സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
Tuesday, March 19, 2024 12:00 AM IST
വനമായി പ്രഖ്യാപിക്കുന്ന പ്രദേശത്തുനിന്ന് ആരെയും ഒഴിവാക്കേണ്ടതില്ല, അവർ ഗതികെട്ട് താനേ ഒഴിവായിക്കൊള്ളും. സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും തുടർച്ചയായി ജനദ്രോഹനടപടികൾക്കു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന വനംവകുപ്പിനെ ഈ ജോലി ഏൽപ്പിക്കരുത്.
കൃത്യം ഒരു കൊല്ലം മുന്പാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് ഒരു പത്രക്കുറിപ്പിറക്കിയത്. ഏലമല പ്രദേശം (കാർഡമം ഹിൽ റിസർവ്-സിഎച്ച്ആർ) പൂർണമായും റവന്യു ഭൂമിയാണെന്നും പിണറായി സർക്കാർ ഏലം കർഷകർക്കൊപ്പമാണെന്നുമാണ് അതിൽ പറഞ്ഞിരുന്നത്.
സർക്കാർ ആ നിലപാടു പിന്നീടു മാറ്റിയിട്ടുമില്ല. പക്ഷേ, അതുകൊണ്ടു മാത്രം കാര്യമില്ല; പറയേണ്ടിടത്തു പറയണം. കാരണം, കഴിഞ്ഞ വർഷത്തെ വനനിയമ ഭേദഗതിക്കെതിരേയുള്ള കേസുമായി ബന്ധപ്പെട്ട്, വനഭൂമി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ മാർച്ച് 31നകം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ആ റിപ്പോർട്ടിൽ വനത്തിന്റെ അളവ് കാണിക്കുന്പോൾ, റവന്യു ഭൂമിയായ ഏലമല പ്രദേശങ്ങൾ ഉൾപ്പെടരുത്. റവന്യു വകുപ്പ് തയാറാക്കുകയും അത് മുഖ്യമന്ത്രി പരിശോധിച്ചശേഷം മാത്രം കേന്ദ്രത്തിനു കൈമാറുകയും വേണം.
അത് എടുത്തുപറയാൻ കാരണം, ഈ റിപ്പോർട്ട് തയാറാക്കുന്നത് വനംവകുപ്പാണെങ്കിൽ റവന്യു ഭൂമിയെന്ന് സിപിഎമ്മിനും സർക്കാരിനും ജനങ്ങൾക്കും ബോധ്യമുള്ള ഏലമല പ്രദേശം വനഭൂമിയായി മാറാനുള്ള സാധ്യതയുണ്ട്. അങ്ങനെയൊരു റിപ്പോർട്ട് പോയാൽ, പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. സർക്കാരിന്റെ ചെറിയൊരു പിഴവുപോലും ഏലമല പ്രദേശത്തേക്കും കാട്ടുനീതി എത്താനിടയാക്കും.
1996 ഡിസംബറിൽ ഗോദവർമ രാജ കേസിൽ ഉണ്ടായ സുപ്രീംകോടതി വിധി മറികടക്കാനായിരുന്നു 1980ലെ വനസംരക്ഷണ നിയമം കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്. ഏതെങ്കിലും ഭൂമി റവന്യു രേഖകളിൽ വനം എന്നാണു രേഖപ്പെടുത്തിട്ടുള്ളതെങ്കിൽ, അതു വനമല്ലെങ്കിലും അങ്ങനെ കണക്കാക്കണമെന്നായിരുന്നു ഗോദവർമ കേസിലെ വിധി.
എന്നാൽ, പുതിയ ഭേദഗതിയനുസരിച്ച് 1927ലെ ഇന്ത്യൻ വനനിയമ പ്രകാരമോ 1980ലെ നിയമം വന്നശേഷമുള്ള സർക്കാർ രേഖകൾ പ്രകാരമോ ‘വനം’ എന്നു വിജ്ഞാപനം ചെയ്യപ്പെട്ടവയ്ക്കു മാത്രമായിരിക്കും വനസംരക്ഷണ നിയമം ബാധകം.
അതുപോലെ, 1980നു മുൻപു വനഭൂമിയെന്നു വിജ്ഞാപനം ചെയ്യപ്പെടാതെ പോയവയെയും, 1996 ഡിസംബർ 12നു മുൻപു വനേതര ആവശ്യത്തിനായി മാറ്റിയ ഭൂമിയെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇടുക്കിയിലെ കുടിയേറ്റ ഭൂമികൾക്കു പട്ടയം നൽകുന്നതിനുണ്ടായിരുന്ന പ്രധാന തടസം മിക്കവയുടെയും ഇനം റവന്യു രേഖകളിൽ ‘വനം’എന്നു രേഖപ്പെടുത്തിയിരുന്നതാണ്.
