ഇവിടെ ഒന്നും ശരിയാകുന്നില്ല
Wednesday, March 6, 2024 12:00 AM IST
ഒരു കൈയിൽ ഉത്തരവാദിത്വം ഒഴിയാനുള്ള 1972ലെ കേന്ദ്ര വനനിയമവും മറുകൈയിൽ വന്യജീവികളാൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കാനുള്ള 10 ലക്ഷം രൂപയുടെ ചെക്കും! തീർന്നോ നിങ്ങളുടെ ഉത്തരവാദിത്വം? ഇതാണോ ദിവസവും നിരപരാധികളുടെ ചോര വീഴുന്ന സംസ്ഥാനത്തെ സർക്കാർ ചെയ്യേണ്ടത്? എല്ലാം ശരിയാകുമെന്നു കരുതിയെങ്കിലും തെറ്റിപ്പോയി, ഒന്നും ശരിയാകുന്നില്ല.
വയനാട്ടിലും കോതമംഗലത്തും കണ്ടതുപോലെ, ജീവിക്കാനുള്ള കൊതികൊണ്ട് ജനം തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്ന സ്ഥിതി ലോകത്തു മറ്റെവിടെയെങ്കിലുമുണ്ടോ? വന്യജീവികൾക്കു മനുഷ്യരേക്കാൾ വില കൊടുക്കുന്ന നിയമങ്ങൾ മറ്റേതെങ്കിലും രാജ്യത്തുണ്ടോ? ഇന്നലെ കോഴിക്കോട് കക്കയത്തും തൃശൂർ പെരിങ്ങൽകുത്തിലുമായി രണ്ടുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും ഇങ്ങനെ നിഷ്ക്രിയമായിരിക്കാൻ സാധിക്കുന്ന ഭരണാധികാരികൾ മറ്റെവിടെയെങ്കിലുമുണ്ടോ? വന്യമൃഗങ്ങളെ തല്ലിയോടിക്കാൻ കഴിവില്ലാത്തവർ പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിക്കുന്നവരെ തല്ലിയോടിക്കുന്ന കാഴ്ച മറ്റെവിടെയുണ്ട്?
ഒരു കൈയിൽ ഉത്തരവാദിത്വം ഒഴിയാനുള്ള 1972ലെ കേന്ദ്ര വനനിയമവും മറുകൈയിൽ വന്യജീവികളാൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കാനുള്ള 10 ലക്ഷം രൂപയുടെ ചെക്കും! തീർന്നോ നിങ്ങളുടെ ഉത്തരവാദിത്വം? ഇതാണോ ദിവസവും നിരപരാധികളുടെ ചോര വീഴുന്ന സംസ്ഥാനത്തെ സർക്കാർ ചെയ്യേണ്ടത്? എല്ലാം ശരിയാകുമെന്നു കരുതിയെങ്കിലും തെറ്റിപ്പോയി, ഒന്നും ശരിയാകുന്നില്ല.
നേര്യമംഗലത്ത് ഇന്ദിരയെന്ന വീട്ടമ്മ കാട്ടിലല്ല, സ്വന്തം പറന്പിൽ പണിയെടുക്കുന്പോഴാണ് കാട്ടാന കുത്തിക്കൊന്നത്. ഇന്നലെ കക്കയത്ത് പാലാട്ട് ഏബ്രഹാം എന്ന കർഷകനും കൃഷിയിടത്തിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിവസവും ആളുകൾ കൊല്ലപ്പെടുന്നതു നിസാരമാണോ? ദിവസങ്ങൾക്കുമുന്പ് വയനാട്ടിൽ ജനങ്ങൾ തെരുവിലിറങ്ങിയതുപോലെ ശക്തമായ പ്രതിഷേധമാണ് കോതമംഗലത്ത് ഉണ്ടായത്.
ദേശീയപാതയിൽ ഇന്ദിരയുടെ മൃതദേഹം എത്തിച്ചു പ്രതിഷേധിക്കാൻ ജനങ്ങൾ നിർബന്ധിതരായി. അത്തരം സമരമാർഗങ്ങൾ ഉചിതമല്ലെന്ന് അറിയാമെങ്കിലും മനുഷ്യത്വമില്ലാതായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണുതുറപ്പിക്കാൻ അതുകൊണ്ടെങ്കിലും സാധിക്കുമെന്ന് അവർ ചിന്തിച്ചുപോയിട്ടുണ്ടാകും; ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെപ്പോലെ.
മൃതദേഹങ്ങളെപ്പോലും സമരത്തിനുപയോഗിക്കുന്ന ഗതികേടിലേക്ക് അവരെ വലിച്ചിറക്കുന്നത് വന്യമൃഗങ്ങൾക്കൊപ്പംനിന്നു ജനങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. പ്രതിഷേധസ്ഥലത്തുനിന്നു ബലംപ്രയോഗിച്ചു മൃതദേഹപേടകം വലിച്ചുകൊണ്ടുപോകുന്ന പോലീസ് മൃതദേഹത്തോടും പ്രതിഷേധക്കാരോടും കാണിച്ചതും അനാദരവല്ലേ? എന്തൊരവസ്ഥയാണിത്?
