ജനാധിപത്യത്തിലെ നിശബ്ദ അട്ടിമറി
Wednesday, January 8, 2025 12:00 AM IST
ബൂത്ത് പിടിക്കുന്നവരും അക്രമികളും മാത്രമല്ല, വോട്ട് ചെയ്യാത്തവരും തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അട്ടിമറിക്കുകയാണ്.
വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാനോ ചേർത്താലും വോട്ട് ചെയ്യാനോ താത്പര്യമില്ലാത്ത പുതുതലമുറയെക്കുറിച്ചു പഠിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുങ്ങുന്നു. അധികാരത്തിൽ പങ്കു ലഭിക്കുന്നതിനും വോട്ടവകാശത്തിനുംവേണ്ടി നിവർത്തന പ്രക്ഷോഭം ഉൾപ്പെടെ നടത്തിയവരുടെ പിന്മുറക്കാരാണ് വിലപ്പെട്ട അവകാശത്തെ നിരുപാധികം കൈയൊഴിയുന്നത്. അതേക്കുറിച്ചു പഠിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്.
ജനാധിപത്യമെന്നാൽ ‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം’ എന്നത്, എല്ലാവർക്കുംവേണ്ടി ചിലർ തെരഞ്ഞെടുക്കുന്ന ചിലരുടെ ഭരണമായി മാറരുത്. ബൂത്ത് പിടിക്കുന്നവരും അക്രമികളും മാത്രമല്ല, വോട്ട് ചെയ്യാത്തവരും തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും അട്ടിമറിക്കുകയാണ്.
ഇത്തരമൊരു പ്രവണത നിലവിൽ ഉണ്ടായിരുന്നെങ്കിലും വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് വോട്ട് ഉപേക്ഷിച്ചവരുടെ ബാഹുല്യം നിസാരമല്ലെന്നു കണ്ടത്. 2,78,10,942 വോട്ടർമാരാണ് പട്ടികയിലുള്ളത്. 63,064 പേർ പുതുതായി പേര് ചേർത്തു. ആകെ വോട്ടർമാരിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടര്മാരും 360 ഭിന്നലിംഗ വോട്ടർമാരുമുണ്ട്.
ഇനിയാണ് ആശങ്കപ്പെടുത്തുന്ന കണക്ക്. 18നും 19നും ഇടയിൽ പ്രായമുള്ള പുതുവോട്ടർമാർ 1.7 ശതമാനം മാത്രം. മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും 18നും 25നും ഇടയിലുള്ള പുതു വോട്ടർമാരിൽ കൂടുതൽ പേരും വോട്ട് ചെയ്തിട്ടില്ലെന്നാണ് കമ്മീഷന്റെ നിഗമനം. ഇതോടെയാണ് പ്രശ്നം പഠിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചത്. റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞത്.
ഇതു കേരളത്തിലെ മാത്രം കാര്യമല്ല. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്, 18നും 19നും ഇടയ്ക്കുള്ളവരിൽ 40 ശതമാനത്തിൽ താഴെയാണ് വോട്ടർപട്ടികയിൽ പേരു ചേർത്തത് എന്നാണ്. പേരു ചേർത്തവരിൽ വലിയൊരു ശതമാനം വോട്ട് ചെയ്തുമില്ല. മറ്റു പല രാജ്യങ്ങളിലും ഇതാണ് സ്ഥിതിയെന്നത് ന്യായീകരണത്തിന്റെ ഘടകമല്ല. ഒന്ന്, യൂറോപ്പിൽ ഉൾപ്പെടെ ഫാസിസ്റ്റ് രാഷ്ട്രീയ ധാരകൾക്ക് മുൻകൈ കിട്ടിക്കൊണ്ടിരിക്കുന്നിടത്തും വോട്ട് ചെയ്യാനെത്താത്ത യുവജനങ്ങൾ വളരെ അധികമാണ്.
അതേസമയം, തീവ്രചിന്താഗതി പുലർത്തുന്ന പാർട്ടികളെ പിന്തുണയ്ക്കുന്ന യുവജനങ്ങൾ വോട്ട് ചെയ്യാനെത്തുകയും ചെയ്യും. അതുപോലെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നയങ്ങളിലും രാഷ്ട്രീയ ആദർശങ്ങളിലും എടുത്തുപറയാൻ തക്ക വ്യത്യാസങ്ങളൊന്നുമില്ലാത്ത രണ്ടോ മൂന്നോ നാലോ പാർട്ടികളുടെ മത്സരം പോലെയല്ല, നിരവധി മതങ്ങളും ജാതിയും ഉപജാതികളും രാഷ്ട്രീയ പാർട്ടികളും ഭാഷയും വസ്ത്രവും നിറവും ഭക്ഷണവുമൊക്കെ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ സങ്കീർണമായ രാഷ്ട്രീയം.
