പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
Saturday, March 23, 2024 12:00 AM IST
പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന വിമർശനങ്ങളെ നേരിടാനും തിരുത്തൽ ശ്രമങ്ങളെ പരാജയപ്പെടുത്താനും അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സർവസന്നാഹങ്ങളും ഉപയോഗിച്ചു ഭരണകൂടം ശ്രമിക്കുന്പോൾ കോടതികൾ ജനാധിപത്യത്തിന്റെ അവസാന ആശ്രയമായി മാറും.
ഓങ് സാൻ സൂചി 1991ൽ എഴുതിയ "ബർമയിൽനിന്നുള്ള കത്തുകൾ' എന്ന പുസ്തകത്തിൽ, ഭരിക്കുന്നവരെയും പ്രതിപക്ഷത്തെയുംകുറിച്ചു പറഞ്ഞിട്ടുണ്ട്. ""പ്രതിപക്ഷത്തെ അപകടകാരികളായി കാണുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കുന്പോഴാണ്; പ്രതിപക്ഷത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അടിത്തറയെ ആക്രമിക്കലാണ്.''
അഴിമതിവിരുദ്ധതയെന്നും സത്യസന്ധതയെന്നുമൊക്കെയാണ് ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും ഇന്ത്യയിൽ നടക്കുന്ന അടിയന്തരാവസ്ഥാ സമാനമായ പല കാര്യങ്ങളും സൂചിയുടെ വാക്കുകളെ ഓർമിപ്പിക്കുന്നു. ഭരിക്കുന്ന പാർട്ടിക്കും അണികൾക്കും മാത്രം മനസിലാക്കാനും അംഗീകരിക്കാനും കഴിയുന്ന കാര്യങ്ങളല്ല ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.
കേജരിവാളിന്റെ അറസ്റ്റ്, തെരഞ്ഞെടുപ്പിലേക്കു കടക്കുന്പോൾ രാജ്യം കണ്ടുകൊണ്ടിരിക്കുന്ന അസാധാരണ സ്ഥിതിവിശേഷങ്ങളിൽ ഒന്നുമാത്രമാണ്. കേജരിവാൾ അഴിമതി നടത്തിയിട്ടുണ്ടോയെന്നത് കോടതിയാണു തീരുമാനിക്കേണ്ടത്.
പക്ഷേ, ബിജെപി നേതാക്കളും ബിജെപിയിൽ ചേർന്ന മറ്റു പാർട്ടികളിലെ അഴിമതിയാരോപിതരും ബിജെപി ബന്ധമുള്ള അതിസന്പന്നരും ഇഡി റെയ്ഡിനു പിന്നാലെ ബോണ്ട് സോപ്പ് വാങ്ങി കുളിച്ചുകയറിയവരുമൊക്കെ അഴിമതിവിരുദ്ധരാണെന്നു ബിജെപിക്കു മാത്രമേ അവകാശപ്പെടാനാകൂ. ഭരണം നഷ്ടപ്പെട്ടാൽ അതെല്ലാം ബാധ്യതയാകും. അതു ബിജെപിക്കുമറിയാം.
ജനാധിപത്യരാജ്യങ്ങളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവിധമുള്ള വിചിത്രമായ അഴിമതിവിരുദ്ധ യുദ്ധത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇലക്ടറൽ ബോണ്ടുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നവരെ തിരിച്ചറിയാനാകുമായിരുന്നില്ല, തമിഴ്നാട് ഗവർണറുടെ രാജാ പാർട്ട് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ സർക്കാരിനും സഹിക്കേണ്ടിവരുമായിരുന്നു, സർക്കാരിനെതിരായ വാർത്തകളെ ഇല്ലാതാക്കാനുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അവകാശത്തെ രാജ്യത്തിന് അംഗീകരിക്കേണ്ടിവരുമായിരുന്നു.
കോടതിവിധികൊണ്ടു മാത്രമാണ് അതൊക്കെ സാധ്യമായത്. അന്വേഷണ ഏജൻസികളെപ്പോലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെയും ഭരണകൂട ചട്ടുകമാക്കി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള പണം പോലും നിഷേധിക്കുംവിധം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നികുതി കുടിശികയുടെ പേരിലാണ് നടപടി.
