മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Wednesday, March 27, 2024 12:00 AM IST
അന്തർദേശീയ മനുഷ്യാവകാശത്തിന്റെ പേരിലുള്ള നമ്മുടെ ഐക്യദാർഢ്യങ്ങൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തതും പ്രാദേശിക വോട്ടുരാഷ്ട്രീയത്തിന്റെ ആർത്തിയടക്കാനുള്ളതുമായി മാറി
ഇന്നലെ നാം ഗാസയിലെ നിസഹായരായ മനുഷ്യരുടെ ദുരിതത്തെക്കുറിച്ചാണു പറഞ്ഞത്. ഗാസയിൽനിന്ന് വെറും 1460 കിലോമീറ്റർ ദൂരമേയുള്ളൂ നഗോർണോ-കരാബാക് പ്രദേശത്തേക്ക്.കേരളത്തിൽനിന്നു ഡൽഹിയിൽ പോകുന്നതിന്റെ പകുതി ദൂരം.
ഹമാസ്-ഇസ്രയേൽ ഏറ്റുമുട്ടലിനെത്തുടർന്ന് ഗാസയിലെ മനുഷ്യർ സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്ന ഏതാണ്ട് അതേ സമയത്താണ് നഗോർണോ-കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികൾ ജനിച്ചുവളർന്ന വീടും നാടും എന്നെന്നേക്കുമായി ഉപേക്ഷിച്ച് അർമേനിയയിലേക്കു പലായനം ചെയ്തത്.
പ്രളയമുണ്ടായതുകൊണ്ടോ അർമേനിയയിൽ ജോലി കിട്ടിയതുകൊണ്ടോ പോയതല്ല; തുർക്കിയുടെ പിന്തുണയോടെ അസർബൈജാനിലെ മുസ്ലിം ഭരണാധികാരികൾ നടത്താനിടയുള്ള വംശഹത്യ ഭയന്നു പോയതാണ്. മുഴുവനാളുകളും ഒഴിഞ്ഞ ആ നാട് ഒരു പ്രേതനഗരമായി മാറി.
പക്ഷേ, നമ്മൾ അറിഞ്ഞിട്ടില്ല. സേവ് നഗോർണോ-കരാബാക് എന്നൊരു ബാനറും ഉയർന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമ്മേളനത്തിൽ പ്രസംഗങ്ങളും കവിതചൊല്ലലും ഉണ്ടായില്ല. ഒരു മാധ്യമത്തിന്റെയും ചർച്ചകൾ ഈ മനുഷ്യരുടെ പലായനത്തിലേക്കു ഫോക്കസ് ചെയ്തിട്ടില്ല; ചെയ്യാനുമിടയില്ല.
അന്തർദേശീയ മനുഷ്യാവകാശത്തിന്റെ പേരിലുള്ള നമ്മുടെ ഐക്യദാർഢ്യങ്ങൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തതും പ്രാദേശിക വോട്ടുരാഷ്ട്രീയത്തിന്റെ ആർത്തിയടക്കാനുള്ളതുമായി മാറി.
പക്ഷേ, രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും വിശദീകരണത്തിനപ്പുറം ആഗോളവിഷയങ്ങളെ നിരീക്ഷിക്കുന്നവർ കാര്യങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തരം കാപട്യങ്ങൾ ഇന്ത്യയിലെ വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുമുണ്ട്.
അർമേനിയൻ ക്രൈസ്തവരുടെ നാടായിരുന്ന നഗോർണോ-കരാബാക്കിലെ മുസ്ലിം അധിനിവേശത്തിന്റേത് വല്ലാത്തൊരു കഥയാണ്.
ലോകമെങ്ങും ഇരവാദം നടത്തുകയും ഇസ്ലാമോഫോബിയ ഇല്ലാക്കഥയാണെന്നു പ്രബോധനം നടത്തുകയും ചെയ്യുന്നതിനിടെയാണ് തുർക്കിയുടെയും പാക്കിസ്ഥാന്റെയും സഹായത്തോടെ അസർബൈജാൻ അവസാനത്തെ അർമേനിയൻ ക്രിസ്ത്യാനിയെയും നഗോർണോ-കരാബാക് പ്രദേശത്തുനിന്നും ആട്ടിപ്പായിച്ചത്.
അതിന്റെ അവസാന അധ്യായം എഴുതിയത് കഴിഞ്ഞ സെപ്റ്റംബർ 19നാണ്. ആ സമയം ഉറക്കത്തിലായിരുന്ന കേരളത്തിലെ മനുഷ്യാവകാശത്തിന്റെ കുത്തകക്കാർ ഞെട്ടിയുണർന്നത്, രണ്ടാഴ്ച കഴിഞ്ഞ് ഹമാസ് കൂട്ടക്കൊലയ്ക്ക് ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെയാണ്.
ഇന്നു ഗാസയിൽ സംഭവിക്കുന്ന മനുഷ്യനിർമിത ദുരിതങ്ങളെല്ലാം നഗോർണോ-കാരാബാക് പ്രദേശത്തുമുണ്ടായിരുന്നു. നൈജീരിയ ഉൾപ്പെടെ പലയിടത്തും ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടേത് എന്നപോലെയുള്ള അർമേനിയൻ ക്രൈസ്തവരുടെ നിലവിളി ആരും കേട്ടില്ല.