ഭേദഗതിയോടെ ആ തടസം ഇല്ലാതായെങ്കിലും ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്, കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന പ്രകൃതി ശ്രീവാസ്തവയും മറ്റു ചിലരും ചേന്ന് സുപ്രീംകോടതിയെ സമീപിച്ചു.
ഇതിന്റെ തുടർച്ചയായിട്ടാണ് എല്ലാ സംസ്ഥാനങ്ങളിലെയും വനവിസ്തൃതി കേന്ദ്രസർക്കാരിനെ അറിയിക്കാൻ കോടതി ഉത്തരവിട്ടത്. അതിനുള്ള സമയമാണ് ഈ മാസം അവസാനിക്കുന്നത്.
റവന്യു ഭൂമിയായ ഏലമല പ്രദേശം പല രേഖകളിലും "വനം' ആയി മാറിയത് മാറിമാറി വന്ന സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടിന്റെ ഫലമാണ്. ഒടുവിൽ, അത്തരമൊരു വീഴ്ചയുണ്ടായത് 2017ൽ സിപിഐയുടെ കെ. രാജു വനംവകുപ്പു മന്ത്രിയായിരുന്നപ്പോൾ വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ സിഎച്ച്ആറിനെ വനമായി രേഖപ്പെടുത്തിയതാണെന്നു കാണുന്നു.
അത്തരം അബദ്ധങ്ങളെന്തെങ്കിലും ഈ മാസം കേന്ദ്രത്തിനു നൽകേണ്ട റിപ്പോർട്ടിലും കടന്നുകൂടിയാൽ ഏലമല പ്രദേശങ്ങൾ ‘വന’മായി മാറും. വനമായി പ്രഖ്യാപിക്കുന്ന പ്രദേശത്തുനിന്ന് ആരെയും ഒഴിവാക്കേണ്ടതില്ല, അവർ ഗതികെട്ട് താനേ ഒഴിവായിക്കൊള്ളും.
സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും തുടർച്ചയായി ജനദ്രോഹനടപടികൾക്കു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന വനംവകുപ്പിനെ ഈ ജോലി ഏൽപ്പിക്കരുത്. 1958ലും 1987ലും ഈ പ്രദേശം റവന്യു ഭൂമിയാണെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവുകളിറക്കിയിട്ടുണ്ട്.
മറ്റൊരു കേസും നിലവിലുണ്ട്. ജനങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്ത പരിസ്ഥിതി സംഘടന, അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന പ്രദേശം 1980ലെ വനനിയമപ്രകാരം വനമാക്കണമെന്നാവശ്യപ്പെട്ട് 2005ൽ സുപ്രീംകോടതിയിലെത്തി.
അതിന്റെ ഭാഗമായുള്ള റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഏപ്രിൽ ആദ്യമാണ്. മലയോര മേഖലയിലെ 15,720 ഏക്കർ സ്ഥലം ഏലം കൃഷിക്കു മാറ്റിവച്ചിരിക്കുന്നതായി 1897ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ഇറക്കിയ രാജവിളംബരത്തിൽ കാണുന്ന സംഖ്യയുടെ ഇടതുഭാഗത്ത് ‘2’ എഴുതിച്ചേർത്ത് 2,15,720 ഏക്കർ എന്നാക്കിയാണ് ഈ സംഘടന ഹർജി നൽകിയതെന്നാണ് കർഷകസംഘടനകൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു വിഷയത്തിലെ രണ്ടു കേസുകളിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയമാണിത്. രണ്ടു റിപ്പോർട്ടുകളും ഏലമല പ്രദേശം റവന്യു ഭൂമിയാണെന്ന യാഥാർഥ്യം ഉറപ്പിച്ചു പറയുന്നതാകണം.
മനഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ചോ അതിജീവനത്തിന്റെ തീരാദുരിതങ്ങളെക്കുറിച്ചോ യാതൊരു ബോധവുമില്ലാതെ വലിയ ശന്പളവും പെൻഷനും വാങ്ങി സുഖിച്ചു ജീവിക്കുന്നവരുടെയോ ഫണ്ടുകൾക്കുവേണ്ടിയോ വികലബോധ്യങ്ങളാലോ കർഷകരെ ദ്രോഹിക്കുന്ന പരിസ്ഥിതിക്കാരുടെയോ തിട്ടൂരത്തിനു കീഴടങ്ങി ജീവിക്കേണ്ടവരല്ല മലയോര ജനത. സർക്കാർ അതു മറന്നാൽ കേരളം പുതിയൊരു ദുരന്തത്തിനുകൂടി സാക്ഷിയാകും.