ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
നമ്മുടെ മാധ്യമങ്ങൾ മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകർ, മനുഷ്യാവകാശ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയൊക്കെ മനുഷ്യാവകാശങ്ങളെ ചിലരുടേതു മാത്രമായി ചുരുക്കിക്കളഞ്ഞു. ചില നിരീശ്വരവാദ പ്രസ്ഥാനങ്ങളും ദളിത് വക്താക്കളും ക്രൈസ്തവ
ബുദ്ധിജീവികളും പോലും പലസ്തീനപ്പുറം ലോകമില്ലെന്നു കരുതുന്നവരാണെന്നു തോന്നുന്നു.
ഇരകൾക്കൊപ്പമെന്നാൽ മനുഷ്യത്വത്തിനൊപ്പം എന്നാണ്. പക്ഷേ, അത് ചില ഇരകൾക്കൊപ്പം എന്നാണെങ്കിൽ ചിലരുടെ മാത്രം മനുഷ്യാവകാശങ്ങൾക്കുവേണ്ടി എന്നാണ് അർഥം. അതു രാഷ്ട്രീയമാണ്.
അതിൽ താത്പര്യമില്ലാത്തതുകൊണ്ടാണ് പലസ്തീനൊപ്പം ഈജിപ്ത്, അസർബൈജാൻ, ഇറാക്ക്, സിറിയ, നൈജീരിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ വേട്ടക്കാരായ ഇസ്ലാമിക തീവ്രവാദികളുടെ ഇരകളെക്കുറിച്ചും ദീപിക എഴുതുന്നത്.
ഈജിപ്തിലെ ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളും ഇസ്ലാമിക ഭീകരർ തീയിടുകയും കത്തുന്ന വീടുകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെ തടയുകയും ചെയ്തെന്ന വാർത്ത പുറത്തുവന്നത് ദിവസങ്ങൾക്കു മുന്പാണ്.
ഏതാനും മാസങ്ങൾക്കുമുന്പ് അസർബൈജാനിലെ നാഗർണോ-കരാബാക് പ്രദേശത്തുനിന്ന് ഉള്ളതെല്ലാം ഉപേക്ഷിച്ച് 1.25 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികൾ രാജ്യം വിട്ടോടി. ആഴ്ചകൾക്കു മുന്പാണ് വിടും നാടും ഉപേക്ഷിച്ചു പലായനം ചെയ്ത അവരുടെ പള്ളികളും സ്ഥാപനങ്ങളുമെല്ലാം അസർബൈജാൻ സർക്കാർ ബുൾഡോസറിന് ഇടിച്ചുനിരത്താൻ തുടങ്ങിയത്.
നിർഭാഗ്യവശാൽ ക്രൈസ്തവർ ഉൾപ്പെടെ മലയാളികളിലേറെയും അതൊന്നും അറിഞ്ഞില്ല. മുസ്ലിം രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദികളും ക്രൈസ്തവരെ കൊന്നൊടുക്കുന്നതിനെക്കുറിച്ച് അറിയാൻ മലയാളികൾക്ക് ഇംഗ്ലീഷ് പത്രങ്ങളെയോ വിദേശ ഓൺലൈൻ മാധ്യമങ്ങളെയോ കേരളത്തിലെ ഏതാനും ക്രിസ്ത്യൻ മാധ്യമങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഹമാസെന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനം നടത്തിയ കൂട്ടക്കൊലപാതകത്തെത്തുടർന്ന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയും ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ നമുക്ക് ലഭ്യമാക്കുന്ന അതേ മാധ്യമങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നും സംപ്രേഷണം ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കുകയാണ്.
ആഗോള ക്രൈസ്തവപീഡനങ്ങളെ ക്രൈസ്തവർപോലും അറിയാതെ പോകുകയും ഇസ്ലാമിക തീവ്രവാദത്തെ നിസാരമായി കാണുകയും ചെയ്യുന്ന ഒരു പൊതുബോധം മലയാളികളിൽ സൃഷ്ടിക്കപ്പെട്ടതിന്റെ പശ്ചാത്തലങ്ങളിലൊന്നാണ് പറഞ്ഞത്. ഈ വ്യാജ പൊതുബോധനിർമിതി നമ്മുടെ ലോകസമാധാന ചർച്ചകളെയും പ്രാദേശിക രാഷ്ട്രീയത്തെയും ബാധിക്കുക മാത്രമല്ല, ഇസ്ലാമിക തീവ്രവാദത്തിനണിയാൻ ഒരു മുഖംമൂടി തുന്നിക്കൊടുക്കുകയും ചെയ്തു.
ഈജിപ്തിലേക്കു തിരിച്ചുവരാം. ഏപ്രിൽ 23നാണ് മിനിയ ഗവർണറേറ്റിലെ സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ഇസ്ലാമിക ഭീകരർ ക്രൈസ്തവരുടെ നിരവധി വീടുകൾ തീയിട്ടു നശിപ്പിച്ചത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് ചാന്പലാക്കിയത്.
