ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
Tuesday, March 12, 2024 12:00 AM IST
ഭരണകക്ഷിയെ സ്വാധീനിക്കാൻ കുത്തകകൾക്കും, ആരെയും ഭയപ്പെടുത്തി പണം വാങ്ങാൻ ഭരിക്കുന്ന പാർട്ടിക്കും അവസരമുണ്ടായാൽ അതിനോളം അഴിമതി മറ്റെന്തുണ്ട്?
ഇലക്ടറൽ ബോണ്ട് (തെരഞ്ഞെടുപ്പ് സംഭാവനാ കടപ്പത്രങ്ങൾ) വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിധിയെ മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കത്തെ സുപ്രീംകോടതി തടഞ്ഞത് അഴിമതിക്കെതിരേയുള്ള നീക്കം മാത്രമല്ല, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതുമായി. കണക്കും വിലാസവും രഹസ്യമാക്കി വച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വീകരിക്കാനുള്ള ഇല്കടറൽ ബോണ്ട് സംവിധാനം ഒന്നാം മോദി സർക്കാർ കൊണ്ടുവന്നതുമുതൽ വിവാദത്തിലായിരുന്നു.
കണക്കില്ലാതെ ഒഴുകിയെത്തുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ മടി ബിജെപിക്കോ കേന്ദ്രസർക്കാരിനോ മാത്രമായിരുന്നു. കാരണം, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അവരായിരുന്നു. പക്ഷേ, വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന വിധിക്കെതിരേ കോടതിയെ സമീപിച്ചത് എസ്ബിഐയാണ്. എസ്ബിഐയെ മുന്നിൽ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് സുപ്രീംകോടതി തടഞ്ഞത്.
വിവരങ്ങള്‍ നല്കാന് ഇന്നു വൈകിട്ട് അഞ്ചുമണി വരെ സമയം അനുവദിച്ചുകൊണ്ട് എസ്ബിഐ ചെയര്‍മാനും എംഡിക്കും സുപ്രീംകോടതി നോട്ടീസ് നല്കി. നടപ്പാക്കാതിരുന്നാൽ കോടതിയലക്ഷ്യ നടപടിയുണ്ടാകും. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 15നു വിധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച ബോണ്ടുകളുടെ വിശദാംശങ്ങള്‍ എസ്ബിഐ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പു കമ്മിഷനു നൽകണമെന്നും കമ്മീഷൻ അതു 13നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
ഇതിനെതിരേയാണ് എസ്ബിഐ ഹർജി നൽകിയത്. ജൂൺ 30 വരെ സമയം നീട്ടിക്കിട്ടണമെന്നായിരുന്നു എസ്ബിഐയുടെ ആവശ്യം. ബോണ്ടുകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ചു പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നാണ് അതിനു കാരണമായി അവർ ഹർജിയിൽ പറഞ്ഞത്. പക്ഷേ, ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കഴിയുവോളം വിവരം രഹസ്യമാക്കി വയ്ക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്ന് ആരോപണം ഉയർന്നു. വിധി പുറപ്പെടുവിച്ച് 26 ദിവസം കഴിഞ്ഞിട്ടും എസ്ബിഐ എന്തെടുക്കുകയായിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. സാങ്കേതികത്വം പറയാതെ ഉത്തരവ് അനുസരിക്കാനും എസ്ബിഐയിൽനിന്ന് ആത്മാർഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി ഓർമിപ്പിച്ചു.
സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ എസ്ബിഐയെ പരിഹാസ്യമാക്കി നിർത്തിയത് കേന്ദ്രസർക്കാരാണ്. ബോണ്ട് വാങ്ങിയത് ആരൊക്കെയെന്ന് ഉടന്‍ പറയാമെന്നും എന്നാല്‍ ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്നു വെളിപ്പെടുത്താൻ സമയം വേണമെന്നുമാണ് എസ്ബിഐ കോടതിയെ അറിയിച്ചത്. ഒളിച്ചുകളിയുടെ ലക്ഷണമുണ്ടെന്നു സംശയിക്കാവുന്ന ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കു കോർപറേറ്റുകളിൽനിന്നു ലഭിക്കുന്ന സംഭാവനകളിൽ 90 ശതമാനവും ബിജിെപിക്കായിരുന്നുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു.
ഭരണകക്ഷിയെ സ്വാധീനിക്കാൻ കുത്തകകൾക്കും, ആരെയും ഭയപ്പെടുത്തി പണം വാങ്ങാൻ ഭരിക്കുന്ന പാർട്ടിക്കും അവസരമുണ്ടായാൽ അതിനോളം അഴിമതി മറ്റെന്തുണ്ട്? പ്രത്യേകിച്ചും, ചില കന്പനികൾ ബിജെപിക്കു സംഭാവന നൽകിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അവരെത്തേടി എത്തിയതിനു ശേഷമാണെന്ന വാർത്തകൾ ന്യൂസ് ലോൺഡ്രി പോലുള്ള പോർട്ടലുകൾ പുറത്തുവിട്ട പശ്ചാത്തലത്തിൽ.
ബോണ്ട് ഇപ്പോൾ എസ്ബിഐയുടെ കോർട്ടിലാണ്. ഫൗൾ കാണിക്കാതെ കോടതി നിർദേശിച്ചടത്ത് അതു കൃത്യമായി എത്തിക്കുകയാണു വേണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്രസർക്കാരാണ്. പക്ഷേ, സർക്കാരിന്റെയും രാജ്യത്തിന്റെയും ഉടമകൾ ജനങ്ങളാണ്. കോടികളുടെ കൊടുക്കൽ വാങ്ങലുകൾ അവരോടു വെളിപ്പെടുത്താൻ പറയുന്പോൾ സർക്കാർ ഇരുട്ടത്തേക്കു മാറി നിൽക്കുന്നത് എന്തിനാണ്? തലയിൽ മുണ്ടിട്ടു വാങ്ങാൻ മാത്രം ചീത്തയാണോ ഇലക്ടറൽ ബോണ്ട്?