മനഃപൂർവമുള്ള നരഹത്യ
ദുരന്തങ്ങളുണ്ടാകുന്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന പ്രകടനങ്ങളൊഴിച്ചാൽ മറ്റൊന്നും സംഭവിക്കില്ല. അതിന്റെ വിലയാണ് താനൂരിലെ 22 മനുഷ്യരുടെ അന്ത്യമെന്നെങ്കിലും ഭരിക്കുന്നവർ മറക്കരുത്.
ഇ രുപത്തിരണ്ടു മനുഷ്യരുമായി മരണക്കയത്തിലേക്കു പോയ ഒരു വിനോദയാത്രാ ബോട്ട് നാടിനെയാകെ കണ്ണീർക്കടലിലാക്കിയിരിക്കുന്നു. ആഹ്ലാദത്തോടെ കടൽ കാണാൻ പോയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് മലപ്പുറം താനൂരിലെ തൂവൽത്തീരത്ത് മൃതദേഹങ്ങളായി തിരിച്ചെത്തിച്ചത്.
പകുതിയും ഒരു കുടുംബത്തിലെ ആളുകൾ! നിയമലംഘകർ കെട്ടിപ്പടുത്ത മരണയാനത്തിലാണ് തങ്ങൾ കയറിയതെന്ന് ആ നിരപരാധികൾ അറിഞ്ഞില്ല. സ്വാഭാവിക മരണമല്ല, ഇതു കൊലപാതകമാണ്. അവരുടെ ബന്ധുക്കളുടെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം അവർക്കു മരണത്തിന്റെ ടിക്കറ്റെഴുതിയ ഉത്തരവാദികൾ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ഓർമിപ്പിക്കട്ടെ. തൂവൽത്തീരത്തെന്നല്ല, കേരളത്തിലെവിടെയും സംഭവിക്കാനിടയുള്ള ഈ ദുരന്തം അവസാനത്തേതാകണമെങ്കിൽ സർക്കാർ തീരുമാനിക്കണം.
താനൂരിനടുത്ത് പൂരപ്പുഴ അറബിക്കടലിനോടു ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. വൈകുന്നേരം ആറിനുശേഷം സർവീസ് നടത്താൻ അനുമതിയില്ലാത്തിടത്താണ് 6.40ന് ബോട്ട് പുറപ്പെട്ടത്. തുടക്കത്തിലേ ബോട്ട് ചെരിയുന്നുണ്ടെന്ന് പലരും മുന്നറിയിപ്പു നൽകിയിരുന്നെന്നാണ് അറിയുന്നത്. 300 മീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് തലകീഴായി മറിഞ്ഞു. ചെളി നിറഞ്ഞ സ്ഥലമായിരുന്നതിനാലും വെളിച്ചക്കുറവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ബോട്ട് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ചികിത്സയിലുള്ള ഒന്പതു പേരിൽ നാലു പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്ന ബോട്ടിൽ രക്ഷാഉപകരണങ്ങൾ ഉണ്ടായിരുന്നുമില്ല. അതായത്, യാത്രക്കാരെ മരണത്തിലേക്കു തള്ളിവിടാൻ ആവശ്യമുള്ളതെല്ലാമുണ്ടായിരുന്നു. മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ പുഴയിൽനിന്നെടുക്കുന്നതിനു മുന്പുതന്നെ ബോട്ടിന്റെ ഉടമ വീട്ടിൽനിന്നു മുങ്ങി. പക്ഷേ, മനഃപൂർവമുള്ള ഈ നരഹത്യക്കു കാരണമായത് അയാൾ മാത്രമല്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സർവീസ് നടത്താൻ അറ്റ്ലാന്റിക് എന്നു പേരായ ഈ ബോട്ടിന് എങ്ങനെ കഴിഞ്ഞു? അനുമതിയുള്ളതിന്റെ ഇരട്ടിയോളം ആളുകളെ കയറ്റാൻ സാധ്യമായതെങ്ങനെ? പഴയ മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദസഞ്ചാരത്തിന് ഉപയോഗിച്ചതെങ്കിൽ അതിന് അനുമതി കൊടുത്തത് ആരാണ്? ബോട്ടിൽ ആവശ്യത്തിനു ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയികളും ഇല്ലെങ്കിൽ അത് ഇന്നലെ എടുത്തുമാറ്റിയതായിരിക്കില്ലല്ലോ. ഇത്രനാൾ ഈ ബോട്ട് ഇങ്ങനെ സർവീസ് നടത്തിയത് ആരുമറിഞ്ഞില്ലേ? ഇത്രയേറെ വിനോദസഞ്ചാരികളെത്തുന്ന തൂവൽത്തീരത്ത് പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ആരുമില്ലേ..? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ഈ ബോട്ടിന്റെ അപകടസാധ്യതയെക്കുറിച്ച് പോലീസിലും ഡിടിപിസി ഓഫീസിലും അറിയിച്ചിരുന്നെന്നാണ് സ്ഥലത്തെ കൗൺസിലർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. അതായത്, ഉത്തരവാദപ്പെട്ടവർ യഥാസമയം പ്രവർത്തിച്ചിരുന്നെങ്കിൽ ഈ ദുരന്തമുണ്ടാകില്ലായിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ ബോട്ട് സർവീസ് നടത്താൻ ബോട്ടുടമയ്ക്കു ധൈര്യമുണ്ടാകണമെങ്കിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തിൽ സഹായമുണ്ടാകണം.