ജനാധിപത്യത്തെ അവലംബിക്കുന്നുണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങൾപോലും പരസ്പരവിരുദ്ധങ്ങളാണ്. അത്തരമൊരു ജനാധിപത്യത്തിൽനിന്നു രാജ്യത്തിന്റെ ഭാവിയെ നിർണയിക്കേണ്ട യുവജനങ്ങൾ വിട്ടുനിൽക്കുന്നത്, ക്ഷോഭസാധ്യതയ്ക്കിടെ കപ്പലിന്റെ പായ്മരത്തെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കു തുല്യമാണ്.
അടുത്തയിടെ ചില നിരീക്ഷണങ്ങളും ചർച്ചകളും ഈ വിഷയത്തിൽ മാധ്യമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ നിരുത്സാഹത്തിന്റെ കാരണങ്ങളിൽ പലതുമായി ബന്ധപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അതേക്കുറിച്ചു കാര്യമായ ചർച്ചകൾ നടത്തിയിട്ടുമില്ല. പാർട്ടികളുടെ അപചയങ്ങളിലും അഴിമതികളിലും അക്രമങ്ങളിലും തൊഴിലില്ലായ്മയിലും മാറിയ സാമൂഹിക സാഹചര്യങ്ങളിലും അരാഷ്ട്രീയവാദത്തിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന നിരവധി കാരണങ്ങൾ പ്രശ്നത്തിനു പിന്നിലുണ്ട്.
താൻ വോട്ട് ചെയ്തില്ലെങ്കിലും ഫലം മാറില്ലെന്ന ചിന്താഗതിയും പടരുന്നുണ്ട്. പക്ഷേ, അങ്ങനെ ചിന്തിക്കുന്നത് ഒരാളല്ലെന്നതാണ് അപകടം. മറ്റൊന്ന്, ഏതു പാർട്ടി വന്നാലും വ്യത്യാസമൊന്നുമില്ല എന്ന നിരാശയിലൂന്നിയ നിഗമനമാണ്. എന്നാൽ, താരതമ്യേന ഭേദപ്പെട്ടവരെ തെരഞ്ഞെടുക്കാനെങ്കിലും അവസരമുള്ളത് ജനാധിപത്യത്തിൽ മാത്രമാണെന്നും ജനങ്ങളുടെ ജാഗ്രതക്കുറവാണ് പലയിടങ്ങളിലും ഏകാധിപത്യവും സർവാധിപത്യവും തെരഞ്ഞെടുപ്പിലൂടെതന്നെ നുഴഞ്ഞുകയറാൻ ഇടയാക്കിയതെന്നതും മറക്കരുത്.
അപചയങ്ങളും അഴിമതിയും അക്രമങ്ങളുമൊക്കെ മുന്പും ഉണ്ടായിരുന്നതാണ്. അതൊക്കെ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനല്ല, പങ്കെടുക്കാനുള്ള കാരണങ്ങളാണ്. സജീവമായ ജനാധിപത്യത്തിൽ രാഷ്ട്രീയ അപചയങ്ങൾക്കെല്ലാം ഒരു പരിധിവരെ പരിഹാരമുണ്ടെന്നും ജനാധിപത്യം സർക്കാരെന്ന ഒറ്റക്കാലിലല്ല നിൽക്കുന്നതെന്നും ഭരണഘടനാനുസൃതമായ നിയമസംവിധാനങ്ങളും ദാസ്യരല്ലാത്ത മാധ്യമങ്ങളും സത്യസന്ധരായ ഉദ്യോഗസ്ഥരും അതിന്റെ ഭാഗമാണെന്നും തിരിച്ചറിയണം. മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അത്, സ്വാർഥതയുടെ കടന്നുകയറ്റമാണ്.
