യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
ചെറിയ മുടക്കുമുതലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നവരുടെ മൂലധനം. രാഷ്ട്രീയ-മത കൂട്ടുകെട്ടുകൂടി ലഭ്യമായാൽ ഇതങ്ങു പടർന്നു പന്തലിക്കും. ജനങ്ങളുടെ പണവും ആരോഗ്യവും നശിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാരുകൾക്കുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.
ആയുർവേദ ഉത്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീംകോടതി നൽകിയ മുന്നറിയിപ്പ് കേരളത്തിന്റെയും കണ്ണു തുറപ്പിക്കണം.
അലോപ്പതി ചികിത്സാരംഗത്തെ പരിമിതികൾ ഊതിപ്പെരുപ്പിച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചും പണം തട്ടിയെടുക്കുന്നത് ഒന്നും രണ്ടും ആളുകളല്ല. ചെറിയ മുടക്കുമുതലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നവരുടെ മൂലധനം.
രാഷ്ട്രീയ-മത കൂട്ടുകെട്ടുംകൂടി ലഭ്യമായാൽ ഇതങ്ങു പടർന്നു പന്തലിക്കും. ജനങ്ങളുടെ പണവും ആരോഗ്യവും നശിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാരുകൾക്കുള്ള മുന്നറിയിപ്പുകൂടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്.
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില് പരസ്യം നല്കിയെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരേ കോടതിയെ സമീപിച്ചത്. പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കഴിഞ്ഞ നവംബർ 21ന് കോടതി നിരീക്ഷിച്ചിരുന്നു.
അലോപ്പതി പോലുള്ള മറ്റു വൈദ്യശാസ്ത്രങ്ങളെക്കുറിച്ച് അപകീർത്തിപരമായ പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ, പിറ്റേന്നുതന്നെ, അതായത് നവംബർ 22ന് രാംദേവ് സ്വയം ന്യായീകരിച്ചു പത്രസമ്മേളനം നടത്തുകയും ഉത്തരവുകൾ ലംഘിക്കുകയും ചെയ്തു.
വ്യാജപരസ്യങ്ങൾ നൽകിക്കൊണ്ടിരുന്നപ്പോൾ കേന്ദ്രസർക്കാർ എന്തു ചെയ്യുകയായിരുന്നെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും മാപ്പപേക്ഷ തള്ളിയ കോടതി, 10ന് കേസ് വീണ്ടും പരിഗണിക്കും. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസി പതഞ്ജലി വഴി പുറത്തിറക്കുന്ന അഞ്ചു മരുന്നുകളുടെ ഉത്പാദനം 2022ൽ ഉത്തരാഖണ്ഡ് നിരോധിച്ചിരുന്നു.
സുപ്രീംകോടതി, പതഞ്ജലിയെയോ രാംദേവിനെയോ കേന്ദ്രസർക്കാരിനെയോ മാത്രമാണ് വിമർശിക്കുന്നതെന്നു കരുതേണ്ടതില്ല. കേരളത്തിലുൾപ്പെടെ നിരവധിപ്പേർ അടിസ്ഥാനമില്ലാത്ത ചികിത്സകൾ നൽകുന്നുണ്ട്. അലോപ്പതി അപകടമാണെന്നും തങ്ങളുടെ പ്രകൃതിചികിത്സ മഹത്തരമാണെന്നും സ്ഥാപിക്കുന്ന വീഡിയോ യുട്യൂബിൽ പ്രചരിപ്പിക്കുകയാണ് ആദ്യപടി.
മാരകരോഗങ്ങൾക്കുള്ള ചികിത്സ ഫലിക്കാതെ വിഷമിച്ചിരിക്കുന്ന പലരും ഇവരുടെ വായാടിത്തത്തിൽ വീഴും. ഇത്തരം അവകാശവാദങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന മോഹനൻ വൈദ്യർ കോവിഡ് ബാധിച്ചു മരിച്ചത് 2021 ജൂണിലാണ്. വൈറസും കാൻസറുമൊന്നുമില്ലെന്നും അതൊക്കെ അലോപ്പതിക്കാരുടെ തട്ടിപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എലിപ്പനി ചികിത്സയ്ക്കു സർക്കാർ നിർദേശിച്ച ഗുളിക മാരകമായ അലർജിക്കു കാരണമാകുമെന്നു പറഞ്ഞ ജേക്കബ് വടക്കുംചേരി എന്നയാളെ 2018ൽ അറസ്റ്റ് ചെയ്തിരുന്നു. നിപ്പയ്ക്കെതിരേ സർക്കാരെടുത്ത നടപടികളെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തിയ ഇദ്ദേഹത്തിനു വൈദ്യശാസ്ത്ര ബിരുദമില്ലെങ്കിലും ഡോക്ടർ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.
വ്യാജ പ്രകൃതിചികിത്സകരുടെ ക്ലിനിക്കുകളിൽ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് നഴ്സ്മാരുടെയും ഫാർമസിസ്റ്റുകളുടെയുമൊക്കെ ജോലി ചെയ്യുന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത പൊടികളും എണ്ണയും മറ്റു ‘മരുന്നു’കളുമൊക്കെ കൊള്ളവിലയ്ക്കു വിറ്റഴിക്കും. കാൻസർ ഉൾപ്പെടെ സകല രോഗങ്ങൾക്കുമുള്ള ‘മരുന്നു’കൾ ഓൺലൈൻ വഴിയും ഇവർ എത്തിച്ചുകൊടുക്കും.
യാതൊരു ഫലവുമില്ലെന്നു തിരിച്ചറിഞ്ഞ് രോഗി ചികിത്സ അവസാനിപ്പിക്കുന്പോഴേക്കും വലിയ തുക നഷ്ടമായിരിക്കും. തട്ടിപ്പുകാരന് അതു പ്രശ്നമല്ല. അപ്പോഴേക്കും യുട്യൂബിലെ വീഡിയോ കണ്ട് പുതിയ ആളുകൾ ക്ലിനിക്കിനു പുറത്ത് ക്യൂ നിൽക്കുന്നുണ്ടാകും.
യുട്യൂബ് വായാടികളായ വ്യാജചികിത്സകരെയും അവരുടെ തട്ടിപ്പു ചികിത്സാകേന്ദ്രങ്ങളെയും സർക്കാർ വിചാരിച്ചാൽ ഒരാഴ്ചകൊണ്ട് പൂട്ടിക്കാവുന്നതേയുള്ളൂ. പക്ഷേ, സർക്കാർ വിചാരിക്കണം.