ധൈര്യമുണ്ടെങ്കിൽ ഒന്നുകൂടി നോക്കാം
Wednesday, January 1, 2025 12:00 AM IST
അനീതിക്കും അധികാരത്തിനുമെതിരേ പൊരുതുന്നവർക്കും സ്വയം പുതുക്കിപ്പണിയാൻ
മടിയില്ലാത്തവർക്കുമൊപ്പം അണിചേരാൻ ഒരു പുതുവർഷംകൂടി..!
ഇംഗ്ലീഷ് എഴുത്തുകാരൻ ജി.കെ. ചെസ്റ്റർട്ടൻ യക്ഷിക്കഥകളെക്കുറിച്ചു പറയുന്നുണ്ട്: “വ്യാളികൾ ഉണ്ടെന്നല്ല യക്ഷിക്കഥകൾ കുട്ടികളോടു പറയുന്നത്. അതൊക്കെയുണ്ടെന്ന് പിള്ളേർക്കു പണ്ടേയറിയാം. പക്ഷേ, വ്യാളികളെ നശിപ്പിക്കാനാകുമെന്നാണ് ആ കഥകൾ അവരോടു പറയുന്നത്.’’
യുദ്ധം, തീവ്രവാദം, വർഗീയത, തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധികൾ, അലസത... സമൂഹത്തിലും വ്യക്തിജീവിതത്തിലും നിരവധി പാളിച്ചകളും പരാജയങ്ങളും ഉണ്ടെന്ന് ആരും പറഞ്ഞില്ലെങ്കിലും നമുക്കറിയാം. പക്ഷേ, ആ വ്യാളികളെ പരാജയപ്പെടുത്താൻ നമുക്കു സാധിക്കുമെന്നാണ് ഒരു കഥപോലെ പുതുവത്സരം നമ്മോടു പറയുന്നത്.
ഒന്നുകൂടി പരിശ്രമിക്കാൻ ഇന്നു ലഭിച്ചിരിക്കുന്ന അവസരത്തിന്റെ പേരാണ് "2025'. ഭൂമിയെ കൂടുതൽ വാസയോഗ്യമാക്കാനും സമാധാനം സാധ്യമാക്കാനും അലസതകളെ മറികടക്കാനും നമുക്കത് ഉപയോഗിക്കാം.
യുദ്ധങ്ങളിൽ നിരവധി മനുഷ്യർ കൊല്ലപ്പെടുകയും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം നിലനിൽക്കുകയും അതിന്റെ ഉപോത്പന്നമായ വലതുപക്ഷ രാഷ്ട്രീയം ശക്തി പ്രാപിക്കുകയും ചെയ്തത് സകല മനുഷ്യരുടെയും ഉത്കണ്ഠയാണ്.
നമ്മുടെ രാജ്യത്തും വെറുപ്പും വിദ്വേഷവും മതവർഗീയതയും ന്യൂനപക്ഷവിരുദ്ധതയും ശക്തമായി. അധികാരത്തിലെത്താൻ മതധ്രുവീകരണത്തെ ഉപകരണമാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ലജ്ജയുമില്ലെന്നായി.
ക്രിസ്മസ് പോലെയുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷവേളകൾ കേരളത്തിൽ പോലും വർഗീയവാദികളും വകതിരിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അലങ്കോലപ്പെടുത്താൻ തുടക്കമിട്ടു. സമൂഹമാധ്യമങ്ങൾ സാമൂഹികവിരുദ്ധർക്ക് താവളവും ഒളിയിടവുമായി. പ്രകൃതിദുരന്തം കേരളത്തെ അഗാധമായി മുറിവേൽപ്പിച്ചു.
കേന്ദ്രത്തിന്റെ അവഗണനയും സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും ആ മുറിവിനെ ആഴമുള്ളതാക്കി. കർഷകർ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടു. വന്യജീവി ആക്രമണങ്ങൾക്കു മുന്നിൽ മനുഷ്യർ നിസഹായരാകുകയും സർക്കാരുകൾ നിഷ്ക്രിയരാകുകയും ചെയ്തു.
സർക്കാരിന്റെ അഴിമതിയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ജനത്തെയും ജനാധിപത്യത്തെയും പിന്നിൽനിന്നു കുത്തി. കൊലയാളികളെ സംരക്ഷിക്കാൻ പൊതുമുതൽ ഉപയോഗിക്കുന്നതിലേക്കുവരെ അതു തരംതാഴ്ന്നു. മയക്കുമരുന്നടിമകൾ സമാധാനജീവിതത്തിനു ഭീഷണിയായി.
