അന്ത്യകർമത്തിലും സംസ്കാരമുണ്ടാകണം
Tuesday, December 31, 2024 12:00 AM IST
ഒരു മുൻ പ്രധാനമന്ത്രിയുടെ മൃതദേഹം വച്ചുകൊണ്ട് സംസ്കാരസ്ഥലത്തെക്കുറിച്ചു ചർച്ചചെയ്യുന്നത് ആവർത്തിക്കാൻ പാടില്ലാത്ത കാര്യമാണ്.
ആദ്യമായിട്ടാണ് ഒരു മുൻ പ്രധാനമന്ത്രിയുടെ സംസ്കാരം പൊതുശ്മശാനത്തിൽ നടത്തിയത്. അന്തരിച്ചത് കോൺഗ്രസ് നേതാവാണെന്നതും ഭരിക്കുന്നത് ബിജെപിയാണെന്നതും ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. മികച്ച സാന്പത്തിക വിദഗ്ധനും രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ തൊഴിലുറപ്പു പദ്ധതികൾ പോലെ ക്രിയാത്മകപദ്ധതികൾ ആവിഷ്കരിച്ച ഭരണകർത്താവും എന്നാൽ, അത്ര രാഷ്ട്രീയക്കാരനുമല്ലാതിരുന്ന ഡോ. മൻമോഹൻ സിംഗിനോട് ബിജെപി സർക്കാർ കാണിച്ച അനാദരവ് ഇടുങ്ങിയ രാഷ്ട്രീയമായിപ്പോയി.
മുൻപ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ സംസ്കാരത്തിൽ കോൺഗ്രസും നെഹ്റു കുടുംബവും അനാദരവ് കാണിച്ചെന്നു പലകുറി കുറ്റപ്പെടുത്തിയിട്ടുള്ള ബിജെപി, അതൊക്കെ റാവുവിനോടോ മുൻപ്രധാനമന്ത്രി സ്ഥാനത്തോടോ ഉള്ള ആദരവുകൊണ്ടായിരുന്നില്ലെന്നും വെറും കോൺഗ്രസ് വിരോധമായിരുന്നെന്നും ഇതിലൂടെ പറയാതെ പറഞ്ഞിരിക്കുന്നു.
യമുനാ നദീതീരത്തുള്ള നിഗംബോധ് ഘട്ടിലാണ് ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നടത്തിയത്. ദിവസവും നിരവധി ചിതകൾ കത്തിക്കുന്ന ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പൊതു ശ്മശാനമാണത്. ചിതകൂട്ടി ദഹിപ്പിക്കുന്നതു കൂടാതെ വൈദ്യുതിയിലും സിഎൻജിയിലും പ്രവർത്തിക്കുന്ന ശ്മശാനങ്ങളും ഇവിടെയുണ്ട്. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ, അദ്ദേഹത്തിന്റെ പേരിൽ സ്മാരകം നിർമിക്കാൻ നിശ്ചയിച്ച സ്ഥലത്തു നടത്തണമെന്ന കോൺഗ്രസിന്റെ അഭ്യർഥന നിഷേധിച്ച ബിജെപി സർക്കാർ നിഗംബോധ് ഘട്ട് സംസ്കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
മൻമോഹൻ സിംഗിനെ കേന്ദ്രസർക്കാരും ബിജെപിയും അപമാനിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇതര രാഷ്ട്രീയപാർട്ടികളും രംഗത്തെത്തിയിരുന്നു. മൻമോഹൻ സിംഗിനുവേണ്ടി ഡൽഹിയിൽ സ്മാരകം നിർമിക്കുമെന്നും തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീടു വ്യക്തമാക്കി.
പൊതുശ്മശാനത്തിലെ തിരക്കിനും പരിമിതികൾക്കുമിടയിൽ മുൻപ്രധാനമന്ത്രിയുടെ സംസ്കാരം നടത്തിയത് അഭിമാനാർഹമായ കാര്യമല്ല. രണ്ടു ദിവസമായി പെയ്തുകൊണ്ടിരുന്ന മഴ തോർന്നത് അത്രയെങ്കിലും ആശ്വാസമായി. മൻമോഹൻ സിംഗിനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ക്രമീകരണങ്ങൾ സജ്ജമാക്കിയത് പട്ടാളമായിരുന്നു എന്നും സർക്കാർ വിശദീകരിച്ചു. പക്ഷേ, അതു സംസ്കാരത്തിനു തീരുമാനിച്ച സ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയല്ല.
ഒരു മുൻപ്രധാനമന്ത്രിയുടെ മൃതദേഹം വച്ചുകൊണ്ട് സംസ്കാരസ്ഥലത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് ആവർത്തിക്കാൻ പാടില്ലാത്ത കാര്യമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിവിഐപികൾക്കായി പ്രത്യേക സ്മാരകമല്ല, രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയ അന്തരിച്ച നേതാക്കൾക്കായി പൊതുസ്മാരകമാണു വേണ്ടതെന്നു തീരുമാനിച്ചത് 2013ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ്.
പതിറ്റാണ്ടിലേറെ പഴക്കമുള്ള ആ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഇനിയൊരു പ്രധാനമന്ത്രിയുടെയും മൃതദേഹത്തെ അവഹേളിക്കരുതേയെന്ന് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് സർക്കാരിനോട് യാചിക്കേണ്ടി വരരുത്; പൊതുശ്മശാനത്തിൽ സംസ്കരിക്കുകയുമരുത്.
മൻമോഹൻ സിംഗ് കോൺഗ്രസുകാരനായിരുന്നെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു എന്നത് അംഗീകരിക്കാനുള്ള വിശാലമനസ്കത സർക്കാരിന് ഇല്ലാതെ പോയി. അത് ബിജെപിയുടെ ആത്മവിശ്വാസമില്ലായ്മയോ രാഷ്ട്രീയ അരക്ഷിതാവസ്ഥയോ ആവാം. എത്രയും വേഗം പൊതു സ്മാരകസ്ഥലം തീരുമാനിക്കുകയോ അതിനു കഴിയുന്നില്ലെങ്കിൽ മൻമോഹൻസിംഗിന് ഉചിതമായ സ്മാരകസ്ഥലം കണ്ടെത്തുകയോ ചെയ്യണം. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും പാർട്ടിയുടെയല്ല രാജ്യത്തിന്റെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതു തിരിച്ചറിയുന്നതാണ് സംസ്കാരം.