കലാപക്കനലിൽ ഒരു വർഷം
Friday, May 3, 2024 12:00 AM IST
കലാപത്തിന്റെ തീവ്രതയും അതു വ്യാപിച്ചതിന്റെ രീതികളും കാരണങ്ങളും കൃത്യതയോടെയും ആത്മാർഥതയോടെയും വിലയിരുത്തുന്നതിലും ഇടപെടുന്നതിലും സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടതാണ് ഒരു വർഷമായിട്ടും അതിക്രമങ്ങൾ അണയാത്തതിന്റെ മൂലകാരണം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തീരാത്ത വേദനയും മായാത്ത കളങ്കവുമായി മാറിയിരിക്കുന്നു മണിപ്പുർ. 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ കനലുകൾ ഈ വാർഷികദിനത്തിലും അണയാതെ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന നിരവധി കൊടുംക്രൂരതകൾക്കാണ് കഴിഞ്ഞ ഒരു വർഷം മണിപ്പുർ സാക്ഷ്യംവഹിച്ചത്.
ഇപ്പോഴും അഭയാർഥികളായി കഴിയുന്ന ആയിരങ്ങൾ, പലായനം ചെയ്ത പതിനായിരങ്ങൾ, കൂട്ടബലാത്സംഗങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ നിരവധി സ്ത്രീകൾ, ഭവനരഹിതരാക്കപ്പെട്ട അനേകർ, തകർത്തുതരിപ്പണമാക്കിയ ആരാധനാലയങ്ങൾ, വിദ്യാഭ്യാസവും സുരക്ഷിതത്വവും നഷ്ടപ്പെട്ട നൂറുകണക്കിനു കുഞ്ഞുങ്ങൾ... തുടങ്ങി മണിപ്പുരിന്റെ വേദനകൾ ഹൃദയഭേദകമാണ്.
എന്നാൽ ഇതൊന്നും കാണാൻ കണ്ണില്ലാത്ത കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ഇംഫാലിലും ഡൽഹിയിലും സസുഖം വാഴുന്നു. സംസ്ഥാന ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തെയ്കളുടെയും 16 ശതമാനത്തോളം വരുന്ന കുക്കികളുടെയും ഇടയിലുണ്ടായ ആഴത്തിലുള്ള മുറിവുകൾ ഉണങ്ങാൻ കാലങ്ങളെടുത്തേക്കുമെന്നതാണ് നിലവിലെ അവസ്ഥ.
മെയ്തെയ്-കുക്കി കലാപത്തിന്റെ മറവിൽ ഏറ്റവും നഷ്ടം നേരിട്ടവർ ക്രൈസ്തവരാണ്. ഇരുവിഭാഗത്തിലും പെട്ട ക്രൈസ്തവരുടെ ഭവനങ്ങളും പള്ളികളുമാണ് രായ്ക്കുരാമാനം വ്യാപകമായി നശിപ്പിക്കപ്പെട്ടതെന്ന് സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്.
കലാപത്തിന്റെ മറവിൽ വംശീയവും വർഗീയവുമായ ഉന്മൂലനത്തിന് ശ്രമമുണ്ടായി എന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭ്യമാണെങ്കിലും അതു മുഖവിലയ്ക്കെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതുവരെയും തയാറായിട്ടില്ല.
ഈ കലാപത്തിന്റെ തീവ്രതയും അതു വ്യാപിച്ചതിന്റെ രീതികളും കാരണങ്ങളും കൃത്യതയോടെയും ആത്മാർഥതയോടെയും വിലയിരുത്തുന്നതിലും ഇടപെടുന്നതിലും സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടതാണ് ഒരു വർഷമായിട്ടും അതിക്രമങ്ങൾ അണയാത്തതിന്റെ മൂലകാരണം.
സംസ്ഥാന സർക്കാരിനുണ്ടായ ഈ ഗുരുതര വീഴ്ചയിൽ ഇടപെടാതെ കേവലം രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ രാജ്യതാത്പര്യത്തെ ബലികഴിച്ചുവെന്നതാണ് കേന്ദ്ര സർക്കാരിനെ പ്രത്യക്ഷത്തിൽ പ്രതിക്കൂട്ടിലാക്കുന്നത്.
പോലീസിൽ അഭയം തേടിയ യുവതികളാണ് പൊതുനിരത്തിൽ നഗ്നരാക്കി പരേഡ് ചെയ്യിക്കപ്പെട്ടതും കൂട്ടബലാത്സംഗത്തിനിരയായതും.
ഈ സംഭവത്തിൽ ഒന്നാം പ്രതി സർക്കാരല്ലെന്നു പറയാനാകുമോ. സ്വന്തം ആയുധപ്പുരകളിൽനിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളാണ് അക്രമികൾ ഉപയോഗിക്കുന്നത് എന്നത് ഏതു സർക്കാരിനാണ് ഭൂഷണമാകുന്നത്.
ഈ ആയുധങ്ങൾ പൂർണമായി വീണ്ടെടുക്കാൻ ഒരു വർഷമായിട്ടും കഴിയാത്തത് ഭരണകൂടത്തിന്റെ കഴിവുകേടോ നിസംഗതയോ, അതോ അക്രമികൾക്കു നൽകുന്ന പരോക്ഷ പിന്തുണയോ? മെയ്തെയ്കളായാലും കുക്കികളായാലും അക്രമത്തിനും കലാപത്തിനും നേതൃത്വം നൽകുന്നവരെ തുറുങ്കിലടയ്ക്കണം.
കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവും നടത്തുന്നവർക്കു മുന്നിൽ ഭയപ്പാടിന്റെയും കീഴടങ്ങലിന്റെയും ഒത്താശയുടെയും നയം സ്വീകരിക്കുന്ന പോലീസ് രാജ്യത്തിനുതന്നെ അപമാനമാണ്. അത്തരമൊരു പോലീസ് സേനയെ വച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കൾ അതിലേറെ ജനവിരുദ്ധരാണ്.
മെയ്തെയ്-കുക്കി കലാപത്തിന്റെ മറവിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗീയത വളർത്തി മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ, ഭരണ, മത, തീവ്രവാദി നേതാക്കളാണ് മണിപ്പുരിലെ യഥാർഥ വില്ലന്മാർ. ഇവരെ നിലയ്ക്കു നിർത്താതെ സമാധാനവും സുരക്ഷയും ഉണ്ടാകില്ല.
അതിനു കർശന നടപടികളെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകാത്തിടത്തോളം കാലം പ്രശ്നപരിഹാരം എളുപ്പമല്ല. സർക്കാരുകൾ മനസുവച്ചാൽ സമാധാനം അസാധ്യവുമല്ല.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും മതമേധാവികളും മണിപ്പുരിലെ പൊതുസമൂഹവും സമാധാനത്തിനായി യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുകയും പക്ഷപാതപരമായ നടപടികൾ അവസാനിപ്പിക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ ആത്മാർഥത കാട്ടണം.
ജൂണിൽ അധികാരത്തിലെത്തുന്ന പുതിയ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കുമെന്നെങ്കിലും ഈ ദുരന്തവാർഷിക ദിനത്തിൽ പ്രതീക്ഷിക്കാം. ജാതി, മത, ഗോത്ര വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതിയും സമാധാനവും സുരക്ഷയും ലഭ്യമാകുന്ന മണിപ്പുരിനായി പ്രാർഥനയോടെ കാത്തിരിക്കാം.