കേരളത്തിലെ പ്രധാന ബോട്ടപകടങ്ങൾക്കു പിന്നിലെല്ലാം നിയമലംഘനങ്ങളാണെന്ന ചരിത്രം നമ്മെ ഒന്നും പഠിപ്പിച്ചില്ല. 1924ൽ കൊല്ലത്തുനിന്നു പുറപ്പെട്ട ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞാണ് മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരിച്ചത്. 95 പേർക്കു കയറാവുന്ന ബോട്ടിൽ 145 പേരെയാണ് അന്നു കയറ്റിയത്. 2009ൽ തേക്കടി ബോട്ടപകടത്തിൽ 45 പേർ മരിച്ചു. അന്ന് 75 പേർക്ക് കയറാവുന്ന ബോട്ടിൽ 97 പേരുണ്ടായിരുന്നു. 2002ൽ മുഹമ്മയിൽനിന്നു കുമരകത്തേക്കു പോയ ബോട്ട് മറിഞ്ഞ് 29 പേർ മരിച്ചു. കൂടുതൽ യാത്രക്കാരെ കയറ്റിയതിനാൽ കായലിന്റെ മൺതിട്ടയിൽ ഇടിച്ച് ബോട്ട് മറിഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ. 2007ൽ തട്ടേക്കാട് ബോട്ടപകടത്തിൽ 18 പേർ മരിച്ചു. ആ ബോട്ടിനു യാത്രാനുമതി ഇല്ലായിരുന്നെന്നു വാർത്തകൾ ഉണ്ടായിരുന്നു. യാത്രക്കാരുടെ എണ്ണത്തെ സംബന്ധിച്ച് നേരിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മേൽപ്പറഞ്ഞ അപകടങ്ങളിലെല്ലാം നിയമലംഘനം വ്യക്തമാണ്. താനൂരിലെ അപകടവും ഈ വിധത്തിലാണ്.
ഇതിലും ഗൗരവമുള്ള കാര്യം, നിലവിൽ സർവീസ് നടത്തുന്ന സർക്കാർ ബോട്ടുകളും സ്വകാര്യ ഹൗസ്ബോട്ടുകളുമൊക്കെ ഇതേ നിയമലംഘനങ്ങൾ തുടരുന്നു എന്നതാണ്. ഇന്നൊരു പരിശോധന നടത്തിയാൽ ആവശ്യമായ സുരക്ഷാ സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ പകുതിയെണ്ണത്തിനുപോലും സർവീസ് നടത്താനാവില്ല. ദുരന്തങ്ങളുണ്ടാകുന്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന പ്രകടനങ്ങളൊഴിച്ചാൽ മറ്റൊന്നും സംഭവിക്കില്ല. അതിന്റെ വിലയാണ് താനൂരിലെ 22 മനുഷ്യരുടെ അന്ത്യമെന്നെങ്കിലും ഭരിക്കുന്നവർ മറക്കരുത്. അപകടസാധ്യതയുള്ള വഞ്ചികളിലും ബോട്ടുകളിലും യാത്രക്കാരിൽ പലരും കയറാത്തതിനാലാണ് അപകടം തുടർക്കഥയാകാത്തതെന്നും ഓർത്തുകൊള്ളൂ.