പടയപ്പ എന്നു പേരുള്ള മദംപൊട്ടിയ ഒരാന ദിവസങ്ങളായി മൂന്നാറിലെ ജനവാസ മേഖലകളിലൂടെ അഴിഞ്ഞാടുകയാണ്. സർക്കാരും കോടതിയുമുള്ള ഒരു രാജ്യത്തും ചിന്തിക്കാനാവാത്ത കാര്യമാണ്. കടലാർ ഫാക്ടറി ഡിവിഷനിൽ പലചരക്കുകട അടിച്ചുതകർത്തപ്പോൾ അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കടയുടമ മോഹൻരാജും ഭാര്യയും പിന്നിലെ വാതിലിലൂടെ ഇറങ്ങിയോടിയതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
അല്ലെങ്കിൽ പാഴ്വാഗ്ദാനങ്ങളും 10 ലക്ഷത്തിന്റെ ചെക്കുമായി അവരുടെ വീട്ടിലും ആളെത്തുമായിരുന്നു. കപടമൃഗസ്നേഹികൾക്ക് രജനികാന്തിന്റെ സിനിമയുടെ പേരുള്ള ആന ഹീറോയായിരിക്കും. പക്ഷേ, തിരിച്ചറിയാനാവാത്തവിധം വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾക്കടുത്തിരിക്കുന്ന ബന്ധുക്കൾക്ക് അത് അങ്ങനെയല്ല.
മനുഷ്യൻ ദാരുണമായി കൊല്ലപ്പെടുന്പോൾ മൃഗങ്ങളുടെ പക്ഷം ചേരുന്നതു സർക്കാരാണെങ്കിലും കോടതിയാണെങ്കിലും മൃഗസ്നേഹികളാണെങ്കിലും മനുഷ്യവിരുദ്ധതയാണ്. വയനാട്ടിലും ഇടുക്കിയിലും ഉൾപ്പെടെ കടുവ തിന്ന മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും ആന ചവിട്ടിയ ശരീരത്തിന്റെ ബാക്കിയുമൊക്കെ നിങ്ങളുടെ വീട്ടിലുള്ളവരുടേതായാൽ അന്നു തീരും ഈ വന്യമൃഗപ്രേമം. മുള്ളിപ്പേടിപ്പിക്കുന്ന മരപ്പട്ടിയെപ്പോലെയല്ല, മലയോരങ്ങളിലെ മനുഷ്യരുടെ പ്രാണനെടുക്കുന്ന മദം പൊട്ടിയ ക്രൂരജന്തുക്കൾ.
കേന്ദ്രം വന്യജീവി നിയമം മാറ്റിയെഴുതിയാൽ മൃഗങ്ങളെ നിയന്ത്രിക്കാം, ഫണ്ടു കിട്ടിയാൽ കിടങ്ങു കുഴിക്കാം, ഫെൻസിംഗ് തീർക്കാം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടാൽ മൃഗങ്ങളെ വെടിവയ്ക്കാം... എന്നൊക്കെ പറയാനല്ല ജനങ്ങൾ സർക്കാരുകളെ തെരഞ്ഞെടുക്കുന്നത്. മനുഷ്യപക്ഷത്തു നിൽക്കാതെ നിയമത്തിൽ വകുപ്പുണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന കേന്ദ്രത്തെ തിരുത്താൻ പുതിയ സമ്മർദ-നിയമ മാർഗങ്ങൾ ആലോചിക്കണം. അതുപോലെ, ഒരു ജീവന് 10 ലക്ഷം രൂപയെന്ന നക്കാപ്പിച്ച അവസാനിപ്പിക്കണം.
ഒന്നാലോചിച്ചുനോക്കൂ അത്താണി നഷ്ടപ്പെട്ട, മാസപ്പടിയൊന്നും കിട്ടാനില്ലാത്ത ഒരു കുടുംബത്തിന് അതുകൊണ്ട് എന്തു ചെയ്യാനാകുമെന്ന്. ഈ നാശം നിങ്ങൾ വരുത്തിവച്ചതാണെന്നോർത്തെങ്കിലും ആശ്വാസധനം 50 ലക്ഷമാക്കണം. ലോകത്തുള്ള സകല നിയമങ്ങളും തടസമായി പറഞ്ഞു മുങ്ങാത്തൊരാളെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിക്കാനാകുമോ? വനംവകുപ്പിനെ പ്രതീക്ഷിച്ചിരിക്കാതെ ഒരു മനുഷ്യവകുപ്പ് സൃഷ്ടിച്ചുകൂടേ? ഈ നിഷ്ക്രിയതയ്ക്ക് എട്ടു വർഷമാകുകയാണ്, ഒന്നും ശരിയായിട്ടില്ല, ജനത്തെ ‘ശരി’യാക്കുന്നതല്ലാതെ.