ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
Friday, March 22, 2024 12:00 AM IST
സത്യഭാമയുടെ സംസ്കാരരഹിതമായ പരാമർശം കറുത്തവരെയെല്ലാം തളർത്തില്ല. പക്ഷേ, കുട്ടികളിൽ പലരെയും ഇതു മുറിവേൽപ്പിക്കും. രാമകൃഷ്ണൻ ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നു പറഞ്ഞുകഴിഞ്ഞു. അതു രാമകൃഷ്ണന്റെ മാത്രം ചുമതലയല്ലെന്നുകൂടി സർക്കാരും സമൂഹവും തിരിച്ചറിയണം.
മികച്ച നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്, മനുഷ്യത്വത്തോടുള്ള കൂറിന്റെ ഭാഗമായിട്ടാണ്. മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയിൽനിന്നു നിറത്തിന്റെയും ശരീരാക്ഷേപത്തിന്റെയും പേരിൽ അദ്ദേഹത്തിനു സഹിക്കേണ്ടിവന്ന അപമാനം കേരളത്തിനാകെ അപമാനമായിരിക്കുന്നു.
രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ളപോലും സഹിക്കില്ലെന്നും അടക്കമുള്ള മനുഷ്യവിരുദ്ധ പരാമർശങ്ങളെ, സത്യഭാമ എത്രവലിയ കലാകാരിയാണെങ്കിലും, വച്ചുപൊറുപ്പിക്കാൻ പരിഷ്കൃതസമൂഹത്തിനു ബാധ്യതയില്ല.
ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം സത്യഭാമയിൽനിന്നുയർന്നത്; ആ ദുർഗന്ധത്തെ ആസ്വദിക്കാതിരുന്നാൽ മാത്രം പോരാ, ചികിത്സയും ഉറപ്പാക്കണം.
കാഴ്ചകൊണ്ടും കെട്ടുകാഴ്ചകൾകൊണ്ടും മാത്രം ഒരാളുടെ മഹത്വം വിലയിരുത്താനാവില്ലെന്നതിന്റെ തെളിവായിരിക്കുന്നു സത്യഭാമയുടെ പരാമർശങ്ങൾ: “”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്.
ഇയാളെ കണ്ടാല് കാക്കയുടെ നിറം. കാല് അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത്ര അരോചകം വേറെയില്ല. ആണ്പിള്ളേര് മോഹിനിയാട്ടം കളിക്കുന്നെങ്കിൽ അവര്ക്ക് അതുപോലെ സൗന്ദര്യം വേണം.
ആണ്പിള്ളേരില് നല്ല സൗന്ദര്യമുള്ളവര് ഉണ്ട്. ഇവനെ കണ്ടാല് ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല.’’ വിവാദമായിട്ടും സത്യഭാമ തിരുത്തിയില്ല. താൻ പറഞ്ഞതിൽ കുറ്റബോധമില്ലെന്നാണ് അവർ പറഞ്ഞത്.
കൂടുതൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ‘‘തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കുമെങ്കിലും മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും.
’’ അങ്ങനെ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര കുട്ടികളുടെ ആത്മാഭിമാനത്തെ ചവിട്ടിമെതിച്ചായിരിക്കും അവർ ഇവിടെയെത്തിയത്? അതുപോലെ മോഹിനിയാട്ടമത്സരത്തിന് സൗന്ദര്യത്തിന് ഒരു കോളമുണ്ടെങ്കിൽ വെട്ടിക്കളയേണ്ടതല്ലേ അത്? കുറുപ്പിന്റെയും വെളുപ്പിന്റെയും കോളങ്ങളിലിരുത്തിയ സൗന്ദര്യ സങ്കൽപ്പങ്ങളെയെല്ലാം മനുഷ്യൻ പുറത്താക്കിക്കൊണ്ടിരിക്കുന്നത് കേരളം അറിഞ്ഞില്ലേ? സത്യഭാമയുടെ സംസ്കാരരഹിതമായ പരാമർശം കറുത്തവരെയെല്ലാം തളർത്തില്ല.