സ്വാതന്ത്ര്യത്തിന്റെ വ്യാജവ്യാഖ്യാനങ്ങൾ കുടുംബബന്ധങ്ങളെ ശിഥിലമാക്കാൻ തുടങ്ങി. നിരവധിയുണ്ട് നിരാശയ്ക്കു വക. എങ്ങനെയാണു മുന്നോട്ടു പോകുന്നത്? അതിനു ധൈര്യം വേണം.മൈക്കിൾ ജാക്സൺ ആ ധൈര്യത്തെക്കുറിച്ചു പറയുന്നുണ്ട്: “വെറുപ്പുകൊണ്ടു നിറഞ്ഞ ലോകത്ത് പ്രതീക്ഷിക്കാൻ തക്കവിധം നാം ധീരരാകേണ്ടതുണ്ട്.
കോപം നിറഞ്ഞിടത്ത് ശാന്തരാകാനും നല്ല ധൈര്യം വേണം. നിരാശ നിറഞ്ഞ ലോകത്ത് ധൈര്യമില്ലെങ്കിൽ നമുക്ക് സ്വപ്നം കാണാനാവില്ല. വിശ്വാസ്യതയില്ലാത്ത ലോകത്തെ വിശ്വസിച്ചു ജീവിക്കാനും ധൈര്യം വേണം.’’ ഭൂരിപക്ഷത്തിനു വഴങ്ങി ന്യൂനപക്ഷം ജീവിക്കണമെന്നു ന്യായാധിപരും പറയുന്നിടത്ത് സമനില തെറ്റാതിരിക്കാൻ ധൈര്യം വേണം.”
ജനാധിപത്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുംമേൽ 51 തവണ ആഞ്ഞുവെട്ടിയവർക്ക് യഥേഷ്ടം പരോൾ അനുവദിക്കുകയും അതാണ് മനുഷ്യാവകാശമെന്നു പറഞ്ഞുറപ്പിക്കുകയും ചെയ്യുന്നിടത്ത് സദ്ഭരണം കാംക്ഷിക്കാൻ നാം ധൈര്യമാർജിക്കണം.
അധ്വാനിച്ചുണ്ടാക്കിയ നിക്ഷേപം പിൻവലിക്കാൻ കഴിയാത്തതിന്റെ വേദനയിൽ ജീവനൊടുക്കിയ മനുഷ്യൻ മരണാനന്തരവും അവഹേളിക്കപ്പെടുന്ന ലോകത്ത് പുതുവർഷത്തിൽ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാൻ നല്ല ധൈര്യം വേണം.
നമുക്കു ധൈര്യമുണ്ട്. മണിപ്പുരിലെ മനുഷ്യർ കൂട്ട ആത്മഹത്യ ചെയ്യാത്തതു ധീരതയല്ലേ? ഭരണഘടനാവിരുദ്ധ നിയമങ്ങളിലൂടെ തട്ടിയെടുക്കപ്പെട്ട സ്വന്തം മണ്ണ് സംരക്ഷിക്കാൻ കൈയേറ്റക്കാരോടും നിയമത്തോടും ഭരണകൂടത്തോടും ഒരേസമയം പൊരുതുന്ന മനുഷ്യർ അതിജീവനത്തിന്റെ മുനന്പത്തു നിൽക്കുന്നത് ധൈര്യമല്ലാതെ മറ്റൊന്നുമല്ല.
ആശ്വാസവാക്കുകളുടെ കേന്ദ്ര-സംസ്ഥാന കപടമുഖങ്ങളെ തിരിച്ചറിഞ്ഞിട്ടും, സർവതും ഒലിച്ചുപോയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിലങ്ങാട്ടെയും മനുഷ്യർ ജീവിതത്തെ കൈവിടാതെ പിടിച്ചിരിക്കുന്നത് ധൈര്യമല്ലാതെ മറ്റെന്താണ്! ഭരണകൂട, രാഷ്ട്രീയ, തീവ്രവാദ, വർഗീയ കടന്നുകയറ്റങ്ങളെ ചെറുക്കുന്ന മനുഷ്യാവകാശ, മാധ്യമപ്രവർത്തകരുടെ ധീരത കൺമുന്നിലുണ്ട്.
നാം തനിച്ചല്ല; അനീതിക്കും അധികാരത്തിനുമെതിരേ പൊരുതുന്നവർക്കും സ്വയം പുതുക്കിപ്പണിയാൻ മടിയില്ലാത്തവർക്കുമൊപ്പം അണിചേരാൻ ഒരു പുതുവർഷംകൂടി..! അമേരിക്കൻ ഗായകൻ ബ്രാഡ് പെയ്സ്ലി പറയുന്നതുപോലെ, 365 പേജുള്ള ബുക്കിന്റെ എഴുതാത്ത ആദ്യപേജാണ് ഇന്നു നമ്മുടെ കൈയിലുള്ളത്. ധൈര്യമായി എഴുതിത്തുടങ്ങാം. പുതുവത്സരാശംസകൾ!