിവരുന്നതിന്റെ പലിശയും ഉത്പാദനച്ചെലവിനൊപ്പം കണക്കാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഈ നഷ്ടകൃഷി ഏറെക്കാലം മുന്നോട്ടു പോകില്ല. നെല്ലിന്റെ താങ്ങുവില കേന്ദ്രം വർധിപ്പിച്ചാലും അതു കേരളത്തിലെ കർഷകർക്കു കൊടുക്കില്ല. രാജ്യത്തെ ഏറ്റവും ഉയർന്ന താങ്ങുവില ഇവിടെയാണെന്നു പറഞ്ഞ്, കർഷകരെ വഞ്ചിക്കും. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, ഛത്തീസ്ഗഡിൽ കിലോയ്ക്ക് 31 രൂപ സംഭരണവില നൽകുന്നുണ്ടെന്നാണ്. 2022 മുതൽ കേരളത്തിൽ ഇത് 28.20 രൂപയിയാക്കി നിലനിർത്തിയിരിക്കുകയാണ്.
മാത്രമല്ല, കേരളത്തിലെ ഉയർന്ന പണിക്കൂലിയും സമയത്ത് സംഭരണ വില നൽകാത്തതിനാൽ കർഷകർ വായ്പയെടുക്കുന്നതിന്റെ പലിശച്ചെലവുമൊന്നും കണക്കിലില്ല. ഛത്തീസ്ഗഡിൽ 300-350 രൂപയാണ് കർഷകത്തൊഴിലാളികൾക്കു ദിവസക്കൂലി. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 764.3 രൂപയുമായി കേരളം രാജ്യത്ത് ഒന്നാമതാണ്. പക്ഷേ, ആ കൂലിക്ക് ഇവിടെ ഇതരസംസ്ഥാന തൊഴിലാളികളെപ്പോലും കിട്ടില്ലെന്നതു വേറെ കാര്യം.
അതായത്, തെറ്റിദ്ധരിപ്പിച്ച് കേന്ദ്രവിഹിതം കർഷകർക്കു കൊടുക്കാതെ പിടിച്ചുവയ്ക്കുകയാണ് കേരളം. മറുവശത്ത്, ഉത്പാദനച്ചെലവുമായി യാതൊരു ബന്ധവുമില്ലാത്ത നിലവിലെ സംഭരണവിലപോലും യഥാസമയം നൽകുന്നുമില്ല. കടക്കെണി വേറെയും. നെല്ല് സംഭരിക്കുന്പോൾ കർഷകർക്കു നൽകുന്ന പാഡി രസീത് ഷീറ്റ് (പി.ആര്.എസ്.) ഈടുവാങ്ങിയാണ് നെല്ലിന്റെ പണം ബാങ്കുകൾ വായ്പയായി കര്ഷകര്ക്ക് നല്കുന്നത്.
അധ്വാനിച്ച പണം വായ്പയായി വാങ്ങേണ്ടിവരുന്ന ഗതികേട് കേരളത്തിലെ കർഷകന്റെ മുതുകിലെ മറ്റൊരു നുകമായി മാറി. ഇതു തുടങ്ങിവച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവർ അധികാരത്തിലെത്തി എട്ടുവർഷം കഴിഞ്ഞിട്ടും ആ അനീതിക്കു മുകളിൽ അടയിരിക്കുന്നത് എന്തൊരു കാപട്യമാണ്.
തത്കാലം സർക്കാർ സംഭരണവില കൊടുത്ത് കർഷകരോട് മനുഷ്യത്വം കാണിക്കണം. എന്നിട്ട് സർവകക്ഷിയോഗം വിളിച്ച് കേരളത്തിൽ ഇനി നെൽകൃഷി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കണം. സംസ്ഥാനം കൊടുക്കേണ്ട കണക്കുകളെല്ലാം കൊടുത്തിട്ടും കേന്ദ്രം സംഭരണത്തുകയിൽ കുടിശിക വരുത്തിയെങ്കിൽ അതിന്റെ കാരണം പരസ്യമായി പറയണം. എന്നിട്ട് പ്രതിപക്ഷത്തെയും കർഷകനേതാക്കളെയും ഉൾപ്പെടുത്തി കേന്ദ്രത്തെ സമീപിക്കണം.
ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ സംഭരണവില കൊടുക്കുന്നുണ്ടെങ്കിൽ അതെങ്ങനെയാണ് സാധിക്കുന്നതെന്നും അന്വേഷിക്കണം. അല്ലാതെ, കെടുകാര്യസ്ഥതയെ സുതാര്യമല്ലാത്ത പ്രസ്താവനകൊണ്ടു മറയ്ക്കരുത്. പാടങ്ങൾ നികത്തരുതെന്ന ഉത്തരവിറക്കുന്ന സർക്കാർ അവിടെ കൃഷിയിറക്കാൻ ധൈര്യപ്പെടുന്നവരെ ദ്രോഹിക്കുന്ന വൈരുധ്യാത്മക കാലം അവസാനിച്ചേ തീരൂ.