പക്ഷേ, കുട്ടികളിൽ പലരെയും ഇതു മുറിവേൽപ്പിക്കും. രാമകൃഷ്ണൻ ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നു പറഞ്ഞുകഴിഞ്ഞു. അതു രാമകൃഷ്ണന്റെ മാത്രം ചുമതലയല്ലെന്നുകൂടി സർക്കാരും സമൂഹവും തിരിച്ചറിയണം.
താൻ ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണ്. യൂട്യൂബിലെ അഭിമുഖത്തിന്റെ തുടക്കത്തിൽ അവർ പറഞ്ഞത്: “ഒരു നൃത്ത അധ്യാപകനുണ്ട്. ചാലക്കുടി ഭാഗത്താണ് അദ്ദേഹത്തിന്റെ വീട്. ആരാണെന്നു ഞാൻ പറയുന്നില്ല.’’
എന്നാണ്. ഇതിൽ കൂടുതൽ എന്തു പറയണം? സത്യഭാമ ഒരു മനോഭാവമാണ്. നിർമാർജനം ചെയ്യാനായിട്ടില്ലെങ്കിലും നവോത്ഥാനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ലോകവിവരത്തിലൂടെയും, വെറുക്കപ്പെടേണ്ടതെന്നു പരിഷ്കൃതലോകം തിരിച്ചറിഞ്ഞ വർണവെറിയുടെ വൈറസാണതു പരത്തുന്നത്.
സാംസ്കാരിക മുന്നേറ്റങ്ങളുടെ പ്രതിരോധങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള അതിന്റെ പരിണമിച്ച പതിപ്പുകൾ നമ്മിൽ പലരുടെയും ഉള്ളിലുണ്ടാകാം. സത്യഭാമ മലയാളിയെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്നുമുണ്ട്.
വർണവെറിയോടു ചേർന്നുപോകുന്ന മനോഭാവമാണ് അഹന്തയെന്നു തെളിയിക്കുന്ന പരാമർശം 2018ലും സത്യഭാമ നടത്തിയിരുന്നു. യശഃശരീരരായ കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ കലാമണ്ഡലം സത്യഭാമയെക്കുറിച്ചുമായിരുന്നു പരാമർശം.
അദ്ദേഹം മോശം നടനാണെന്നും സത്യഭാമയ്ക്ക് ഒരു പിണ്ണാക്കുമറിയില്ലെന്നും വിവരക്കേടു പറഞ്ഞ ഈ സത്യഭാമയെ അന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു പുറത്താക്കിയിരുന്നു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മലിനപ്രസ്താവനകൾ നിരന്തരം നടത്തുന്ന കേന്ദ്രമന്ത്രിയും ബംഗളൂരുവിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്തലജെയും സിപിഎം നേതാവ് എം.എം. മണിയും മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കെതിരേ വാതോരാതെ വിഷം വമിപ്പിക്കുന്ന മത-രാഷ്ട്രീയ നേതാക്കളുമൊക്കെ ഒരു രാജ്യം ആർജിച്ച നന്മകളെയെല്ലാം ചവിട്ടിത്തേയ്ക്കുകയാണ്.
അതിന്റെ ഇങ്ങേയറ്റത്ത് സത്യഭാമയും സ്ഥാനമുറപ്പിച്ചിരിക്കുന്നു. രാമകൃഷ്ണൻ പ്രതികരിച്ചത് മാന്യമായ വാക്കുകൾകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ കരുത്തും സൗന്ദര്യവും.
രാമകൃഷ്ണൻ കേരളത്തിന്റെ അഭിമാനമാണ്; അദ്ദേഹത്തിന്റെ സഹോദരനും, പാട്ടുകൊണ്ടും അഭിനയമികവുകൊണ്ടും മലയാളിയുടെ നെഞ്ചിൽ കയറിപ്പറ്റിയ കലാഭവൻ മണിയെപ്പോലെ. ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ.