വിശന്നുറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയേണ്ടിയിരുന്നില്ല
Friday, May 24, 2024 12:00 AM IST
സർക്കാർ ജീവനക്കാരോടോ മറ്റേതെങ്കിലും സംഘടിത തൊഴിലാളിവിഭാഗത്തോടോ ഇത്തരത്തിൽ വിശ്വാസവഞ്ചന കാട്ടാൻ സർക്കാരിനു ധൈര്യമുണ്ടോ? സംസ്ഥാന സർക്കാർ കർഷകരോടു കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ പതിപ്പാണ് കർഷക ക്ഷേമനിധിയുടെ നിശ്ചലാവസ
ഇത്രമാത്രം അവഗണന ഏറ്റുവാങ്ങേണ്ടവരാണോ കേരളത്തിലെ കർഷകർ? കുടുംബം പോറ്റാനും നാടിനെ തീറ്റിപ്പോറ്റാനും രാപകൽ കഠിനാധ്വാനം ചെയ്യുന്ന അവരെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് എന്തൊരനീതിയാണ്!
സർക്കാർ ജീവനക്കാരോടോ മറ്റേതെങ്കിലും സംഘടിത തൊഴിലാളിവിഭാഗത്തോടോ ഇത്തരത്തിൽ വിശ്വാസവഞ്ചന കാട്ടാൻ സർക്കാരിനു ധൈര്യമുണ്ടോ? സംസ്ഥാന സർക്കാർ കർഷകരോടു കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ പതിപ്പാണ് കർഷക ക്ഷേമനിധിയുടെ നിശ്ചലാവസ്ഥ.
കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതി അന്ത്യശ്വാസം വലിക്കുകയാണ്. കേരളത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നത് കേവലം ആരോപണമല്ലെന്നു സർക്കാർതന്നെ വീണ്ടും വീണ്ടും തെളിയിക്കുന്നു.
കർഷകസ്നേഹം പുരപ്പുറത്തു കയറി പ്രഘോഷിക്കുന്നവർ പ്രതിസന്ധികളിൽ അവരെ തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ല എന്നതിന് എത്രയോ ഉദാഹരണങ്ങൾ നിരത്താനാകും. വിശന്നുവലഞ്ഞ് ഉറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയുന്നതുപോലെയായി സർക്കാരിന്റെ കർഷക ക്ഷേമനിധിയുടെ നടത്തിപ്പ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കമാണു നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിയിരിക്കുന്നു.
2021 ഡിസംബർ ഒന്നിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയ പദ്ധതിയിൽ 20 ലക്ഷം കർഷകരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ 15,343 പേരാണ് ചേർന്നിരിക്കുന്നത്. നിലവിൽ അംഗങ്ങളെ ചേർക്കാൻ പ്രചാരണം നടത്തുന്നുമില്ല.
22 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച കർഷക ക്ഷേമനിധി ബോർഡ് നോക്കുകുത്തിയായി നിലകൊള്ളുന്നു. 30 മാസമായിട്ടും പദ്ധതിയിലേക്ക് സർക്കാർ പ്രഖ്യാപിച്ച വിഹിതത്തിൽ ഒരു രൂപപോലും നൽകിയിട്ടില്ല.
അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതെ 60 വയസുവരെ അംശാദായം അടച്ച് അംഗമായി തുടരുകയും ചെയ്യുന്ന കർഷകർക്ക് അടച്ച തുകയുടെയും കാലയളവിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.
കൂടാതെ, നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറുമെന്നതാണ് നിലവിലെ അവസ്ഥ. ഇടതുമുന്നണി സർക്കാരിന് തുടർഭരണം കിട്ടുന്നതുവരെ കർഷക ക്ഷേമനിധിക്ക് വൻ പ്രചാരമായിരുന്നു. കൃഷിവകുപ്പ് വാചാലമായിരുന്നു.
ഇപ്പോൾ എല്ലാം കെട്ടടങ്ങിയ അവസ്ഥയിലാണ്. കബളിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലാണ് അംഗങ്ങളായ കർഷകർ. കേരളത്തിൽ കാർഷികമേഖല അനുഭവിക്കുന്ന പ്രതിസന്ധികൾ അതിതീവ്രമാണ്.
ഓരോ വർഷവും കാർഷികമേഖലയുടെ നില പരുങ്ങലിലാകുന്നു. 2013-14ൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12.37 ശതമാനം കൃഷിയിൽനിന്നായിരുന്നു. ഇത് 2022-23ൽ 8.52 ശതമാനമായി ചുരുങ്ങി.
കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ പരിധിവിട്ടു കുറഞ്ഞു. മിക്ക കൃഷികളും ഉത്പാദനച്ചെലവുപോലും തിരിച്ചുകിട്ടാത്ത രീതിയിൽ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നു. കൃഷിയുടെ ഭാവി ഇരുളടഞ്ഞതാകുന്ന ഇത്തരമൊരു സാഹചര്യത്തിൽ അവശേഷിക്കുന്ന കർഷകർക്കു കൈത്താങ്ങാകാൻ സർക്കാരിനു ബാധ്യതയുണ്ട്.
വാചകക്കസർത്തിനപ്പുറം യഥാർഥ കർഷകരുടെ കൂടെ നിന്ന് സഹായമേകാൻ കൃഷിവകുപ്പ് ആത്മാർഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു. കർഷകരെ പ്രതീക്ഷയറ്റവരാക്കിത്തീർക്കുന്നതാണ് പെൻഷൻ പദ്ധതിയിൽനിന്നുള്ള പിന്തിരിയൽ. വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പിനു കീഴടങ്ങിയിരിക്കുകയാണ് കൃഷിവകുപ്പ്.
കർഷകരുടെ വിഷയം നട്ടെല്ലു നിവർത്തിപറയാൻ കഴിവുള്ളവർ വനംവകുപ്പിൽ ഇല്ലെന്നായിരിക്കുന്നു. ഭൂനിയമങ്ങളിലും റവന്യു, വനം വകുപ്പുകൾക്കാണ് കൃഷിവകുപ്പിനേക്കാൾ മേൽക്കൈ. ധനവകുപ്പും കൃഷിയെ അപ്രധാനമായി കാണുന്നുവെന്നാണ് ക്ഷേമനിധിയിലെ മെല്ലെപ്പോക്കിൽനിന്നു മനസിലാകുന്നത്.
തങ്ങളോടു പറഞ്ഞ വാക്കിന് മുഖ്യമന്ത്രി അല്പമെങ്കിലും വില കല്പിക്കുമെന്നാണ് കർഷകർ ഇനിയും പ്രതീക്ഷിക്കുന്നത്. തുടർഭരണം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ നേട്ടങ്ങളുടെ പട്ടിക നിരത്തുന്ന മുഖ്യമന്ത്രി കർഷകരെ കൈവിടില്ലെന്നു കരുതാം.
കർഷക ക്ഷേമനിധി പ്രഖ്യാപിച്ചതുപോലെ നടപ്പാക്കി കർഷകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകാൻ സർക്കാർ മടിക്കരുത്. ആശ്രയിക്കാൻ ആരുമില്ലാത്തവരാണ് ഇപ്പോഴും കൃഷിയിടങ്ങളിൽ മഴയും വെയിലുമേറ്റ് ചോര നീരാക്കുന്നത്. അസംഘടിതരായ അവരെ നിർദാക്ഷിണ്യം തള്ളിക്കളയരുത്.