ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
Wednesday, March 20, 2024 12:00 AM IST
കേരളത്തിൽ സമീപകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചാൽ സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതക്കുറവ് കുറ്റവാളികൾക്കു വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാൻ സഹായകമായിട്ടുണ്ടെന്നു കാണാം. കുറ്റവാളികളെ കുറ്റവാളികളായിത്തന്നെ കാണേണ്ടതുണ്ട്. അതിൽ ചിലരെ, പ്രത്യേകിച്ചും സ്ത്രീവിരുദ്ധ കുറ്റങ്ങളിലേർപ്പെട്ടിട്ടുള്ളവരെ ശിക്ഷ കഴിഞ്ഞിറങ്ങിയാലും നിരീക്ഷിക്കേണ്ടതുണ്ട്.
ലിത്വാനിയക്കാരിയും ഇംഗ്ലീഷ് എഴുത്തുകാരിയുമായിരുന്ന എമ്മ ഗോൾഡ്മാൻ കുറ്റകൃത്യങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള നിരീക്ഷണം ശ്രദ്ധേയമാണ്: “ഓരോ സമൂഹത്തിലും അതിന് അർഹിച്ച കുറ്റവാളികൾ ഉണ്ടായിരിക്കും.”
കേരളത്തിൽ സമീപകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചാൽ സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതക്കുറവ് കുറ്റവാളികൾക്കു വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടാൻ സഹായകമായിട്ടുണ്ടെന്നു കാണാം.
തിരുവനന്തപുരം പേട്ടയിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് രണ്ടു വയസുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ എന്ന കബീർ. മറ്റൊന്ന്, ഇക്കഴിഞ്ഞ ദിവസം പേരാന്പ്രയിൽ അനു എന്ന യുവതിയുടെ കൊലപാതകമാണ്. മാനഭംഗം ഉൾപ്പെടെ 58 കേസുകളിൽ പ്രതിയായ മുജീബ് റഹ്മാൻ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
കഴിഞ്ഞവർഷം, ആലുവയില് അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം പോക്സോ കേസിലെ പ്രതിയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ നടത്തിയിട്ടുള്ള കുറ്റവാളികൾ ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയാലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകണമെന്നു വ്യക്തമാക്കുന്ന ഇത്തരം സംഭവങ്ങൾ നിരവധിയുണ്ട്.
മാർച്ച് 11നാണ് വടകര പേരാന്പ്ര വാളൂർ സ്വദേശിനി അനുവിനെ കണ്ടുമുട്ടി 10 മിനിറ്റിനകം മുജീബ് കൊന്നത്. ആശുപത്രിയിലേക്കു പോകാൻ കാറിലെത്തിക്കൊണ്ടിരുന്ന ഭർത്താവിനൊപ്പമെത്താൻ തിരക്കിട്ടു നടക്കുന്നതിനിടെയാണ്, ജാമ്യത്തിലിറങ്ങി മോഷ്ടിച്ച ബൈക്കിലെത്തിയ മുജീബ് സഹായം വാഗ്ദാനം ചെയ്തത്.
മടിച്ചെങ്കിലും നേരം വൈകിയതിനാൽ അനു ബൈക്കിൽ കയറി. ഒരു തോടിനു സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കാനെന്നു പറഞ്ഞു ബൈക്ക് നിർത്തിയ മുജീബ് അനുവിന്റെ മാല പറിക്കാൻ ശ്രമിച്ചു. എതിർത്തയുടനെ അനുവിനെ തോട്ടിലേക്കു ചിവിട്ടിവീഴ്ത്തുകയും വെള്ളം കുറവായ തോട്ടിൽ തല വെള്ളത്തിൽ മുക്കി, മരിക്കുവോളം ചവിട്ടിപ്പിടിക്കുകയുമായിരുന്നു.
തുടർന്ന് ആഭരണങ്ങൾ കവർന്നു രക്ഷപ്പെട്ടു. 2020 ജൂലൈയിൽ കോഴിക്കോട് മുക്കത്ത് മോഷ്ടിച്ച ഓട്ടോയിലെത്തി വയോധികയെ മാനഭംഗപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്. തന്റെ കേസിൽ അയാളെ ശിക്ഷിച്ച് അകത്തിട്ടിരുന്നെങ്കിൽ അനുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നെന്നാണ് മാനഭംഗക്കേസിലെ അതിജീവിത കഴിഞ്ഞദിവസം പറഞ്ഞത്.
തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന നാടോടി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയ പ്രതി ഹസൻ എന്ന കബീറും മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. 2022 ജനുവരിയിൽ അയിരൂരിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജനുവരിയിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. നാടോടി ബാലിക രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്.
ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിലവിളിച്ച കുട്ടി വായ് പൊത്തിപ്പിടിക്കുന്നതിനിടെ ബോധരഹിതയായി. മരിച്ചെന്നു കരുതി കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 13-ാം ദിവസമാണ് പ്രതി പിടിയിലായത്.
കഴിഞ്ഞവർഷം, ആലുവയില് അഞ്ചു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസ്ഫാക് 2018ൽ ഡൽഹിയിൽ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. ഇത്തരം കൊടുംകുറ്റവാളികളിൽ പലരും ജാമ്യത്തിലോ പരോളിലോ ശിക്ഷയനുഭവിച്ചശേഷമോ പുറത്തിറങ്ങിയാലും കുറ്റവാസന ഇല്ലാതാകുന്നില്ല. ഇരതേടിയലയുന്ന ഇത്തരം വേട്ടക്കാരെ കരുതിയിരിക്കണം.
ഇത്തരം കുറ്റവാളികളെ കർശനമായി നിരീക്ഷിച്ചില്ലെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാകും. ദിവസങ്ങൾക്കു മുന്പാണ് ഉത്തർപ്രദേശിലെ ബരേലി സെൻട്രൽ ജയിലിൽനിന്നു കൊലക്കേസ് പ്രതി, താൻ സ്വർഗത്തിലാണെന്നും ജയിൽജീവിതം ആസ്വദിക്കുകയാണെന്നും പറഞ്ഞ് ലൈവ് വീഡിയോ ചെയ്തത്.
കേരളത്തിൽ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലുൾപ്പെടെ പ്രതികൾ ജയിൽജീവിതം ആസ്വദിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കർശനമായ നിയമവ്യവസ്ഥകൾ പാലിക്കുന്ന ഒരിടത്തും ഇതൊന്നും സാധ്യമല്ല. കുറ്റവാളികളെ കുറ്റവാളികളായിത്തന്നെ കാണേണ്ടതുണ്ട്. അതിൽ ചിലരെ, പ്രത്യേകിച്ചും സ്ത്രീവിരുദ്ധ കുറ്റങ്ങളിലേർപ്പെട്ടിട്ടുള്ളവരെ ശിക്ഷ കഴിഞ്ഞിറങ്ങിയാലും നിരീക്ഷിക്കേണ്ടതുണ്ട്.
ഇത്തരം കുറ്റവാളികൾ എവിടെയും എത്താനിടയുള്ളതിനാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആരും അപരിചിതരുടെ വാഹനത്തിൽ ഒരു കാരണവശാലും കയറരുത്. അതിന്റെ വില മാനമോ ജീവനോ ആയേക്കാം.