3000 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു പള്ളി സ്ഥാപിക്കാൻ അനുമതി തേടിയെന്ന വാർത്തയാണ് ഭീകരരെ പ്രകോപിപ്പിച്ചത്. ഈജിപ്തിൽ പള്ളി പണിയാനോ അറ്റകുറ്റപ്പണി നടത്താനോ പോലും പ്രസിഡന്റിന്റെ അനുമതി ആവശ്യമായിരുന്നു. 2005 മുതൽ ഗവർണറുടെ അനുമതി എന്നാക്കുകയും 2017ൽ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തെങ്കിലും ഇപ്പോഴും യഥാർഥ അവസ്ഥ എന്താണെന്നതിന്റെ ഉദാഹരണമാണ് കണ്ടത്.
ഭീകരരിൽനിന്നു ഭീഷണിയുണ്ടെന്ന് മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കത്തുന്ന വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ക്രിസ്ത്യാനികളെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ക്രൈസ്തവവിശ്വാസത്തിന്റെയും സന്യാസത്തിന്റെയും പിള്ളത്തൊട്ടിലായിരുന്ന നാട്ടിലാണ് ക്രൈസ്തവർക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ നിവൃത്തിയില്ലാതായത്. ഏഴാം നൂറ്റാണ്ടിൽ മുസ്ലിം അധിനിവേശത്തെത്തുടർന്ന് രണ്ടാംതരം പൗരന്മാരായി ജീവിക്കേണ്ടിവന്ന ക്രൈസ്തവരിലെ അവശേഷിക്കുന്ന 10 ശതമാനം പേർക്ക് ഇന്നും അതേയവസ്ഥയാണ്.
പാക്കിസ്ഥാനിലെപ്പോലെ ക്രിസ്ത്യാനി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിത മതപരിവർത്തനവും വിവാഹവും നടത്തുന്നതുമൊക്കെ ഈജിപ്തിലും പതിവാണ്. ക്രിസ്ത്യാനിയായ അറേന ഷെയാത്തെന്ന മെഡിക്കൽ വിദ്യാർഥിനിയെയും കെയ്റോയിലെ വനിതാ കോളജിൽനിന്ന് മൊറായേൽ റൊമാനി എന്ന വിദ്യാർഥിനിയെയും തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
നമ്മുടെ മാധ്യമങ്ങൾ മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകർ, മനുഷ്യാവകാശ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയൊക്കെ മനുഷ്യാവകാശങ്ങളെ ചിലരുടേതു മാത്രമായി ചുരുക്കിക്കളഞ്ഞു. ചില നിരീശ്വരവാദ പ്രസ്ഥാനങ്ങളും ദളിത് വക്താക്കളും ക്രൈസ്തവ ബുദ്ധിജീവികളും പോലും പലസ്തീനപ്പുറം ലോകമില്ലെന്നു കരുതുന്നവരാണെന്നു തോന്നുന്നു. പലസ്തീനിലെയും ഗാസയിലെയും ക്രൈസ്തവരുടെ സ്ഥിതിയും അവർക്കു വിഷയമല്ല.
ചില തമസ്കരണങ്ങൾ രാഷ്ട്രീയ-സാന്പത്തിക നേട്ടങ്ങളെ ചുറ്റിപ്പറ്റിയാകം. മറ്റു ചിലത് തുടക്കത്തിൽ പറഞ്ഞ വ്യാജ പൊതുബോധത്തിന്റെ ദുരന്തഫലങ്ങളാണ്. അവരുടെ ധാർമികരോഷത്തിന്റെ റഡാറുകളിൽ ഇറാക്ക്, ഇറാൻ, സിറിയ, ഈജിപ്ത്, അസർബൈജാൻ, നാഗർണോ-കരാബാക്ക്, സൊമാലിയ, യെമൻ, എരിത്രിയ, നൈജീരിയ, സുഡാൻ, മാലി, ബുർക്കിനോ ഫാസോ തുടങ്ങിയ രാജ്യങ്ങളോ പ്രദേശങ്ങളോ ഉൾപ്പെട്ടിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവുമധികം രാഷ്ട്രീയബോധവും പ്രതികരണശേഷയുമുണ്ട് എന്നവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതിയാണിത്.
മാധ്യമങ്ങളായാലും പ്രസ്ഥാനങ്ങളായാലും സത്യസന്ധരാകുന്നത് പ്രയാസകരവും നഷ്ടവുമാണെന്നു കരുതി നിലവിലുള്ള പൊതുബോധത്തിലും പ്രീണനത്തിലും അഭിരമിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. എല്ലാ മതതീവ്രവാദവും എതിർക്കപ്പെടേണ്ടതാണ്. ചിലതിനെ വിട്ടുകളയുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കണം; അതു സ്വന്തക്കാരാണെങ്കിലും.