പ്രധാനമായും 1915-20 കാലഘട്ടത്തിൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ ഓട്ടോമൻ തുർക്കികൾ വംശഹത്യ നടത്തിയത് ഇന്നും അറിഞ്ഞിട്ടില്ലാത്തതുപോലെ.
മതം നോക്കിയുള്ള ഐക്യദാർഢ്യങ്ങൾ ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കപ്പെടുന്നതു സ്വപ്നം കാണുന്നവർക്ക് ഭൂഷണമായിരിക്കാം. പക്ഷേ, മതേതര രാഷ്ട്രീയത്തിന്റെ അട്ടിപ്പേറവകാശികൾ ഇനിയെങ്കിലും ഈ കാപട്യം അറബിക്കടലിൽ എറിയേണ്ടതല്ലേ?
സംഭവബഹുലവും രക്തരൂക്ഷിതവുമായ ഒരു ചരിത്രത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ നഗോർണോ-കരാബാക് സ്വയംഭരണ പ്രദേശമായി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ നഗോർണോ-കരാബാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും 2020ൽ അസർബൈജാൻ പിടിച്ചെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 19ന് പൂർണമായും കീഴടക്കി. തൊട്ടുപിന്നാലെ, നഗോർണോ-കരാബാക്കിനെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന ലാച്ചിൻ ഇടനാഴി അസർബൈജാൻ അടച്ചു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജനം വലഞ്ഞു. ഒരു റൊട്ടിക്കുവേണ്ടി മനുഷ്യൻ പരക്കം പാഞ്ഞു.
ഇന്ധനവും മരുന്നും ഭക്ഷണവുമായി അർമേനിയയിൽനിന്നെത്തിയ നൂറുകണക്കിനു ട്രക്കുകൾ ലാച്ചിൻ ഇടനാഴിയിൽ ചലനമറ്റു കിടന്നു. മൂന്നിലൊന്നു മരണവും പോഷാകാഹാരക്കുറവുകൊണ്ടായിരുന്നു. ഇന്ധനമില്ലാത്തതിനാൽ അമ്മമാരെ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാന് കഴിയാതെ ഗർഭസ്ഥശിശുക്കൾ മരിച്ചു.
കഴിഞ്ഞ നവംബറിൽ യുഎൻ അന്തർദേശീയ കോടതിയും ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകളുമൊക്കെ അർമേനിയൻ വംശജരെ നഗോർണോ-കരാബാക് പ്രദേശത്തു ജീവിക്കാൻ അനുവദിക്കണമെന്ന് അസർബൈജാനോട് അഭ്യർഥിച്ചു.
ഒന്നും ചെയ്തില്ല. ഇതൊക്കെയല്ലേ ഇപ്പോൾ മലയാളപത്രങ്ങളിൽ ഗാസയെക്കുറിച്ച് വരുന്ന വാർത്തകൾ? ഗാസയിലേതുപോലെ മനുഷ്യർ കൊല്ലപ്പെട്ടില്ല. കാരണം, തുർക്കിയുടെ അർമേനിയൻ വംശഹത്യയിൽ കൊല്ലപ്പെട്ട 15 ലക്ഷം പൂർവികരുടെ വിധി ഓർമയിലുള്ള ക്രിസ്ത്യാനികൾ ഉള്ളതെല്ലാമുപേക്ഷിച്ച് അർമേനിയയിലേക്ക് ഒരു കുരിശിന്റെ വഴിയിലെന്നപോലെ നടന്നുപോയി.
അർമേനിയക്കാരുടെ പാർലമെന്റ് മന്ദിരവും ഓഫീസുകളുമൊക്കെ അസർബൈജാൻ പട്ടാളം ബുൾഡോസറിന് ഇടിച്ചുനിരത്തി. ക്രൈസ്തവരുടെ ആയിരക്കണക്കിനു വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ ശൂന്യമായിക്കിടക്കുകയാണ്.
വംശഹത്യയുടെ കാലത്തെന്നപോലെ, അവിടെയൊക്കെ ഇനി മുസ്ലിം കുടുംബങ്ങൾ ജീവിക്കും. പള്ളികളൊക്കെ മോസ്കുകളാക്കും. ഇതാണ് കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നഗോർണോ-കരാബാക് പ്രദേശത്ത് കഴിഞ്ഞദിവസംവരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ കഥ.
അവർക്കുവേണ്ടി ചർച്ച നടത്താനും കഥയും കവിതയും ചൊല്ലാനും മുഖപ്രസംഗമെഴുതാനും ആരുമില്ല. ഇസ്ലാമിക് സ്റ്റേറ്റും ഹമാസും പോലെയുള്ള ബ്രദർഹുഡുകളൊന്നും പൊരുതാനുമില്ല. ചരിത്രം ഗാസയിൽ കെട്ടിക്കിടക്കില്ല.
അത് വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടിയെഴുതുന്ന കുറിപ്പുകൾ ‘കറുത്ത പൂന്തോട്ട’ത്തിലെ ക്രിസ്ത്യാനികളുടെ വീടുകളിലിരുന്ന് മുസ്ലിം കുട്ടികളും വായിച്ചേക്കാം. നമുക്കു കാപട്യമില്ലാത്ത മനുഷ്യരാകാൻ കഴിഞ്ഞിരുന്നെങ്കിൽ; എല്ലാ മനുഷ്യരുടെയും വേദനകളിൽ സങ്കടപ്പെടുന്ന സാധാരണ മനുഷ്യർ!