അതേസമയം, 6,000 കോടിയിലേറെ രൂപ അക്കൗണ്ടിൽ മാത്രം സ്വീകരിച്ച ബിജെപി ഒരിക്കൽപോലും നികുതിയടച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിച്ചത്. 400 സീറ്റിൽ വിജയിക്കുമെന്ന് അവകാശപ്പെട്ട ഒരു പാർട്ടി എന്തിനാണ് ഈവിധമൊക്കെ പ്രതിപക്ഷത്തിനെതിരേ തിരിയുന്നത്? ഒന്നുകിൽ അവർക്ക് അവകാശവാദങ്ങളേയുള്ളൂ, ആത്മവിശ്വാസമില്ല; അല്ലെങ്കിൽ ജനാധിപത്യത്തിൽനിന്നു മറ്റെവിടേക്കോ പൊയ്ക്കൊണ്ടിരിക്കുന്നു. എന്തായാലും സംഭവിച്ചുകൊണ്ടിരിക്കുന്ന പലതിനും ജനാധിപത്യവുമായി കാര്യമായ ബന്ധമില്ല.
ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ ബിജെപി ബന്ധവും അവർക്കുണ്ടായ നേട്ടങ്ങളും അവർക്കെതിരേയുള്ള അന്വേഷണങ്ങളുടെ അകാല അന്ത്യവുമൊക്കെ വിശദീകരിക്കാൻ ബിജെപിക്കു കഴിയുന്നില്ല. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗവർണർ ആർ.എൻ. രവിയെ നിലയ്ക്കുനിർത്താൻ തമിഴ്നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു കഴിയില്ലായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി നിർദേശിച്ച കെ. പൊന്മുടിയുടെ സത്യപ്രതിജ്ഞ 24 മണിക്കൂറിനകം നടത്തണമെന്നു കോടതിക്കു പറയേണ്ടിവന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവർണർമാർക്ക് വികൽപമുണ്ടാകുന്നത്. അതുപോലെ, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷത്തെയെന്നപോലെ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കാനുള്ള വ്യഗ്രത.
അതിനുവേണ്ടി പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ലെങ്കിൽ മാധ്യമങ്ങൾ പ്രതിഷേധിച്ചിട്ടു കാര്യമുണ്ടാകുമായിരുന്നില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കങ്ങളുടെയും വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഇറക്കിയ വിജ്ഞാപനമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
വ്യാജമെന്നു പിഐബി മുദ്ര കുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കിക്കൊള്ളണമെന്നായിരുന്നു വ്യവസ്ഥ. മാധ്യമങ്ങൾ എന്തു വാർത്ത കൊടുക്കരുതെന്നു സർക്കാരിനു തീരുമാനിക്കാവുന്ന ആപത്താണ് തത്കാലത്തേക്കാണെങ്കിലും സുപ്രീംകോടതി ഒഴിവാക്കിയത്. ബോംബെ ഹൈക്കോടതിയിലുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതു വരെയാണു സ്റ്റേ.
പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന വിമർശനങ്ങളെ നേരിടാനും തിരുത്തൽ ശ്രമങ്ങളെ പരാജയപ്പെടുത്താനും അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സർവസന്നാഹങ്ങളും ഉപയോഗിച്ചു ഭരണകൂടം ശ്രമിക്കുന്പോൾ കോടതികൾ ജനാധിപത്യത്തിന്റെ അവസാന ആശ്രയമായി മാറും.
പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ഉപദേശിക്കാനേ പറ്റൂ. ഉത്തരവിടാൻ സുപ്രീംകോടതിക്കേ സാധിക്കൂ. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ബഹുമാനിക്കാതെ ജനാധിപത്യത്തെ ബഹുമാനിക്കാവില്ലെന്നു സർക്കാരിനെ ഉപദേശിക്കട്ടെ.