സ്വന്തം വിദ്യാഭ്യാസം, തൊഴിൽ, വിദേശ കുടിയേറ്റം, സുഖസൗകര്യങ്ങൾ എന്നിവയിലേക്ക് ഒതുങ്ങുന്നവരുടെ എണ്ണം വർധിച്ചു. സംശയമുണ്ടെങ്കിൽ വോട്ട് ചെയ്യാത്തവരോടു ചോദിക്കൂ, ഈ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന്. നിങ്ങളുടെ സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങൾ, നിങ്ങളുടെ ജില്ലയിലെയോ പഞ്ചായത്തിലെയോ വാർഡിലെയോ പരിഹരിക്കപ്പെടേണ്ട വിഷയം, ഇന്നത്തെ പ്രധാന വാർത്ത, യുദ്ധങ്ങൾ, പട്ടിണി... ഒന്നിനെക്കുറിച്ചും അറിയില്ല, വേവലാതിയുമില്ല.
പ്രശ്നം പരിഹരിക്കണം. എല്ലാവരും പങ്കെടുക്കുന്ന അർഥവത്തായ ജനാധിപത്യം രാജ്യത്തിന്റെ വികസനത്തിലും വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനുമൊക്കെ അനിവാര്യമാണ്. രാഷ്ട്രീയ പാർട്ടികൾ യുവജനങ്ങളെ ആകർഷിക്കാൻ തക്കവിധം, തൊഴിലും തൊഴിലില്ലായ്മയുംപോലെ അവരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തുകയും പാർട്ടി ഭാരവാഹികളിലും സ്ഥാനാർഥികളിലും യുവജനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും വേണം. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടക്കമിടാം. മുതിർന്ന നേതാക്കളിൽ പലർക്കും നിർമിതബുദ്ധിയുടെ കാലത്തെ യുവതലമുറയോടു സംവദിക്കാൻ കഴിയുന്നില്ല. വോട്ട് ചെയ്യേണ്ടത് അവകാശം മാത്രമല്ല, ചുമതലകൂടിയാണെന്നും വിദ്യാർഥികളെ പഠിപ്പിക്കണം.
ഏതു പ്രഫഷണൽ കോഴ്സിനുമൊപ്പം അടിസ്ഥാന ചരിത്രവും പൗരധർമവും പാഠ്യപദ്ധതിയുടെ ഭാഗമാകണം. വിദ്യാർഥിരാഷ്ട്രീയത്തിലെ അക്രമിസംഘങ്ങൾ രാഷ്ട്രീയത്തോടു സൃഷ്ടിച്ച വിരക്തിയും ഭയവും പരിഹരിച്ച് ക്രിയാത്മക രാഷ്ട്രീയത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചർച്ചയുണ്ടാകണം. മദ്യത്തിനും മയക്കുമരുന്നിനും കീഴ്പ്പെട്ട യുവാക്കൾക്കു തെരഞ്ഞെടുപ്പിനോടുള്ള സമീപനവും പഠനവിധേയമാക്കണം. വോട്ട് ബഹിഷ്കരിക്കുമെന്നു പറയുന്ന സംഘടനകളുടെ വാർത്ത മാധ്യമങ്ങൾ കൊടുക്കരുത്.
ഏറ്റവും മികച്ച ഭരണക്രമമായ ജനാധിപത്യം അട്ടിമറിക്കപ്പെടരുത്. ജനങ്ങളിലെയോ വോട്ടർമാരിലെയോ ഭൂരിപക്ഷമല്ല, വോട്ട് ചെയ്തവരിലെ ഭൂരിപക്ഷമാണ് സർക്കാരുകളെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ, മോശം ഭരണാധികാരികൾ അധികാരത്തിലെത്തുന്നതിന്റെ ഉത്തരവാദിത്വം വോട്ട് ബഹിഷ്കരിച്ചവർക്കുമുണ്ട്. ഗ്രീക്ക് തത്വചിന്തകനായ പെരിക്ലിസിന്റെ വാക്കുകൾ ഓർത്തിരിക്കുന്നതു നല്ലതാണ്: “രാഷ്ട്രീയത്തിൽ നിങ്ങൾക്കു താത്പര്യമില്ല എന്നതിനർഥം, രാഷ്ട്രീയം നിങ്ങളുടെ കാര്യത്തിൽ താത്പര്യമെടുക്കില്ല എന്നതല്ല.’’
അതേ, നിങ്ങളെയും ഭാവിയെയും വെറുതെ വിടില്ലാത്ത രാഷ്ട്രീയത്തെ നിങ്ങളും വെറുതെ വിടരുത്.