ആകാശക്കുതിപ്പിന്റെ കേരള മോഡൽ
Saturday, May 25, 2024 12:00 AM IST
ജനപങ്കാളിത്തത്തിന്റെയും ഇച്ഛാശക്തിയുടെയും പിൻബലമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് ലാഭകരമാക്കാമെന്നതിന്റെ നേർചിത്രമാണ് സിയാൽ എന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വിജയഗാഥ. കേരളംപോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ് സിയാൽ മോഡൽ.
കേരളത്തിന്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രജതജൂബിലിശോഭയിലാണ്. അനേകം എതിർപ്പുകളെ അതിജീവിച്ചു വിജയംകണ്ടതാണ് ഈ സ്വപ്നപദ്ധതി. പുതിയൊരു വികസനമാതൃക കേരളത്തിനു നൽകിയെന്നതും ഈ പദ്ധതിയുടെ നേട്ടമാണ്.
1991ൽ മുളപൊട്ടിയ സ്വപ്നമാണ് 1999 മേയ് 25ന് സാക്ഷാത്കരിക്കപ്പെട്ടത്. പൂർണമായും പൊതുമേഖലയിൽ നിർമിക്കപ്പെട്ട തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്കു വിറ്റ് കേന്ദ്രസർക്കാർ ധനസമാഹരണം നടത്തുന്ന ഇക്കാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിജയത്തിന് തിളക്കമേറെയുണ്ട്.
ജനപങ്കാളിത്തത്തിന്റെയും ഇച്ഛാശക്തിയുടെയും പിൻബലമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് ലാഭകരമാക്കാമെന്നതിന്റെ നേർചിത്രംകൂടിയാണ് സിയാൽ എന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വിജയഗാഥ. മലയാളികളുടെ ആഗോള കുടിയേറ്റം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുമ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കുതിപ്പിനും വഴിവയ്ക്കുകയാണ്. ഓഹരിയുടമകൾക്ക് മുടക്കുമുതലിന്റെ 317 ശതമാനം ലാഭവിഹിതം ഇതുവരെ ലഭിച്ചുകഴിഞ്ഞുവെന്നത് ഈ പദ്ധതിവിജയത്തിന്റെ മാറ്റുകൂട്ടുന്നു.
25 വർഷങ്ങൾകൊണ്ട് രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഒന്നായി മാറാൻ സിയാലിനു കഴിഞ്ഞിട്ടുണ്ട്. സർവീസുകളുടെ എണ്ണത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനത്താണ് കൊച്ചി. അന്താരാഷ്ട്ര സർവീസുകളിൽ നാലാം സ്ഥാനത്തും. 2023-24 സാമ്പത്തികവർഷത്തിൽ 1,05,29,000 യാത്രക്കാരെങ്കിലും കൊച്ചിയിലൂടെ വന്നുപോയി. 70,203 വിമാനങ്ങളും ഇക്കാലയളവിൽ ഓപ്പറേറ്റ് ചെയ്തു. കേരളത്തിലെ വിമാനയാത്രക്കാരിൽ 62 ശതമാനവും ഉപയോഗിക്കുന്നത് കൊച്ചി വിമാനത്താവളത്തെയാണ്.
കൊച്ചി നാവിക വിമാനത്താവളം തീർത്തും അപര്യാപ്തമായപ്പോഴാണ് പുതിയൊരു വിമാനത്താവളം അനിവാര്യമായി മാറിയത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അതിന്റെ ചുമതല ഏൽപ്പിച്ചത് അന്ന് താരതമ്യേന ജൂണിയറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വി.ജെ. കുര്യനെയായിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പും ധനസമാഹരണത്തിലെ പ്രതിസന്ധികളുമെല്ലാം വഴിയിൽ തടസങ്ങളായിരുന്നെങ്കിലും അതൊക്കെ മറികടന്നാണ് വിമാനത്താവളം യാഥാർഥ്യമായത്. തുടക്കത്തിൽ കടുത്ത എതിർപ്പുയർത്തിയ പല രാഷ്ട്രീയ നേതാക്കളും പിന്നീട് സിയാലിന്റെ ഭരണത്തിലെത്തിയതും മികവുറ്റ പദ്ധതിയെന്ന് അഭിമാനംകൊണ്ടതും ചരിത്രത്തിന്റെ ഭാഗമാണ്.
വിമാനത്താവളം വിജയമായതോടെ കൊച്ചിക്കു കൈവന്ന വളർച്ചയും പ്രശസ്തിയും കേരളത്തിനാകെ പ്രയോജനകരമായിട്ടുണ്ട്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയൊരു കുതിപ്പിന് കൊച്ചി വിമാനത്താവളം നൽകിയ സംഭാവനകൾ ഏറെയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നവീകരണത്തിലും ആധുനികീകരണത്തിലും മാത്രമല്ല, നവീന ആശയങ്ങൾ നടപ്പാക്കിക്കൊണ്ട് മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കാനും സിയാലിനായിട്ടുണ്ട്.
സൗരോർജ പദ്ധതിയാണ് അതിൽ പ്രധാനം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണിത്. 2014 മുതൽ ഘട്ടംഘട്ടമായി സോളാർ പ്ലാന്റുകളുടെ എണ്ണം കൂട്ടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസത്തോടെ 35 കോടി യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. അടുത്ത വർഷത്തോടെ പ്രതിദിനം രണ്ടര ക്വിന്റൽ ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 136 ഏക്കറിലെ ഗോൾഫ് കോഴ്സും സിയാലിന്റെ മറ്റൊരു മികവാണ്.
കേരളംപോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ് സിയാൽ മോഡൽ. പ്രവാസികളായ മലയാളികളുടെ നിക്ഷേപം നാട്ടിലെത്തിക്കാനും ഇതുവഴി സാധിക്കും. എന്നാൽ, സിയാൽ എന്ന ജനകീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനവിജയം കേരളത്തിൽ കൂടുതലായി ആഘോഷിക്കപ്പെട്ടിട്ടില്ല എന്നതും കാണാതെപോകരുത്.
ഇതേ മാതൃകയിലാണ് കണ്ണൂർ വിമാനത്താവളവും കെട്ടിപ്പടുത്തതെങ്കിലും വലിയതോതിലുള്ള മുന്നേറ്റമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം മാതൃകകൾ വ്യാപിപ്പിക്കാൻ കഴിയാത്തതിനു പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്നുണ്ടോയെന്നതും പരിശോധിക്കപ്പെടണം. കേരളം കൂടുതൽ നിക്ഷേപസൗഹൃദമാവുകയും, അഴിമതിരഹിതമായും സമയബന്ധിതമായും പദ്ധതികൾ നടപ്പാക്കുകയും ചെയ്താൽ മാത്രമേ ഇത്തരം വികസനമാതൃക ജനങ്ങൾ ഏറ്റെടുക്കുകയുള്ളൂ. അതിനു ദിശാബോധം നൽകാൻ മികവുറ്റ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം മുന്നോട്ടുവരികയും വേണം.